Sunday, October 19, 2014

കട്ട്

(first entry in the cricket series)
ആദ്യ പന്ത് ഞാന്‍ ഡിഫന്റ് ചെയ്തു. പന്തുരുണ്ട് പോയി, പിച്ചിന്റെ നടുവോളം. ഞാന്‍ നോണ്‍ സ്റ്റ്രൈകർ എൻഡിൽ നിൽക്കുന്ന മുഹമ്മദ്‌ കോയയെ നോക്കി. പണ്ടായിരുന്നെങ്കില്‍ സ്റ്റീലിംഗ് എ സിംഗിള്‍ വാസ് സോ ഈസി. നോട് സൊ ഷുവർ നൗ . അവന്‍ പുഞ്ചിരിക്കുന്നു. ശരീരമാകെ വിയര്‍പ്പു പൊടിക്കുന്നു. മാനത്ത് നനുത്ത മഴമേഘങ്ങള്‍, നിറയെ. വെയിലിന്റെ തിളക്കം അകലെ തെങ്ങിന്‍ തലപ്പുകളില്‍. പിച്ചില്‍ അങ്ങിങ്ങ് പച്ചപ്പിന്റെ ചെറിയ നാമ്പുകള്‍. ചുറ്റും പഴയ പരിചിത മുഖങ്ങള്‍. അസീസ്‌ പിറകില്‍ നിന്ന് ഷൌക്കത്തിനെ പ്രോത്സാഹിപ്പിക്കുന്നു. മോചിതന്‍ കവറില്‍ റെഡിയായി നില്ക്കുന്നു. നെക്സ്റ്റ് പന്തും നെക്സ്റ്റ് ഷോട്ടും അവനറിയാം. ഹനീഫ, മുജീബ്, അരുണ്‍, അജിത്‌, രഞ്ജിത് , രാജേഷ്‌, രാജു, ഷാജഹാൻ എല്ലാവരും, പഴയ കളിക്കൂട്ടുകാരെല്ലാം, തയാര്‍. പ്രദീപേട്ടന്‍ സിഗ്നല്‍ കാണിക്കുന്നു. അയാളുടെ വെള്ളത്തൊപ്പിയില്‍ കാറ്റ്. പൊറ്റാൾ എന്ന ഉൾനാടൻ ഗ്രാമത്തിലെ ചേര്‍മണമുള്ള കാറ്റ്. ആ ഏഴു വർഷങ്ങളിൽ എന്റെ ജീവിതത്തിലൂടെ വീശിയ അതേ കാറ്റ്. ദി ഇയെര്സ് ദാറ്റ്‌ മെയിഡ് മി വാട്ട്‌ ഐ അം. ഷൌക്കത്ത് ഓടി വന്നു. വായുവില്‍ വൃത്തം വരയ്ക്കുന്ന കൈകൾ , അവ പന്തിനെ സ്വതന്ത്രമാക്കുന്നു. ലെതര്‍ ബാളിന്റെ സീം ഞാന്‍ കണ്ടു. അൽപ്പം മുന്നിൽ പിച്ച് ചെയ്ത് അത് എന്നിലേക്ക് വളരുന്നു. മുന്നോട്ടാഞ്ഞു കുനിഞ്ഞുയര്‍ന്ന് എന്റെ ബാറ്റ് അതിനെ അര്‍ദ്ധ വൃത്താകൃതിയില്‍ കട്ട്‌ ചെയ്തു. ക്ര്യത്യം മോചിതന്റെ നേരെ തന്നെ. പന്തവനെ കടക്കുമോ എന്നൊരു ആകാംക്ഷ എനിക്കുണ്ടായി. ബട്ട് അവന്‍ അനങ്ങിയില്ല. സാദാ വായിട്ടലക്കുന്ന അസീസ്‌ ഒന്നും മിണ്ടുന്നില്ല. ഞാന്‍ കോയയെ നോക്കി. അവന്റെ മുഖത്ത് ചിരിയുണ്ട്. കുസൃതിച്ചിരി. ഞാന്‍ സ്വയം പറഞ്ഞു. റണ്‍! എന്നിട്ട് ഓട്ടം തുടങ്ങി. അത്ഭുതം തന്നെ. കോയ ഓടുന്നില്ല.അവന്‍ എന്നെ തന്നെ നോക്കി അങ്ങനെ നില്കുന്നു. മൈതാനത്തിനു മുകളില്‍ മഴ കനം വച്ച് നില്‍ക്കുന്നു. നിശബ്ദമായ കൊയ്ത് കഴിഞ്ഞ പാടങ്ങള്‍. ഞാന്‍ ചുറ്റും നോക്കുമ്പോള്‍ ഷൌക്കത്ത്, കോയ, ഹനീഫ, മുജീബ്, അരുണ്‍, അജിത്‌, രഞ്ജിത് , രാജേഷ്‌, രാജു, അസീസ്‌ , ഷാജഹാൻ എല്ലാവരും ചിരിയോടെ എന്നെ നോക്കി നില്‍ക്കുന്നു, ഒരു വശത്തായി. അവരുടെ ഒരിക്കലും വയസ്സാവാത്ത മുഖങ്ങളില്‍ വെയില്‍ തിളങ്ങുന്നു. ഒരു പ്രകാശവലയം അവര്‍ക്ക് ചുറ്റും. പാടങ്ങള്‍, തെങ്ങിന്‍ തലപ്പുകള്‍ എല്ലാം മങ്ങിപ്പോകുന്നു. അവര്‍ അനക്കമില്ലാതെ എന്നെ തന്നെ നോക്കി നില്‍ക്കുന്നു. കനിവോടെ.
ഉണരുന്പോൾ മുറിയിൽ ചുറ്റും അന്നത്തെ അതേ വയലുകൾ, കാറ്റിലിളകുന്ന നെൽക്കതിരുകൾ, നാട്ടുവെളിച്ചം. ഇരുളിൽ മറഞ്ഞിരുന്ന് ആരൊക്കെയോ പിറുപിറുക്കുന്നു. 
ഓർക്കുകയാണ്. പൂവ് എന്ന് പറയുന്പോൾ ഒരു താഴ്‌വാരം മുഴുവൻ മുന്നിലെത്തുന്ന പോലെ. ശിഹാബ് എന്ന് പറയുമ്പോൾ അന്നത്തെ പകലുകൾ, ക്രികറ്റ് മാച്ചുകൾ - അവൻ ഒറ്റയല്ല, ഒരിക്കലും. അവന്റെ ബാറ്റ് പന്തിനെ മുഴക്കത്തോടെ കട്ട് ചെയ്യുന്നത് - ആ ശബ്ദം മൈതാനം മുഴുവൻ കേൾക്കുന്നത്... എന്നാൽ പേജുകൾ മഞ്ഞച്ചു തുടങ്ങിയ പുസ്തകം പോലെ ഈയിടെയായി വെറും ക്രികറ്റ് മാത്രം. ആ പശ്ചാത്തലത്തിൽ പിന്നെയും അവൻ. മറിച്ചാലും മറിച്ചാലും ഒരേ പേജുള്ള പുസ്തകം. 
അന്നേ ദിവസം ക്ലാസ്സ്മുറിയിലെ വൃഥാവ്യായാമത്തിന് ശേഷം കളിക്കാനെത്തിയപ്പോൾ പിച്ച് നനഞ്ഞിരിന്നു - ഉച്ചയായിട്ടും ഗ്രൌണ്ടിലെ മഞ്ഞിന്റെ പുതപ്പു പോയിട്ടുണ്ടായിരുന്നില്ല. കുന്നെല്ലാം ഇറങ്ങി ഇവിടെ വന്നത് തന്നെ വെറുതെയാകും എന്ന് തോന്നിച്ചു. 
കുറച്ചു നേരം എന്റെ ദിവാസ്വപ്നനങ്ങളിലെ ദേവത സുരഭിയുണ്ടായിരുന്നു, കളികണ്ട് കൊണ്ട് ഗ്രൌണ്ടിന്റെ ഒരു വശത്ത്. എന്നാൽ ശിഹാബ് ടീസ് ചെയ്തിരുന്നത് ഹിന്ദി ക്ലാസ്സിൽ എന്റെ അടുത്തിരിക്കാൻ തിടുക്കം കാണിച്ചിരുന്ന ഒരു പഠിത്തക്കാരൻ ചെറുക്കന്റെ പേര് പറഞ്ഞായിരുന്നു - സുനീഷ്. അവൻ ഒരിക്കൽ ബൌണ്ടറിയിൽ വച്ച് കാച് എടുത്തപ്പോൾ എന്നെ ഉമ്മവചിട്ടുണ്ട്. അന്ന് തുടങ്ങി. അവർ രണ്ടു പേരും കളി തുടങ്ങുന്നതിനു മുന്പ് ഒരുമിച്ചു മടങ്ങിയപ്പോൾ അതായി അടുത്ത തമാശ - രണ്ടും പോയി. അവൻ പറഞ്ഞു. 
