Tuesday, May 26, 2009

ഒരുമ്പെട്ടോള്

കുന്നിന്റെ മുകളില്‍
പള്ളിക്കാട്
വെളുത്ത പൂക്കളുണ്ട്‌
തിളങ്ങുന്ന വെയിലില്‍
തലയാട്ടി വിളിയ്ക്കുന്നു
കുന്നിനപ്പുറം
സ്വര്‍ണ്ണനിറത്തില്‍
കണ്ണെത്താക്കടല് പോലെ
പൊറ്റാള്‍പ്പാടം
കാറ്റാടികളുടെ ഒച്ചതാഴ്ത്തിയുള്ള
മൂളിച്ചയുണ്ട്
വെള്ളിയാഴ്ച്ചകളില്‍
ഉപ്പുപ്പമാരുടെ ആത്മാവുകള്‍
മുറുക്കിത്തുപ്പുന്ന
കാഞ്ഞിരച്ചോടുകള്‍

മരിക്കും മരിക്കും
എന്ന് കരഞ്ഞിരുന്ന
നുസുത്താത്ത
കണ്ടു കൊതിച്ചിട്ടുണ്ടാവും

അതാണ്‌ നാസറാക്ക
തീകത്തിച്ച് വിട്ടപ്പോള്‍
താത്ത കുന്നിലേയ്ക്കോടിയത്
വാഴത്തോട്ടത്തിലൂടെ
പക്ഷെ തോട് കടന്നില്ല ..

രാത്രി
ഞാന്‍ കിനാകണ്ടു

തീപിടിച്ച താത്ത
പൊറ്റാള്‍ പാടത്തേയ്ക്ക് ഓടുന്നു
ചുവന്നനിറത്തില്‍
തീയാളുന്നു
കണ്ണെത്താദൂരം
പാടമെരിയുന്നു
ഒരുമ്പെട്ടോളേന്നലറുന്നു
നാസറാക്ക

ലോകരെ നോക്കി
തീയിനെക്കാള്‍ തിളക്കത്തില്‍
ചിരിയ്ക്കുന്നു ഇത്താത്ത

താത്തയുടെ കയ്യില്‍
ഒരു വാവക്കുട്ടി
അതിനെ മുമ്പ്‌
കണ്ടില്ലല്ലോ എന്നോര്‍ത്ത്‌
പൊള്ളിവിയര്‍ത്തു
നില്‍പ്പാണ് ഞാന്‍

Monday, May 18, 2009

വാക്കുകള്‍!

വെള്ളച്ചുമരുകള്‍
കാറ്റിലിളകും
ഇളംനീല തിരശ്ശീലകള്‍
അപരിചിത മണങ്ങള്‍

ഇന്നലെ രാത്രിയില്‍
അമ്മ സന്ദര്‍ശകമുറിയില്‍
വന്നിരുന്നു
പറയുന്നുണ്ടായിരുന്നു
പുഴയ്ക്കക്കരെയുള്ള പറമ്പില്‍
വീട് വയ്ക്കുന്നതിനെപ്പറ്റി

സ്വപ്നമേന്നോര്‍ക്കാതെ
എന്തോ ഞാന്‍ കരഞ്ഞുകൊണ്ടിരുന്നു

അമ്മ
ഞങ്ങളെ വിട്ട്
അവിടെ ഒറ്റയ്ക്ക്
താമസിക്കുമായിരുന്നിരിയ്ക്കണം

വിഷു പുലര്‍ന്നു
ആംബുലന്സില്‍ മടങ്ങുമ്പോള്‍
വഴിനീളെ
ഹൃദയം ആകാശങ്ങളിലേയ്ക്കുയര്‍ന്നു
ചിതറിക്കൊണ്ടിരുന്നു
നൂറു ചുവപ്പുവട്ടങ്ങളായി
പൊട്ടിത്തെറിച്ചുകൊണ്ടിരുന്നു
പെട്ടെന്നുള്ള ഒച്ചയില്‍
കിളിക്കരച്ചിലുകള്‍,
പിന്നെ ഏതെല്ലാമോ നിലവിളികള്‍
ഇരുട്ടില്‍ എങ്ങോട്ടെന്നില്ലാതെ
പാറിക്കൊണ്ടിരുന്നു

മുന്നോട്ടും പിന്നോട്ടും ഓടുന്ന
ഓര്‍മ്മകളുമായിരിക്കെ
മഴ പെയ്തു
എണ്ണത്തേങ്ങ കത്തുന്ന മണം,മഴയ്ക്ക് !

ആഹ്ലാദാരവങ്ങള്‍ക്കിടയില്‍
നിലവിളിപോലെ വണ്ടി മുന്നോട്ടുപോയി

ഉള്ളില്‍ മുട്ടിവിളിയ്ക്കുന്നതെന്തെന്നു
ഞാനറിഞ്ഞു

വാക്കുകള്‍!

അവ അനാഥരെപ്പോലെ
ഇടവഴികളില്‍
ഇരുള്‍മൂടിയ ഇടനാഴികളില്‍
ഏകാന്തരാത്രികളില്‍
അലയുകയായിരുന്നിരിയ്കണം

അമ്മയുടെയും മകന്റെയും
ഇടയില്‍
അവ ഒഴുകിയെത്താഞ്ഞ ദൂരങ്ങള്‍

പിന്നീടും പലസ്വപ്നങ്ങളില്‍
പലകുറി
അമ്മ വന്നുപോയത്‌
എന്തെന്ന് ഞാനറിയുന്നു