പുഴ..
മണല്‍തിട്ടകള്‍ക്കിപ്പുറം കുറച്ചു വീതികൂടിയ ഒരു തോട് പോലെ ഒഴുകുന്ന ഒരു പുഴ.കൈയില്‍ ഇലയുമായി പടവുകളിറങ്ങുമ്പോള്‍ ഇളയിടത്തിന്റെ സഹായികള്‍ അടുത്ത ബാച്ചിനുള്ള പാത്രങ്ങളും എള്ളും പൂവുമൊക്കെ ഒരുക്കുന്നു.
ഭാരതപ്പുഴ.ആദ്യമാണിവിടെ.കുറ്റിപ്പുറം പാലത്തില്‍നിന്നു കാണുന്ന മെലിഞ്ഞുണങ്ങിയ ആ പുഴ തന്നെ.മണല്‍തിട്ടകള്‍പ്പുറം പച്ചപ്പുകള്‍.അല്‍പ്പം അകലത്തില്‍ രണ്ടു ദൈവസ്സന്നിധികള്‍.ബ്രഹ്മാവും ശിവനും.
ഇന്നാരുടെ സൃഷ്ടിയും സംഹാരവുമാണ് നടക്കുന്നത്.
എത്ര കാലം കൂടിയാണ്,ദൈവങ്ങളുമായോക്കെ ഒരു കൊടുക്കല്‍ വാങ്ങല്‍.നിത്യ പറഞ്ഞിരുന്നു.ഇന്നെങ്കിലും പ്ലീസ് യു സ്റ്റോപ്പ് തിങ്കിങ്ങ് ലൈക് ദാറ്റ്.അത് കഴിയുന്ന വരെയെങ്കിലും.ശരി.ആയിക്കോട്ടെ.ആത്മാവുകള്‍ സന്തോഷിക്കട്ടെ.ആളുകള്‍ തിരക്ക് കൂട്ടുന്നു.ബാധ്യതകള്‍ തീര്‍ക്കാനുള്ള തിരക്ക്.
എത്ര കാലമായിക്കാണും പുഴയിലൊക്കെ കുളിച്ചിട്ട്?
കാല്‍ തൊട്ടപ്പോഴാണ് വെള്ളത്തിന്റെ തണുപ്പറിഞ്ഞത്.പല്ലുകള്‍ കൂട്ടിയിടിച്ചു പോയി.ഇറങ്ങി.മണല്‍ച്ചാക്കുകള്‍ ഇട്ടിട്ടുണ്ട്.അവയില്‍ ചവിട്ടി നില്‍ക്കുമ്പോള്‍ കാലില്‍ ഒഴുക്കറിയുന്നു.തണുപ്പ്.ഇലയിലേയ്ക്ക് നോക്കി.പ്രാര്‍ത്ഥിയ്ക്കണോ.സന്ധ്യക്ക് നാമം ചൊല്ലാന്‍ പോലും പഠിപ്പിചിട്ടില്ലാത്ത അമ്മയാണ്.രാജേട്ടനും,അച്ചുമാമയുമൊക്കെ തിരിച്ചു കയറിത്തുടങ്ങി.ഇല പിന്നോട്ടെറിഞ്ഞ് മുങ്ങി.
വെള്ളത്തിനടിയില്‍ അതേ നിശ്ശബ്ദത.അതിനു മാത്രം മാറ്റമില്ല.ചെറിയ കലക്കമുണ്ട് വെള്ളത്തിന്.അമ്മേ,മനസ്സില്‍ വിളിച്ചു.കഴിഞ്ഞു.കാണിച്ചു കൂട്ടലുകള്‍ കഴിഞ്ഞു.
മുട്ടറ്റം വെള്ളത്തിലും ഒന്ന് നീന്താന്‍ തോന്നി.മലര്‍ന്ന്,തെളിഞ്ഞു കഴിഞ്ഞ മാനം നോക്കി നീന്തുകയും ചെയ്തു.കൊടുവായൂരില്‍ പുറത്തെ അമ്പലക്കുളത്തില്‍ നീന്തിയിരുന്നതോര്‍ത്തു.പടവുകളിലിരുന്നു നോക്കുന്ന അമ്മ.