യ്യ് ഒരു ബോൾ എരിയ്യ്‌ - ഞാൻ ശിഹാബിനോട് പറഞ്ഞു, അത് അന്നത്തെ റുടിൻ ആയിരുന്നു. എന്നാലിന്ന് അവൻ മൊയ്ദീൻകുട്ടിക്ക്, അവൻ ഞങ്ങളുടെ ലീഡ് ബൌളർ ആയിരുന്നു, ബോൾ ഇട്ടു കൊടുത്തു. മൊയ്ദീൻ രണ്ടു സ്റ്റെപ്പിൽ വീശിയെറിഞ്ഞു - ഫുൾ ടോസ്സ്. ഞാൻ ഡിഫെന്റ് ചെയ്തു. ബാറ്റിൽ ആ ഭാഗത്ത്‌ ഒരു ചതവ് വന്നു. ഡിഫന്റ് ചെയ്യുമ്പോൾ നിങ്ങൾ ഒറ്റക്കാണ്. ലോകത്തിനു മുഴുവൻ എതിരിൽ. നിങ്ങൾ എന്റെർറ്റൈൻ ചെയ്യേണ്ട ആളാണ്‌. ഡിഫൻസ് സെൽഫിഷ് ആണ്. 
ടീം കളർ ബേസിലാണെങ്കിലും മറ്റേ ടീമിൽ, മൻസൂറിന്റെതിൽ, വേങ്ങരയുടെ കളിക്കാർ കൂടുതലുണ്ട്. അവർ ക്ലബ്ബുകൾക്ക് കളിക്കുന്നവരാണ്. ഞങ്ങളുടെ സെക്കന്റ്‌ ഇയർ പ്രീഡിഗ്രീ മുഴുവൻ കൊച്ചു പിള്ളേരാണ്. പക്ഷെ കരീം ഉണ്ട്, ശിഹാബ്, സുജിത്, എന്റെ കസിൻ ബസന്ത്. മതി അത്രക്കൊക്കെ മതി
മൊയ്ദീന്റെ രണ്ടാമത്തെ ബോൾ ഓഫ്‌ സ്റ്റൻപിന്റെ പുറത്തുകൂടി ഒരു മൂളക്കത്തോടെ കടന്നു പോയി. അപ്പോൾ ഇടങ്കയ്യൻ റിനിൽ മൻസൂറിന്റെ ഒപ്പം നില്ക്കുന്നത് ഞാൻ കണ്ടു. ഞങ്ങളുടെ ഒപ്പം കളിക്കാതെ അവൻ മറുകണ്ടം ചാടിയിരിക്കുന്നു. ഞാൻ ശിഹാബിന് അവനെ കാണിച്ചു കൊടുത്തു. അവൻ ഒന്ന് ചിറി കോട്ടി.ഓവർ കോണ്‍ഫിഡന്റ് - എന്നത്തേയും പോലെ. കാരണം ഉണ്ട്, എഴുതുന്ന പോലെയോ, സയൻസ് ലാബിൽ ഷൈൻ ചെയ്യുന്ന പോലെയോ നിസ്സാരമായി അവൻ ചെയ്യുന്ന കാര്യമാണ് ബാറ്റിംഗ്. നല്ല ഷോട്ട് കളിച്ചാൽ ഇപ്പുറം വന്നിട്ട് പറയും - കണ്ടെടാ കണ്ടാ. 
അടുത്ത പന്ത് ഡിഫെന്റ് ചെയ്യുന്നു. പൊറ്റാളിലെ പാടത്ത് പണ്ട് രണ്ടു പെഗ്ഗിട്ടു ബൌൾ ചെയ്യാൻ വരുന്ന അരുണിനെ ഡിഫെന്റ് ചെയ്തിരുന്ന പോലെ. പാഡും ബാറ്റും ഒരുമിച്ചുള്ള തടുത്തു വെപ്പ്. ബോൾ നിലത്തടിച്ചു പൊങ്ങും - ഉടനെ അവൻ പരാതി പറയും, അന്പയർ നിൽക്കുന്ന പ്രദീപേട്ടനോട് - ങ്ങള് നോക്ക് പ്രദീപേ , ഓൻ മനപൂർവ്വം ചെയ്യ്ണ്. പ്രദീപേട്ടൻ എൽബില്ലട്ടാ നിതിനേ എന്നോര്മ്മിപ്പിക്കും. അന്പയർ എന്ന നിലയിൽ അയാൾ അത്രയും പ്രശസ്തനായിരുന്നു. നാട്ടുകാര്യങ്ങൾ, പിന്നെ പലരുടെയും വീട്ടുകാര്യങ്ങളും അറിയുകയും, അഭിപ്രായം പറയുകയും ചെയ്തിരുന്ന ഒരാളായിരുന്നു അയാൾ. അടുത്ത പന്ത് ഫുൾ ടോസായിരിക്കും , അല്ലെങ്കിൽ ബൌന്സർ - ഏതായാലും മേലുകൊള്ളാൻ വേണ്ടിയുള്ളതായിരുക്കും.
കളി തുടങ്ങാൻ പോവുകയാണ്. മൻസൂര് റ്റോസ് ജയിച്ചു - ഒട്ടും ആലോചിക്കാതെ ഞങ്ങളോട് ബാറ്റ് ചെയ്യാൻ പറഞ്ഞു. എനിക്ക് പാഡ് കെട്ടാനുള്ള സമയം മാത്രമേ വേണ്ടി വന്നുള്ളൂ, തിരിയെ ഓടി അതെ സ്ഥാനത്തു വന്നു നിന്നു. എന്റെ സ്ഥിരം പാർട്ണർ കരീം അപ്പോൾ വന്നതേ ഉണ്ടായിരുന്നുള്ളൂ. മിനിഞ്ഞാന്ന് അവന്റെ വീട്ടില് വച്ച് ആദ്യമായി മദ്യം കഴിച്ചതെയുള്ളൂ - പിന്നെ ഇപ്പോഴാണ് കാണുന്നത്. കരീം ഛർദ്ദിച്ചു വശം കെട്ടുപോയി. ഞങ്ങൾ പരസ്പരം നോക്കി ചിരിച്ചു. റിനിലിനെ നോക്കിക്കോ , അവൻ മുന്നോട്ടു വന്നു പറഞ്ഞു. ലെഫ്റ്റ് ഹാനടെര്സ് ഇപ്പോഴും ഒരു ഇടപാടാണ്. നാലഞ്ചു വർഷമായി ഞാനും അവനും നാട് മുഴുവൻ നടന്നു കളിക്കുന്നു. വെറുതെ ഇരിക്കുന്ന വീകെന്റിലും വരും ആരെങ്കിലും, കൊണ്ട് പോകാൻ . വെറുതെയല്ല പൈസക്ക് - സീരിയസ്‌ലി. കരീം പോകുന്പോൾ ഞാനും.
ആദ്യം എറിയാൻ വന്ന സൂരജ് വാസ് എ ട്രിക്കി ബൌളർ. അവന്റെ ഒരു ബോൾ ഞാൻ ഡിഫെന്റ് ചെയ്തു. രണ്ടു പ്രാവശ്യം ബീറ്റ് ആയി. അടുത്ത ബോൾ ഇൻസൈഡ് എഡ്ജ്, ഓടുന്ന വഴി ഞാൻ തെന്നി വീഴുകയും ചെയ്തു. എന്നാലും ഗോട്ട് എ ഫീൽ, അത് മതി.
ശിഹാബ് യോഗിയെപ്പോലെ ഒരു മരത്തിന്റെ അടിയിൽ ഇരിപ്പുണ്ട്. അവനോടു ആരോ സംസാരിക്കുന്നു. എന്തോ സീരിയസ് ആയ കാര്യം - മാറി നിന്നാണ് സംസാരം. അവൻ ഒരു സൂചന തന്നിരുന്നു. വിദ്യാർഥിസംഘടനയുടെ കാര്യം. പെണ്‍പിള്ളാരുടെ ഹരമായ ജസീം, ശിഹാബ്, മൊയ്ദീൻ തുടങ്ങിയവർ ചേർന്നുള്ള ഒന്ന് - ഹ ഹ.
