Monday, May 18, 2009

വാക്കുകള്‍!

വെള്ളച്ചുമരുകള്‍
കാറ്റിലിളകും
ഇളംനീല തിരശ്ശീലകള്‍
അപരിചിത മണങ്ങള്‍

ഇന്നലെ രാത്രിയില്‍
അമ്മ സന്ദര്‍ശകമുറിയില്‍
വന്നിരുന്നു
പറയുന്നുണ്ടായിരുന്നു
പുഴയ്ക്കക്കരെയുള്ള പറമ്പില്‍
വീട് വയ്ക്കുന്നതിനെപ്പറ്റി

സ്വപ്നമേന്നോര്‍ക്കാതെ
എന്തോ ഞാന്‍ കരഞ്ഞുകൊണ്ടിരുന്നു

അമ്മ
ഞങ്ങളെ വിട്ട്
അവിടെ ഒറ്റയ്ക്ക്
താമസിക്കുമായിരുന്നിരിയ്ക്കണം

വിഷു പുലര്‍ന്നു
ആംബുലന്സില്‍ മടങ്ങുമ്പോള്‍
വഴിനീളെ
ഹൃദയം ആകാശങ്ങളിലേയ്ക്കുയര്‍ന്നു
ചിതറിക്കൊണ്ടിരുന്നു
നൂറു ചുവപ്പുവട്ടങ്ങളായി
പൊട്ടിത്തെറിച്ചുകൊണ്ടിരുന്നു
പെട്ടെന്നുള്ള ഒച്ചയില്‍
കിളിക്കരച്ചിലുകള്‍,
പിന്നെ ഏതെല്ലാമോ നിലവിളികള്‍
ഇരുട്ടില്‍ എങ്ങോട്ടെന്നില്ലാതെ
പാറിക്കൊണ്ടിരുന്നു

മുന്നോട്ടും പിന്നോട്ടും ഓടുന്ന
ഓര്‍മ്മകളുമായിരിക്കെ
മഴ പെയ്തു
എണ്ണത്തേങ്ങ കത്തുന്ന മണം,മഴയ്ക്ക് !

ആഹ്ലാദാരവങ്ങള്‍ക്കിടയില്‍
നിലവിളിപോലെ വണ്ടി മുന്നോട്ടുപോയി

ഉള്ളില്‍ മുട്ടിവിളിയ്ക്കുന്നതെന്തെന്നു
ഞാനറിഞ്ഞു

വാക്കുകള്‍!

അവ അനാഥരെപ്പോലെ
ഇടവഴികളില്‍
ഇരുള്‍മൂടിയ ഇടനാഴികളില്‍
ഏകാന്തരാത്രികളില്‍
അലയുകയായിരുന്നിരിയ്കണം

അമ്മയുടെയും മകന്റെയും
ഇടയില്‍
അവ ഒഴുകിയെത്താഞ്ഞ ദൂരങ്ങള്‍

പിന്നീടും പലസ്വപ്നങ്ങളില്‍
പലകുറി
അമ്മ വന്നുപോയത്‌
എന്തെന്ന് ഞാനറിയുന്നു

9 comments:

  1. ഇനീം ഡിലീറ്റിയാല്‍ അടി മേടിക്കും

    ReplyDelete
  2. അനാഥമാകാത്ത വാക്കുകള്‍ കൊണ്ടൊരു കഥ പറഞ്ഞിരിക്കുന്നു..
    അതി വാചാലതയെന്നു തോന്നുമെങ്കിലും,
    വിതയുള്ള കവിതയ്ക്ക് ആശംസകള്‍..

    ReplyDelete
  3. നല്ല ആശയം...ഇനിയും പല നാലുകളില്‍ സ്വപ്നങ്ങളില്‍ അമ്മ വരുമായിരിക്കാം...

    ReplyDelete
  4. ഓര്‍മ്മകളായ്‌ വാക്കുകള്‍.. അമ്മ വന്നുപോയത്‌
    എന്തെന്ന് ഞാനറിയുന്നു...

    ReplyDelete
  5. എണ്ണത്തേങ്ങ കത്തുന്ന മണമുള്ള മഴ, ദൈവമേ!!
    പൊറ്റാളിലെ ഇടവഴിയിലൂടെ നടക്കുമ്പോള്‍
    അറിയുന്നു, ജീവിതമെരിയുന്ന മണം.

    ReplyDelete
  6. വളരെ നന്നാകുന്നുണ്ട്‌...

    ReplyDelete
  7. കാല്‍വിന്‍ : ഹി ഹി
    ഫസലേ നന്ദി
    നല്ല കമന്റിനു നന്ദി ഹന്ലലത്
    ശിവ, പകല്‍ സന്തോഷം
    സെറീന, വളരെ നന്ദി
    വി എസ്, നന്ദീണ്ട്

    ReplyDelete
  8. വാക്കുകളൊരിക്കലും നിലക്കില്ല. നിന്നിലൂടെ ഭാക്കിവെച്ച വാക്കുകള്‍ അടര്‍ന്നുവീഴട്ടെ.

    ReplyDelete