Sunday, October 18, 2009

താക്കോല്‍

ചെറിയമ്മയുടെ യാത്രകള്‍ അവസാനിച്ചിട്ടു കൊല്ലം പത്തിരുപതായിക്കാണും.എന്നാലും ബന്ധുവീടുകളുടെ ഭൂമിശാസ്ത്രം നല്ല പിടിയാണ്.അമ്മയ്ക്കുമുണ്ട്‌ ആ ഒരു കഴിവ്.ഇതൊക്കെയാണ് വലിയ ഗേറ്റിനു മുന്നില്‍ നടന്നെത്തി നില്‍ക്കുമ്പോള്‍ ഓര്‍ത്ത്‌കൊണ്ടിരുന്നത്.പഴയ ഗേറ്റ്.പുല്ല് നിറഞ്ഞ വീതിയുള്ള വഴി.പെട്ടെന്ന് വേറെ ഏതോ ലോകത്തെത്തിയപോലെ തോന്നി.വലിയ ഒരു പുളി മരം.കൊമ്പ്കൊമ്പായി പടര്‍ന്നു നില്‍ക്കുന്നു.കാവ്.അമ്മമ്മയുടെ വീട്ടിലുള്ള കാവൊന്നും ഒന്നുമല്ല.ചെറിയമ്മ കുറെ വിവരിച്ചിരുന്നു.വയസ്സന്‍ മരങ്ങള്‍.പതിനെട്ടാം വയസ്സില്‍ അമ്മ പടികടന്നു വന്നത് ഈ വഴിയാണ്.അങ്ങനെയും ഒന്നുണ്ടല്ലോ.

എന്തൊരു നിശ്ശബ്ദത.

കയറിച്ചെല്ലുമ്പോള്‍ വല്യച്ഛന്‍ ഉമ്മറത്തിരിയ്ക്കുന്നു.പത്രവായനയിലാണ്.വരാന്തയിലേയ്ക്കു വെയില്‍ കയറി വാതില്‍പ്പടിവരെ എത്തിയിട്ടുണ്ട്.

ഹ!അമ്മൂ ആരാ വന്നെന്നു നോക്കിയെ.
ദാ വരണു

അകത്തുനിന്ന് അമ്മുവമ്മയുടെ സ്വരം.വല്യച്ഛന്‍ സൂക്ഷിച്ചു നോക്കുകയാണ്......ല്‍ പോകുന്നതിനും മുമ്പേ ഏതോ കല്യാണത്തിനു കണ്ടതാണ്.എത്ര മാറിയിട്ടുണ്ടാകും.എന്നാലും തിരിച്ചറിഞ്ഞല്ലോ.സന്തോഷം.അമ്മുവമ്മ വളഞ്ഞു റ പോലെയായിട്ടുണ്ട്.നിറഞ്ഞ ചിരിയോടെയാണ് സ്വീകരണം.

ഓ നിതിനോ,നിയ്യെന്നെ വന്നു.
പതിനാലിന്.
വഴിയൊക്കെ ബുദ്ധിമുട്ടായോ
ല്ല്യ അമ്മേം ചെറിയമ്മേം ക്കെ പറഞ്ഞു തന്നിരുന്നു
അവള്‍ പുറത്തൊന്നും പൂവില്ലെങ്കിലും ക്കെ അറിയാം.നന്നായി.ഞാന്‍ പെട്ടെന്ന് ചായിണ്ടാക്കട്ടെ,നെനക്ക്

കൊണ്ട് വന്ന പൊതി കയ്യില്‍ കൊടുത്തു.

ദെന്താത്
അമ്മ തന്നയച്ചതാ,ഉണ്ണിയപ്പം.
അയ്യോ ഓള്‍ടെ ഒരു കാര്യം.ഞങ്ങള്‍ക്കിതൊക്കെ തിന്നണ്ട പ്രായാണോ കുട്ട്യേ
നിങ്ങള്‍ക്ക് ചായ വേണോ.വല്യച്ഛന്‍ പത്രത്തില്‍ നിന്ന് തലയുയര്‍ത്തി നോക്കി.സൂക്ഷിച്ചു നോക്കുന്നു.
നിതിനാ തങ്കമ്മുവിന്റെ..
ആ!ഞാന്‍ വിചാരിയ്ക്കേ..നിന്റെ കോളേജ് ഒക്കെ കഴിഞ്ഞോ?
ഉവ്വ്‌
ജോല്യായോ?
അത്.....ല്‍ ആണ്.
അത്യോ നന്നായി.നമ്മടെ ശാന്തയുടെ അടുത്താണോ?അവരുടെ അടുത്ത് പൊയ്യിരുന്നോ നിയ്യ്‌?
പോയിരുന്നു.
എത്ര കാലായി അവര്യൊക്കെ കണ്ടിട്ട്.വല്യച്ഛന്‍ എണീറ്റു.ക്ഷീണം ഒന്ന് കെടക്കട്ടെ..

