Tuesday, August 18, 2009

നൊസ്സ്

ഇപ്പളൊന്നുമല്ല,പണ്ട്

ഒരു ദിവസം
ഉപ്പാപ്പയും കുട്ടിം നടക്കാന്‍ പോയി

"നൊസ്സന്റൊപ്പം ന്തിനെ കുട്ടീനെ വിട്ട്?"
അത്തറ് മണമുള്ള വല്യമ്മായി ചോദിക്കണ കേട്ടു

കുറെ നടന്നു രണ്ടാളും
കുന്നിന്റെ ചോടെത്തി
ഉപ്പാപ്പ മടിക്കുത്ത്‌ന്ന്‍
പത്തു വിത്തെടുത്ത് പാടത്തെറിഞ്ഞു
പത്തു വിത്തെടുത്ത് കരയ്ക്കെറിഞ്ഞു
കണ്ണെത്താ ദൂരം
പച്ചത്തുമ്പുകള്‍ പൊടിയ്ക്കുന്നത്
കണ്ടു കുട്ടി

ഉപ്പാപ്പ ഊതിപ്പറത്തിയ
അപ്പൂപ്പന്താടിയില്‍നിന്ന് പൂമ്പാറ്റകള്‍..
മാനത്തെയ്ക്കെറിഞ്ഞ
വെള്ളത്തൂവലില്‍നിന്ന് കൊറ്റികള്‍..

കുട്ടിയ്ക്കല്ഭുതം
"ഇന്നിം പടിപ്പിയ്ക്കി ഉപ്പാപ്പാ"
കുട്ടി കെഞ്ചി,ഓന്റെ കണ്ണില്‍ മഴവില്ല്!

"അന്റിം കാലം വരും"
ഉപ്പാപ്പ അത് പറഞ്ഞപ്പോ
പൊന്നും നിറത്തില്‍
മാനവും മണ്ണും തിളങ്ങി
വിരത്തുമ്പില്‍ പിടിച്ചു നോക്കിനിന്നു കുട്ടി

പിന്നെ
സൂര്യന്‍ മറഞ്ഞ് ഇരുട്ടായി

ഇരുട്ടത്തും മിന്നാമിന്നി പോലെ
ഉപ്പാപ്പാന്റെ കണ്ണുകള്‍..
കുട്ടി ചോട് പറ്റി നടന്നു

കാലവും കൊറ്റികളെപ്പോലെ
പാറിപ്പോയ്ക്കൊണ്ടിരുന്നു

കണ്ണില്‍ മഴവില്ലുള്ളവന്‍
വളര്‍ന്നുവളഞ്ഞ് ഉപ്പാപ്പയായി

അന്നും അത്തറ് പൂശിയ
ആളുകള് പറഞ്ഞു,"ഓന് നൊസ്സാ.."

പിന്നെയും
ഒരു ദിവസം
ഒരു ഉപ്പാപ്പയും കുട്ടിം നടക്കാന്‍ പോയി...

8 comments:

  1. വ്യത്യസ്തമായ വരികൾ.

    ReplyDelete
  2. ഗംഭീരം.
    ഓർമ്മകൾ കാടുകയറുന്നു.
    നന്ദി സുഹ്രുത്തേ

    ReplyDelete
  3. നല്ല വരികള്‍...നല്ല ആഴം...

    ReplyDelete
  4. കുഞ്ഞു കുഞ്ഞു വരികള്‍..
    നല്ല നല്ല വാക്കുകള്‍..
    വല്ല്യ വല്ല്യ അര്‍ത്ഥങ്ങള്‍...

    ReplyDelete
  5. kurachu naalaayi ingane oru kavitha vayichittu

    ReplyDelete
  6. ee kavithayanu innathe kavitha ... onnum pattanilla ... may I keep it in my mind forever...

    ReplyDelete
  7. കമന്റ്‌- കള്‍ക്ക് നന്ദി, എല്ലാവര്ക്കും !

    ReplyDelete