Wednesday, June 24, 2009

കടലിനെക്കുറിച്ച്, മുറിഞ്ഞ വാക്കുകളില്‍

കാറ്റുപോലെയല്ല അവര്‍
മുന്‍വാതിലിലൂടെ
വെയിലിലേയ്ക്കിറങ്ങിയത്
നനുത്ത്,അരിമണി വീഴുംപോലെ

ഉമ്മറത്ത് നിന്ന്
എളേച്ചനെറിഞ്ഞ
കിണ്ടിതട്ടി ചോരപൊടിഞ്ഞു
കൊണ്ടേയിരുന്നു

ഒക്കത്തിരുന്നവന്‍
വെയില്‍ പൊള്ളിക്കരഞ്ഞു
വിരല്‍തൂങ്ങി നടന്നവന്‍
ചരലില്‍ കാല്‍ പൊള്ളിച്ചു

അവര്‍ നടന്നടുത്തപ്പോള്‍
പാടങ്ങള്‍ സ്വയം പകുത്തു വഴിതെളിഞ്ഞു
പാറകള്‍ വിണ്ടുവിണ്ട് ഇടവഴികളായി

പൊറ്റാളില്‍ അപ്പോള്‍
മഴ പെയ്തു
മഴയില്‍ നീറിനിന്ന
തൊലിയില്ലാ മരങ്ങളെ നോക്കാതെ
അവര്‍ പടികടന്നു

മുഖം പൊള്ളിയവനും
കാല്‍ പൊള്ളിയവനും
പിന്നെയുമെത്ര പൊള്ളി

എന്നിട്ടും എളേച്ചനെ
കിനാവുകളില്‍
അവര്‍,കല്ലെറിഞ്ഞു ചിരിച്ചു

അമ്മ പിന്നെയും
വെയില്‍ പരത്തിയും
മഴ ചുരത്തിയും
ഇടവഴികളില്‍ നടന്നു

പടികടന്നു വന്നവരൊക്കെ,കാലങ്ങളും
ഇറയത്തിരുന്നു കഥകള്‍ പറഞ്ഞു
കരഞ്ഞുചിരിച്ചു

കടലായിരമ്പിയിട്ടും
വാക്കുകള്‍,മുറിച്ചുമുറിച്ചെടുത്തു
മാത്രം പാറ്റിക്കൊണ്ടിരുന്നു അമ്മ

അവരുറങ്ങുന്ന
അസ്ഥിമുറിയുടെ വാതിലില്‍
ചെവിവച്ച് നിന്നാല്‍
കേള്‍ക്കാം,കടലിരമ്പം

ഞങ്ങളുണ്ട്,ഇപ്പോഴും
കഥയറിഞ്ഞവര്‍
കഥയറിയാത്ത പെങ്ങളും

കടല്‍ കണ്ടാല്‍
അവളെപ്പോഴും കരയും

ഞങ്ങള്‍ വാക്കുകള്‍
തിരയും,ഇരമ്പങ്ങളില്‍

Sunday, June 14, 2009

ഒറ്റയ്ക്ക് ഒരു വീട്,ഒറ്റയ്ക്ക് ഒരാള്‍

1

ഇരുളിലൂടെ
നേര്‍ത്ത നൂലുകള്‍പോലെ
വെട്ടമിറങ്ങി വരുന്ന
ഒരു സ്വപ്നം

തെളിഞ്ഞു വരുന്ന
പായല്‍ പിടിച്ച പടവുകള്‍

സപ്പോട്ടകളുടെ നിഴലില്‍
മറഞ്ഞ്,ഒരു വീട് ..

2

ഓര്‍ക്കാറുണ്ടോ?
പല നേരങ്ങളില്‍
നമ്മള്‍ പുറപ്പെട്ടു പോയ
യാത്രകള്‍..

തിരിഞ്ഞു നോക്കുമ്പോള്‍
പച്ചപ്പുകള്‍ക്കിടയില്‍,വീട്
ഒറ്റയ്ക്ക്..

ഓര്‍മ്മയിലില്ലാത്ത യാത്രകളെന്നു
പറഞ്ഞു ഏട്ടന്‍ ചിരിയ്ക്കുന്നു

നിനക്ക് ഓര്‍മ്മകളെ
ഇഷ്ടമല്ലെന്ന് പറഞ്ഞു ഞാനും കളിയാക്കുന്നു

വലിയ ജനാലകളും,വെള്ളപ്പൂക്കളുള്ള തോട്ടവും
ഇങ്ങീ നഗരത്തിലും കിനാക്കളെ നിറയ്ക്കുന്നു
എന്ന് പറയുമ്പോള്‍
അനിയത്തിയും ചിരിയ്ക്കുന്നു

3

അമ്മ തിരിച്ചെത്താത്ത രാത്രികളില്‍
വലിയ ഇടനാഴിയില്‍
ഓരോ അനക്കത്തിനും
വിറച്ച് വിറച്ചു ഉറക്കമൊഴിഞ്ഞത്

ജാലകങ്ങള്‍ക്കപ്പുറം
പുല്ലാനികള്‍ക്കിടയില്‍
അച്ഛന്റെ നിഴല്‍
പുകച്ചുരുളുകള്‍
അതിന്റെ കുത്തുന്ന മണം
ചോന്ന പെയിന്റുള്ള ടീപ്പോയികള്‍..

എല്ലാ ഓര്‍മ്മകളും എനിയ്ക്ക് മാത്രമെന്ന്‍..