കണ്ണും കാതുമൊക്കെ ഒക്കെ കുറച്ചു കൊറവാ.അമ്മുവമ്മ അകത്തേയ്ക്കു നടക്കുമ്പോള്‍ പറഞ്ഞു.ഇരുളടഞ്ഞ ഇടുങ്ങിയ ഇടനാഴി.പണ്ടത്തെ കെട്ടും മട്ടും തന്നെ.അല്ലെങ്കിലും എന്ത് മാറാനാണ്.രണ്ടു വയസ്സന്മാരല്ലേയുള്ളൂ.

ഇപ്പൊ നല്ല മറവീയൂണ്ട്

അമ്മുവമ്മ.ഇത്ര നല്ല വിളിപ്പേര്‍ ആര്‍ക്കുണ്ടാകും.ചെറുപ്പത്തില്‍ ഞങ്ങള്‍ കുട്ടികളാരോ തുടങ്ങിവച്ചതാ.അതോ നന്ദേട്ടന്‍ തന്നെയോ.
മനസ്സിന് ഒരു കനക്കുറവു തോന്നി.എന്താണ് ഇങ്ങനെ ഒരു സന്തോഷം തോന്നാന്‍.

നന്ദേട്ടന്‍ അടുത്ത് വന്നിരുന്നോ?
അവന്‍ ഡിസംബറില് വരും.

നാലോ അഞ്ചോ കൊല്ലം കഴിഞ്ഞുള്ള വരവാണ്.ഫസ്റ്റ് സെമസ്റ്റര്‍ ചെയ്യുന്ന സമയത്ത്‌ ഒരു പ്രാവശ്യം പോയിക്കണ്ടിരുന്നു.തടിച്ചു വയറൊക്കെ ചാടി,പണ്ടത്തെ പോലെ മരത്തിലൊക്കെ പാഞ്ഞു കയറി ഊഞ്ഞാലോക്കെ കെട്ടി തന്നിരുന്ന ആളല്ല.ആ വിസിറ്റിന്റെ കയ്പ് പോയിട്ടില്ല.

ങ്ങനെ രണ്ടാളുണ്ട് ന്ന വിചാരേല്ല്യ

അമ്മയെ കാണാന്‍ ഇപ്പോഴും കരയുന്ന ആളാണ്‌ കേട്ട് നില്‍ക്കുന്നത്‌.

ഓനു കുട്ട്യോളുടെ പഠിപ്പ്,രണ്ടാള്‍ക്കും ഒപ്പം ലീവ്‌ കിട്ടാനുള്ള ബുദ്ധിമുട്ട് ഒക്കെണ്ട്.പിന്നെ അതൊക്കെ അങ്ങനെ തന്നെ കുട്ട്യേ
ഇവടത്തെ ഫോണിനെന്തു പറ്റി?
കൊറച്ചൂസായി കേടായിട്ട്‌.വിളിച്ചു പറഞ്ഞിട്ടുണ്ട്.അവര് എവട്യോ കുഴിക്കെ ഒക്കെ ചെയ്യണുണ്ട്,അതിന്റേ..
അമ്മ വിളിയ്ക്കാന്‍ നോക്കീട്ട് പറ്റീല്ല്യാ
ഉവ്വോ,ഓളെടയ്ക്ക് വിളിയ്ക്ക പതിവുണ്ട്.അമ്മമ്മയ്ക്കൊക്കെ തരക്കടൊന്നും ല്ല്യല്ലോ ?
ഇല്ല്യ
നീ അങ്ങടോന്നും പോവാറില്ല്യല്ലോ ല്ലേ,കുട്ട്യേ ചെലരടെ കാര്യം അങ്ങനെയാ,അവരിനി നല്ലത് ചെയ്യാന്‍ വിചാരിച്ചാലും ഇങ്ങൊന്യൊക്കെ വരൂ.ബാലന്‍ വന്നപ്പോ പറഞ്ഞു കോയമ്പത്തുരിന്നു കൂട്ടികൊണ്ടന്ന കാര്യം.