അമ്മ്വോ ദീപാരാധന കഴിഞ്ഞിട്ട് പോയാല്‍ പോരെ?വാരരു ചോദിയ്ക്കും.
അവടെ തെച്ചിം കൂവളും ഒക്കെണ്ടല്ലോ,ഒന്ന് വന്നൂടെ വാരര്‍ക്ക്?മറുചോദ്യം കൊണ്ടൊരു ഉത്തരം.അതിനു മറുപടി കാക്കാതെ നടക്കും അമ്മ.
ആ വഴി തന്നാല്‍ വഴിപാടെന്തെങ്കിലും കഴിക്കാന്‍ പൈസ തരാരുന്നു.
അമ്പലമുറ്റത്താണു ഈ വര്‍ത്തമാനം.മുളച്ചീള് കൊണ്ട് ഉണ്ടാക്കിയ പടി കടക്കാന്‍ കൈ പിടിച്ചു തരുന്നു അമ്മ.
അച്ചുമാമ കൈ പിടിച്ചു തന്നു കയറാന്‍.തിരിച്ചാണ് വേണ്ടത്.
ന്നാ രാജാ വേഗായ്ക്കോട്ടേ..
അച്ചു മാമയ്ക്കെന്താ തിരക്ക്.മെയിലിനു പോവണം.സദ്യ കഴിഞ്ഞയുടന്‍.പറഞ്ഞിരുന്നു.നീതുവും കുട്ടിയും തനിയെയാണ്.അമ്മയെ അവസാനമായി കാണാന്‍ പറ്റിയില്ലെന്ന് പറഞ്ഞു കരഞ്ഞു അച്ചുമാമ വന്നപ്പോള്‍.അമ്മ മരിച്ചതിന്റെ രണ്ടു ദിവസം മുന്നെയാണ് അച്ചുമാമ തിരിച്ചു പോകാന്‍ തുടങ്ങിയത്.അമ്മയുടെ കണ്ടീഷന്‍ മനസ്സിലായില്ലെന്ന് വിചാരിച്ചു പിന്നാലെ ചെന്ന് ഒന്ന് കൂടി പറഞ്ഞു നോക്കി.
അതൊന്നും നിനക്കറിയില്ല എന്ന സ്ഥിരം മറുപടി.
വണ്ടിയിലേയ്ക്ക് നടക്കുമ്പോള്‍ ലതീഷ് പറഞ്ഞു."ഒന്ന് തൊഴാരുന്നു.."പാടുമോ ആവോ?നൂറ് ആചാരങ്ങള്‍!എങ്ങനെയാണ് ഈ ആളുകളൊക്കെ മാനേജ് ചെയ്യുന്നതാവോ?അച്ചുമാമയുടെയൊക്കെ കാലശേഷം ഇതൊക്കെ അറിയുന്ന ആരെങ്കിലും കാണുമോ എന്തോ? നനഞ്ഞ തുണിയുടെ അസ്വസ്ഥത.പതുക്കെ ആരെയും നോക്കാതെ നടന്നു.ആല്‍മരം.വര്‍ഷങ്ങളുടെ മന്ത്രോച്ചാരണങ്ങള്‍ കേട്ട് പൂതലിച്ച ശരീരം.ആത്മാവുകള്‍ വവ്വാലുകളായി വന്നു ഞാന്നു കിടക്കുന്ന മരങ്ങള്‍.അത്ഭുതഭാവന തന്നെ.ചെളിയില്‍ കാലു പുതഞ്ഞു.ഇപ്പോള്‍ ശരീരം മടങ്ങിയിരിയ്ക്കുന്നു,ആ പഴയ നാട്ടിന്‍പുറ രീതികളിലേയ്ക്ക്.എന്തും സഹ്യം.വന്നപ്പോള്‍ എരിവു വയ്യ,പുളി വയ്യ.പൈപ്പ് വെള്ളത്തില്‍ കുളിച്ചപ്പോള്‍ ചൊറിച്ചില്‍.എല്ലാം മാറി.ഇരുപതു ദിവസങ്ങള്‍.
