Wednesday, September 23, 2009

മഴയിലെ കിളിയൊച്ചകള്‍

....ല്‍ വച്ച് ഷൌക്കത്തിനെ കണ്ടപ്പോഴാണ് സരിത മരിച്ചതായയറിഞ്ഞത്.

ഞാനൊന്നുലഞ്ഞു.റാഫിയെക്കുറിച്ചോര്‍ത്തു.മറ്റു പലതുമോര്‍ത്തു.അതെനിയ്ക്കു വെറുമൊരു വാര്‍ത്തയായിരുന്നില്ല.മുഖം മാറുന്നത് ഷൌക്കത്ത് കാണാതിരിയ്ക്കാന്‍ ശ്രമിച്ചു,തിരക്കെന്ന് പറഞ്ഞു അവന്‍ വേഗം നടന്നു പോയി.ഞാന്‍ അവിടെത്തന്നെ നിന്നു.ആരുമൊരു വിവരവും തന്നില്ലല്ലോ എന്നാലോചിച്ചു. അമ്മയോടുള്ള ദീര്‍ഘ കാലത്തെ സമരം കാരണം വീട്ടിലേയ്ക്കുള്ള വിളികള്‍ വളരെ അപൂര്‍വമായിരുന്നു.പിന്നെ അമ്മയ്ക്കും തോന്നിക്കാണണം,കൂട്ടുകാര്‍ ആരെങ്കിലും അറിയിച്ചുകാണുമെന്ന്.

പാര്‍ക്കിലെ മരങ്ങളുടെ നിഴലില്‍ ഒരു കുട്ടി കളിച്ചുകൊണ്ടിരുന്നു.ഒറ്റയ്ക്കു്.അത് നോക്കി നിന്നു.

വൈകുന്നേരം തന്നെ നാട്ടിലേയ്ക്ക് തിരിച്ചു.യാത്രയിലുടനീളം പല ചിത്രങ്ങള്‍ തെളിഞ്ഞു വന്നു കൊണ്ടിരുന്നു,മനസ്സില്‍,തെല്ലുനേരം കണ്ണടച്ചപ്പോഴും.ഒരു സൈക്കിളിന്റെ ബെല്‍ കേള്‍ക്കാം‍,ഇടവഴികള്‍,മലര്‍ന്നു കിടന്നു നോക്കുമ്പോള്‍ കുട പോലെ തുറന്നു നിവരുന്ന നീലാകാശം,സ്വപ്നങ്ങള്‍ മുറിഞ്ഞു മുറിഞ്ഞു കണ്ടു.വല്ലാത്ത ഒരു അസ്വസ്ഥത.വണ്ടിയ്ക്ക് വേഗം പോരെന്ന തോന്നല്‍.സരിത, അവളുടെ നിര്‍ത്താതെയുള്ള ചിരി.അവള്‍ നിന്ന നില്‍പ്പില്‍ എന്നപോലെ പെട്ടെന്ന് മാഞ്ഞുപോയെന്നത് വിശ്വസിയ്ക്കാന്‍ കഴിയുന്നില്ല.

വീടെത്തിയപ്പോള്‍ മഴ കനത്തു നില്ക്കുന്നു.കുറെ ദിവസമായി മഴതന്നെയാണ്,വഴിയില്‍ അങ്ങിങ്ങു ചെറിയ കുഴികളില്‍ വെള്ളം കെട്ടിനില്ക്കുന്നു.തൊടികളില്‍ ചുള്ളിക്കമ്പുകളും,ഇലകളും ചിതറിക്കിടക്കുന്നു.ചെന്നുകയറിയപ്പോള്‍ അമ്മയും ഒന്നമ്പരന്നു.എന്താടാ പെട്ടെന്ന് എന്നൊന്ന് ചോദിയ്ക്കുകയും ചെയ്തു.മറുപടി പറയാതെ സ്ഥിരമുള്ള നോട്ടം നോക്കി ഞാന്‍ മുറിയിലേയ്ക്ക് പോയി. കണ്ണാടിയില്‍ ഷേവ് ചെയ്യാത്ത മുഖം നോക്കിനിന്നു.മഴ പെയ്തുതുടങ്ങി.ജനലിലൂടെ മുറ്റം കാണാം.എവിടെ നിന്നോ വെള്ളമൊഴുക്കി കൊണ്ടു വന്ന പൂവുകള്‍ മുറ്റത്തെ ഓവിന്റെ വക്കില്‍ തങ്ങി നിന്നു.കലപില കൂടുന്ന മഴപോലെ ഉള്ളില്‍ എന്തൊക്കെയോ,അടുക്കും ചിട്ടയുമില്ലാതെ.

"മെയില്‍
നിന്റെ മന്ത്രധ്വനിയില്‍
എന്റെ ഇടവഴികളിലെ
പുല്‍ക്കൊടികള്‍പോലും
ധ്യാനത്തിലാവുന്നു

ഒടുവില്‍
ജൂണില്‍ നീയെത്തുന്നു
എന്നിലെ ഒളിഞ്ഞുതെളിയുന്ന
പച്ചപ്പുകളുടെ തോഴി"

സരിത,മഴ പോലെ അവള്‍ പെയ്തു കൊണ്ടേയിരുന്നു.

മഴ പുഴയായി.കരയില്ലാത്ത പുഴ.നൂറു മണങ്ങളുമായി ആര്‍ത്തലച്ചു വരുന്ന ഒരു പുഴ.

