Friday, April 17, 2009

പുഴക്കരയിലെ പൂവുകള്‍

പെണ്ണേ ഒരു പുഴ
പിറകെയുണ്ട്
നീ കഴുകുന്ന പായയിലെ
കുഴമ്പും മൂത്രവും
കണ്ണീരും വിയര്‍പ്പും
കലര്ന്നൊഴുകുന്ന പുഴ

അത് വിളിയ്ക്കുന്നുണ്ട്
വരണ്ട കഞ്ഞിക്കലത്തിനുമേലെ
ചുമച്ചു തുപ്പിയ ചോരക്കറയ്ക്കുമേലെ
കരഞ്ഞു നോക്കുന്ന കണ്ണുകള്‍ക്കുമേലെ
തേഞ്ഞു പോയ പ്രാക്കുകള്‍ക്കുമേലെ

അട്ടത്തെയിരുട്ടില്‍നിന്ന്
കിണറിന്റെയാഴത്തില്‍നിന്ന്‍

വഴിവക്കിലെ വഷളന്‍ ചിരിയില്‍നിന്ന്‍
പറ്റുപുസ്തകത്തിന്റെ താളില്‍നിന്ന്‍

ആ വിളി കേള്‍ക്കുന്നുണ്ട്

വഴി മറന്ന കത്തുകള്‍
പൂക്കാന്‍ മറന്ന ചെമ്പകം

അവയെല്ലാം
ഓര്‍മ്മിപ്പിയ്ക്കുന്നുണ്ട്

എങ്കിലും
പുഴപോലെ ഓരോ നിമിഷവും
പുതുക്കി,കഴുകിത്തിളക്കി
നിവര്‍ത്തിവിരിച്ചെന്നതുപോലെ
ഇനിയും തേനെന്ന്,മധുരമെന്നു
പറഞ്ഞു വിളിയ്ക്കുന്നു,ചിരിയ്ക്കുന്നു
പൂവുകള്‍
വഴികള്‍ നീളെ

വീണ്ടും കാഴ്ചകളെ തിളക്കുന്നു
അവയ്ക്കുമേലെ പാറുന്ന
വെയില്‍ത്തുമ്പികള്‍

10 comments:

  1. "പെണ്ണേ ഒരു പുഴ
    പിറകെയുണ്ട് "


    എനിക്കു വാക്കുകള്‍ കിട്ടുന്നില്ല മേലേതില്‍... ഇവിടെ പലരും ലേഖനങ്ങള്‍ എഴുതിത്തള്ളിയിട്ടും ഫലിപ്പിക്കാനാവാത്തത് ആറ്റുക്കുറുക്കിയ അല്പം വരികളിലൂടെ ശക്തമായി സ്റ്റേറ്റ് ചെയ്തിരിക്കുന്നു.....

    അഭിനന്ദനങ്ങള്‍!!!

    ReplyDelete
  2. ഹരി പറഞ്ഞതിനു താഴെ ഒരൊപ്പ്‌......
    അതി മനോഹരമായിരിക്കുന്നു....

    ReplyDelete
  3. പെണ്ണേ ഒരു പുഴ
    പിറകെയുണ്ട്
    നീ കഴുകുന്ന പായയിലെ
    കുഴമ്പും മൂത്രവും
    കണ്ണീരും വിയര്‍പ്പും
    കലര്ന്നൊഴുകുന്ന പുഴ

    അത് വിളിയ്ക്കുന്നുണ്ട് ,വിലപിക്കുന്നുണ്ടു
    നമുക്ക് കേള്‍വിപ്പുറങ്ങള്‍ കുറുകേ അടക്കാം .

    മനോഹരം ചിന്താപരം നല്ല എഴുത്ത്
    അഭിനന്ദനങ്ങള്‍

    ReplyDelete
  4. എത്ര നന്നായി ..

    പിന്നെയും പറഞ്ഞു വിളിയ്ക്കുന്നു,ചിരിയ്ക്കുന്നു
    പൂവുകള്‍
    വഴികള്‍ നീളെ...!

    ReplyDelete
  5. നന്നായിരിയ്ക്കുന്നു, മാഷേ

    ReplyDelete
  6. നല്ല ചിന്തകള്‍ വരികളാക്കിയിരിക്കുന്നു...

    ReplyDelete
  7. പുഴ ഓരോ നിമിഷവും പുതുക്കി കഴുകി
    തിളക്കി നിവര്‍ത്തി വിരിച്ചിട്ടും
    കരയില്‍ പൂവുകള്‍ എത്ര ചിരിച്ചിട്ടും
    എന്റെ ഉള്ളില്‍ ആ പുഴ കരയുന്നു,
    കുഴമ്പും കണ്ണീരും മൂത്രവും വിയര്‍പ്പും
    കലര്‍ന്ന്...

    ReplyDelete
  8. വളരെ നന്ദി സുഹൃത്തുക്കളെ ..!

    ReplyDelete
  9. വിളിക്കുന്നുണ്ട്; പോകാം.

    ReplyDelete
  10. Superb man... incredible usage of words

    ReplyDelete