രാജേട്ടന്‍ കരയുകയായിരുന്നു,വിളിച്ചപ്പോള്‍.ഒന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല.എന്താണ് പെട്ടെന്ന് എന്തായിരുന്നു ചിന്ത.ഫോണ്‍ നന്ദേട്ടനു കൊടുത്തപ്പോള്‍ ആണ് മനസ്സിലായത് കാര്യങ്ങള്‍.എന്തോ യാത്ര തുടങ്ങി,ഇവിടെ എത്തുന്ന വരെ,ഇവിടെ എത്തിക്കഴിഞ്ഞിട്ടും നല്ല കോണ്ഫിഡന്സ് ഉണ്ടായിരുന്നു.വേറാര്‍ക്കും ഒരുറപ്പുമില്ലായിരുന്നു.പുറമേ എന്ത് കാണിച്ചാലും ഉള്ളില്‍ എവിടെയോ നമ്മുടെയൊക്കെ യഥാര്‍ത്ഥ ചിന്തകള്‍,വ്യാകുലതകള്‍ ഒളിഞ്ഞിരിയ്ക്കും.എങ്ങനെയൊക്കെയാണ് അവ പുറത്തു വരുന്നത് എന്നറിയാനേ പറ്റില്ല.രാജിയെടത്തിയുടെ അടുത്ത് വര്‍ത്തമാനം പറയുമ്പോള്‍ പെട്ടെന്നാണ് കരച്ചില്‍ പൊട്ടിയത്.നിത്യ പോലും അമ്പരന്നു പോയി.ഓര്‍ത്തിരിയ്ക്കണം.എന്തൊക്കെയോ.തല ചെരിച്ചുള്ള നടത്തം.ഏത് പാതിരയ്ക്ക് കയറിച്ചെല്ലുംപോഴും കാത്തിരിയ്ക്കുന്ന വേവലാതി.എത്ര രാവിലെ പുറപ്പെട്ടു പോകുമ്പോഴും ചൂട് ചായയും പലഹാരവും ഒരുക്കി വെയ്ക്കുന്ന കരുതല്‍.ഇനിയാരുണ്ട്.വിളിയ്ക്കാന്‍ ആഴ്ച്ചകളായാലും പരാതിയില്ലാതെ സംസാരിച്ചു തുടങ്ങുന്ന മധുരം.ഇനിയാരുണ്ട് അങ്ങനെയൊക്കെ ചെയ്യാന്‍.അതാവും കരഞ്ഞത്.നന്ദി കേടോര്‍ത്ത്.അല്ലെങ്കില്‍ ഇനിയുണ്ടാകുന്ന ശൂന്യത,അതോര്‍ത്ത്.
ആശുപത്രിയിലെയ്ക്ക് പോവുമ്പോള്‍ അമ്മ പറഞ്ഞത്രേ ഞാന്‍ നടന്ന പോണേ.ഇനി കിടന്നാവും വരവ്.അമ്മയുടെ ബോധം രണ്ടാം ദിവസം തന്നെ പോയി.ഒറ്റക്കായപ്പോള്‍ രാജിയേട്ടത്തിയോടു ചോദിച്ചു.
അമ്മ ചോദിച്ച്വോ എന്ന്യൊക്കെ?
രാജി ഏട്ടത്തി ഒന്ന് നോക്കി,സന്തോഷിപ്പിയ്ക്കാന്‍ ഒന്നും പറയുക പതിവില്ല.
ല്ല്യ കുട്ടി,ഒരേ കരച്ചിലായിരുന്നു.വേദന്യോണ്ടേ...അച്ഛനെ ചോയ്‌ച്ച് രണ്ടു മൂന്നു പ്രാവശ്യം.പിന്നെ ബോധം പോയീലെ?
അവര്‍ തുണികള്‍ മടക്കാന്‍ തുടങ്ങി.