ചായ കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ അമ്മ ആ കാര്യം തന്നെ എടുത്തിട്ടു,അമ്മയ്ക്ക് എവിടെയെങ്കിലും തുടങ്ങണമല്ലോ.

"ആ കുട്ടി,പാവം.."

എല്ലാരും പാവങ്ങള്‍,വിഷജന്തു ഞാനാണ്.

പുറത്ത് മഴ തകര്‍ക്കുകയാണ്,നേരത്തെത്തന്നെ ഇരുട്ടായപോലെ.ക്ലോക്കില്‍ അഞ്ചുമണിയായതെയുള്ളൂ.മഴ മാറാന്‍ നില്‍ക്കാതെ ഞാന്‍ ഇറങ്ങി നടന്നു.അമ്മ എന്തോ ചോദിയ്ക്കുന്നുണ്ടായിരുന്നു,കേട്ടില്ല.റോഡിലാകെ വെള്ളം ഒഴുകാനിടമില്ലാതെ നിറഞ്ഞു നില്ക്കുന്നു. വേലികള്‍ക്കപ്പുറത്ത് തഴച്ച പച്ചപ്പുകള്‍.കാലങ്ങള്‍ക്കുശേഷം അതെ വഴിയ്ക്ക് തന്നെയാണല്ലോ നടക്കുന്നത് എന്നോര്‍ത്തു.

മഴയൊന്നുനിന്ന് പിന്നെയും തുടങ്ങി.ദൂരെ മൈതാനത്തിനപ്പുറത്തുനിന്ന് അത് പെയ്തുപെയ്തു വരുന്നു.ശക്തികൂടിയപ്പോള്‍ ഒരു പീടികവരാന്തയില്‍ കേറിനിന്നു.പുതിയ കെട്ടിടമാണ്.

മൈതാനങ്ങളില്‍ ചാട്ടുളി പോലെ പായുന്ന റാഫി.നൂറു തൊണ്ടകളുടെ ആരവം.അവനു പന്തെത്തിച്ചു കൊടുക്കേണ്ട പണിയെയുള്ളൂ എനിക്ക്.പിന്നെ പൊറ്റാളിന്റെ മറഡോണയുടെ കുതിപ്പാണ്.കണ്ണുകള്‍ മുഴുവന്‍ അവനില്‍.ഓരോ ഗോളിനും അവനെ മുത്താന്‍ നൂറു പേര്‍.തിരികെ വന്നു അവന്റെ വക കെട്ടിപ്പിടുത്തം.അവന്റെ ചിരി,നെഞ്ചിന്റെ മിടിപ്പ്.

സൈക്കിളില്‍ അവന്റെ വീട്ടു പടിയ്ക്കല്‍ ഇറക്കിവിടും.അതൊരു കാഴ്ചയാണ്.എന്നും അസൂയ ഉണര്‍ത്തുന്ന കാഴ്ച.ഉമ്മ,പെങ്ങന്മാര്‍,അനിയന്‍,എളാപ്പ,എല്ലാവരും വിടര്‍ന്ന കണ്ണുകളോടെ,നിറഞ്ഞ ചിരിയോടെ,ആരാധനയോടെ അവന്‍ നടന്നെത്തുന്നത് നോക്കി നില്‍ക്കുന്ന കാഴ്ച!

ഇക്കാക്ക ഗോളടിച്ചത് ഞാന്‍ കണ്ട്‌,മോനു വിളിച്ചു കൂവും.

ഓരോന്നോര്‍ത്തു നില്‍ക്കുമ്പോള്‍ അരികില്‍ റാഫി വന്നു നിന്നത് അറിഞ്ഞില്ല.കരുതിക്കൊണ്ട് വന്ന വാക്കുകള്‍ വെള്ളത്തില്‍ ഒലിച്ചു പോയി.അവന്റെ മുഖത്ത്‌ ഒരു ചിരി മിന്നിമറഞ്ഞപോലെ.

കുറ്റിത്താടി വളര്‍ന്ന മുഖം.തോളത്ത് തലവച്ചു കിടക്കുന്നു മോള്‍."എപ്പൊ വന്നു ?"

"രാവിലെ.." മോളെ നോക്കിക്കൊണ്ട് പറഞ്ഞു.പറഞ്ഞതും നുണയാണല്ലൊ എന്നോര്‍ത്തു.എത്ര എളുപ്പത്തില്‍!

പാര്‍ക്കില്‍ തന്നോടുതന്നെ സംസാരിച്ച്,ഇലകള്‍ പെറുക്കി കളിച്ചിരുന്ന ആ കുട്ടിയെ പിന്നെയും ഓര്‍ത്തു.ഇവളെ ഓര്‍ത്താണിന്നലെ ഞാന്‍ കരഞ്ഞത്.

"മോള്‍ക്ക്‌ സുഖമില്ല. പനിയാണ്.. "

മഴയുടെ ശബ്ദം മാത്രം.

"ഡോക്ടറുടെ അടുത്ത് പോവ്വാണ് " കുഞ്ഞ് ക്ഷീണിച്ച മുഖത്തോടെ അവന്റെ തോളില്‍ ചാഞ്ഞു കിടക്കുന്നു.ചുരുണ്ട മുടി.അതേ കണ്ണുകള്‍." ഇപ്രാവശ്യം മഴ കുറച്ചു കടുപ്പാണ് ..." അവന്‍ ചെളികളയാന്‍ ഇറയത്തുനിന്നു വീഴുന്ന വെള്ളത്തില്‍ ചെരിപ്പുമുക്കി. "എല്ലാടത്തും പനിയാ.. "

സുഖമല്ലേ റാഫി?മനസ്സില്‍ ചോദിച്ചു.