അമ്മമ്മയുടെ നോട്ടത്തിന്റെ ചൂട്.വാക്കിലെ പുകയല്‍.

ബാലന്‍ വന്നിരുന്നു.കഥകളി കാണാന്‍ പൂവുമ്പം.അവനു ചെറുപ്പത്തിലേ നല്ല കമ്പാ.
പറഞ്ഞിരുന്നു അമ്മുവമ്മേ.ഇപ്പ്രവാശ്യം ഞങ്ങള്‍ രണ്ടാളും കൂടി വരണമെന്ന് വച്ചതാ.ലീവ് ശരിയായില്ല.

ചായയ്ക്ക് ഇളം ചൂട്.മുറ്റത്ത് വെയില്‍ പരക്കുന്നു.തൊടി നിശബ്ദം.വല്ലപ്പോഴും ഒരു കാക്ക കരയുന്നതോ ഒക്കെ കേള്‍ക്കാം.വീടിനു പിന്നില്‍ കൊക്കോ മരങ്ങള്‍.പണ്ടത്തെ ചൂടിന് വല്യച്ഛന്‍ വച്ച് പിടിപ്പിച്ചതാണ്.റേഡിയോയില്‍ എന്തോ പരിപാടിയില്‍ പറയുന്നത് കേട്ട്.കാവില്‍ ഒന്ന് പോവണം.തൊടിമുഴുവന്‍ ഒന്ന് നടക്കണം.കുറച്ചു ഫോട്ടോ എടുക്കണം.ലൈജുവിനെ കാണിയ്ക്കണം.അവളോട്‌ പറഞ്ഞിരുന്നു ഇങ്ങോട്ട് വരുന്ന കാര്യം,കാവ്,മരങ്ങള്‍.ത്രില്ലാകും.

താഴെ വീട്ടില്‍ ആരാ താമസിക്കണേ?
ആരൂല്ല കുട്ടി.രാത്രി നാണു വന്നു കിടക്കും അത്രന്നെ.

28 ആളുകള്‍ താമസിച്ചിരുന്ന വീടാണ്.അമ്മ വന്നു കയറിയ വീട്.ചായ ഉണ്ടാക്കാന്‍പോലും അറിയാത്ത അമ്മ!അച്ഛമ്മ തന്നെ ഒക്കെയുണ്ടാക്കും.എന്നിട്ട് വിളമ്പുമ്പോള്‍ ക്രെഡിറ്റ്‌ അമ്മയ്ക്ക് കൊടുക്കും.

നന്ദന്‍ വന്നാല്‍ അവടെ നിക്കാം എന്നാ പറയണേ.
അതെന്തേ
അത് പ്രേതവീടായി കെടക്കല്ലേ

ആരും ഒന്ന് തിരിഞ്ഞു നോക്കിയില്ല.ചെറുപ്പത്തില്‍ സപ്പോട്ടയുടെ കീഴെ നവീനൊക്കെ ഫുട്ബോള്‍ കളിയ്ക്കുന്ന ഒരു ഫോട്ടോയുണ്ടായിരുന്നു.വീട്ടിലെ ആല്‍ബത്തില്‍.

അതിന്റേ താക്കോല് നന്ദന്റെ അച്ഛന്‍ എവിടെയോ മറന്നുവച്ചു.ഞങ്ങള്‍ രണ്ടാളും ഇനി തെരയാത്ത സ്ഥലല്ല്യ.നിന്റെ വല്ല്യച്ചന്റെ മറവി ഭയങ്കരാ.ഇപ്പൊ ആളുകളെ കണ്ടാലും ഓര്‍മ്മല്ല്യ.നിയ്യ് വന്നപ്പന്നെ മനസ്സിലായിട്ടുണ്ട്.മറന്നതാ.അതേ രണ്ടാമതും ചോദിച്ചത്‌.

മറവി.അതില്ലാത്തവരുണ്ടോ.അമ്മ പറയാറുണ്ട്.പത്തുപതിനാലു വയസ്സ് വരെ നന്ദേട്ടനെ എടുത്ത്‌കൊണ്ട് നടക്കുമായിരുന്നു വല്യച്ഛന്‍.ഏക മകന്‍.വല്യച്ഛന്റെത് പോലീസ് ചിട്ടയൊന്നുമായിരുന്നില്ല.പിന്നെ നിലവിളക്കുപോലെ ഒരമ്മ.ഇപ്പോള്‍..

