Tuesday, March 24, 2009

ഗൃഹാതുരത / പ്രവാസം

ജനിച്ചത്‌ പൂനെയിലെന്ന്.
ഗലികളില്‍ എടുത്തുനടക്കുമായിരുന്നെത്രേ
വെള്ളത്താടിയുള്ള സിക്കുകാരന്‍
കണ്ണില്‍ എണ്ണയിറ്റിച്ച് കുളിപ്പിയ്ക്കുമായിരുന്നു
തമിഴത്തി ആയ

പിന്നെ അമ്മൂമ്മയുടെ കിഴക്കെവീട്ടില്‍
ആ നോട്ടത്തിന്റെ വേനല്‍ച്ചൂടില്‍

അവിടന്നു പൊറ്റാളിലെ
പാടവക്കില്‍
ചോരുന്ന ഓലവീട്ടില്‍

നാലാം മണ്ണില്‍
പരിചയമില്ലാത്ത ഊടുവഴികളില്‍
നഷ്ടപ്പെട്ട്
അങ്ങനെ ..

എന്താണ് ഗൃഹാതുരത?
എന്താണ് പ്രവാസം?

നിന്റെ വേരെവിടെയെന്നു
ഒരു ദിവസം
പൊറ്റാളിലെ
ഒരിടവഴിയില്‍വച്ച്
പിരാന്തനാലി ചോദിച്ചിരുന്നു

ഞാന്‍ കാലുയര്‍ത്തി നോക്കി
വേരൊന്നും കണ്ടില്ല

അത് കൊണ്ടായിരിക്കണം
വെള്ളിയാഴ്ചകളില്‍ വീട്ടില്‍ പോകാന്‍
എല്ലാരും തിടുക്കപ്പെടുമ്പോള്‍
ഞാന്‍ അവസാന ബസ്സില്‍
അവസാന സീറ്റില്‍ത്തന്നെയിരുന്നു
പോകുന്നത്
ബന്ദിപ്പൂരില്‍
ദേശാടനക്കിളികള്‍ വന്നെന്നു
പറഞ്ഞപ്പോള്‍ ഉത്സാഹിയ്ക്കാഞ്ഞത്

Wednesday, March 18, 2009

എളാപ്പ

എളാപ്പ മരിച്ചയന്ന്
തിളയ്ക്കുന്ന വെയിലുള്ള ദിവസമായിരുന്നു
അസ്ഥികള്‍ കത്തുന്ന പോലെ
ചൂടില്‍ ഓടുകള്‍ പൊട്ടുന്ന
ശബ്ദങ്ങള്‍ കേട്ടു കൊണ്ടിരുന്നു

പാതിപൂരിപ്പിച്ച പദപ്രശ്നം പോലെ
ഒരു മനുഷ്യന്‍
അമ്മായി ഏറെ ശ്രമിച്ചുകാണണം
എഴുതിയും,മായ്ച്ചും
എന്നിട്ടും കറുപ്പിലും വെളുപ്പിലും
എളാപ്പ നിറഞ്ഞുനിന്നു

കോളറില്‍ വെള്ളത്തൂവാല തിരുകി
തലെക്കെട്ടുമായി കൈവീശിവീശി
എളാപ്പ നടന്നു
ആറരയടിയുടെ ഉയരം കൊണ്ട്
പൊറ്റാളിനെ അളന്നു
രാവും,പകലും

എന്തും പറഞ്ഞുവന്നു പാതിയില്‍നിറുത്തും
പെട്ടെന്നെന്തോ ഓര്‍ത്തപോലെ നില്‍ക്കും
എളാപ്പയുടെ മനസ്സിലും
പദപ്രശ്നങ്ങളെന്നോര്‍ക്കും ഞങ്ങള്‍ കുട്ടികള്‍
എന്നാലും മിഠായിമധുരം
കുട്ട്യോളില്ലാത്ത എളാപ്പ

എളാപ്പ ഉറക്കത്തില്‍ചിലപ്പോ കരയുംപോല്‍

കുന്നിന്‍ ചെരിവുകളിലെ കുറുക്കന്മാരും
ഇടവഴികളില്‍ മറഞ്ഞിരുന്ന ഒടിയന്മാരുമെല്ലാം
മന്ത്രമറിയണ എളാപ്പയെ മാറിനടക്കും
എന്ന എളാപ്പ കരയുംപോലും
അമ്മായി എത്രചോദിച്ചാലും മിണ്ടില്ലപോലും