കരീം സിംഗിൾ ഓടുന്നു. ഞാൻ കഷ്ടപ്പെടുന്നു. എന്നാലും ആശ്വാസം - അടുത്ത ഓവർ ഫേസ് ചെയ്യേണ്ട. മൻസൂര് ഓടി വന്നു പന്തെറിഞ്ഞു . കരീം ആദ്യ പന്തിൽ തന്നെ ബൌണ്ടറി നേടി. അത്രയും അനായാസ ബാറ്റിംഗ്. ആ ഡ്രൈവ്, അവൻ കളിച്ചത് , ഞാൻ ആണെങ്കിൽ സമയമായോ ഇതൊക്കെ കളിക്കാൻ എന്നായിരിക്കും ചിന്തിക്കുക. അടുത്ത ബൊൾ അവൻ കളിക്കാതെ വിട്ടു. മൻസൂര് അവനെ നോക്കി എന്തോ പറഞ്ഞു.
പോടാ മൈ** - കരീം വിട്ടു കൊടുത്തില്ല. അടുത്ത് പന്ത് ഷോര്ട്ട് പിച്ചായിരുന്നു, അവനതു അനായാസം തട്ടിയിട്ടു എന്നെ ഓടിച്ചു. ഞാൻ ശിഹാബിന്റെ നേരെ നോക്കി. അവർ ഇപ്പോഴും സംസാരം തുടരുന്നു. അടുത്ത ബൊൾ അല്പം വൈഡായാണ് വന്നത് ഞാൻ അടിക്കുന്നതിനു മുൻപേ തന്നെ തേർഡ് ഗ്രൂപ്പിലെ നാസർ പൊസിഷനിൽ വന്നിരുന്നു. എന്റെ കട്ട്‌ ഷോട്ട് അവൻ ഒരു ബൌന്സിൽ തടുത്തു. മൻസൂര് മൂന്ന് പേരെ നിറുത്തിയിരിക്കുന്നു ഓഫ്‌ സൈഡിൽ , ഡീപ് കവറും . അടുത്ത പന്ത് ഗുഡ് ലെങ്ത് ഓണ്‍ ഓഫ്‌. ഞാൻ അത് സ്ക്വയര് കട്ട്‌ ചെയ്തു , അതവരെ കടക്കില്ല എന്ന് തോന്നി, എന്നാൽ ഞാൻ ഒരു കാൽ ഉയർത്തി ശരീരം വില്ല് പോലെ വളക്കുകയും ബാറ്റ് പരമാവധി ചെരിക്കുകയും ചെയ്തു. പന്ത് കൃത്യമായി മൂന്ന് പേരെയും അനങ്ങാൻ പോലും വിടാതെ തേർഡ് മാൻ ബൌണ്ടറിയിലെക്കു ഒരു കർവ് വരച്ചു കൊണ്ട് പോയി - അത് വായുവിൽ തെല്ലു നേരം പോലും നിന്നില്ല. കരീം ക്ലാപ്പ് ചെയ്തു - പോയിന്റിൽ നിന്നു നാസര് പറഞ്ഞു - ഓ അത് ബൌണ്ടറി ആയില്ലെങ്കി ഓന് സഹിക്കൂല, അത്രേം നയിച്ചിരിക്ക്ണ് ഓൻ, എല്ലാവരും ചിരിച്ചു. മൻസൂര് കുറച്ചു നേരം കൂടി എന്നെ തുറിച്ചു നോക്കി.
ശിഹാബ് സംസാരം തുടരുന്നു. മ**ൻ നോക്കാത്തതിന് എനിക്ക് കലി വരികയും ചെയ്തു. പിന്നെയുള്ള ബൊൾ ഞാൻ വിട്ടു കളഞ്ഞു. അപ്പോൾ സാധാരണ ഇല്ലാത്ത പോലെ ടൈലർ പ്രദീപേട്ടൻ അന്പയറായി വന്നു. അതെ ഗ്രൗണ്ടിൽ അയാളുടെ തന്നെ മറ്റൊരു ടൂർണമെന്റ് ഉച്ചക്ക് ശേഷം നടക്കുന്നുണ്ട്. നിഷ്പക്ഷനായി നില്ക്കാൻ വിളിച്ചതായിരിക്കണം. അതിന്റെ ഗുണം എനിക്ക് ഉടനെയുണ്ടായി. കൈ സാമാന്യം മടക്കി എറിഞ്ഞിരുന്നു ഒരു മീഡിയം പേസറായിരുന്നു അടുത്ത ബൌളർ - മൂന്നാം പന്തിൽ ഞാൻ ബാറ്റിംഗ് എന്ടിലെത്തി. കീപ്പര് കയറി നില്ക്കുന്നത് ഒരു ബാറ്റ്സ്മാന് ബുദ്ധിമുട്ടാണ്, എനിക്ക് പ്രത്യേകിച്ചും. ആദ്യ പന്തിൽ തന്നെ എന്നെ സ്റ്റമ്പ്‌ ചെയ്തു. പക്ഷെ ലെഗ് അമ്പയര് നിന്ന പ്രദീപേട്ടൻ അത് നോട് ഔട്ട്‌ വിളിച്ചു. കരീം അടുത്ത് വന്നു ശ്രദ്ധിക്കാൻ പറഞ്ഞു തിരിയെ പോയി. അടുത്ത പന്തിൽ ഒരു എൽബി അപ്പീൽ ഉണ്ടായി. അതിനടുത്ത ബോൾ ഞാൻ പുൾ ചെയ്തു. അത് നേരെ മേലോട്ട് പോയി, ഞാൻ നോക്കിയില്ല. ഷോര്ട്ട് ലെഗ്ഗിൽ നിന്നവൻ അതിനടിയിലേക്ക് വന്നു കൊണ്ടിരുന്നു. ആ സമയം കൊണ്ട് ഞാനും കരീമും എൻഡ് ചേഞ്ച്‌ ചെയ്തു. എന്നാൽ കാച് ഡ്രോപ്പ് ആയി. ഒന്നും സംഭവിക്കാൻ കാത്തു നിൽക്കരുത് എന്നതും കളിയിലെ ഒരു നിയമമാണ്. കരീം പറഞ്ഞു - അടിക്കുക എന്നത് നമ്മുടെ ജോലി , പിടിക്കുക എന്നതു അവരുടെയും.
സൂരജ് പിന്നെയും വന്നു. അവന്റെ ആദ്യ ബോൾ ഞാൻ ഡിഫെന്റ് ചെയ്തു. അടുത്ത പന്തിൽ പുൾ ചെയ്യാൻ പോയ ഞാൻ ഷോട്ട് മാറ്റി ബാക്ക് ഫൂട്ടിൽ നിന്ന് തന്നെ ഡ്രൈവ് ചെയ്തു - അതങ്ങനെ സാധിച്ചു എന്ന് ചോദിക്കരുത്. കവറിൽ നിന്ന സിറാജ് തെന്നിവീണ കാരണം ഞങ്ങൾ അനായാസം രണ്ടു രണ്‍സ് ഓടി എടുത്തു. ബോൾ നനഞ്ഞു എന്ന് സൂരജ് പരാതി പറയുന്നത്‌ കേട്ടു. ഇപ്പോൾ ശിഹാബ് എന്നെ നോക്കി നില്ക്കുന്നു. അവനോടു സംസാരിച്ചു കൊണ്ടിരിക്കുന്ന പയ്യനും ഇങ്ങോട്ട് തന്നെ നോക്കുന്നു. അത് വിജയനായിരുന്നു, പുകയൂരിലെ. എന്തോ ഒരു അകാരണമായ പേടി എന്നെ ഉലച്ചു. ഇപ്പോൾ കളിയാണ് പ്രധാനം, ഞാൻ സ്വയം പറഞ്ഞു. വരാനുള്ള കാര്യങ്ങൾ ഞാൻ കാണാൻ തുടങ്ങി. അന്നേരം അടുത്ത പന്ത് വന്നു. പന്ത് നെഞ്ചോളം ഉയർന്നു - ഞാൻ പൊസിഷനിൽ ആണെന്നത് സൂരജ് മനസ്സിലാക്കിയിരിക്കണം - ഞങ്ങളുടെ കണ്ണുകൾ ഉടക്കി. പുൾ ചെയ്ത പന്ത് ഏറ്റം ദൂരമുള്ള ബൌണ്ടരിയാണ് കടന്നത്‌ - സിക്സെർ. കരീം വെളുക്കെ ചിരിച്ചു. കളി കാണുന്നവരുടെ ആരവം. ഞാൻ ക്രോസ് ചെയ്തപോൾ പ്രദീപ്‌ പറഞ്ഞു - നീ പന്തെടുത്തു എറിഞ്ഞാൽ പോലും ഇത്ര ദൂരം പോകില്ല.
