Thursday, January 29, 2009

മരത്തണല്‍

പൊറ്റാളിലെ പള്ളിമീനാരങ്ങള്‍
നോക്കി ഞങ്ങള്‍ ചോദിച്ചു

ദൈവമുണ്ടോ?

അന്നേരം
പൊറ്റാള്‍ പാടങ്ങള്‍ ഇളക്കിമറിച്ച്
ചെരുപ്പടി മലയിലെ കാറ്റ് കടന്നുപോയി
അവയ്ക്ക് മേലെ സ്വര്‍ണനിറത്തില്‍
വെയില്‍ തിളങ്ങി
തോടുകളിലെ ഇളം ചൂടു വെള്ളത്തില്‍
കല്ലന്‍കേരികള്‍ തുള്ളിമറിഞ്ഞു
ആകാശത്തു മേഘങ്ങളൊഴിഞ്ഞു
മീനാരങ്ങളിലെ വെള്ള പ്രാവുകള്‍
ഉയരങ്ങളില്‍ പാറി

ഉച്ചനേരത്ത് എവിടന്നോ
തൂവെള്ള മുണ്ടും
കുപ്പായവുമിട്ട് ഒരു
മോല്യാരുട്ടി വന്നു

ചോദ്യം ആവര്‍ത്തിച്ചപ്പോള്‍
മോല്യാരുട്ടി ചിരിച്ചു
പള്ളി മുറ്റത്തു മുല്ലകള്‍
പൂത്തു മണം പരത്തി
അയാള്‍ യതീംഖാനയിലേയ്ക്ക്
മുട്ടായികളുമായിപ്പോയി
കണ്ണീരുണങ്ങിയ കവിളുകളില്‍
വരണ്ട ചുണ്ടുകളില്‍
നൂറായിരം പൂച്ചിരികള്‍
തെളിഞ്ഞു
അവയില്‍ നിന്നു
മീനാരങ്ങളിലേയ്ക്ക്
മഴവില്ലുകള്‍ വിടര്‍ന്നു

ചോദ്യം കേട്ട്
പിരാന്തനാലി പൊട്ടിപൊട്ടി ചിരിച്ചു
"ഞാന്‍ കണ്ടു, ഞാന്‍ കണ്ടു "..
അയാള്‍ ഓടക്കുഴലെടുത്തൂതി
നിര്‍ത്താതെ..
പൊറ്റാളിലെ
ഇടവഴികളില്‍ ഏത് നേരവും
കരയുന്ന ചീവിടുകള്‍ പോലും
നിശബ്ദരായി
വെയിലിലും മഴ പെയ്തു
മഴയില്‍ ചിരിച്ചുകുഴഞ്ഞ്
അയാള്‍
പുഴയ്ക്കക്കരെ
പച്ചപ്പുകളിലേയ്ക്ക് മറഞ്ഞു


ഉമ്മുമ്മ കഥയായി പറഞ്ഞത്
പൊറ്റാളിലെ പാടങ്ങള്‍ക്കപ്പുറം,
പുഴയ്ക്കപ്പുറം,മലകടന്ന്
സ്വര്‍ഗ്ഗമെന്നായിരുന്നു

ഏറെ രാത്രിയാവുമ്പോള്‍
ഒച്ചയനക്കം നില്‍ക്കുമ്പോള്‍
നിലാവില്‍ ഓനെറങ്ങും പോല്‍
വെള്ളയും വെള്ളയുമിട്ടു
മുറുക്കിത്തുപ്പി
ഇടവഴിയായ ഇടവഴിയൊക്കെ കേറിയിറങ്ങി
തെങ്ങിന്‍തോട്ടങ്ങളില്‍ ചുറ്റിത്തിരിഞ്ഞങ്ങനെ...

അന്നേരം വാഴപ്പൂക്കളില്‍
തേന്‍ നിറയും,നെല്കതിരുകളില്‍
പാലുറയും,കൈതകളില്‍ പൂ വിരിയും,
കാതോര്‍ത്താല്‍ കേള്‍ക്കുംപോല്‍
ഓരോടക്കുഴല്‍വിളി,
നൂറു കുഞ്ഞുങ്ങളുടെ ചിരി

ഉമ്മുമ്മയും കണ്ടിട്ടില്ല
എന്നാലും

പുര ചോരുമ്പോള്‍
കാലിക്കലത്തില്‍
കുട്ട്യോളെ പറ്റിക്കാന്‍
കയ്യിലയിട്ടിളക്കുമ്പോള്‍
ചുവരിലെ
നിറംമങ്ങിയ പടംനോക്കി
കണ്ണ് നിറയ്ക്കുമ്പോള്‍
പിന്നില്‍ വന്ന്‌
"ന്ത്യേടി കൌസ്വോ" എന്ന്
ചോദിക്കാനൊരാള്‍
"ഒന്നുല്ല്യന്നു" പറഞ്ഞൊഴിയാനൊരാള്‍..