"വരുന്നോ.." ഞാന്‍ ഒന്നും മിണ്ടാതെ അവന്റെയൊപ്പം നടന്നു.

"സരിതയുടെ കാര്യം അറിയിയ്ക്കാന്‍ മെയില്‍ ചെയ്തിരുന്നു, ഒന്ന് രണ്ടു വട്ടം.സനീജാ തന്നത്,ഐഡി ....ല്‍ ആണെന്ന് പറഞ്ഞിരുന്നു,വീട്ടീന്ന്.അവിടുന്ന് എന്നെ മടങ്ങി?"

സ്പാം ഫില്‍റ്റര്‍,അതോ ഡിലീറ്റ് ചെയ്തോ?

"ഒക്കെ കഴിഞ്ഞിട്ട് ഒന്നു വിളിയ്ക്കണം എന്ന് വച്ചതാ, ഒന്നിനും നേരല്ല്യ.. " അവന്‍ പറയുന്ന പല വാക്കുകളും കേള്‍ക്കുന്നില്ലായിരുന്നു.മഴ കനക്കുന്നു. "ആശുപത്രിയില്‍ വച്ചു നിങ്ങളുടെ കാര്യം ചോദിയ്ക്കുമായിരുന്നു" വല്ലായ്മയോടെയാണെങ്കിലും കേട്ടു.എളുപ്പമുണ്ട് എല്ലാവരും പറഞ്ഞുപറഞ്ഞു അവിടെത്തന്നെ എത്തുമ്പോള്‍.

പിന്നെ അവനൊന്നും പറഞ്ഞില്ല.കുഞ്ഞിപ്പോള്‍ ഉറങ്ങുകയാണ്.എന്തായിരിയ്ക്കും ഇവളുടെ പേര്‍?അവന്‍ പണ്ടു പറയാറുള്ളപോലെ ഉപ്പയുടെയും ഉമ്മയുടെയും പേരിന്റെ അക്ഷരങ്ങള്‍ കൊണ്ടൊരു കോമ്പിനേഷന്‍?

നെരൂദ!നെരൂദയായിരുന്നു അവളുടെ ഇഷ്ടകവി.നല്ല ഒരു കളക്ഷനും ഉണ്ടായിരുന്നു അവളുടെ കയ്യില്‍.അവധി ദിവസങ്ങളില്‍ ഞങ്ങള്‍ കവിതകള്‍ വായിച്ചിരിയ്ക്കും.യുനിവേഴ്സിറ്റി ലൈബ്രറിയില്‍ പോകും.ബസ്സിലും വഴിയിലും ആളുകള്‍ തിരിഞ്ഞു നോക്കിക്കൊണ്ടിരിയ്ക്കും ,ഞങ്ങളുടെ ഉച്ചത്തിലുള്ള സംസാരവും ചിരിയും കേട്ട്.അവള്‍ക്കു കൂസലൊന്നുമില്ലായിരുന്നു.കുറെ കാമ്പസ്സില്‍ അലഞ്ഞു നടക്കും.പിന്നെ തിരികെയുള്ള യാത്ര.ഈ ദിവസങ്ങള്‍ക്കായുള്ള കാത്തിരിപ്പായി പിന്നെ.

ഡോക്ടറുടെ ക്ലിനിക് സെറ്റപ്പ് ചെയ്തിരുന്നത് പണ്ടു സുബൈര്‍ താമസിച്ചിരുന്നിടത്താണ്.അവരൊക്കെ ഇപ്പോള്‍ എവിടെയാണാവോ? തിരക്കുണ്ടായിരുന്നു.ടോക്കനെടുത്തു ഞങ്ങള്‍ പുറത്തെ വരാന്തയില്‍ മഴ നോക്കിയിരുന്നു.മഴ നിന്നിട്ടില്ല.ബോഗന്‍വില്ലകളെ മഴ കുലുക്കി കൊണ്ടിരുന്നു.

മഴയിലെവിടെയോ ഒരു കിളിയൊച്ച.കിളിയെത്തിരഞ്ഞു കണ്ണുകള്‍ അലഞ്ഞു.വാഴക്കിളികള്‍ മരിച്ചവരുടെ ആത്മാക്കളെന്നു ആരാണ് പറഞ്ഞത്?ആ കരച്ചില്‍ വീണ്ടും കേള്‍ക്കുന്നു.നേരെ നോക്കിയത് കുഞ്ഞിന്റെ മുഖത്തെയ്ക്കാണ്.ഉണര്‍ന്ന്,അവള്‍ എന്നെ നോക്കുന്നു. ചുരുണ്ട മുടിയിഴകള്‍,മഷിയെഴുതിയ പോലെ കറുത്ത കണ്ണുകള്‍.

റാഫി എന്തോ ചോദിച്ചു.അത് മഴയുടെ ശബ്ദത്തില്‍ മുങ്ങിപ്പോയി.

നഴ്സ് ഊഴമായെന്നു പറഞ്ഞപ്പോള്‍ കുഞ്ഞിനെയുമെടുത്ത്‌ അവനുള്ളിലെയ്ക്ക് പോയി.ഞാന്‍ നടന്നു വരാന്തയുടെ മറ്റെ അറ്റത്തു പോയി നിന്നു.