എന്നാലും ഒരു തോന്നൽ. എന്തോ ഒന്ന് വരുന്നുണ്ട്. ഞാൻ രണ്ടടി മുന്നോട്ടു നടന്നു ബൌളറുടെ തലക്കു മേലെ ലോങ്ങ്‌ ഓണിലേക്ക് പന്ത് ഉയർത്തി അടിച്ചു. പന്ത്, വിചിത്രമെന്നേ പറയേണ്ടു, ബൌന്സ് ചെയ്ത ശേഷം വീണിടത്ത് തന്നെ കിടന്നു. ബൌണ്ടറി പ്രതീക്ഷിച്ച ഞാൻ രണ്ടു റണ്‍സിൽ തൃപ്തിപ്പെട്ടു. അതും പ്രയാസപ്പെട്ടു ഓടിയത്. ഓവർ ത്രോ വന്നതോടെ ഒന്ന് കൂടി ഓടി. ഇപ്പോൾ നോക്കുന്പോൾ ശിഹാബിന്റെ കൂടെ കുറെ പേരുണ്ട്. അവർ എപ്പോൾ വന്നെന്നു ഞാൻ കണ്ടില്ല. അവരിൽ പലരും പ്രദീപേട്ടനെ കൈ വീശി കാണിച്ചു. അയാൾ തിരിച്ചും .
പിന്നെ ഒരു ഓവറിൽ ഞാൻ റിനിലിനെ നേരിട്ടു. ചതിയൻ ടീം മാറിക്കളിക്കുന്നു. പ്രദീപേട്ടൻ പറഞ്ഞു - ഇതാണ് എനക്ക് കാണേണ്ടിയ ഓവർ. ഇടം കയ്യാലുള്ള അവന്റെ ഫസ്റ്റ് ബാൾ ഏത് വഴി പോയെന്നു ഞാൻ കണ്ടില്ല. അവനു ഒരു ചിരി പൊട്ടി. കരീം സ്റ്റമ്പിനു നേരെ ഒരാംഗ്യം കാണിച്ചു. അടുത്ത ബാൾ എറിയുന്നതിനു മുൻപേ അവനെ ഇടത്തോട്ടിറങ്ങി കട്ട് ചെയ്യുന്നത് ഞാൻ പ്ലാൻ ചെയ്തു. എന്നാൽ യഥാർത്ഥത്തിൽ കളിച്ചപ്പോൾ ആ ഷോട്ട് കൂടുതൽ ഭംഗിയുള്ളതായി എനിക്ക് തോന്നി. ഫോർ. ശിഹാബിനെ നോക്കിയപ്പോൾ അവൻ പുറം തിരിഞ്ഞു നിൽക്കുന്നു - കനത്ത ചർച്ച, പലരുടെയും കണ്ണുകൾ അവിടെയാണ്. അടുത്ത ഷോട്ട് ഞാൻ ലോങ്ങ്‌ ഓണിനു മേലെ പൊക്കിയടിച്ചു. റിനിൽ തൊണ്ട പൊട്ടുന്ന പോലെ കാച്ച് എന്ന് നിലവിളിച്ചു. പന്ത് ബൌണ്ടറി കടന്നു. അടുത്ത പന്ത് എന്ത് ചെയ്യണം എന്നാലോചിച്ചു ഞാൻ സ്റ്റെപ് ഔട്ട്‌ ചെയ്തു. എന്നാൽ അത് ബാറ്റ് മിസ്‌ ചെയ്തു, സ്റ്റമ്പിൽ കൊണ്ടു. എന്റെ കട്ട് ഷോട്ട് എന്നെ ചതിച്ചിരിക്കുന്നു. ആരും അപ്പീൽ ചെയ്തില്ല. ഞാൻ ബെയിൽസ് വീണില്ല എന്ന ചിന്തയിൽ തിരിഞ്ഞു നോക്കി. പിന്നെ അന്പയരെ നോക്കി. യെസ്, ഐ വാസ് ഔട്ട്‌. പ്രദീപേട്ടന്റെ വിരൽ ഉയർന്നു കഴിഞ്ഞു. അവിശ്വസനീയതോടെ ഞാൻ നടന്നു. റിനിൽ എന്റെ ഇത്ര അടുത്തു വന്നു ഒച്ചയുണ്ടാക്കി. ഞാൻ അവനെ നോക്കിയത് പോലുമില്ല. കളി അവർ തോറ്റാലും അവൻ ജയിച്ചു കഴിഞ്ഞു. ശിഹാബിന് അന്ന് ഞാൻ നേടെണ്ടിയിരുന്ന ഏക കാര്യം ഇതായിരുന്നു. ഞാൻ തോറ്റു പോയി. കരീമിനെയും ഞാൻ നോക്കിയില്ല. എന്തെന്നില്ലാത്ത, കനത്ത ഒരു പേടി എന്നെ മൂടി. എനിക്ക് ചുറ്റും എല്ലാം പെട്ടെന്ന് നിശബ്ദമായി. ഞാൻ ഒരു നേർ രേഖയിൽ നടന്നു. ആ പേടി അതെപോലെതന്നെ അന്ന് മുഴുവൻ പിന്തുടർന്നു. 
അതിനു ശേഷം ആ കളിയിൽ എന്ത് നടന്നു എന്നെനിക്കത്ര ഓർമ്മയില്ല. ഞങ്ങൾ ജയിച്ചു, കാരണം ഫൈനലിൽ ഞാൻ ഒരോവർ ബാറ്റ് ചെയ്തിരിന്നു - റണ്‍ എടുക്കാതെ ഔട്ട്‌ ആകുകയും ചെയ്തു. പക്ഷെ അന്ന്, ആ ഒരു ദിവസം, ശിഹാബ് ടീമിൽ ഉണ്ടായിരുന്നോ എന്നത് തന്നെ എനിക്ക് ഉറപ്പില്ല. ഏതായാലും അല്പം കഴിഞ്ഞു നോക്കുന്പോൾ അവൻ അപ്രത്യക്ഷനായിരുന്നു. ഞാൻ ലോങ്ങ്‌ ഓണിൽ ഏറെ നേരം ഫീൽഡ് ചെയ്തിരുന്നു - പല ചിന്തകളിൽ മുഴുകി, അത്രയും അറിയാം. ഇനി, ഈ പറഞ്ഞത് മുഴുവൻ ഒരു കളിയിലാണോ അതോ പല കളികളാണോ, അതുമറിയില്ല. അന്ന് അവൻ ബാറ്റ് ചെയ്തില്ല അല്ലെങ്കിൽ അവന്റെ കട്ട് ഷോട്ട് കളിച്ചില്ല. കട്ട് ചെയ്യുന്ന ശബ്ദം, ബോൾ ബാറ്റിന്റെ നടുവിൽ തന്നെ കൊള്ളുന്പോഴുള്ള ആ മുഴക്കമുള്ള ശബ്ദം, ഒരു ഹാർട്ട്‌ ബീറ്റ് പോലെ എന്നവൻ പറയുന്ന അത്, ആ ദിവസവുമായി ചേർത്ത് ഓർമ്മിച്ചെടുക്കാൻ കഴിയുന്നില്ല. ഒരു പുസ്തകം പെട്ടെന്ന് തീർന്ന പോലെ. ശരിക്ക് പറഞ്ഞാൽ ഓർമ്മയിൽ ഒരു വിടവ്. ഓർമ്മകൾ അതിലൂടെ ശുദ്ധശൂന്യതയിലേക്ക് കയറിപ്പോയ പോലെ. 