മൂന്നാല് ദിവസം പുറത്തുപോയില്ലായിരുന്നു
ഈ വെയിലിനിത്ര ചൂടെന്ന്‍ അറിഞ്ഞില്ലാന്ന്‍

"അന്നോട്‌ ഇന്ക്ക്യ് ഒര് കാര്യം പറയാണ്ട്"
നാലാംദിവസം ജുമുഅ
കഴിഞ്ഞുവന്നയുടനെ
കണ്ണ് കലങ്ങി
അമ്മായിയോട് പറഞ്ഞു എളാപ്പ
"വെള്ളം കൊണ്ടാ"
അമ്മായി വന്നപ്പഴെയ്ക്കും ആ പദപ്രശ്നവും
ബാക്കിവെച്ച് എളാപ്പ പോയിരുന്നു

വെയിലില്‍ പഴുത്ത മുറ്റത്തുനിന്നു
ദീര്‍ഘനിശ്വാസങ്ങള്‍ ഉയര്‍ന്നു

ആളൊഴിഞ്ഞു തുടങ്ങണ നേരത്ത്
കണ്‍കോണിലൂടെ അമ്മായി കണ്ടു
മുറ്റത്ത്,ഒരറ്റത്ത് ഒരുപെണ്ണ്
വെയിലിലങ്ങനെ തിളങ്ങിനിക്ക്ണ് ഓള്
മുട്ടുവരെ മുടി,ചുവന്നപട്ട്
ചൂണ്ടുവിരലില്‍ പിടിച്ചൊരു നക്ഷത്രക്കുഞ്ഞ്

Monday, March 16, 2009

ശഹീദ്

യ്ക്ക് ശഹീദാകണമുമ്മാ
കദിയുമ്മ മജീദിനെ നോക്കി
ചെക്കന്‍ കത്തുന്ന വെറക് കൊള്ളിയുമായി
മുറ്റത്തിയ്ക്ക് ചാടി

യ്ക്ക് പോണമുമ്മാ

മജീദ്‌ കാത്തുനിന്നു, ആശീര്‍വാദത്തിന്
കദിയുമ്മ മിണ്ടിയില്ല

മുലപ്പാലു തിങ്ങി നെഞ്ചുനനഞ്ഞു ഉമ്മയ്ക്ക്

ബാങ്കുവിളി ചെരിപ്പടിമലയിലെ
കാറ്റുപോലെ പൊറ്റാളിനെപ്പൊതിഞ്ഞു

ചെക്കന്‍ പോയി

കാഞ്ഞിരങ്ങളില്‍ ഉപ്പാപ്പമാരുടെ
ആത്മാവുകള്‍ ഞരങ്ങുന്നത്
കദിയുമ്മ കേട്ടു

ഓനെ കാക്കണേ റബ്ബേന്ന്‍ കദിയുമ്മ കരഞ്ഞില്ല

മറ്റാര്‍ക്കും കാണാനാവാത്ത ഒരു
പൊക്കിള്‍ക്കൊടി ഉണ്ടായിരുന്നു കദിയുമ്മയ്ക്ക്
എല്ലാ ഉമ്മമാര്‍ക്കുമുള്ളപോലെ

അതറുത്ത് കദിയുമ്മ പനമ്പുഴയിലേയ്ക്കെറിഞ്ഞു

സ്നേഹത്തിന്‍റെ ചോരവാര്‍ന്ന്‍, മുലപ്പാലു വാര്‍ന്ന്‍
കദിയുമ്മയും ശഹീദായി

പടച്ചവന്‍ കരഞ്ഞിട്ടാവണം പൊറ്റാളില്‍ മഴപെയ്തു
പനമ്പുഴയില്‍ തണുപ്പില്‍
പൊക്കിള്‍ക്കൊടികള്‍ ചൂടുതേടിയലഞ്ഞു