പണ്ടെഴുതിയ ഭ്രാന്തന്‍ വരികളോര്‍ത്തു.

"സരിതാ
ഉയരങ്ങളിലേയ്ക്ക്
ഉയരങ്ങളിലേയ്ക്ക്
കയറി

ഇനിയും
ആഴങ്ങളിലേയ്ക്ക്
ആഴങ്ങളിലേയ്ക്ക്
ഊളിയിടാന്‍
നിന്നിലെയ്ക്ക്
ഞാന്‍ കൂപ്പുകുത്തുന്നു

നിന്റെ
വഴുവഴുത്ത
കല്‍ക്കെട്ടുകളിലൂടെ
ഞാന്‍ തെന്നിത്തെന്നി
വീഴുന്നു "

അവന്‍,റാഫി എപ്പോഴാണ് കടന്നു വന്നത്?ഫുട്ബാള്‍ ഭ്രാന്തും ഗസലുകളും!മദ്യത്തില്‍ മുങ്ങി നിവര്‍ന്ന അവന്‍ പാടും,പ്രണയിനിയുടെ കണ്ണുകളെക്കുറിച്ച്,നിലാവില്‍ തിളങ്ങുന്ന താഴ്വരകളെക്കുറിച്ച്..കേട്ടിരിക്കുന്നവര്‍ക്ക് ഹരം.അവനു ലഹരി,പിന്നെയും.കത്തുന്ന മനസ്സോടെ നോക്കിയിരിയ്ക്കും,ഞാന്‍.

മഷിയെഴുതിയ കണ്ണുകള്‍.അവയ്ക്കുമുണ്ട് ലഹരി.ലഹരിയാളുന്നു.പരസ്പരം നായാടാനൊരുങ്ങുന്നു.മലകള്‍ കയറിയിറങ്ങുന്നു,കീഴടക്കലിന്റെ ആഘോഷം.താഴ്വരകള്‍ക്ക് മേലെ,നിഗൂഢ വനങ്ങള്‍ക്ക് മേലെ കാറ്റായി,മേഘമായി അലിഞ്ഞലിഞ്ഞ്.

ഉന്മാദം,പൂവുകളെ ഇതളായടര്‍ത്തുന്ന ഉന്മാദം.

കിളിയെ എനിക്ക് കാണാം ഇപ്പോള്‍,തൊടിയിലെ വാഴയില്‍ മഴയില്‍ നനഞ്ഞിരിപ്പുണ്ട്.ദയനീയമായി അത് കരയുന്നു.കടുംപച്ച നിറം.വാഴക്കിളി.പോകാന്‍ കൂടില്ലാതെ,തുണയില്ലാതെ ഈ തണുത്ത മഴയില്‍..

അവളുടെ കവിതകള്‍ മാതൃഭൂമിയില്‍ വായിച്ചതോര്‍ക്കുന്നു.റാഫി തന്നെയാണ് കാണിച്ചു തന്നതും.അവന്റെ കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു.ആഘോഷം.ലഹരി കയറിയപ്പോള്‍ ആദ്യ ചുംബനത്തെക്കുറിച്ചും,അവളോടുള്ള ഭ്രാന്തമായ ആരാധനയെക്കുറിച്ചും അവന്‍ വാചാലനാകുന്നു.ചെറുചിരിയോടെ അവനെ നോക്കിയിരുന്നു.പൊറ്റാളിലെ പാടങ്ങളില്‍ പന്തിനുപിറകെ മിന്നല്‍പോലെ കുതിക്കുന്ന റാഫി!ആരാധനയോടെ നൂറുകണ്ണുകള്‍.ഓരോ ഗോളിനും അവന്‍ വന്നെന്നെ കെട്ടിപ്പിടിയ്ക്കുന്നു.ഇപ്പോള്‍ നോട്ടം മുഴുവന്‍ ഇങ്ങോട്ട്..കയ്യടിയുടെ ഒരു പങ്കും..

റാഫി തിരികെ വന്നു.ഞങ്ങള്‍ ഇറങ്ങിനടന്നു.മഴ നിന്നിരിയ്ക്കുന്നു.അവന്‍ ജോലിയെക്കുറിച്ചും മറ്റും തിരക്കുന്നുണ്ടായിരുന്നു. യാന്ത്രികമായി മറുപടി പറഞ്ഞു കൊണ്ടിരുന്നു.

"ഇവളെ നോക്കാനാണ് ബുദ്ധിമുട്ട്,ഉമ്മയും സൈനയും ഉള്ളത് കൊണ്ട് .."കുഞ്ഞ് സിറപ്പിന്റെ പായ്ക്കറ്റ് കൈയില്‍ പിടിച്ചിട്ടുണ്ട്. മനസ്സിലെന്തോ ഉടക്കി നിന്നു.

"പാടത്താണെങ്കില്‍ നൂറു പണിയുണ്ട്..മുഴുവന്‍ വെള്ളം കയറി കിടക്കുന്നു.."

"നീ ....യിലേയ്ക്കു തിരിച്ചു പോകുന്നില്ലേ ?"ചോദിച്ചു,വെറുതെ.അവന്‍ ഒന്നു നിറുത്തി"എങ്ങനെയാ പോവാ.." അവന്‍ കുട്ടിയെ മറ്റേ കയ്യിലേയ്ക്ക് മാറ്റി പിടിച്ചു."ഉമ്മയ്ക്കും ഒരു വെഷമം, ഇവളെ ഇവിടെയാക്കി ഞാന്‍ എങ്ങനെ.." ചോദിയ്ക്കെണ്ടാത്ത ചോദ്യ മായിരുന്നു അത്.അവന്‍ ഒരു മങ്ങിയ ചിരിചിരിച്ചു.നീ ചിരിച്ചു കണ്ടല്ലോ റാഫി!