4

മറന്നു വച്ച
പഴയ കാന്‍വാസ്സുകളില്‍
വരച്ചെടുക്കുന്നു
ഞാന്‍,ഒരു വീടിനെ

അതെന്നോടൊപ്പം
ഉണ്ട്,തെരുവുകളില്‍
ഇടനാഴികളില്‍

എന്റെ ഉറക്കങ്ങളില്‍
അതുണര്‍ന്നിരിയ്ക്കുന്നു

സ്വയം
കണ്ണാടികളെത്തിളക്കുകയും
വള്ളിച്ചെടികള്‍ പടര്ത്തുകയും
തിരശ്ശീലകള്‍ മാറ്റിയിടുകയും
ചെയ്യുന്നു
വിചിത്ര ജീവികള്‍ക്കായി
രാത്രികളില്‍
വാതിലുകള്‍ തുറക്കുന്നു

5

എപ്പോഴൊക്കെയോ
അതിന്റെ
അകത്തേയ്ക്ക് ചെരിഞ്ഞു
പെയ്യുന്ന മഴപോലെ
ഞാന്‍ ഊര്ന്നിറങ്ങുകയാണ്

ആരുമില്ലാത്ത
ഇടനാഴികളില്‍ ഓടി
നടക്കുകയാണ്
മിട്ടായിപ്പാത്രങ്ങള്‍
പരതുകയാണ്‌

6

ഇവിടെ ഓരോ ഇലയനക്കവും
കിളിമൊഴിയും
എന്തിന്‌ തൊടിയിലെ
മണമില്ലാ പൂവുംവരെ
ഏതോ പ്രിയപ്പെട്ട പാട്ടിലെ
ആര്‍ദ്ര സ്വരംപോലെ
കരളിനെ കളിപ്പന്തു തട്ടുന്നുത്
എനിയ്ക്ക് വേണ്ടി,ഞാനറിയാന്‍ വേണ്ടി
മാത്രമാണെന്ന്..

ഇലയില്‍ കാറ്ററിയാതെ
തങ്ങി നിന്നൊരു
നീര്‍ത്തുള്ളി പോലെ
ഇനിയൊരു പതറിച്ച വരെ
ഞാനങ്ങനെ
നില്‍ക്കാന്‍ പോകയാണെന്ന്..

Sunday, June 7, 2009

മങ്ങിയ ഒരു ചിത്രം

പെണ്ണ് അക്കരയ്ക്ക്
കണ്ണിപ്പോഴും ഇക്കരയ്ക്ക്

നീലവെളിച്ചത്തില്‍
അവള്‍ ഒരു ചിത്രം പോലെ
പുഴയുടെ പിഞ്ഞിയ
കാന്‍വാസ്സില്‍
അറിയാതെ പെട്ടുപോയ
ഒരു പൂമരക്കൊമ്പ്‌

പുഴയൊഴുകിത്തീരുന്നേയില്ല
അവള്‍ പോയിത്തീരുന്നുമില്ല

നിശ്ചലത

ഞാന്‍ നോക്കിക്കൊണ്ടേ നിന്നു

Monday, June 1, 2009

വെറുതെ,കുറേ പൂവുകള്‍

പുഴകടന്നു ഞാനും നീയും
വന്നിവിടെ നില്ക്കുന്നു
വഴിവക്കിലെ സൂചിപ്പുല്ലുകള്‍
അവയില്‍ വില്ലുകുലയ്ക്കുന്ന കാറ്റ്‌
ചാഞ്ഞ മരക്കൊമ്പുകളില്‍
മണം മാത്രമുള്ള പൂവുകള്‍

നോക്കൂ,വാക്കുകളില്ലാത്ത
നേരങ്ങള്‍

അല്ലെങ്കിലും
ഈ ഭാഷയിലിനി
ഇത്ര പറയാനെന്തിരിയ്ക്കുന്നു
അല്ലേ?

എന്റെയും,നിന്റെയും
ഒളിച്ചുകളിയ്ക്ക് പറ്റിയ
ഒരു ഭാഷയുണ്ടായിരിക്കുമോ
ഞാനോലോചിയ്ക്കുന്നു

വിചിത്രലിപിയുള്ള
ഒരു ഭാഷ

ഓരോ വാക്കിലും
വികാരങ്ങള്‍ പെയ്യുന്നത്

പിന്നെ പാട്ടുകള്‍..
വിരഹത്തെപ്പറ്റി
അറിഞ്ഞറിയാത്ത
എന്തിനേയും പറ്റി

ഹ!പാട്ടില്ലാത്ത ഭാഷയോ

പുഴയും,വയലുമില്ലാത്ത നാടോ
കിളി പാടാത്ത വഴിയോ
എന്ന് ചോദിയ്ക്കുംപോലെ

എല്ലാം കഴിഞ്ഞ്
പിന്നെയും നമുക്കൊന്നും
പറയാനില്ലാതായാല്‍..

ആ മരത്തിന്റെ
ചുവടെത്തി
ആ വഴി നിനക്ക്
ഈ വഴി എനിയ്ക്ക്‌
എന്ന് പിരിഞ്ഞു നടക്കാം
അല്ലേ?

ആ മരത്തിലെ
കിളിയൊച്ചകള്ക്ക്
പക്ഷേ മുനയുണ്ട്
സൂചിപ്പുല്ലുപോലെ

അതിന്റെ
തൊലിപ്പുറത്ത്
വരി മുറിഞ്ഞ
കവിതകള്‍

നോക്കൂ,എത്ര പൂവുകളാണിവിടെ
വീണു പോയിരിയ്ക്കുന്നത്?

പൂവുകള്‍ പഴകിയാലും
മണമുണ്ടാവുമെങ്കില്‍
മരങ്ങളേ
നിങ്ങളവ എറിഞ്ഞു
കളയുന്നതെന്ത്‌?