കദിയാ
എന്റെ പാപക്കണ്ണുകൾ നിന്നെത്തലോടി
നിശബ്ദരായി, നിരാശരായി
തിരികെ വരുന്നു
അല്ലെങ്കിലും
എല്ലുന്തിയ മാറിലെ ശുഷ്കിച്ച
മാംസക്കഷ്ണങ്ങൾക്ക്
എന്തുണ്ട് , എനിക്കു തരുവാനായി?
പൂച്ചക്കണ്ണുകളുയർത്തിയുള്ള നോട്ടത്തിനു
കൊയ്തു കഴിഞ്ഞ പൊറ്റാൾ പാടങ്ങളുടെ
വിളർച്ചയാണുള്ളത്
കാറ്റിൽപ്പറക്കുന്ന തട്ടത്തിനുപോലും
ഉണങ്ങി നിൽക്കുന്ന നെൽച്ചെടികളുടെ മങ്ങിയ നിറം.
കദിയാ
പൊറ്റാളിലെ ഇടവഴികളിൽവച്ചു
നിന്നെക്കാണുമ്പൊൾ, നീ
എന്നെക്കടന്നു പോകുമ്പോൾ
നിന്റെ മുഖത്തേക്കു ഞാൻ ഒളിഞ്ഞു നോക്കാറുണ്ട്
വെയിലിന്റെ കരി വീണ മുഖം
പൂച്ചക്കണ്ണുകൾ
ചെമ്പിച്ച മുടിയിഴകൾ
നരച്ച പാവാട
പാദസരമില്ലാത്ത കാലുകൾ
പെണ്ണെ , നിനക്കുമുണ്ടോ ഒരു ഹൃദയം?
സുവര്ണ്ണ നിറമുള്ള പാടങ്ങൾക്കു മേലെ
കൊറ്റികൾ പാറൂമ്പോള്
അറിയാതെ തുടിക്കുന്ന ഒന്ന്?
പൊറ്റാൾ പാടത്ത് ആടുകൾക്കു
പിന്നാലെ നടക്കുമ്പോള്
നരച്ച മാനം നോക്കി
നെടുവീര്പ്പിടുന്ന ഒന്ന് ?
പകരം,
ചോര പൊടിയും വരെ
ശോഷിച്ച കാല് കൊണ്ടു മെതിക്കുകയും,
കൈ കഴയ്ക്കുന്ന വരെ
കന്നിനെ തല്ലുകയും..
സ്വപ്നം കാണാത്ത പെണ്ണ്.
പനംപുഴയിലെ വെയില്ത്തിളക്കം ,
പൊറ്റാളിന്റെ പച്ചപ്പ്,
മലന്ചെരിവിലെ കൊന്നകള്...
ഒന്നും കാണാത്ത കണ്ണ്.
നിശബ്ദമായി കത്തുന്ന ഒരു തീക്കൊള്ളി
കദിയ,
കല്ല് കൊണ്ടൊരു പെണ്ണ്
1960കൾക്ക് ശേഷമുള്ള നീതീകരിക്കൽ പ്രതിസന്ധികൾ
1 week ago