മറ്റൊരു മഴ തുടങ്ങി.

"കുറച്ചു ദിവസം ഉണ്ടാവുമോ ഇവിടെ ?" വന്നത് തെറ്റായെന്നു തോന്നി.ക്യുബിക്കുകളുടെ ലോകത്ത് ഞാന്‍ എത്ര സുരക്ഷിതന്‍. ബന്ധങ്ങളും ബന്ധനങ്ങളും ഇല്ലാത്ത ജീവിതം.

"പോണം.."മാസങ്ങള്‍ക്ക് ശേഷമുള്ള വരവാണ്.പത്തു ദിവസം വെക്കേഷന്‍ എടുത്തതാണ്.എന്തോ അങ്ങനെ പറയാന്‍ തോന്നി.നാളെ തിരിച്ചു പോകണം എന്നൊരു ചിന്ത.നാളെത്തന്നെ!
"വീട്ടിലേയ്ക്ക്‌ വരുന്നോ.."അവന്റെ ചോദ്യം.
"ഇല്ല.. "അവന്റെ മുഖത്തേയ്ക്ക് നോക്കാതെ മറുപടി പറഞ്ഞു.
"ഉമ്മ എപ്പോഴും ചോദിയ്ക്കാറുണ്ട്...എന്താ ആ വഴി കാണാത്തത് എന്ന്.."
"പിന്നെയാക്കാം.. "എന്ന് പറഞ്ഞു ഞാന്‍ നടന്നു.ഇനി നില്‍ക്കാന്‍ വയ്യ.
മഴ കനത്തു.കുടയുണ്ടായിരുന്നിട്ടും ആകെ നനഞ്ഞു.

വീട്ടിലെത്തിയപാട് കട്ടിലില്‍ കയറിക്കിടന്നു.അമ്മ വാതില്‍ക്കല്‍ നിന്നു വിളിച്ചു നോക്കി.ഉറക്കം നടിച്ചു കിടന്നു.അമ്മ തിരിച്ചു പോയി.കുറെ നേരം പാത്രങ്ങളുടെ കലപില.മഴ നേര്‍ത്തു നേര്‍ത്തു വന്നു.ഉറക്കം പലവട്ടമുണര്‍ന്നു.പല സ്വപ്നങ്ങള്‍.പാതി ഉറക്കത്തിലെ ചിന്തകള്‍, അങ്ങനെ പലതും.ഉണര്‍ന്നിട്ടും എണീയ്ക്കാതെ അവിടെത്തന്നെ കിടന്നു.അമ്മ വന്നു നോക്കി.

"എന്താടാ നിനക്കു സുഖമില്ലേ"

അമ്മ അടുത്ത്‌ വന്നിരുന്നു.നെറ്റിയിലൊക്കെ ഒന്നു തൊട്ടു നോക്കി.പതിവുപോലെ എതിര്‍ക്കാനോന്നും പോയില്ല.അമ്മ പരാതിക്കെട്ടഴിയ്ക്കും എന്ന് കരുതി.പക്ഷെ അമ്മ തറവാട്ടിലെ കാര്യങ്ങള്‍,വല്യമാമയുടെ തമാശകള്‍ എല്ലാം പറഞ്ഞു തുടങ്ങി. കേട്ടിരുന്നു.കഴിഞ്ഞ ഒരു വര്‍ഷം രണ്ടു പ്രാവശ്യം ഞാന്‍ ....ല്‍ പോയി,പ്രൊജക്റ്റ്‌ ആവശ്യങ്ങള്‍ക്കായി,അമ്മയെ ഒന്നു ജാനുവമ്മായിയുടെ അടുത്ത്‌ കൊണ്ടുപോവാന്‍ കഴിഞ്ഞിട്ടില്ല,ഇതുവരെ.അമ്മ ചായയുണ്ടാക്കണോ എന്ന് ചോദിച്ചപ്പോള്‍ തലയാട്ടി. അടുക്കളയില്‍ തന്നെ ഇരുന്നു ഞാന്‍ ചായ കുടിച്ചു.

ഞാന്‍ പഴയ പുസ്തകങ്ങളും മറ്റും അടുക്കി വെയ്ക്കാനായി തുടങ്ങി.മഴ വീണ്ടും ആരംഭിച്ചു.പണ്ട് എഴുതിയ പലതും കണ്ടു കൂട്ടത്തില്‍. എല്ലാം കൊണ്ടു പോവണം.ഡയറികളും നോട്ട് ബുക്കുകളും എല്ലാം.

കുറെ മഴ നോക്കി നിന്നു.രാത്രി കനത്തു.വേഗം ഊണ് കഴിച്ചു കിടന്നു.എന്തോ നല്ല ഉറക്കം കിട്ടുകയും ചെയ്തു.രാവിലെ എപ്പോഴോ ഒരു കുട്ടിയെക്കണ്ടു സ്വപ്നത്തില്‍,ചുരുണ്ട മുടിയിഴകള്‍,മഷിയെഴുതിയ പോലെ കറുത്ത കണ്ണുകള്‍.ഒരു പരാതിയുമില്ലാതെ അതങ്ങനെ കളിയ്ക്കുകയാണ്.ഒറ്റയ്ക്കു്.

