കുന്നിന്റെ മുകളില്‍
പള്ളിക്കാട്
വെളുത്ത പൂക്കളുണ്ട്
തിളങ്ങുന്ന വെയിലില്‍
തലയാട്ടി വിളിയ്ക്കുന്നു
കുന്നിനപ്പുറം
സ്വര്‍ണ്ണനിറത്തില്‍
കണ്ണെത്താക്കടല് പോലെ
പൊറ്റാള്‍പ്പാടം
കാറ്റാടികളുടെ ഒച്ചതാഴ്ത്തിയുള്ള
മൂളിച്ചയുണ്ട്
വെള്ളിയാഴ്ച്ചകളില്‍
ഉപ്പുപ്പമാരുടെ ആത്മാവുകള്‍
മുറുക്കിത്തുപ്പുന്ന
കാഞ്ഞിരച്ചോടുകള്‍
മരിക്കും മരിക്കും
എന്ന് കരഞ്ഞിരുന്ന
നുസുത്താത്ത
കണ്ടു കൊതിച്ചിട്ടുണ്ടാവും
അതാണ് നാസറാക്ക
തീകത്തിച്ച് വിട്ടപ്പോള്‍
താത്ത കുന്നിലേയ്ക്കോടിയത്
വാഴത്തോട്ടത്തിലൂടെ
പക്ഷെ തോട് കടന്നില്ല ..
രാത്രി
ഞാന്‍ കിനാകണ്ടു
തീപിടിച്ച താത്ത
പൊറ്റാള്‍ പാടത്തേയ്ക്ക് ഓടുന്നു
ചുവന്നനിറത്തില്‍
തീയാളുന്നു
കണ്ണെത്താദൂരം
പാടമെരിയുന്നു
ഒരുമ്പെട്ടോളേന്നലറുന്നു
നാസറാക്ക
ലോകരെ നോക്കി
തീയിനെക്കാള്‍ തിളക്കത്തില്‍
ചിരിയ്ക്കുന്നു ഇത്താത്ത
താത്തയുടെ കയ്യില്‍
ഒരു വാവക്കുട്ടി
അതിനെ മുമ്പ്
കണ്ടില്ലല്ലോ എന്നോര്‍ത്ത്
പൊള്ളിവിയര്‍ത്തു
നില്‍പ്പാണ് ഞാന്‍
1960കൾക്ക് ശേഷമുള്ള നീതീകരിക്കൽ പ്രതിസന്ധികൾ
1 week ago