Thursday, March 12, 2009

ചുംബനങ്ങളുടെ മണം

ചായക്കോപ്പമേല്‍ ഒരു ചുണ്ടിന്റെ മണം
ചുണ്ടുചുംബിച്ച,ചുണ്ടിനെ ചുംബിച്ച
ചുണ്ടുകളുടെ മണം

നിശബ്ദമായി വാക്കുകളുടെ
ഒരു നദിയാകാം,ചുണ്ടുകളില്‍നിന്ന്
ചുണ്ടുകളിലേയ്ക്ക്
അറിയാത്ത മൊഴികളില്‍
പല വെയില്‍കൊണ്ട്,മഴകൊണ്ട്

ചുണ്ടുകള്‍ മാത്രമറിയുന്ന
ഒരു വിനിമയമാകാം
ഉടലുകളറിയാതെ
സ്വന്തം ഉടലുകളെയറിയാത്തവര്‍ക്കായി

ഒരുവേള പുഴയില്‍
മുങ്ങിനിവരുമ്പോളുള്ള
ഉടലുകളുടെ മണംപോലെയാകാം
പുഴപുല്‍കിയ,പുഴയെപ്പുല്‍കിയ
ഉടലുകളുടെ മണം

കരകളില്‍നിന്ന്,അറിയാത്ത
മറുകരകളിലെയ്ക്ക് പാറുന്ന മണങ്ങള്‍

പാടുകളേയില്ലാത്ത ചുംബനങ്ങള്‍
ഓര്‍മ്മകളേയില്ലാത്ത മണങ്ങള്‍

ഉച്ചയുറക്കത്തിലെ സ്വപ്നത്തില്‍പോലും
നാമൊരിക്കലും സ്വയം
ചുംബിക്കാത്തതുകൊണ്ട്
നാമറിയാതെപോകുന്ന
അദൃശ്യചുംബനങ്ങള്‍

നിമിഷമൊന്നില്‍ ചേര്‍ന്നിരിക്കയും
മറുനിമിഷമകലുകയും ചെയ്യുന്ന മണങ്ങള്‍

Friday, March 6, 2009

ജസീര്‍

പൊറ്റാളിലെ
പുകമഞ്ഞു മൂടിനിന്ന
വയല്‍വരമ്പിലൂടെ
രണ്ടു കുട്ടികള്‍,മദ്രസ്സയിലേയ്ക്ക്

ജസീര്‍,ഞാന്‍

വലത്തോട്ടു നോക്കുമ്പോള്‍
ഇടത്തോട്ടോടുന്ന
മാന്ത്രികലിപികളില്‍
എഴാമാകാശത്തിലെ
വയസ്സനുസ്താദിന്റെ
ജാലവിദ്യകള്‍ തെളിയുമ്പോള്‍
ഞാന്‍ മിഴിച്ചിരുന്നു

അവനാകട്ടെ
ഞങ്ങള്‍ പേരിട്ടു വിളിച്ചിരുന്ന
ദൂരനക്ഷത്രങ്ങളിലേയ്ക്ക്
കടലാസ് വിമാനങ്ങള്‍
പറത്തിക്കൊണ്ടിരുന്നു

പനമ്പുഴയുടെയടിത്തട്ടില്‍
സ്വര്‍ണ മത്സ്യങ്ങളും
പവിഴപ്പുറ്റുകളും ഉണ്ടെന്നാണയിട്ടു
ആറുംനാലും പെരുക്കാനറിയാത്തോന്‍
വിശ്വസിച്ചു,പുഴയ്ക്കക്കരെയിക്കരെ
നീന്തുമെന്നു പറഞ്ഞപ്പോള്‍
കണ്ണിമയ്ക്കാതെ നോക്കി

അന്നത്തെ വെള്ളിയാഴ്ച്ച
അവന്‍ പുഴയ്ക്കടിയിലേയ്ക്ക്
നീന്തിനീന്തി പോയി

മുല്ലത്തങ്ങള്‍ക്ക്
ബാങ്കുവിളി നേരംതെറ്റി
ബാബൂക്കാ നെറ്റിമുട്ടിച്ചപ്പോള്‍
തറ നനഞ്ഞു
ഖദീജാത്ത നിസ്കാരം കഴിഞ്ഞിട്ടും
പായമടക്കാതെ ഇരുന്നു

അവന്‍ വെറുതെ മുങ്ങാംകുഴിയിടാന്‍
പോയതാണെന്ന് പറഞ്ഞപ്പോ
നിങ്ങള് കരഞ്ഞതെന്തിന്?