രാവിലെത്തന്നെ നേരെ റാഫിയുടെ വീട്ടിലേയ്ക്ക്‌ നടന്നു.രാത്രി നല്ല മഴ പെയ്തിട്ടുണ്ട്.

ഗേറ്റ് കടക്കുമ്പോള്‍ തോട്ടത്തില്‍ നിറയെ വെളുത്ത റോസ് പൂക്കള്‍.അവളുടെ പ്രിയപ്പെട്ട പൂക്കള്‍.അവളുടെ സാന്നിധ്യം ആ വീടിനെ പൊതിഞ്ഞു നില്‍ക്കുന്നതായി തോന്നി.ഉമ്മറത്ത് ആരും ഉണ്ടായിരുന്നില്ല.ഉമ്മ അടുക്കളയില്‍ നിന്നുതന്നെ എന്നെക്കണ്ടു.അവര്‍ കണ്ണ് നിറച്ച്,കീഴ്ചുണ്ട് കടിച്ചുപിടിച്ച് ഉമ്മറത്തെയ്ക്ക് വന്നു.

"മോന്‍ എപ്പളെ വന്നു?"

"ഇന്നലെ..."

"ക്ഷീണിച്ചിക്ക്ണു കുട്ടി.." സൈനയും അടുത്തേയ്ക്ക് വന്നു.

"ഓളെ കാര്യം ഒന്ന്‍ വിളിച്ച് അറിയിയ്ക്കാന്‍ പറ്റീല.ഓനും ഓരോ തെരക്കായിപ്പോയി.പിന്നെ മോന്‍ ഇബടെ ഇല്ല്യ പുറത്തെവിടെയോ ആണെന്ന് പറഞ്ഞിനി അമ്മ വന്നപ്പോ ..."കുട്ടി കരഞ്ഞപ്പോള്‍ സൈന അകത്തേയ്ക്ക് പോയി.

"കുട്ടിനെ നോക്കാനാ മോനേ വെഷമം..അത് എപ്പളും ഉമ്മാനെ ചോദിച്ച് കരയും.."ഞാന്‍ അവരെ നോക്കി നിന്നു.സരിത സ്റ്റിച്ച് ചെയ്ത കര്‍ട്ടന്‍നുകള്‍,അവ കാറ്റിലിളകി.

അവര്‍ കരഞ്ഞു."ന്റെ മോന്റെ മുഖത്തിയ്ക്ക് നോക്കുമ്പളാ നിയ്ക്ക് കൂടുതല്‍ വെഷമം..."

ഞാന്‍ ഒന്നും മിണ്ടാതെ നിന്നു.വെയില്‍ ഇല്ലെങ്കിലും മങ്ങിയ വെളിച്ചമുണ്ടായിരുന്നു തൊടിയിലും മുറ്റത്തും.

"ഓന്‍ പാടത്തിയ്ക്ക് ഒന്നു പോയതാ.."ഉമ്മ പറഞ്ഞു,അവര്‍ കണ്ണ് തുടച്ചു."ഇന്നലെ മഴേല് കൊറേ വാഴ്യൊക്കെ വീണുക്ക്ണ്..."

"മോന്‍ ഇരിക്ക് "അവര്‍ സമനില വീണ്ടെടുത്തു." ഞാന്‍ ചായ എടുക്കട്ടെ"

ഗേറ്റ് കടന്ന്‍ റാഫി വന്നു.അവന്റെ മുഖത്ത് ഒരു ഉറക്കച്ചടവ്.കുറ്റിത്താടി.എന്നെ കണ്ടപ്പോള്‍ അവന്‍ അവിടെത്തന്നെ നിന്നു.

ഞാന്‍ ഓടിയോ നടന്നോ അവന്റെ അടുത്തെത്തി.അവന്റെ തോളിലേയ്ക്ക്‌ ചാഞ്ഞു.

"സോറി..."

ഞാന്‍ കരയുകയാണെന്ന് അമ്പരപ്പോടെ,ആശ്വാസത്തോടെ അറിഞ്ഞു.അവന്‍ അനങ്ങാതെ നിന്നു.ഒന്നും പറഞ്ഞുമില്ല.അവന്റെ തോളിനു മുകളിലൂടെ എനിയ്ക്ക് ആകാശം കാണാം.മേഘങ്ങള്‍ ഉരുണ്ടുകൂടുന്നു. അവനെക്കടന്ന്‍ നടന്നു.

അവന്‍ ഗേറ്റില്‍ വന്നു നോക്കി നില്‍ക്കുന്നെന്ന് തോന്നി.അരികില്‍ അവള്‍.കൈകളില്‍ ആ നക്ഷത്രക്കുഞ്ഞ്.തിരിഞ്ഞു നോക്കാതെ നടന്നു.

പിന്നാലെ പെയ്തു വന്ന മഴയില്‍ ഞാന്‍ നനഞ്ഞു.തിരക്കിട്ടു നടന്നു.കണ്ണീരും മഴത്തുള്ളികളും കലര്‍ന്നു.കിളിയൊച്ചകള്‍ അകന്നകന്ന്‍ പോയി.വഴിയില്‍ ഞാന്‍ മാത്രമായി,മഴയും.