എന്ത് ധൈര്യള്ള ആളാ അമ്മ.മൂന്നോ നാലോ പ്രാവശ്യം അവര് ചോര എടുത്തില്ലേ,ഒരു കൂസലുല്ലാതെയല്ലേ അമ്മ നിന്ന് കൊടുത്തത്?
നിരാശ തോന്നി.ഒരൊറ്റ പ്രാവശ്യം ഒന്ന് മിണ്ടാന്‍,എന്തെങ്കിലും പറയാന്‍...
നിയന്ത്രണമില്ലാതെ കരച്ചില്‍ വന്നത് അമ്മയുടെ അലമാര തുറന്നപ്പോഴായിരുന്നു.അമ്മയുടെ ഹാന്റ്ബാഗില്‍ എന്റെയും രാജേട്ടന്റെയും,അമ്മുവിന്റെയും ഫോട്ടോകള്‍.പല പ്രായത്തിലുള്ളവ.ആല്‍ബത്തില്‍ നിന്നും,പഴയ ഐ ഡി കാര്‍ഡുകളില്‍ നിന്നും ഒക്കെ എടുത്തത്.കരഞ്ഞപ്പോള്‍ പിടിച്ചു നിന്ന അലമാരയുടെ വാതിലുകള്‍ ഇളകിക്കൊണ്ടിരുന്നു.നിത്യ ചേര്‍ന്നു നിന്നു.അടിച്ചു വാരുന്നയിടത്തു നിന്ന് രാജിയേടത്തി വേഗം പോയി.അവര്‍ കണ്ണുകള്‍ തുടയ്ക്കുന്നുണ്ടായിരുന്നു.മതിയാവോളം കരഞ്ഞു.ഓര്‍ക്കുന്തോറും ഭാരം കൂടിക്കൂടി വരുന്നു.മുറിയില്‍ പോവണം.എല്ലാവരും ഇരിപ്പുണ്ട് ഹാളില്‍.കാണാതെ എങ്ങനെ പോവും.നിത്യയും കരയുന്നു.കുറെ നേരം അവിടെത്തന്നെ നിന്നു.
ഭക്ഷണം വിളമ്പുന്ന തിരക്കാണിനി.ഹാളില്‍ തന്നെ മേശയിടാം എന്നത് രാജേട്ടന്റെ ഐഡിയ ആയിരുന്നു.മെല്ലെ മുറിയിലേയ്ക്ക് പോയി.
നിത്യ വന്നു വിളിച്ചു,ഊണ് കഴിയ്ക്കാന്‍.വിശപ്പില്ല,പിന്നെക്കഴിയ്ക്കാം എന്നൊക്കെ പറഞ്ഞുനോക്കി.എല്ലാവരുമില്ലേ,ഒരുമിച്ചിരിയ്ക്കാനാണ്.ചിരിച്ചു.താഴെ നിന്നും ചിരി കേള്‍ക്കാം.കൊള്ളാം.ഇതും ആഘോഷം.മരിച്ചവരെപ്പറ്റി എന്തോര്‍ക്കാന്‍?എല്ലാവര്ക്കും ഒന്ന് കൂടണം.രാജേട്ടന്റെ മുറിയില്‍ തിരക്കായിരിയ്ക്കും.അവിടെ പോയാല്‍ കുറച്ചു കഴിയ്ക്കാം.ഒരു രണ്ടു പെഗ്.നിത്യ സമ്മതിച്ചില്ല.
അച്ഛനെവിടെയെന്നു ചോദിച്ചു.അങ്ങനെയും ഒരാളുണ്ടല്ലോ.താഴെ ഹാളിലും,ഉമ്മറത്തും കണ്ടില്ല.ഉണ്ട്,മതിലരികില്‍ സിഗരറ്റ് പുക ഊതിവിടുന്നു.ഈ എരിച്ചിലില്ലാതെ അച്ഛനെ കണ്ടിട്ടുണ്ടോ.ഓര്‍മ്മയിലില്ല.അടുത്ത് ചെന്ന് നിന്നു.