ഞങ്ങളുടെ ക്ലാസ്സ്‌ രണ്ടാം നിലയിൽ ഒരറ്റത്തായിരുന്നു. വരാന്ത അവിടെ അവസാനിച്ചു. വിദ്യാർഥി സംഘടനകളുടെ പ്രകടനങ്ങൾ എല്ലാം അവിടെ എത്തിക്കഴിഞ്ഞാൽ തിരിഞ്ഞു പോകും. ശിഹാബ് രണ്ടു ദിവസമായി തിരക്കായിരുന്നു. കോളേജിൽ പെണ്‍കുട്ടികൾക്കും ആണ്‍കുട്ടികൾക്കുമായി വെവ്വേറെ കോണി ഉപയോഗപ്പെടുത്തണം എന്നുള്ള ഒരു നിർദ്ദേശം കോളേജ് അധികൃതർ നൽകിയിരുന്നു. അത്ഭുതം എന്നെ പറയേണ്ടു. ഒരു ചെറുവിരൽ പോലും അതിനെതിരെ അനങ്ങിയില്ല. തികച്ചും കൻസർവെറ്റിവ് കാഴ്ചപ്പാടുള്ള വിദ്യാർഥി സംഘടനകൾക്ക് അതൊന്നും വിഷയമായില്ല. കോളേജിനോടോപ്പമുള്ള യതീംഖാനയിലെ ഒരു പെണ്‍കുട്ടി ബസ് സ്റ്റോപ്പിൽ വച്ചു ഒരു ആണ്‍ കുട്ടിയോട് സംസാരിച്ചതിന് അവളെ രണ്ടു ദിവസം പട്ടിണിക്കിട്ടു എന്നൊരു വാർത്തയുണ്ടായിരുന്നു - കോളേജിൽ ഒരു ഇല പോലും വീണില്ല. ശിഹാബിന് ദേഷ്യം സഹിക്കാൻ കഴിയുമായിരുന്നില്ല. വിഷയം സെൻസിറ്റിവ് ആയതുകൊണ്ട് അവനും മേലെ നിന്നും നിർദ്ദേശം കിട്ടിക്കാണും, ഒന്നും ചെയ്യരുതെന്ന്. എന്നാൽ കോണി പ്രശ്നം അങ്ങനെയായില്ല. മൂന്നാം ദിവസം പുതിയ വിദ്യാർഥി സംഘടനയുടെ നേതൃത്വത്തിൽ സമരം നടന്നു. പ്രിൻസിപ്പലിന്റെ മുറിയുടെ മുന്നിൽ കുത്തിയിരിപ്പും തുടങ്ങി. രണ്ടാം ദിവസവും സ്ഥിതി തുടർന്നു. ഇത്തവണ പെണ്‍കുട്ടികളും വന്നു. നെറ്റികൾ ചുളിഞ്ഞു. 
അന്നുച്ചയിലെ പ്രകടനം ശിഹാബിന്റെ നേതൃത്വത്തിൽ ഞങ്ങളുടെ ക്ലാസിനു മുന്നിലെത്തി തിരിഞ്ഞു പോകുവാനോരുങ്ങുന്പോൾ, മുൻകൂട്ടി പ്ലാൻ ചെയ്തുവെന്നപോലെ , മറ്റു പാർട്ടിക്കാർ അവരെ തടഞ്ഞു. കുറെ നേരം ഉന്തും തള്ളും നടന്നു. വാക്കേറ്റമുണ്ടായി. ഇറ്റ്‌ വാസ് എ ട്രാപ് - എങ്ങും പോവാൻ പറ്റാതെ പ്രകടനത്തിലെ എല്ലാവരും അവിടെ കുടുങ്ങി. എന്റെ ക്ലാസ്സിലെ കുട്ടികൾ പലരും ഇളകാൻ തുടങ്ങി. ഞങ്ങളുടെ അധ്യാപകൻ ക്ലാസ്സ്‌ റൂമിന്റെ വാതിൽ കുറ്റിയിടാൻ ശ്രമിച്ചു. എനിക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല. ഞാൻ ഓടിച്ചെന്നു വാതിൽ വലിച്ചു തുറന്നു. എന്റെ ഒപ്പം വേറെ ചിലരും പുറത്തിറങ്ങി, എന്നാൽ സ്ഥിതി വഷളായിരുന്നു. ഞാൻ ശിഹാബിന്റെ അടുത്തെത്താൻ ശ്രമിച്ചു. വിജയന് അവനെ കവർ ചെയ്തു നില്പായിരുന്നു . ശിഹാബിന്റെ ചുണ്ട് പൊട്ടിയിരുന്നു.അപ്പോൾ എന്നെ ഞെട്ടിച്ചു കൊണ്ട് ഒരു മുഷ്ടി പിറകിൽ നിന്ന് എന്റെ ചെവിക്കടുത്ത് കൂടി ഒരു മൂളക്കത്തോടെ വിജയൻറെ മൂക്കിൽ പതിച്ചു. സെക്കന്റ്‌ ഇയർ ഡിഗ്രീയിലെ ഒരു കുട്ടി ഖാദർധാരിയായിരുന്നു അത്. അതിനു മുന്നേ ഞാൻ അങ്ങനെ ഒരു കാഴ്ച കണ്ടിട്ടേ ഇല്ല. ചോര. വിജയൻ ഒന്ന് കുനിഞ്ഞു - ഇടിച്ചവൻ ഒരു തെറിയുടെ കൂടെ അവന്റെ ജാതിപ്പേര് വിളിച്ചു. അടുത്ത ഇടിയിൽ വിജയന്റെ മുൻനിരയിൽ ഒരു പല്ലടർന്നു. ശിഹാബ് , തമാശക്കാരനായ അവൻ, അന്ന് ഫിസിക്കലി വയലെന്റ് ആവുന്നത് ഞാൻ കണ്ടു. ഞാൻ അവനെ പിടിക്കാൻ ശ്രമിച്ചപ്പോൾ അവനെന്നെ ആഞ്ഞു തള്ളി. ഞാൻ വീണു പോയി. നിലത്തു കിടന്ന എന്നെ ആരോ കിക്ക് ചെയ്തു. കൈ കുത്തി എണീറ്റ എന്നെ ആരോ ചുവരിൽ ചേർത്തടിച്ചു. എന്നെ ഫോര്ത് ഗ്രൂപ്പിലെ സഫീർ വലിചെഴുന്നെൽപ്പിചു. അവനെന്നെ തള്ളി വേറെ ഒരു ക്ലാസ്സ്‌ രൂമിലാക്കി. എനിക്ക് തല കറങ്ങുന്നുണ്ടായിരുന്നു. പലരും ഓടി വരുന്നത് ഞാൻ കണ്ടു. ജസീം വന്നത് വലിയ ബഹളത്തോടെയായിരുന്നു. ചിലരൊക്കെ ഓടിപ്പോവുന്നതും കണ്ടു. ഉടുപ്പുകൾ കീറി. ആക്രോശങ്ങളും തെറികളും കൈമാറപ്പെട്ടു. സർവത്ര ബഹളം. ശിഹാബിനെന്തു പറ്റി എന്ന് ഞാൻ വേവലാതിപ്പെട്ടു. എന്നാൽ എനിക്ക് നേരെ നിൽക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. മുന്പോരിക്കലും ഞാൻ ഇത്തരത്തിലൊരു സിറ്റുവേഷനിൽ പെട്ടിരുന്നില്ല. വയലൻസ് നേരിട്ട് അനുഭവിക്കേണ്ടി വന്നിട്ടില്ല. ശരീരം വിറച്ചു കൊണ്ടിരുന്നു. കുറച്ചു സമയത്തിനകം അധ്യാപകർ തുടങ്ങിയവര ഇടപെട്ടു എല്ലാം ശാന്തമായി - ശിഹാബ് വിജയനുമായി അടുത്ത ആശുപത്രിയിലേക്ക് പോയ കാര്യം ജസീം എന്നോട് പറഞ്ഞു. അവൻ എന്റെ കൂടെ അൽപ്പസമയം ഇരുന്നു. അവന്റെ കസിൻസ് ഒക്കെ വന്നു. പിന്നെ പുറത്തു നിന്ന് കുറച്ചു പേർ. അത് പ്രശ്നമാകും എന്ന് വന്നപ്പോൾ അവരെല്ലാം അവനെയും കൂട്ടി പോവുകയും ചെയ്തു. 
അല്പം വൈകി ഒരു ഓട്ടോയിൽ ചോരപ്പാടുള്ള ഷെർറ്റുമായി ശിഹാബ് വന്നു. എനിക്ക് പറയത്തക്ക പരിക്ക് ഒന്നുമില്ലായിരുന്നു.അവിടവിടെ തോല് പോയതും , അടി കിട്ടിയ വേദനയും മാത്രം. അവനെ കാണാൻ പലരും വന്നു. പതിഞ്ഞ ശബ്ദത്തിൽ സംസാരങ്ങൾ. ഞാൻ വെറുതെ നോക്കിയിരുന്നു. ഒരാളും എന്നെ തിരിഞ്ഞു പോലും നോക്കിയില്ല. അന്ന് വൈകുന്നേരം ഞങ്ങൾ ഏറെ നടന്നു. മൈതാനത്തിനു കുറുകെ, പാറകൾ കയറി ഇറങ്ങി, പുഴക്കരയിലൂടെ നടന്നു, ഒരു തെങ്ങിൻ തോട്ടത്തിലെത്തി. കൊമെര്സിലെ നിയാസിന്റെ വീട് അവിടെ നിന്ന് കാണാമായിരുന്നു. ഏറെ ദൂരം ഞങ്ങൾ നടന്നിരുന്നു. എന്നാൽ അത്രയും നേരം കൊണ്ട് അല്പം മാത്രമേ സംസാരിച്ചിരുന്നുള്ളൂ. അവനെന്റെ അടുത്തു മതിലിൽ ഇരുന്നു. വൈകുന്നേരത്തെ വെയിൽ പുഴക്കും മരങ്ങൾക്കും മേലെ വീണു കൊണ്ടിരുന്നു. 
