Wednesday, April 8, 2009

കൌസ്വാത്തയുടെ മക്കള്‍

കഞ്ചാവ് പുകയില്‍
പൊറ്റാളിനു മുകളില്‍
പറന്നു കൌസ്വാത്ത

പാടങ്ങള്‍ക്കു മുഴുവന്‍ നരച്ചനിറം

അബുവിനെ കണ്ടു
അതേ തോട്ടുവക്കില്‍
അതേ കള്ളിമുണ്ടുടുത്ത്‌
ആഴമെത്രയുമ്മാ
ചുഴിയെത്രയുമ്മാ
എന്ന് കരച്ചിലാണ്

കൊലുസുവുണ്ട്
വാഴത്തോട്ടത്തിലൂടെ
മണ്ടിവരണ്
നോക്കുമ്പോ പെണ്ണുണ്ട്
കരിഞ്ഞ്‌ കത്ത്ണ്
ചൂടെത്രയുമ്മാ
എരിയെത്രയുമ്മാ
എന്ന് പരാതിയാണ്

കരീമിനേം നജൂനേം കണ്ടു
"എളേമ വരണ് ഇന്നെങ്കിലും
ഇമ്മക്ക് എന്തെങ്കിലും
തിന്നാലോ" ന്ന് ഇളയവന്‍
അഞ്ചു പൈസേന്റെ മുട്ടായി
നൊണഞ്ഞിട്ടും നൊണഞ്ഞിട്ടും
തീരണില്ലെന്നു വിടര്‍ന്നു ചിരിയാണ്

ചായ്പില്‍ മജീദ് വരാണ് രാത്രീല്
"ഞാന്‍ പോണുമ്മാ" ന്ന്
കരച്ചിലാണ് ചെക്കന്‍,
ഒച്ചേണ്ടാക്കാതെ
കിനാവ് കിനാവ്
എന്ന് പിറുപിറുപ്പാണുമ്മ

മക്കളേന്ന് കരയാണ് കൌസ്വാത്ത

മലയിറങ്ങി വെയിലെത്ര പോയി
പുഴകടന്ന്‍ കാറ്റെത്ര പോയി

എന്നിട്ടും
ഇടവഴിയിറങ്ങിപ്പോയവര്‍
വഴിമറന്നലയുന്നുണ്ടെന്നു
തുടിയ്ക്കുന്നു കൌസ്വാത്ത

അവര്‍ മുട്ടിനിലവിളിയ്ക്കുന്ന
വാതിലുകള്‍ തെരയാണ് കൌസ്വാത്ത

14 comments:

  1. ഇടവഴിയിറങ്ങിപ്പോയവര്‍,
    പെരുവഴി വിഴുങ്ങിയവര്‍!
    :(

    ReplyDelete
  2. ചിലരങ്ങനെയാണ്
    വിട്ടു പോവില്ല, നെന്ചില്‍ ആധിയുമായി ഇങ്ങനെ പറന്ന് കൊണ്ടിരിക്കും

    ReplyDelete
  3. "മലയിറങ്ങി വെയിലെത്ര പോയി
    പുഴകടന്ന്‍ കാറ്റെത്ര പോയി

    എന്നിട്ടും
    ഇടവഴിയിറങ്ങിപ്പോയവര്‍
    വഴിമറന്നലയുന്നുണ്ടെന്നു
    തുടിയ്ക്കുന്നു കൌസ്വാത്ത
    "

    വളരെ വളരെ നന്നാവുന്നു....

    ReplyDelete
  4. ഇഷ്ടമാകുന്നു ഈ ഭാഷയും എഴുത്തും...

    ReplyDelete
  5. നൊണഞ്ഞിട്ടും നൊണഞ്ഞിട്ടും തീരണില്ല.
    തീരത്തുമില്ല.

    ReplyDelete
  6. തകർത്തു...തകർത്തു...വളരെ നല്ല കവിത...എഴുത്ത്‌...നന്ദി...ആശംസകൾ....

    ReplyDelete
  7. ശ്രീഹരി ഇന്ന് കാണിച്ചുതന്നതുകൊണ്ടാണ് ഇവിടെ എത്തിയത്. ഒരു പക്ഷെ പലവുരു കണ്ട ചിത്രമാണെങ്കില്‍ കൂടി കൌസ്വാത്തയുടെ ചിത്രത്തിന് നല്ല മിഴിവ്. സ്നേഹത്തിന്റെ പിടപ്പും ചൂടും.

    ബാക്കി കവിതകളും വായിച്ചു. നേരത്തേ കണ്ടില്ലല്ലോ എന്ന് വിഷമം.

    അഭിനന്ദനങ്ങള്‍ :)

    ReplyDelete
  8. പൊറ്റാളിലെ ഇടവഴികളില്‍
    കവിതകള്‍ വേവുന്നതിന്റെ, പൊരിക്കുന്നതിന്റെ, ഉള്ളിയും മുളകും കാച്ചുന്നതിന്റെ മണങ്ങള്‍!

    ReplyDelete
  9. “മലയിറങ്ങി വെയിലെത്ര പോയി
    പുഴകടന്ന്‍ കാറ്റെത്ര പോയി“

    ReplyDelete
  10. എത്ര ആഴമാണ്,
    എത്ര ചുഴിയാണ്..

    ReplyDelete
  11. തണല്‍, നന്ദി
    അനീഷേ, സന്തോഷം
    ശ്രീ, വളരെ വളരെ നന്ദി
    പകല്‍, പ്രോത്സാഹനത്തിനു നന്ദി
    നജൂസ്, പക്ഷെ കയ്പ്പാണെന്ന് മാത്രം , ഈ മുട്ടായിയ്ക്ക് :( , നന്ദി
    വി എസ് , നിന്റെ പ്രോത്സാഹനങ്ങള്‍ക്കും എന്നും നന്ദി
    ഗുപ്തരെ, ഇത് തെല്ലൊന്നു ഞെട്ടിച്ചു. ശ്രീഹരിക്കും നന്ദി. നിങ്ങളെപ്പോലുള്ളവരുടെ വാക്കുകള്‍ എത്ര പ്രചോദിപ്പിയ്ക്കുന്നു എന്നറിയാമോ ?
    അനിലേ, നന്ദി , നന്ദി, നന്ദി
    രാം വീണ്ടും വരുമല്ലോ?
    സെറീന , നന്ദി

    ReplyDelete
  12. വിത്യസ്തമായിതോന്നി.
    ആശംസകൾ

    ReplyDelete
  13. നന്ദി ബഷീര്‍

    ReplyDelete
  14. മലയിറങ്ങി വെയിലെത്ര പോയി
    പുഴകടന്ന്‍ കാറ്റെത്ര പോയി!

    ReplyDelete