ഊണ് കഴിയ്ക്കെണ്ടേ?
അവരൊക്കെ കഴിക്കട്ടെ.
തെങ്ങിന്‍ തോപ്പുകളിലൂടെ ശരവേഗത്തില്‍ പോകുന്ന രണ്ടാളുകള്,കാണാന്‍ കഴിയുന്നുണ്ട്‍.അവരില്‍ ഇനി ഒരാളെയുള്ളു.നിലയ്ക്കാത്ത ചര്‍ച്ചകള്‍,മല്‍സരിച്ചുള്ള വായന.ഒഴിഞ്ഞ ചായക്കപ്പുകള്‍.സമരപ്പന്തലുകള്‍.അച്ഛനെന്താ ജോലി എന്ന് ക്ലാസ്സില്‍ ചോദിച്ചപ്പോള്‍ അമ്മു പറഞ്ഞത്രേ,പണ്ട്,"സമരം ചെയ്യല്‍".സമരം എല്ലാറ്റിനൊടും.ആ ഒരു കാര്യത്തില്‍ രണ്ടാളും തമ്മില്‍ എന്തൊരു ഐക്യം.അതിലെന്നല്ല എന്തിലും.
ഇനിയെന്ത് ചോദിയ്ക്കും.അവിടെത്തന്നെ നിന്നു.അടുത്ത് ചേര്‍ന്ന് നില്‍ക്കണോ?തോളില്‍ ഒന്ന് കയ്യിടണോ?വല്ലാത്ത നിസ്സഹായത തോന്നി.എന്താണ് ആ മുഖത്ത്?ദുഃഖം?
നീ നടന്നോ,ഞാന്‍ വരാം.
അച്ഛന്‍ തന്നെ വഴി പറഞ്ഞു തന്നു,രക്ഷപ്പെടാന്‍.മനസ്സ് വായിച്ചിരിയ്ക്കുന്നു.
അച്ഛന്‍ വരൂ.നിര്‍ബന്ധിച്ചു നോക്കി.
ഞാന്‍ വന്നോളാം.അപേക്ഷ പോലെ തോന്നി.തിരികെ പോന്നു.
നിത്യ കാണിച്ചു തന്ന സീറ്റിലിരുന്നു.വേഗം എണീയ്ക്കണം.ലതീഷും,രാജേട്ടനും രഘുവും ഒരു പായസം കുടി മത്സരത്തിനുള്ള പുറപ്പാടാണ്.പ്രോല്സാഹിപ്പിയ്കാന്‍ എത്ര ആളുകള്‍.കൊള്ളാം.ആഘോഷിയ്ക്കിന്‍.ഇങ്ങോട്ടാരും ശ്രദ്ധിയ്ക്കാതിരുന്നാല്‍ മതി.മെയിലിനു പോകേണ്ട ആള്‍,ഇരിപ്പുണ്ട്..,സാമ്പാര്‍ അന്വേഷിയ്ക്കുകയാണ്.
മുറിയിലെത്തി കിടന്നു.