അവൻ എനിക്ക് അഭിമുഖമായി വന്നു നിന്നു. അവന്റെ മുഖത്ത് ഞാൻ അന്ന് വരെ കാണാത്ത കാരുണ്യം. അൽപ്പനേരത്തെ മൌനത്തിനു ശേഷം, അവൻ മുന്നോട്ടാഞ്ഞ്‌ എന്നെ ചുംബിച്ചു. അതിനു മുന്നേ ഒരിക്കലും, ഓർമ്മ വച്ച നാൾ മുതൽ അന്നുവരെ, ഒരാളുടെയും ഉമ്മകൾ ഓർമ്മ വരാത്തതിനാൽ എൻറെ ശരീരം വിറ കൊണ്ടു, ചുണ്ടുകൾ തീയേറ്റപോലെ പൊള്ളിച്ചുവന്നു. അന്നേരം ആ മിടിപ്പ് ഞാൻ ഇത്ര അടുത്തു കേട്ടു, ചെറിയ താളത്തിൽ ആരോ ഏതോ വാദ്യം വായിക്കുന്ന പോലെ. ശരിക്കും. അന്നത്തെ ചുറ്റുപാടുകൾ എനിക്കോർമ്മയില്ല. എന്നാൽ അവന്റെ ചുവന്ന കള്ളികളുള്ള ഷർറ്റ് ചെറുതായി പച്ച കുത്തിയ വലത്തേ കൈ - അവ എന്റെ കവിൾ തലോടുന്നത്, ച്യുയിങ്ങ് ഗമ്മിന്റെ മണം….അങ്ങനെ പലതും ഞാൻ ഓർക്കുന്നു. വാക്കുകൾ പകർന്നു കൊടുക്കാൻ കഴിയാത്തവരാണ് മൌത്ത് റ്റു മൌത്ത് ഉമ്മ വക്കുന്നത് എന്നവൻ ഒരിക്കൽ എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു. എല്ലാം കുറച്ചു നിമിഷങ്ങൾ മാത്രം. മേഘങ്ങളുടെ മറവിൽ നിന്നു പുറത്തു വരുന്ന ചന്ദ്രിക പോലെ, പിന്നെ അവൻ പഴയ ശിഹാബ് ആയി, കൂടെ നടന്നു. മറ്റെന്തിനെയോ കുറിച്ചവൻ പറഞ്ഞു കാണണം. അവന്റെ കൈ എന്റെ ഇടത്തെ തോളിൽ അമർത്തിപ്പിടിച്ചിരുന്നു. എന്നാൽ ഭയമില്ലാതെ ഞാൻ നടന്നു. രണ്ടു ആളുകള്, തന്റെ ലോകത്തിൽ മറ്റേ ആൾ എന്ന് കരുതി രണ്ടാത്മാവുകൾ.
സ്റ്റഡി ലീവിന് പിരിയുന്നതുവരെ അവൻ വല്ലപ്പോഴും മാത്രം ക്ലാസ്സിൽ വന്നു. എന്നാൽ അവനെ പലരുടെകൂടെ ഞാൻ കണ്ടു, പല സ്ഥലത്ത് വച്ച്. ഒന്ന് രണ്ടു പ്രാവശ്യം അവനെ എന്നെ നോക്കുകയും കൈവീശി കാണിക്കുകയും വരെ ചെയ്തു. ഞാനും. ആ ആളുകളെ ഞാനറിയുമായിരുന്നു പ്രദീപേട്ടന്റെ കൂടെ എല്ലാം ഞാൻ കണ്ടിട്ടുള്ള ആളുകൾ, വിദ്യാർത്ഥി/യുവജന സംഘടനകളുടെ പ്രവർത്തന രീതികൾ, നിലപാടുകൾ, ഇനിഷ്യറ്റിവ്സ് തുടങ്ങിയവയെക്കുറിച്ച് ആയി അവന്റെ സംസാരം മുഴുവൻ. ചിലവ രഹസ്യം. ചിലവ ജസീം തുടങ്ങിയവരുടെ കൂടെ മാത്രം. അവൻ പോപ്പുലർ ആവാൻ തുടങ്ങി, പുറത്തും. ഒടുവിൽ ഒരു ദിവസം മുദ്രാവാക്യങ്ങൾ കൊണ്ടു അന്തരീക്ഷം നിറച്ചു ഒരു പ്രകടനം. മുന്നെത്തെക്കാൾ ശക്തമായി. അതിനു മുൻപേ തന്നെ സമവാക്യങ്ങൾ മാറി മറിഞ്ഞിരുന്നു. ആദ്യമായി വലതുപക്ഷ പാർടികളുടെ നില ഇളകി. ശിഹാബും ജസീമും ഉള്ള പാർടിയിലേക്ക് പലരും പോയി. ഒരു കാര്യമുണ്ടായിരുന്നത് അവർ കുറച്ചു പേര് ഒഴിച്ചാൽ പാര്ട്ടിയുടെ ആദ്യ കാല മെംബേർസ് എല്ലാവരും തന്നെ താണ ജാതിക്കാരായിരുന്നു എന്നതാണ്. അവരെ ആഡ്യഹിന്ദുക്കളും പണക്കാരായ മുസ്ലിങ്ങളും എത്ര പുച്ഛത്തോടെ ആണ് കണ്ടിരുന്നത്‌ എന്ന് അന്നെനിക്ക് അറിയാമായിരുന്നില്ല. ഇറ്റ്‌ വാസ് നോട് വിസിബിൾ. ഉള്ളറകൾ അറിയുന്നതിന് അന്ന് വഴികളുണ്ടായിരുന്നില്ല. ഒരു ദിവസം പ്രദീപെട്ടനോട് സംസാരിക്കുന്പോൾ ആദ്യമായി ഈ ടോപ്പിക്ക് വന്നു. അയാള് ഏതു ജാതിയിൽപ്പെട്ട ആളാണെന്ന് എനിക്കറിയുമായിരുന്നില്ല - അയാളുടെ തൊലിനിറം വച്ചുള്ള ഊഹമല്ലാതെ. അതെന്നെ ബാധിച്ചിരുന്നു എന്നല്ല, ഒരു പക്ഷെ അത് ഞാൻ ഗൌരവമായി എടുത്തിരുന്നില്ല . എന്നാൽ അന്നത്തെ എനിക്ക് കളിക്കളത്തിൽ പെർഫോം ചെയ്യാത്തവരെ ഒരു പ്രത്യേക ജാതിപ്പേര് ചേർത്ത് ചീത്ത വിളിക്കുന്ന ഒരു സ്വഭാവം ഉണ്ടായിരുന്നു. ഒരു പക്ഷെ ഞാൻ പോലും അറിയാതെ എന്നിലുണ്ടായിരുന്ന ഉന്നത മനസ്ഥിതിയായിരുന്നു അത്, മുതിർന്ന പലരിൽ നിന്നും പകർന്നു കിട്ടിയത് . ആ മനുഷ്യൻ, അന്ന് വലിയ മരം പോലെ, എന്റെ കണ്ണിൽ വിശാലരൂപിയായ മാറിയ അയാൾ, അതിനെ നിഷ്കരുണം തച്ചു തകർത്തു. ഒരു കഠിനപദം പോലും ഉപയോഗിക്കാതെ, ചുണ്ടിന്റെ കോണിലെ നനുത്ത ചിരി മായാതെ. എല്ലാം പുതു വെളിച്ചത്തിലെന്ന പോലെ കാണപ്പെടാൻ തുടങ്ങി. ജാതിയോടുള്ള വെറുപ്പ്‌ കൂടി മറ്റു പലതിനുമൊപ്പം പുതിയ പാർട്ടി നേടിയെടുത്തു. ഒരു കാര്യം കൂടി പറയണം. വലിയപറന്പ് എന്ന സ്ഥലത്ത് ഒരു ഹരിജൻ കോളനിയുണ്ടായിരുന്നു. കോളനിയെ പലരും വെസ്റ്റ് ഇൻഡീസ് എന്നാണ് വിളിച്ചിരുന്നത് . ചെറുപ്പത്തിൽ ഞാനും വിളിച്ചിട്ടുണ്ട്. ജാതി ശ്രേണിയിൽ അവരെക്കാളും രണ്ടോ മൂന്നോ അടി ഉയരത്തിൽ നിന്നവരും അവരെ അങ്ങനെ വിളിച്ചു. അവിടെ നിന്നു സ്കൂളിലൊക്കെ വന്നു കൊണ്ടിരുന്ന ഷാജി, സുബ്രമണ്യൻ തുടങ്ങിവരുടെ ദയനീയത (എന്നു ഇപ്പോൾ എനിക്ക് പറയാവുന്ന ആ ഭാവം) ഓർമ്മയിൽ വരുന്നു. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീമിനെത്തന്നെയും ഒരു ജാതിപ്പേര് ചേർത്താണ് വിളിച്ചിരുന്നത് അന്ന്. അത്രയും കാലം മെയിൻസ്ട്രീം മാത്രം കണ്ടു ശീലിച്ചവന് എന്നും അങ്ങനെ പുതിയ അറിവുകൾ, ബോധങ്ങൾ, ചെറിയ ചെറിയ ഷോക്ക് റ്റ്രീറ്റ്മെന്റ്സ്. ശിഹാബ് തന്നെ ചില പുസ്തകങ്ങൾ വായിക്കുവാൻ തന്നു. ബംഗാളി നോവലുകൾ ആയിരുന്നു അത് വരെ എന്റെ വലിയ പുസ്തകങ്ങൾ - ഇപ്പോൾ വായനയും മാറാൻ തുടങ്ങി.