അവന്റെയൊപ്പം നീന്താന്‍
സ്വര്‍ണ്ണമീനുകളുണ്ടായിരുന്നെന്ന്
പറഞ്ഞപ്പോള്‍ ദേഷ്യപ്പെട്ടില്ലേ?

അവന്‍ താണുതാണു പോകുമ്പോള്‍
കാറ്റിലുയരുന്ന കടലാസ്സുവിമാനം
ഞാന്‍ കണ്ടിരുന്നു

അതിനു നേരെ ചൂണ്ടി
അവനെന്തോ
ഒച്ചയില്ലാതെ പറഞ്ഞുകൊണ്ടിരുന്നു

പായലുള്ള പാറകളില്‍
തട്ടാതെ,ശ്രദ്ധിച്ച്,അവന്‍
തെന്നിത്തെന്നിപ്പോയി
ആഴത്തിലേയ്ക്ക്

തെങ്ങിന്‍ തലപ്പുകളില്‍
ഒരു നക്ഷത്രം
അന്നേരം തങ്ങിനില്‍പ്പായിരുന്നു

അതിന്റെമേലെ മാന്ത്രികലിപിയില്‍
ആരോ അവന്റെ പെരെഴുതുന്നത്
അന്നുരാത്രി ഞാന്‍ കിനാക്കണ്ടു

ഖദീജാത്തയുടെ കൂടെപ്പോയി
മാനത്ത് ഒന്ന് തെരയണമെന്നു
ഞാന്‍ വിചാരിയ്ക്കുന്നുണ്ട്

Wednesday, March 4, 2009

മുഖാമുഖം

ശബ്ദമുണ്ടാക്കാതെ
ഞാന്‍ വാതില്‍ക്കല്‍
തന്നെ നില്‍പ്പാണ്

ഉറക്കമാണോ എന്നൊരു
സംശയം
കണ്ണു‍തുറന്നു നോക്കിയോ
എന്നൊരു തോന്നല്‍

മുറിയിലെന്തൊരു ചൂടെന്ന്‍
ആത്മഗതം

ഉള്ളു വേവുന്നോ
എന്നു ചോദിച്ചിട്ടില്ല ഇതുവരെ

സമയമിഴയുന്നപോലെ

എങ്ങനെ സമയംകൊല്ലുന്നെന്ന്‍
ചോദിച്ചില്ല ഇതുവരെ

മൂലയില്‍ ഹാങ്ങറില്‍
പണ്ടത്തെ വെയിലുണക്കിയ
നനുത്തചൂടുള്ള
കുപ്പായങ്ങളുണ്ട്,ഇപ്പോഴും

അവയ്ക്ക്,
പേരു കേള്‍ക്കുമ്പോള്‍
ആദ്യമോര്‍മ്മവരുന്ന
ആ മണവും

കാഴ്ചകള്‍ ഉരുകിയൊലിച്ചു
കറുകറുത്ത കണ്ണട
ഇരുവശവും കണക്കെഴുതി
നിറഞ്ഞ കലണ്ടര്‍
സമയമേ മറന്നുപോയ ക്ലോക്ക്

പാതിചാരിയ
ജനാലയ്ക്കിടയിലൂടെ
മരിച്ചുമറഞ്ഞ പകലുകള്‍
അരിച്ചിറങ്ങുന്നുണ്ട്

പറയേണ്ട വാക്കുകള്‍
ഉരുവിട്ട് പഠിച്ചത്,
മറന്നു പോകുന്നല്ലോ!

അന്നേരം

നിന്നെ ഞാനെത്ര വായിച്ചെന്നൊരു
ചിരി കത്തുന്നാ മുഖത്ത്,
ഉറക്കത്തിലും

ആദ്യ ശമ്പളത്തിനും
ആദ്യ പ്രേമത്തിനും
ചിരിച്ച അതേ ചിരി

ഒരുപ്രാവശ്യം കൂടി ഞാന്‍
വാതില്‍ചാരി തിരിഞ്ഞുനടക്കുന്നു