ആശുപത്രിയിലെ ദിവസങ്ങള്‍ പല രീതിയിലും ദുസ്സഹമായിരുന്നു.നമ്മുടെ ദുഃഖങ്ങള്‍ പോരാത്തതിന് ഇടതും വലതും ഇരുന്നു പരാതിയും സങ്കടവും പങ്കുവയ്ക്കുന്ന ഒരു കൂട്ടം ആളുകള്‍.മനുഷ്യന്‍ അത്ര നിസ്സഹായന്‍ എന്ന് തോന്നി.വരാന്തയിലോ,ഗ്ലാസ്സ് ഡോറുകള്‍ക്ക്,ഇളം നീല തിരശ്ശീലകള്‍ക്ക് പിന്നിലോ അറിയാം,ഒരുദൃശ്യ സാന്നിധ്യം.ഒരു ചെറിയ കാറ്റടിയ്ക്കുമ്പോള്‍ നിറയുന്ന ഒരു അപരിചിത മണം.ഉറക്കമില്ലാതെ രാത്രികള്‍.ഉറങ്ങിയപ്പോള്‍ സ്വപ്നങ്ങള്‍.സ്വപ്നത്തില്‍ അമ്മ അരികില്‍ വന്നിരിയ്ക്കുന്നു.ഒരിയ്ക്കലും പറയാത്ത പരാതികള്‍ പറയുന്നു.കാലില്‍ നിന്ന് അരിച്ചു കയറുന്ന തണുപ്പിനെപ്പറ്റി പറയുന്നു.ഞാന്‍ കരഞ്ഞുകൊണ്ടേയിരുന്നു.ഞെട്ടിയുണര്‍ന്നപ്പോള്‍ നിത്യ മുന്നില്‍.അവളില്ലെങ്കില്‍ എന്ത് ചെയ്യും.അവളുടെ തോളില്‍ ചാഞ്ഞിരുന്നു കരഞ്ഞു.അവള്‍ കരഞ്ഞപ്പോള്‍ നീയെന്തിനു കരയണം പെണ്ണേ എന്നാണോര്‍ത്തത്.അത്ഭുതം തോന്നി.എത്ര ദിവസത്തെ പരിചയമുണ്ട് നിനക്ക്,കല്യാണം കഴിഞ്ഞ് കഷ്ടി രണ്ടാഴ്ചയാണ് വീട്ടിലുണ്ടായത്.അപ്പോഴേയ്ക്കും തിരിച്ചു പറക്കേണ്ടി വന്നു.എപ്പോഴെങ്കിലും നടക്കാന്‍ പോവുമ്പോഴോ,ഉറങ്ങാന്‍ കിടക്കുമ്പോഴോ അവള്‍ അമ്മയുടെ വിശേഷങ്ങള്‍ പറയാന്‍ തുടങ്ങും.അമ്മ വിളിച്ചു,ഇത് പറഞ്ഞു അത് പറഞ്ഞു..സ്ഥിരപരിചയക്കാരെപ്പറ്റി പറയുന്ന പോലെ.
ഉറങ്ങിപ്പോയി.സ്വപ്നങ്ങള്‍ക്കവസാനമുണ്ടോ?എന്തോ കണ്ടുകൊണ്ട് തന്നെ ഉണരുകയും ചെയ്തു.ഉണര്‍ന്നപ്പോള്‍ താഴെ പൊട്ടിച്ചിരികള്‍.ബഹളം.
ഇറങ്ങിപ്പോയിനെടാ പട്ടികളെ.
വല്ലാത്ത ദേഷ്യം,സങ്കടം.
നിത്യ വന്നു.ആഘോഷസംഘം പിരിയുന്നു.സന്തോഷം.ഇനി യാത്രയയയ്ക്കണം.ചെന്ന് നിന്ന് കൊടുത്തു.ലതീഷിന്റെ വക ഫോട്ടോ എടുപ്പും ഉണ്ടോ?പലരും അച്ഛനെ തൊടുന്നു, തലോടുന്നു.നല്ല വാക്കുകള്‍ പറയുന്നു.അച്ഛനെ കെട്ടിപ്പിടിച്ചു കരയുന്നു.അച്ഛന്‍ കരയാത്തതിന്റെ നിരാശയില്ലേ പലര്‍ക്കും.അച്ഛന്‍ ചിലപ്പോഴൊക്കെ വിതുമ്പി.ശരിയ്ക്കും കരഞ്ഞത് അവസാനം.അത് ആദ്യവസാനം സഹായത്തിനു നിന്ന അയ്യപ്പേട്ടന്‍ വിങ്ങുന്നത് കണ്ടപ്പോള്‍.അമ്മയുടെ വലംകയ്യായിരുന്നു.അമ്മ നടന്ന വഴികളിലൊക്കെ നടന്ന ഒരാള്‍.പോസ്റ്ററെഴുതാനും,മുദ്രാവാക്യം എറ്റുചൊല്ലാനും ഒപ്പം പോയ ആള്‍.അയാള്‍ മാറിനില്‍ക്കുകയായിരുന്നു അത്രയും സമയം.യാത്ര പറയാന്‍ അടുത്ത് വന്നു.
