Sunday, June 14, 2009

ഒറ്റയ്ക്ക് ഒരു വീട്,ഒറ്റയ്ക്ക് ഒരാള്‍

1

ഇരുളിലൂടെ
നേര്‍ത്ത നൂലുകള്‍പോലെ
വെട്ടമിറങ്ങി വരുന്ന
ഒരു സ്വപ്നം

തെളിഞ്ഞു വരുന്ന
പായല്‍ പിടിച്ച പടവുകള്‍

സപ്പോട്ടകളുടെ നിഴലില്‍
മറഞ്ഞ്,ഒരു വീട് ..

2

ഓര്‍ക്കാറുണ്ടോ?
പല നേരങ്ങളില്‍
നമ്മള്‍ പുറപ്പെട്ടു പോയ
യാത്രകള്‍..

തിരിഞ്ഞു നോക്കുമ്പോള്‍
പച്ചപ്പുകള്‍ക്കിടയില്‍,വീട്
ഒറ്റയ്ക്ക്..

ഓര്‍മ്മയിലില്ലാത്ത യാത്രകളെന്നു
പറഞ്ഞു ഏട്ടന്‍ ചിരിയ്ക്കുന്നു

നിനക്ക് ഓര്‍മ്മകളെ
ഇഷ്ടമല്ലെന്ന് പറഞ്ഞു ഞാനും കളിയാക്കുന്നു

വലിയ ജനാലകളും,വെള്ളപ്പൂക്കളുള്ള തോട്ടവും
ഇങ്ങീ നഗരത്തിലും കിനാക്കളെ നിറയ്ക്കുന്നു
എന്ന് പറയുമ്പോള്‍
അനിയത്തിയും ചിരിയ്ക്കുന്നു

3

അമ്മ തിരിച്ചെത്താത്ത രാത്രികളില്‍
വലിയ ഇടനാഴിയില്‍
ഓരോ അനക്കത്തിനും
വിറച്ച് വിറച്ചു ഉറക്കമൊഴിഞ്ഞത്

ജാലകങ്ങള്‍ക്കപ്പുറം
പുല്ലാനികള്‍ക്കിടയില്‍
അച്ഛന്റെ നിഴല്‍
പുകച്ചുരുളുകള്‍
അതിന്റെ കുത്തുന്ന മണം
ചോന്ന പെയിന്റുള്ള ടീപ്പോയികള്‍..

എല്ലാ ഓര്‍മ്മകളും എനിയ്ക്ക് മാത്രമെന്ന്‍..

4

മറന്നു വച്ച
പഴയ കാന്‍വാസ്സുകളില്‍
വരച്ചെടുക്കുന്നു
ഞാന്‍,ഒരു വീടിനെ

അതെന്നോടൊപ്പം
ഉണ്ട്,തെരുവുകളില്‍
ഇടനാഴികളില്‍

എന്റെ ഉറക്കങ്ങളില്‍
അതുണര്‍ന്നിരിയ്ക്കുന്നു

സ്വയം
കണ്ണാടികളെത്തിളക്കുകയും
വള്ളിച്ചെടികള്‍ പടര്ത്തുകയും
തിരശ്ശീലകള്‍ മാറ്റിയിടുകയും
ചെയ്യുന്നു
വിചിത്ര ജീവികള്‍ക്കായി
രാത്രികളില്‍
വാതിലുകള്‍ തുറക്കുന്നു

5

എപ്പോഴൊക്കെയോ
അതിന്റെ
അകത്തേയ്ക്ക് ചെരിഞ്ഞു
പെയ്യുന്ന മഴപോലെ
ഞാന്‍ ഊര്ന്നിറങ്ങുകയാണ്

ആരുമില്ലാത്ത
ഇടനാഴികളില്‍ ഓടി
നടക്കുകയാണ്
മിട്ടായിപ്പാത്രങ്ങള്‍
പരതുകയാണ്‌

6

ഇവിടെ ഓരോ ഇലയനക്കവും
കിളിമൊഴിയും
എന്തിന്‌ തൊടിയിലെ
മണമില്ലാ പൂവുംവരെ
ഏതോ പ്രിയപ്പെട്ട പാട്ടിലെ
ആര്‍ദ്ര സ്വരംപോലെ
കരളിനെ കളിപ്പന്തു തട്ടുന്നുത്
എനിയ്ക്ക് വേണ്ടി,ഞാനറിയാന്‍ വേണ്ടി
മാത്രമാണെന്ന്..

ഇലയില്‍ കാറ്ററിയാതെ
തങ്ങി നിന്നൊരു
നീര്‍ത്തുള്ളി പോലെ
ഇനിയൊരു പതറിച്ച വരെ
ഞാനങ്ങനെ
നില്‍ക്കാന്‍ പോകയാണെന്ന്..

11 comments:

  1. എവിടെയോ കുട്ടികാലത്തെ ഗ്രാമം എന്റെ മനസ്സിന്റെ പടിവാതലിൽ എത്തി

    ReplyDelete
  2. മിട്ടായിപ്പാത്രങ്ങള്‍
    പരതുകയാണ്‌
    :)

    ReplyDelete
  3. നല്ല ഹൃദ്യമായ കവിത...
    ആശംസകള്‍...*

    ReplyDelete
  4. u are touching me in several ways that u may never knw/

    luv
    Aneesh

    ReplyDelete
  5. ഒരുപാട് കഥകള്‍ പറയുന്ന കവിത.

    ReplyDelete
  6. ഈ വീട്ടില്‍ നിന്ന് ഞാനെങ്ങനെ
    ഒന്ന് പുറത്തിറങ്ങും?

    ReplyDelete
  7. “ഇലയില്‍ കാറ്ററിയാതെ
    തങ്ങി നിന്നൊരു
    നീര്‍ത്തുള്ളി പോലെ
    ഇനിയൊരു പതറിച്ച വരെ
    ഞാനങ്ങനെ
    നില്‍ക്കാന്‍ പോകയാണെന്ന്“

    എവിടെ നിന്ന്‌ വായിച്ചാലും ഞാനിവിടെ എത്തിയാല്‍ തണുത്തുപോവുന്നു. നിനക്കൊരു ഉമ്മാ‍ാ :)

    ReplyDelete
  8. ഞാന്‍ പറയാന്‍ ആഗ്രഹിച്ചത്‌ എന്നെ വായിച്ചുകൊണ്ടെയിരിക്കുന്നത്‌

    ReplyDelete
  9. നന്ദി ജുനൈത്!
    അനൂപ്‌, സന്തോഷം
    ജ്യോനവന്‍, അതെ.., നന്ദി
    ശ്രീ, നന്ദി
    അനീഷ്‌, തൊടാതെ , പിന്നെ എങ്ങനെ?
    നന്ദി, തറവാടി
    ഇറങ്ങാന്‍ കഴിയില്ലല്ലോ , കഴിയുന്നില്ലല്ലോ സെറീനാ..
    നീ മുന്നേ പറഞ്ഞതാ എന്നാലും, നന്ദി, ഞാന്‍ ആദ്യം എഴുതിയ വരി തന്നെ അതായിരുന്നു....
    ജയേഷേ, നന്ദി, poemhunter-ല്‍ കണ്ടു നിന്റെ ഇംഗ്ലീഷ് കവിതകള്‍ , നന്നായി
    ക്യു, നന്ദി
    മഹി, നന്ദി, ഇതേ ഫീലിങ്ങ്സ്‌ ഉണ്ടോ മഹിയ്ക്കും ?

    ReplyDelete