ഉത്തരമില്ലാത്ത ചോദ്യം
ചോദ്യമില്ലാതെ ഒരുത്തരം

പക്ഷെ
പള്ളികള്‍ക്ക് മുന്നില്‍
വിശന്നിരക്കുന്നവന്റെ
കരച്ചിലില്‍
യതീമുകളുടെ സ്വപ്നങ്ങളില്‍
എന്നുമുണ്ട്
തണുപ്പുള്ള ഒരു തലോടല്‍
ഒരു തേനലിഞ്ഞ പൂമണം
ചക്രവാളത്തോളം പച്ചവിരിച്ച
ഒരു കിഴവന്‍ മരം

Monday, January 19, 2009

പുല്ലാനികള്‍ പൂക്കുന്നു

ദൂരഭാഷിണിയില്‍
വിരസ സംഭാഷണം
എന്നേ പറഞ്ഞു പറഞ്ഞു
തേഞ്ഞുപോയ വാക്കുകള്‍
കുമിയുന്ന മൗനം

അറ്റുപോയ ഒരു ബന്ധം
മറന്നു തുടങ്ങിയ ഗന്ധം

കസേരയില്‍ത്തന്നെ ചാരിക്കിടന്ന്
മയങ്ങുമ്പോള്‍,സ്വപ്നത്തില്‍,
തെങ്ങുന്തോപ്പിലൂടെ ഒരു നടവഴി
ഓലക്കീറിലൂടെ ഇളവെളിച്ചം
ധൃതിയില്‍ കൈവീശിയകലുന്ന
ഒരു പരുക്കന്‍ പുകമണം

കിതച്ചു വിയര്‍ത്തു
പിറകെയെത്തുന്ന
മെലിഞ്ഞു കുഴഞ്ഞ
ഒരു നിഴല്‍..

തൊടികളിലെങ്ങും
അവനു മാത്രം കാണാന്‍
അപ്പൂപ്പന്‍താടികള്‍, പൂത്ത കമ്പിപ്പാലകള്‍
അരിപ്പൂവുകള്‍, ചെമ്പോത്തുകള്‍..

"കുട്ടിനെ മാണ്ടേ ങ്ങക്ക്?"
വഴിവക്കില്‍ നിന്നൊരു ചോദ്യം
മയമില്ലാതെ തിരിഞ്ഞു നോട്ടം
കൈമാടി ഒരു വിളി

ഞെട്ടിയുണരുമ്പോള്‍ പുല്ലാനികളുടെ
മണമില്ലാമണം മുറിയില്‍
നേര്‍ത്ത നിലാവില്‍ തൊടിയില്‍
മതിലരികില്‍
പുല്ലാനിക്കാടുകള്‍ക്കരികില്‍
വെള്ളമുണ്ടും ഉടുപ്പുമിട്ട്
ഒരോര്‍മ പുകയൂതിവിടുന്നു

അച്ഛാ..

ആദ്യം
ഒക്കത്തിരുന്നു യാത്ര
പിന്നെ
ഒപ്പമെത്താന്‍ കിതപ്പ്,
ശേഷം
ഇടവഴികള്‍ താണ്ടി
പിന്‍നോട്ടമില്ലാത്ത
കുതിപ്പ്..
പാടങ്ങള്‍ക്കപ്പുറം ഓടിയൊളിയാനൊരു
വെപ്രാളം...

മറന്ന വഴി.

മറന്ന വഴിയില്‍ വെയിലില്‍
കാറ്റലയുന്ന പുല്ലാനിക്കാടുകളില്‍
വാശിപിടിക്കുന്ന ഒരു കുട്ടി..

കുട്ടിയെ ഒക്കത്തിരുത്തി ,
ചിന്തകളെ പുകച്ചൂതി
വിടുന്ന കറുത്ത രൂപം

വെറുക്കണം, മറക്കണം
എന്നു കരുതുമ്പോള്‍
പൊറുക്കണം, പൊറുക്കണം
എന്നൊരു പിറുപിറുപ്പ്‌..

അന്യര്‍ക്ക് വിഴുപ്പു ചുമന്ന്‍
വിഴുപ്പായി മാറിയ നഷ്ടജീവിതം

പിന്നില്‍ പൂന്തോട്ടമില്ലാത്ത
തണലുകളില്ലാത്ത
ഒരു വീട്

മറ്റൊരു പകലറുതിയില്‍
ആവര്‍ത്തനമായി
മറ്റൊരു ദൂരഭാഷണം..

Thursday, January 15, 2009

വിദൂരതയിലേയ്ക്ക് ഒരു പ്രാര്‍ത്ഥന

പൊറ്റാളിലെ പാടങ്ങളില്‍
നിശ്ശബ്ദത പടരുമ്പോള്‍
നെല്ക്കൊടികള്‍ പോലും
മഞ്ഞില്ക്കുതിര്‍ന്നു വിറയാര്‍ന്നു നില്‍ക്കുമ്പോള്‍
സാന്ധ്യശോഭയില്‍ ആകാശത്തിന്റെ
അതിരുകള്‍ മാഞ്ഞുപോകുമ്പോള്‍
തെങ്ങിന്‍തലപ്പുകള്‍ പോലും ആകാശങ്ങളിലേയ്ക്ക്
നോക്കി ധ്യാനനിരതരാകുമ്പോള്‍
മാറാല കെട്ടിയ, പ്രാവുകള്‍ പാറുന്ന
മിനാരങ്ങളില്‍ നിന്നു
വിറയാര്‍ന്ന ശബ്ദത്തില്‍
നിലവിളി പോലെ ഒരു
പ്രാര്‍ത്ഥന
വെടിയുണ്ടകള്‍ തുളച്ച
നൂറായിരം കുഞ്ഞുമേനികള്‍ക്കായി
കരിഞ്ഞു പോയ നൂറു
പൂമരങ്ങള്‍ക്കായി
ഗദ്ഗദത്തോടെ
ഭാഷയില്ലാത്ത ഒരപേക്ഷ..

പിന്നെ നിശ്ശബ്ദത.
നിഷ്ഠുരമായ മൌനം.