Tuesday, September 15, 2009

സമര്‍പ്പണം - ഏകാന്തതയിലെ തീക്കാറ്ററിയുന്നവന്

ഈന്തപ്പനകള്‍ക്കു കീഴെ
ഒരുവന്‍ മണലിലെഴുതുന്നു

നേര്‍ത്ത് തെളിഞ്ഞു നില്‍ക്കുന്ന
മാനത്തെ വെള്ളിവര പോലെ
ഒരു ചിരിയുണ്ടെന്നു തോന്നും ചുണ്ടില്‍

ഒരൊട്ടകദൂരവും എത്താത്ത
മരുപ്പച്ചകളിലേയ്ക്കവന്റെ നോട്ടം
കുതിയ്ക്കുന്നെന്നു തോന്നും

എന്നാല്‍

ഓരോ ചുടുകല്‍ച്ചീളുകളും
തുളയ്ക്കുന്നത് നിങ്ങളുടെ തന്നെ
നെഞ്ചിന്‍കൂടെന്നറിയുമ്പോള്‍
ചങ്ങാതി,ഉരുകിപ്പോവും

പൊള്ളിച്ചകള്‍ അവനിലേയ്ക്കൂതിയത്‌
മണലിന്റെ ഏകാന്തതയിലെ
തീക്കാറ്റാണ്

അതാളിയ്ക്കുന്നതാവട്ടെ
ഈന്തപ്പഴങ്ങള്‍
തിരഞ്ഞു വന്നവരുടെ
ചങ്കിലെ ചൂടും.

മനുഷ്യനലയാനെന്തേ
എന്നും മരുഭൂമികള്‍?

ഈന്തപ്പനകള്‍ക്കു കീഴെ
ഒരുവന്‍ മണലിലെഴുതുന്നു


നജൂസ്‌ : ഈന്തപ്പഴം

Monday, September 7, 2009

പഴയ ചിലത് പ്രസിദ്ധീകരിയ്ക്കുമ്പോള്‍

ഇപ്പോഴോര്‍ക്കുമ്പോള്‍
പല കഥകളുടെ
ഒരു സമാഹാരമായിരുന്നു
അമ്മ

അത്
നിരൂപണം ചെയ്ത്
കാലം കഴിച്ചവന്‍
അച്ഛന്‍

പിന്‍കുറിപ്പെങ്കിലുമെഴുതാന്‍
മറന്നവന്‍
മകന്‍

വിവര്‍ത്തനം
ചെയ്തു തരണേ
എന്നപേക്ഷിയ്ക്കുന്നവള്‍
മകള്‍

Tuesday, September 1, 2009

കള്ളന്റെ കഥ

വീടിനു പിന്നില്‍
കാടിന് മുകളില്‍ ചന്ദ്രനുദിച്ചു
അവള്‍ നടന്നടുക്കുകയാണ്
വെള്ള റോസാപ്പൂവുകളുടെ മണം
അവനെ പൊതിയുകയാണ്

*

ആശാന്‍ കുറുക്കനിടവഴി കയറുമ്പോള്‍ ആമിനാത്ത പുറകേയെത്തി.
"ന്താ ആമിനുമ്മേ?"
"ആ ഹമീദിനെക്കൊണ്ട് തോറ്റ്.. "
"കള്ളനെ പിടിയ്ക്കാന്‍ ഞാനാപ്പോ..ങ്ങള് ഒന്ന്‍ എഴുതി കൊടുക്കീന്ന്‍.."
"അതോണ്ടോന്നു കാര്യല്ല്യ ആശാനെ,ഓന് വാശി കൂടും ന്നല്ലാതെ..കയിഞ്ഞ പ്രാവിശ്യം തന്നെ.. "
"ഞാന്‍ പ്പെന്താ വേണ്ടീത് "
"ന്തെങ്കിലും ഒര് വയ്യ് കാണണം.."
"അതിപ്പോ ഞാന്‍ പറഞ്ഞാ ഓന്‍ കേക്കൂലാന്ന്‍.."
"ങ്ങള് ന്തേങ്കിലും മന്ത്രിച്ചൂതി.."

*

നീണ്ട കണ്ണുകള്‍
പനമ്പുഴയിലെ ഇരുളടഞ്ഞ
കയങ്ങള്‍ പോലെ...

*

ഹമീദ്‌ നിലാവത്ത് കുന്നിന്‍ പുറത്ത്‌ കിടക്കുകയാണ് .
വഴീല് കാണുമ്പോ ഒന്ന് നോക്കിക്കൂടെ പെണ്ണെ?ഒന്ന് ചിരിച്ചൂടെ?
ഒറങ്ങ്മ്പോ ജനല്‍ ഒര് പൊളി തുറന്നൂടെ?ഒര് വെളിച്ചം വച്ചൂടെ ?

പുറത്തു നിലാവും,അകത്തിരുട്ടും.

*

പുഴയും മിണ്ടാട്ടമില്ലാതെ ഒഴുകുന്നു.ജമീലയുടെ മുടി വിതര്‍ത്തിയിടുമ്പോള്‍ കുളിരുന്ന പുഴ.മുടിയൊഴുകിപ്പരന്നു പുഴ. മുടിയിലൊഴുകിപ്പരന്നു പുഴ.അവളുടെ തോളുകളില്‍ വെയില്‍,കുളിര് കോരി മീനുകള്‍‍.ഹമീദ്‌ തടയാകുന്നു.മുടിച്ചുരുളുകള്‍ക്കിടയില്‍ മറ്റൊരു മീനാവുന്നു.