മോന്‍ അധികണ്ടോ
ഇല്ല
കുറെ നേരം രണ്ടു പേരും മൌനം.
നല്ലോരോക്കെ പോയി,അയാള്‍ ഇരുള്‍ പരക്കുന്ന ഇടവഴിയിലേയ്ക്ക് നോക്കി.
ഞ്ഞിപ്പോ എപ്പളാ
അടുത്ത് വരും,അച്ഛനെ കൊണ്ടോവണം
നന്നായി
അയാള്‍ കരയുന്നുണ്ടോ,ഇപ്പോഴും?ഇല്ല,പക്ഷെ കനത്ത മുഖം.ഇനി യാത്രയില്ല എന്ന് പറഞ്ഞു അയാള്‍ നടന്നു.പടിയിറങ്ങുമ്പോള്‍ ഒരു വട്ടം തിരിഞ്ഞ് അച്ഛനെ നോക്കി.
ബഹളമൊതുങ്ങി.ഞങ്ങള്‍ വീട്ടുകാര്‍ മാത്രമായി.അമ്മയുടെ ഫോട്ടോയുടെ മുന്നില്‍ നിന്ന് കുറെ നേരം.എന്തൊരു നിശ്ശബ്ദത.അച്ഛന്‍ കിടക്കുകയാണ്.അമ്മു അടുത്ത് വന്നു നിന്നു.
ഫോട്ടോ നന്നായി ഇല്ലെടാ?
ഉം..
ഫോട്ടോയ്ക്ക് പോസ് ചെയ്യാത്ത അമ്മയാണ്.ഏതോ കല്യാണ ഫോട്ടോയില്‍ നിന്നാണ് ഇത് അറേഞ്ച് ചെയ്തത്.നന്നായിരിയ്ക്കുന്നു.അമ്മയുടെ ചിരി,ഇനി ഇതില്‍ മാത്രം.
പകല്‍ അവസാനിയ്ക്കുന്നു.പലതും അവസാനിയ്ക്കുന്നു.ഓര്‍മ്മകള്‍..അവയ്ക്ക് മരണമില്ലെന്ന് നന്നായറിയാം.
രാത്രി അമ്മു പുറപ്പെടാനൊരുങ്ങി.അവള്‍ക്കു മറ്റന്നാള്‍ പറക്കണം.അച്ചന്‍ ഇത്തവണയും കരഞ്ഞു.നിയന്ത്രണമില്ല്ലാതെ.സ്വതവേ ധൈര്യം കാണിയ്ക്കുന്ന അവളും.
ഞാന്‍ വരും അച്ഛാ.കരച്ചിലിനിടയിലും അവള്‍ പറയുന്നുണ്ടായിരുന്നു.
അവള്‍ കെട്ടിപ്പിടിച്ചു.ഞാനും കരഞ്ഞു.അവള്‍ അടുത്ത ഒരു സിറ്റിയിലായിരുന്നു താമസിച്ചിരുന്നത്,രമേഷുമായി പിരിഞ്ഞതിനു ശേഷം.ഒന്നു രണ്ടു മണിക്കൂര്‍ നേരത്തെ ഡ്രൈവ്.അവളെ ചെന്ന് കാണണം ഇപ്പ്രാവശ്യം.അത് പറയുകയും ചെയ്തു.അപ്പോള്‍ മാത്രം അവള്‍ പഴയ പോലെ കുസൃതിച്ചിരി ചിരിച്ചു.
നിയ്യ് വര്വോ?