സ്റ്റഡി ലീവ് തുടങ്ങിയപ്പോൾ ക്രികറ്റ് പിറകിലായി. കുറേക്കാലം ഉഴപ്പിയ കാരണം ഇത്തവണ സീരിയസ് ആയി ശ്രമിച്ചു കൊണ്ടിരുന്നു. ഒരു രാത്രി ഒരു കോൾ വന്നു. നടന്നു പുസ്തകം വായിക്കുക എന്നത് അന്ന് ശീലമായിരുന്നു. ഇരുന്നു വായിക്കുക എന്നത് അസാധ്യം. അങ്ങനെ നടന്നു കൊണ്ടിരിക്കുന്പോൾ ആരോ വിളിച്ചു. മറുതലക്കൽ ശബ്ദമില്ല. എന്നാൽ ആ നിശ്വാസം - ഞാൻ ശിഹാബ് എന്ന് വിളിച്ചു. രണ്ടു തവണ. എന്നാൽ മറുപടിയുണ്ടായില്ല. അൽപനേരം നിന്ന് കോൾ കട്ടായി. എന്നെനിക്കു ഉറങ്ങാൻ കഴിഞ്ഞില്ല. കുറെ ദിവസമായി, ശരിക്ക് പറഞ്ഞാൽ ഞാൻ അവനെ വേണ്ടത്ര ഓർക്കുന്നുപോലുമുണ്ടായിരുന്നില്ല. അന്ന് രാത്രി ഞാൻ ഒരു സ്വപ്നം കണ്ടു. ഞാനും ശിഹാബും. ഏതോ പുഴക്കരയിൽ. പച്ച തല തല്ലുന്ന ഒരിടത്ത്. കുറച്ചു കഴിയുമ്പോൾ, രണ്ടു പേരും നഗ്നർ. പിന്നെ നോക്കുന്പോൾ, സുരഭിയുണ്ട്, സുനീഷുണ്ട്, മോയ്ദീനുണ്ട്. ഞങ്ങൾ എന്താണ് സംസാരിച്ചത് എന്നെനിക്കു ഓര്മ്മയില്ല. എന്നാൽ നഗ്നശരീരങ്ങൾക്ക് ചൂടുണ്ട് എന്നെനിക്കു അന്ന് മനസ്സിലായി. ഞങ്ങൾ വിയർത്തൊഴുകിക്കൊണ്ടിരുന്നു. എനിക്ക് സന്തോഷം വളരെയുണ്ട്. എന്നാൽ മിണ്ടാനാവുന്നില്ല. നിശബ്ദതക്കു ശേഷം അവൻ അപ്പോൾ എണീറ്റ്‌ നടപ്പ് തുടങ്ങി, വെയിലിൽ തിളങ്ങുന്ന ശരീരത്തോടെ, മൈതാനത്തിനും തോട്ടങ്ങൾക്കും കുറുകെ. ഒരേ ഒരു വട്ടം മാത്രം അവൻ തിരിഞ്ഞുനോക്കി. നോട്ടം എന്റെ നേര്ക്കായിരുന്നു. എന്നത്തേയും പോലെ എനിക്കവന്റെ ഭാവം മനസ്സിലായില്ല 
അവൻ പെങ്ങളുടെ വീട്ടിലേക്കു കയറിപ്പോയി. അര മണിക്കൂർ കഴിഞ്ഞപ്പോൾ ഇറങ്ങി വന്നു. ചുവന്ന കള്ളി ഷെർട്ടും നീല ജീന്സും ഇട്ടിട്ടുണ്ടായിരുന്നു. വഴിയിൽ പാന്പുണ്ടാവും എന്നവൾ പറഞ്ഞു, അവൻ പതിവ് പോലെ ചിരിച്ചു നടപ്പ് തുടങ്ങി. ആരോ ഓടി വരുന്ന ശബ്ദം അപ്പോൾ കേട്ടു. മങ്ങിയ വെളിച്ചത്തിൽ ഇരുന്പിന്റെ തിളക്കം അവൻ കണ്ടു കാണണം. ശിഹാബ് ഓടി. ഒപ്പം ഓടിയെത്തിയ മെലിഞ്ഞു നീണ്ട ഒരാള് അവനെ വെട്ടി, രണ്ടു നിമിഷം കഴിഞ്ഞാണ് അവൻ അതറിഞ്ഞത്. ഒരു ചെറിയ നിലവിളി അവനറിയാതെ പുറത്തു വന്നു. പണ്ട് മാങ്ങ മുറിക്കുന്പോൾ തള്ള വിരലിന്റെ അറ്റം ഒരു കഷണം മുഴുവനായി മുറിഞ്ഞതാണ് മുന്നേയുള്ള അനുഭവം. അവന്റെ ചെരിപ്പിന്റെ ശബ്ദം മാത്രം വഴിയിൽ ചെറുതായി മുഴങ്ങി. പിന്നാലെ വന്നവർ ഒരൊച്ച പോലും ഉണ്ടാക്കിയില്ല. അവർ ചെരുപ്പ് പോലും ഇട്ടിട്ടില്ലായിരുന്നു. വേദന സഹിക്കാൻ കഴിയാതെ അവനോടി. രണ്ടു വെട്ടുകൾ അവനു കൊള്ളാതെ പോയി. ഓട്ടത്തിന് ഇപ്പോൾ കാറ്റിന്റെ വേഗത. പച്ച പുൽമൈതാനത്ത് മറു വിക്കറ്റ് തേടിയുള്ള ഓട്ടം. മുഖത്തുരസ്സുന്ന അതെ കാറ്റ് - ഇപ്പോൾ ഏതൊക്കെയോ മണങ്ങൾ, വീടുകളിൽ അത്താഴമൊരുങ്ങുന്നതിന്റെയും, കലുങ്കിനടിയിലെ ചവറിന്റെയും എല്ലാം കലർന്ന മണം. എന്നെയും ഓർത്തിരിക്കണം അവൻ. അപ്പോൾ പിച്ചിന്റെ മറ്റേ അറ്റത്ത്‌ എത്തിയ പോലെ അവനൊന്നു നിന്നു. എന്നിട്ട് തിരിയെ ഓടി. അസാധാരണം ആയേ തോന്നുകയുള്ളായിരുന്നു അപ്പോൾ അതാരെങ്കിലും കണ്ടിരുന്നെങ്കിൽ. ചിലപ്പോൾ മറ്റേ അറ്റത്ത്‌ എത്തുന്പോൾ നോണ്‍- സ്റ്റ്രൈകർ ഓടിത്തുടങ്ങിയില്ല എന്ന മട്ടിൽ. ശിഹാബിന് മൂന്നു വെട്ടു കൂടി കിട്ടി. വയറ്റിലെ വെട്ടിൽ കൈ വച്ചപ്പോൾ അവന്റെ കയ്യിൽ ചോരയല്ല, ഒരു വെളുത്ത നിറം , അൽപ്പം കുഴഞ്ഞു കട്ടിയായി, പെങ്ങൾ നിർബന്ധിച്ചു കുടിപ്പിച്ച മിൽക്ക് ഷേക്ക്‌ ആണെന്ന് അവൻ തോന്നി. ആ ചിന്ത വന്ന ഉടനെ അവൻ മുന്നോട്ടു വീണു. ഒന്ന് പുറത്തു പോവാതിരിക്കാനായിരിക്കും അവൻ വയറു പൊത്തിപ്പിടിച്ചിട്ടുണ്ടായിരുന്നു. അവൻ റണ്‍ മുഴുവനാക്കിയിരുന്നില്ല. എന്നാൽ ആരും അപ്പീൽ ചെയ്തില്ല, ഒരന്പയറും വിരൽ പൊക്കിയില്ല. ഒരാരവവും ഉയർന്നില്ല. അവൻ വീണു കിടന്നതിന്റെ മുകളിൽ ഒരു സ്ട്രീറ്റ് ലൈറ്റ് ഉണ്ടായിരുന്നതിൽ ഒരു കല്ല്‌ വന്നു കൊണ്ടു. അങ്ങനെ ഒരിറ്റു വെട്ടം കാണാതെ, ദിക്കറിയാതെ, ഒരൊച്ചയില്ലാതെ - കാരണം പോലുമറിയാതെ അവൻ മരിച്ചു പോയി. ഞാൻ കേട്ട ഒരു വലിയ ഹൃദയത്തിന്റെ മിടിപ്പ്, സ്നേഹത്തിന്റെ ഒരു വിങ്ങൽ അങ്ങനെ നിന്നു പോയി.