*

ഒന്ന് നോക്കിക്കൂടെ പെണ്ണെ?

*

ഹമീദ്‌ വെയില്‍ പോലെ തിളയ്ക്കുന്നു.രാത്രികളിലലയുന്നു.മനയ്ക്കലെ തൊടിയിലെ പൊട്ടക്കിണറ്റില്‍ നിലാവ് വീഴുന്ന നോക്കിയിരിയ്ക്കുന്നു.

ഇടവഴിയ്ക്കപ്പുറം മാളികയില്‍ പാതി ചാരിയ ജനാല.എന്തോ കരയണമെന്നു തോന്നുന്നു ഹമീദിന്. പെണ്ണെ,എന്നെങ്കിലും ഒരൊറ്റ വട്ടം..

*

കലന്തനാജി രാവിലെ നോക്കുമ്പൊ മുറ്റത്തിന്റെയരിക്കില് റോസ് തോട്ടത്തില്‍ ഒറ്റ പൂവില്ല.

*

ഒരു രാത്രി ഹമീദ്‌ നോക്കുമ്പോള്‍ ഒരു വെട്ടം, കത്തിയണയുന്നു മാളികയില്‍. രണ്ടാം നിലയിലെ അതേ ജനാലയില്‍. പിന്നെയും.
മാളികയുടെ ചോടെ ഹമീദ്‌.രണ്ടാം നിലയിലെ ജനലഴിയിലൂടെ പാമ്പുകള്‍ പോലെ അവളുടെ മുടി.മുടി മണത്ത് നില്‍ക്കുകയാണ് അവന്‍.അവയവനെ വരിയുന്നു.വെളുത്ത റോസ് പൂവുകളുടെ മണം.

*

വീടിനു പിന്നില്‍
കാടിന് മുകളില്‍ ചന്ദ്രനുദിച്ചു
അവള്‍ നടന്നടുക്കുകയാണ്
വെള്ള റോസാപ്പൂവുകളുടെ മണം
അവനെ പൊതിയുകയാണ്

*

പിന്നില്‍ ആളനക്കം.അവനറിഞ്ഞില്ല.

*

കൊല്ലങ്ങള്‍ കഴിഞ്ഞ് അവന്‍ പൊറ്റാളില്‍ വന്നപ്പോള്‍,കുന്നിന്ചെരിവിലെ വലിയ മരത്തില്‍ ഒര് പേരെഴുതിവച്ചുപോലും.കൊല്ലങ്ങള്‍ കഴിഞ്ഞിട്ടും അത് മാഞ്ഞില്ല പോലും.വയസ്സത്തിയായിപ്പോയി മരം.ആ മരം,എല്ലാക്കൊല്ലവും പൂത്തിരുന്ന ആ മരം,പിന്നെ പൂത്തതേയില്ലെന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിയ്ക്കുമോ?

*

ഹമീദ്‌ അവളെ പിന്നെ കണ്ടുവോ? കണ്ടു,കുറേക്കാലം കഴിഞ്ഞ്.
എന്തിന് എന്ന് ഒരു ചോദ്യം ചോദിച്ചോ? ഇല്ല

സത്യത്തില്‍ അവന്റെ നോട്ടം അവളെ അസ്വസ്ഥയാക്കി.ആരിത്‌,എന്തൊരു നോട്ടമെന്ന് കരുതി അവള്‍,വേഗം വഴിമാറി പോയി.

*

പോകെപ്പോകെ അവനെ കാണാതെയായി,പൊറ്റാളില്‍.

മരം കാണുമ്പോള്‍ പലരും ഓര്‍ത്തു. ഏറെക്കാലം കഴിഞ്ഞും. രാത്രിയില്‍ കേള്‍ക്കുന്ന ആ ചൂളം വിളി. നിലാവത്ത്‌ കുന്നില്‍ മലര്‍ന്നു കിടന്നു കിനാവ് കാണുന്ന കള്ളന്‍.ഒരേയൊരു പ്രാവശ്യം മാത്രം പിടിയ്ക്കപ്പെട്ട കള്ളന്‍.

ആമിനുമ്മയുടെ വീട് പുഴവെള്ളത്തില്‍ ഒലിച്ചുപോയി.രാത്രി ചൂളം വിളി കേട്ടപ്പോള്‍ വരാന്തയിലിറങ്ങി നോക്കുമ്പൊ മല മുഴുവന്‍ കുത്തിയൊലിച്ചു വന്നു പോലും.

ആശാന്‍ ഈ കഥ ഞങ്ങളോട് പറയാനായി അതേ മരത്തിന്റെ ചോട്ടിലങ്ങനെ..
കഥ പറഞ്ഞു കണ്ണ് തുടയ്ക്കും ആശാന്‍.അതെന്തെന്നു ഞങ്ങളോര്‍ക്കും.

*

പൊറ്റാളിലെയ്ക്കു വരുന്നവരേ,കുന്നിന്‍ ചെരിവില്‍ ആ മരം കണ്ടാല്‍ ഒന്ന് നിക്കണം.ഒന്ന് കാണണം.ഒന്ന് തൊട്ട് നോക്കണം.ഇപ്പ്രായത്തിലും അത് കുളിര് കോരി നില്‍ക്കും...രാത്രിയാണെങ്കില്‍,അതിന്റെ ചുളി വീണ കവിളുകള്‍ നിലാവില്‍ തിളങ്ങും.