വരും
അമ്മു പോയി.അച്ഛന്‍ ചാരുകസേരയില്‍ കിടക്കുന്നു.രാജേട്ടന്‍ ചെമ്പകത്തിന്റെ അടുത്തേയ്ക്ക് മാറി നിന്നു ഒരു സിഗരട്ട് കത്തിച്ചു.വഴിയില്‍ നിലാവ് നിറഞ്ഞു.എന്തോ ഓര്‍ത്ത് ഞാന്‍ കുറച്ചുനേരം അവിടെത്തന്നെ നിന്നു.തെങ്ങിന്‍തോട്ടങ്ങള്‍ക്ക് നടുവിലെ വീടിനു മേലേയ്ക്കു നിലാവ് ആരോ കോരിയൊഴിയ്ക്കുന്നപോലെ തോന്നി.
ആണവയുദ്ധവും ഉക്രെയ്നും
2 days ago
മരണം പിന്നെ അതു വരുത്തുന്ന ശൂന്യത
ReplyDeleteവാക്കുകള്‍ കൊണ്ട് ഒതുക്കാനോ വരക്കാനൊ വയ്യതാകുന്ന നിമിഷങ്ങള്‍ ഓര്‍മ്മകള്‍ ..
അതിവിടെ ഒട്ടും തന്നെ ഗൗരവം വിടാതെ പകര്‍ത്തി.
ആ ചുറ്റുപാട് അനുഭവിപ്പിക്കുന്ന രീതിയില്‍ പറഞ്ഞു വച്ചു ..
കഥ എന്ന് തോന്നിയില്ല, ജീവിതത്തില്‍ ഒരിക്കെലെങ്കിലും ഏവരും കടക്കും ഈ ഒരു ദിവസം പിന്നെ അതേ ചുറ്റി ജീവിതം മുഴുവന്‍ കൂടെ വരുന്ന ഓര്മ്മകള്‍ ...
'അമ്മയുടെ തരിച്ചു പോക്ക്' എന്നും അവിടെ ഒരു ശൂന്യത മാത്രം ബാക്കിയാക്കും....
പിന്നെ ഒതുക്ക് കല്ലുകയറി എത്തുമ്പോള്‍ പുഞ്ചിരിക്കുന്ന അമ്മയുടെ മുഖമില്ല...
"ങാ നീ എത്തിയോ'എന്ന കുശലമില്ല ........
അതെ സ്നേഹമെല്ലാം ഒഴുക്കി കൊണ്ട് തന്നെ
വേഗത്തില്‍ ഒഴുകിപ്പോകുന്ന പുഴകള്‍ ......
ആ ചിരി ഫോട്ടോയില്‍ മാത്രം
ReplyDeleteആ ഭാഗത്ത് കുറച്ചു നേരം ഞാന്‍ തങ്ങി നിന്നു
വിശ്വാസി ആയാലും അവിശ്വാസി ആയാലും അമ്മമാരോളം കരുതല്‍ ദൈവത്തിനു കൂടിയില്ല എന്നു ചിലപ്പോഴൊക്കെ തോന്നാറുണ്ട്.
ReplyDeleteവായിക്കാന്‍ മാധവിക്കുട്ടിയെ തെരഞ്ഞപ്പോള്‍ കിട്ടിയത് ‘ചന്ദനച്ചിത’.ഇപ്പോള്‍ ഇതും.ഇന്നത്തേക്കിനായി.
നന്നായി എഴുതി..
ReplyDeleteപാലക്കാട്ടുകാരനാണോ? കൊടുവായൂര്‍ അടുത്താണ് എന്റെ നാട്
മാണിക്ക്യം നീണ്ട കമന്റിനു നന്ദി.
ReplyDeleteഷൈജു, ഇത്ര വരെ വന്നതിനു സന്തോഷം,സ്നേഹം.
ലേഖ വളരെ നന്ദി.അയ്യോ,അവ രണ്ടും എങ്ങനെ ചേര്‍ത്തുവയ്ക്കും?ലേഖയുടെ കഥ ഞാനും വായിച്ചിരുന്നു. കമന്റ് അടച്ചതുകൊണ്ട് ഒന്നിടാന്‍ പറ്റിയില്ല.
ജയേഷേ വളരെ നന്ദി.സ്ഥിരായിട്ടു കാണുന്നതിന്റെ സന്തോഷം!
I too visited your idavazhi
ReplyDelete