പിറ്റേ ദിവസം രാവിലെ ഞാൻ അതറിഞ്ഞു. മൻസൂർ, കളിക്കളത്തിലെ നിത്യ ശത്രു വാർത്ത പറയുന്നതിനിടയിൽ ഗേറ്റിൽ പിടിച്ചു , ഞാൻ അവനെ തൊടുമോ , കെട്ടിപ്പിടിക്കുമോ എന്നൊക്കെ അവനു സംശയമുണ്ടായിരുന്നു. എനിക്കാണെങ്കിൽ ഹൃദയം ചങ്കു തകർന്നു വെളിയിൽ ചാടുമോ എന്ന ഭയമായിരുന്നു . ആ ചിന്തയിൽ ഞാൻ അവനെ അടക്കം പിടിച്ചു, ഉറക്കെ കരഞ്ഞു. എന്തിന് അവന്റെ ബൈക്കിനു പിറകിൽ ഇരുന്നു ശിഹാബിന്റെ വീട് എത്തുന്ന വരെ ഞാൻ കരഞ്ഞുകൊണ്ടിരുന്നു. അവൻ മൂക്ക് ചീറ്റുന്നുണ്ടായിരുന്നു.
എന്നാൽ അവന്റെ വീട്ടിലെ നിശബ്ദത അസഹനീയമായിരുന്നു. ഒറ്റപ്പെട്ട തേങ്ങൽ അല്ലാതെ ഒന്നുമില്ലാതെ ഒരു വീട്. ഞാൻ ജസീമിന്റെ ഒപ്പം അവന്റെ മുറിയിൽ കയറിയിരുന്നു. ചുവരിൽ അവൻ വരച്ച ഒരു ചിത്രമുണ്ടായിരുന്നു. ഒരു തോണി കടലിലേക്ക്‌ തള്ളിയിറക്കുന്ന ഒരാൾ - അന്നത്തെ പ്രശസ്ത ചലച്ചിത്രത്തിന്റെ പോസ്റർ നോക്കി അവൻ വരച്ചത്. “നിൻ മനമറിയുന്നവനെന്തു പെരുംകടൽ?” എന്നതിന്റെ അടിയിൽ എഴുതിയിരുന്നു. “പെണ്‍മനമറിയുന്നവനെന്തു പെരുംകടൽ?” എന്ന എന്റെ തന്നെ വരികൾ - ഏതോ നൊറ്റ്ബൂകിൽ ഞാൻ എഴുതിയിട്ടതു - അവൻ മാറ്റി എഴുതിയതായിരുന്നു അത്. ഞാൻ കരഞ്ഞു. ജസീം കൂടെക്കരഞ്ഞു. എന്നാൽ എന്റെ കരച്ചിൽ ഒരാഴ്ച നീണ്ടു. അമ്മയും അച്ഛനും വരെ വിഷമിക്കാൻ തുടങ്ങി.
ഒരു ദിവസം കോളേജിനു മുന്നിലൂടെ പോകേണ്ടി വന്നു, അച്ഛന്റെ ബൈക്കിന്റെ പിറകിലിരുന്ന്. അങ്ങോട്ട്‌ നോക്കാതിരിക്കാൻ ഞാൻ ആവതു ശ്രമിച്ചു. അപ്പോൾ പോസ്ടരുകൾ. അവന്റെ നനുത്ത പുഞ്ചിരി നോക്കുന്നിടത്തെല്ലാം. ലോകത്തെ നോക്കി അവൻ ചിരിക്കുന്നു. അവൻ രക്തസാക്ഷിയായിക്കഴിഞ്ഞു. ഇനി വരും, ശിഹാബ് രക്തസാക്ഷിദിനം. വർഷം തോറും. അവനെ ഓർക്കാൻ ഒരേ ഒരു കാരണം, ഇനി പലർക്കും. വണ്ടിക്കു അപ്പോൾ വേഗം കൂടി, അച്ഛന് എന്റെ മനസ്സ് വായിക്കാനായി.ഞാൻ നിസംഗനായി ഇരുന്നു. 
ദിവസങ്ങൾക്കു ശേഷം ഒരു രാത്രി ഞാൻ ആ സ്വപ്നം വീണ്ടും കണ്ടു. പൊറ്റാളിലെ അതേ പാടം. അതേ വൈകുന്നേരം. അതേ പശ്ചാത്തലം. ആദ്യ പന്ത് ഞാൻ ഡിഫന്റ് ചെയ്യുന്നു. രണ്ടാമത്തെ പന്തും ആ ഷോട്ടും എനിക്കറിയാം. ഞാൻ പൊസിഷനിൽ വരുന്നു, ഡ്രൈവ് ചെയ്യനൊരുങ്ങുന്നു. പന്തു പോയിന്റ്‌ കടക്കുമോ എന്നെനിക്കു ആകാംക്ഷ ഉണ്ടാകുന്നു. എന്നാലും ഞാനോടുന്നു. മറ്റേ അറ്റത്തു കോയ അല്ല, കരീം അല്ല, ഷിബു എന്ന് ഞാൻ വിളിക്കുന്ന ശിഹാബ്. ഞാൻ ഓട്ടം നിറുത്തുന്നു. ഇളം മഞ്ഞ ചിരിയുമായി, അതേ കുസൃതിയുമായി. ശിഹാബ്. അവൻ ഓടുന്നില്ല. പണ്ടൊക്കെ ലാസ്റ്റ് ബാളിൽ സിംഗിൾ ഓടിയാൽ അവൻ ഓടില്ലായിരുന്നല്ലോ. എത്ര ഞാൻ തിരിഞ്ഞോടിയിരിക്കുന്നു. വെയിലിന്റെ പൊന്നിൽ ചെറുതായി ഇളകുന്ന, പിടക്കുന്ന മുടിയിഴകൾ, ഭൂമിയെ മുഴുവൻ തിളക്കാൻ പോന്ന വെളിച്ചം കണ്ണുകളിൽ. ഇല്ല. സഹിക്കാൻ കഴിയുന്നില്ല. ഞാൻ മുന്നോട്ടു ചെന്നവന്റെ കൈ പിടിക്കുന്നു, എന്നിട്ടവനെ വലിച്ചു കൊണ്ടോടുന്നു. പിറകിൽ ആരവങ്ങളുണ്ട്. വൈകുന്നേരമൊക്കെ അങ്ങനെ അവസാനിക്കുകയാണ്. ദൂരെ ഇടവഴികൾ. അവക്ക് നേരെ അവനെയും കൊണ്ട് ഞാൻ കുതിക്കുന്നു. എന്നാൽ ഞാൻ കരയുന്നത് ഞാൻ തന്നെ അറിയുന്നില്ല. എന്റെ കയിൽ അവന്റെ കയ്യിന്റെ ഇളം ചൂടുണ്ട്, വിയർപ്പിന്റെ ആയിരിക്കണം, നനവുണ്ട്. ഞാൻ ഓടിക്കൊണ്ടിരുന്നു.
പിൽക്കാലത്ത്‌ സ്വയം പറിച്ചെടുത്ത് ചോര പൊടിയുന്ന വേരുകളുമായി ഒരു യാത്ര പോകുന്പോൾ കൂടെ എടുത്ത നോട്ബുക്കുകളിലൊന്നിൽ ഞാനാ കാലത്തെഴുതിയ രണ്ടു വരികളുണ്ടായിരുന്നു.
"മാർച്ചിലെ വെയിലിൽ നമ്മുടെ നിഴലുകളിപ്പോഴും
ഏതോ മൈതാനത്തിനു കുറുകെയോടുന്നു"