അവസാനം രാജനെക്കൊണ്ട് ഒന്ന് പണിയിച്ചു.അതാ അങ്ങാടീലെ മോഹമ്മദിന്റെ കടയില്‍ ന്നലെ എല്പിയ്ക്കാം ന്ന ഓന്‍ പറഞ്ഞത്.ഇങ്ങട്‌ കൊറേ വഴീല്ലേ.
ഞാന്‍ പൂവാം
നിനക്കതിന് വഴിയറിയ്യോ
ഞാന്‍ പോയി നോക്കാം
നിയ്യ് കുറച്ചു കഴിഞ്ഞ് ന്നാല്‍ വല്ല്യച്ഛനേം കൂട്ടി പൊയ്ക്കോ.

തലയാട്ടി.അമ്മുവമ്മ പഠിപ്പിച്ച പലരും ഉണ്ട് ചുറ്റുവട്ടത്ത്.അവരാണ് സഹായത്തിനൊക്കെ.അമ്മ അച്ഛനെ ഇടയ്ക്കിടയ്ക്ക് ഉന്തിത്തള്ളി പറഞ്ഞയയ്ക്കും.അച്ഛന്‌ സ്നേഹക്കുറവോന്നുമില്ല.വിളിയും അന്വേഷണവുമൊക്കെയുണ്ട്.മടി.പ്രായത്തിന്റെ വല്ലായ്ക.ഈ അമ്മയുടെ അനിയനല്ലേ.ആറേഴു വയസ്സിന്റെ ഇളപ്പമേ കാണൂ.എന്നാലും പൂരം കാണാന്‍ വരവുണ്ട്.
അമ്മുവമ്മയുടെ പടം എടുത്തു.ചിരി.ഇപ്പോഴും ഒരു പല്ല് പോലും കേടില്ല്ലാതെ എങ്ങനെ സൂക്ഷിയ്ക്കുന്നു ആവോ.തൊടിയിലെയ്ക്കിറങ്ങി. ഒരനക്കവുമില്ല.കാവിലൊക്കെ വെയില്‍ നിലം തൊടുന്നില്ല എന്ന് പറയാം.എന്ത് മാത്രം പഴക്കമുള്ള മരങ്ങള്‍.വീതി കൂടിയ വഴി. വണ്ടികള്‍ക്ക് പോവാന്‍ വീതി കൂട്ടിയതാണ്.വല്യമ്മ മരിച്ചതോടെ ആര്‍ക്കും വരാന്‍ ഒരു കാരണമില്ലാതെയായി.നടന്നു താഴേലെ വീടിനെ മുന്നിലെത്തി.അമ്മുവമ്മ പറഞ്ഞ പോലെ ശരിയ്ക്കും പ്രേതവീട് തന്നെ.ക്യാമറ രണ്ടു മൂന്ന് പ്രാവശ്യം ക്ലിക്ക് ചെയ്തു. ലൈജുവിന്റെ മുഖത്തെ അത്ഭുതം ഇപ്പോള്‍ത്തന്നെ കാണാം.വെറുതെ പുല്ലു മൂടിയ മുറ്റത്തു നടന്നു.എത്ര ഫോട്ടോയില്‍ കണ്ടതാണ്.സപ്പോട്ട മരം.അതിന്റെയും പടം പകര്‍ത്തി.

വയസന്‍ മരങ്ങളുടെ തണലുകള്‍

കുറെ ആംഗിളുകള്‍ നോക്കി ഫോട്ടോസ് എടുക്കാന്‍.വെയിലിന് വിചാരിച്ചപോലെയല്ല,നല്ല പൊള്ളല്‍.നാട്ടിലെ കാലാവസ്ഥ പരിച്ചയിയ്ക്കുന്നെയുള്ളൂ.

വല്യച്ഛന്‍ എന്ന് പറയുമ്പോള്‍ ആദ്യമൊക്കെ പേടിയായിരുന്നു.ഫോട്ടോകളില്‍ കാണുന്ന പോലീസ് വേഷം.അമ്മയും ചെറിയമ്മയും ഒക്കെ പറയുന്ന വീരകഥകള്‍.

