Friday, March 6, 2009

ജസീര്‍

പൊറ്റാളിലെ
പുകമഞ്ഞു മൂടിനിന്ന
വയല്‍വരമ്പിലൂടെ
രണ്ടു കുട്ടികള്‍,മദ്രസ്സയിലേയ്ക്ക്

ജസീര്‍,ഞാന്‍

വലത്തോട്ടു നോക്കുമ്പോള്‍
ഇടത്തോട്ടോടുന്ന
മാന്ത്രികലിപികളില്‍
എഴാമാകാശത്തിലെ
വയസ്സനുസ്താദിന്റെ
ജാലവിദ്യകള്‍ തെളിയുമ്പോള്‍
ഞാന്‍ മിഴിച്ചിരുന്നു

അവനാകട്ടെ
ഞങ്ങള്‍ പേരിട്ടു വിളിച്ചിരുന്ന
ദൂരനക്ഷത്രങ്ങളിലേയ്ക്ക്
കടലാസ് വിമാനങ്ങള്‍
പറത്തിക്കൊണ്ടിരുന്നു

പനമ്പുഴയുടെയടിത്തട്ടില്‍
സ്വര്‍ണ മത്സ്യങ്ങളും
പവിഴപ്പുറ്റുകളും ഉണ്ടെന്നാണയിട്ടു
ആറുംനാലും പെരുക്കാനറിയാത്തോന്‍
വിശ്വസിച്ചു,പുഴയ്ക്കക്കരെയിക്കരെ
നീന്തുമെന്നു പറഞ്ഞപ്പോള്‍
കണ്ണിമയ്ക്കാതെ നോക്കി

അന്നത്തെ വെള്ളിയാഴ്ച്ച
അവന്‍ പുഴയ്ക്കടിയിലേയ്ക്ക്
നീന്തിനീന്തി പോയി

മുല്ലത്തങ്ങള്‍ക്ക്
ബാങ്കുവിളി നേരംതെറ്റി
ബാബൂക്കാ നെറ്റിമുട്ടിച്ചപ്പോള്‍
തറ നനഞ്ഞു
ഖദീജാത്ത നിസ്കാരം കഴിഞ്ഞിട്ടും
പായമടക്കാതെ ഇരുന്നു

അവന്‍ വെറുതെ മുങ്ങാംകുഴിയിടാന്‍
പോയതാണെന്ന് പറഞ്ഞപ്പോ
നിങ്ങള് കരഞ്ഞതെന്തിന്?

അവന്റെയൊപ്പം നീന്താന്‍
സ്വര്‍ണ്ണമീനുകളുണ്ടായിരുന്നെന്ന്
പറഞ്ഞപ്പോള്‍ ദേഷ്യപ്പെട്ടില്ലേ?

അവന്‍ താണുതാണു പോകുമ്പോള്‍
കാറ്റിലുയരുന്ന കടലാസ്സുവിമാനം
ഞാന്‍ കണ്ടിരുന്നു

അതിനു നേരെ ചൂണ്ടി
അവനെന്തോ
ഒച്ചയില്ലാതെ പറഞ്ഞുകൊണ്ടിരുന്നു

പായലുള്ള പാറകളില്‍
തട്ടാതെ,ശ്രദ്ധിച്ച്,അവന്‍
തെന്നിത്തെന്നിപ്പോയി
ആഴത്തിലേയ്ക്ക്

തെങ്ങിന്‍ തലപ്പുകളില്‍
ഒരു നക്ഷത്രം
അന്നേരം തങ്ങിനില്‍പ്പായിരുന്നു

അതിന്റെമേലെ മാന്ത്രികലിപിയില്‍
ആരോ അവന്റെ പെരെഴുതുന്നത്
അന്നുരാത്രി ഞാന്‍ കിനാക്കണ്ടു

ഖദീജാത്തയുടെ കൂടെപ്പോയി
മാനത്ത് ഒന്ന് തെരയണമെന്നു
ഞാന്‍ വിചാരിയ്ക്കുന്നുണ്ട്

5 comments:

 1. dear melethil,
  വാക്കുകൾക്ക്‌ എന്തൊരു ശക്തിയാണല്ലേ? താങ്കളുടെ ഈ മനോഹരമായ കവിത വായിച്ചപ്പോൾ
  എനിക്കോർമ്മ വന്നത്‌ 2 കൊച്ചു കവിതകളാണ്‌...
  ഒന്ന് എനിക്ക്‌ പേരറിയാത്ത ജപ്പാനിലെ ഒരു കവിയുടെ
  കവിത ഇങ്ങിനെ-
  "ഹിരോഷിമയിൽ ബോംബ്‌ വീണപ്പോൾ, അവിടെ ഉള്ള എല്ലാവരും കരഞ്ഞു
  പക്ഷെ അവിടുത്തെ ഒരു കവി മാത്രം കരഞ്ഞില്ല
  കാരണം കരയാൻ അദ്ദേഹത്തിന്‌,കണ്ണുകൾ ഉണ്ടായിരുന്നില്ല...."
  അടുത്തത്‌ തമിഴിലെ വൈരമുത്തു ആഗസ്റ്റ്‌ 15-നെ പറ്റി എഴുതിയ കവിത-
  "പട്ടു ചേല സ്വപ്നം കണ്ടവൻ ഞെട്ടലോടെ തിരിച്ചറിയുന്നു
  തന്റെ
  കീറക്കോണകം കളവു പോയെന്ന്..."
  ഇതെല്ലാം എന്തിന്‌ ഇവിടെ പറഞ്ഞെന്നല്ലേ?
  ഈ കവിത എനിക്ക്‌ ഒരു പാട്‌ ഇഷ്ടമായതു കൊണ്ട്‌....ഓർമ്മകളുടെ ഈ സംഗീതം
  ഏറെ പ്രിയപ്പെട്ടതായതു കൊണ്ട്‌.....ശരിക്കും കാച്ചിക്കുറുക്കിയ കവിത....

  dear friend,
  all the best
  from verittasabdam

  ReplyDelete
 2. nice poetry...vs's comment is also very good.

  ReplyDelete
 3. ഹൃദയത്തിൽ തൊടുന്നു ഈ വരികൾ..ആശംസകൾ..

  ReplyDelete
 4. ചങ്ങാതീ...,
  തിരഞ്ഞു നോക്കുന്നതെന്തിന്..അവന്‍ ഇത്ര തൊട്ടുനില്‍ക്കുമ്പോള്‍..!
  (ഈ വരികള്‍ ആരുമെന്തേ കാണാതെ പോയി:()

  ReplyDelete
 5. വി എസ്, കമെന്റിനും നന്ദി, എഴുത്തിനും നന്ദി
  കെ കെ എസ്, വായനയ്ക്ക് നന്ദി
  പകലേ, നന്ദി
  തണല്‍, അവനിന്നും, മറ്റു പലരെപ്പോലെ അടുത്തുണ്ട്. നന്ദി

  ReplyDelete