ഒരു ദിവസമുണ്ട്,പടി കടന്നു വരുന്നു.വെള്ളയും വെള്ളയും ഇട്ട്.ഏറെക്കാലത്തിനു ശേഷം അമ്മയെ കാണാനുള്ള വരവായിരുന്നു.ഓര്‍ക്കുന്നു,കണ്ണൊക്കെ നിറച്ചാണ് രണ്ടാളും നോക്കിയിരുന്നത്,ഉമ്മറത്തെ തിണ്ടില്‍.അസുഖം കാരണം അമ്മ എങ്ങോട്ടും യാത്ര പതിവില്ലായിരുന്നു.വല്യച്ഛനാണെങ്കില്‍ നന്ദേട്ടന്‍ .....ല്‍ പോകുന്നതിനു മുന്‍പേ എട്ടന്റെയോപ്പം ആയിരുന്നു.ഇപ്പൊ തിരിച്ചു പോന്നു.മകനെ യാത്രയാക്കി,വല്യച്ഛനും അമ്മുവമ്മയും ഒറ്റയ്ക്കു താമസവുമായി.അമ്മയുടെ പിന്നില്‍ ഒളിഞ്ഞു നിന്നപ്പോള്‍ വാരിയെടുത്ത്‌ തന്ന ഉമ്മയുണ്ട് കവിളത്ത്,ഇപ്പോഴും നനവായി.ചുവന്ന ഹല്‍വയുടെ മധുരമുണ്ട് നാവില്‍.പിന്നത്തെ ഒരു വരവില്‍ തന്നത് റഷ്യന്‍ നാടോടിക്കഥകള്‍.അവനു അതൊക്കെ വായിയ്ക്കാന്‍ പ്രായായോ എന്ന് അമ്മ ചോദിച്ചപ്പോള്‍ വല്യച്ഛന്‍ ചിരിച്ചു.പിന്നെയും പുസ്തകങ്ങള്‍.മിട്ടായികള്‍.സ്റ്റാമ്പുകള്‍.

വല്യച്ഛന്‍ എണീറ്റു കാണുമോ.താക്കോല്‍ വാങ്ങാന്‍ പോകണം.

തിരിച്ചെത്തിയപ്പോള്‍ പപ്പായ മുറിച്ചു വച്ചിരിയ്ക്കുന്നു. വല്ലാത്ത മധുരം.

വല്യച്ഛന്‍ ണേറ്റൊ?
ഇല്ല്യ
ഞാനൊന്ന് നോക്കട്ടെ.വെയില് വല്ലാണ്ടെ ചൂടാവണേതിന്റെ മുന്നേ പോയി വരാം.

വല്യച്ഛന്‍ കണ്ണ് തുറന്നു തന്നെ കിടക്കുകയായിരുന്നു. കണ്ടപ്പോള്‍ പതുക്കെ എണീറ്റു.

അമ്മുവമ്മ പറേണു താക്കോല്‍ വാങ്ങാന്‍ പോവണംന്നു
ഏതു താക്കോല്‍
താഴെ വീടിന്റെ,അങ്ങാടിയില്‍ കൊടുത്തെല്‍പ്പിക്കാം എന്ന് പറഞ്ഞൂന്ന്‍
ആ!അത്
വഴി പറഞ്ഞു തന്നാല്‍ മതി,ഞാന്‍ പൊയ്ക്കോളാം
അതിനു നിനക്കറിയ്യോ?ഞാനും വരാം
വെയിലാ വല്ല്യച്ചാ ഞാന്‍ പൊയ്ക്കോളാം
എടാ,ഇവിടെ നിങ്ങടെ അവടത്തെപ്പോലെ റോഡും കാറും ഒന്നുമില്ല,ഓരോ ഇടവഴിയ്ക്കൊക്കെ പോയാ ബുദ്ധിമുട്ടാവും
ഇല്ല വല്ല്യച്ചാ
ഞാനും വരം.നിയ്ക്കൊന്നു പുറത്തെറങ്ങും ചെയ്യാലോ.എത്ര നേരാന്നുവച്ചാ ഇതിന്റെ ഉള്ളിലിങ്ങനെ..

ഇറങ്ങുന്നതിനു മുന്‍പേ വല്യച്ഛന്‍ മേശ തുറന്നു ആല്‍ബങ്ങള്‍ പുറത്തെടുത്തു.വല്യച്ഛന്റെ സ്റ്റാമ്പ്‌ ആല്‍ബങ്ങള്‍.ആ മുഖത്ത്‌ വിരിയുന്ന ചിരി,ഒരു കുഞ്ഞിന്റെ മുഖത്ത്‌ നോക്കുന്ന പോലെയുള്ള ചിരി!നോക്കി നിന്നു.

ഇത് നിനക്കാണ്.

എന്താണ് പറയേണ്ടത്‌ എന്നറിയാതെ ചിരിച്ചു.

എത്ര കൊല്ലത്തെ എഫെര്ട്ട് ആണെന്നരിയ്യോ നിനക്ക്

ഞാന്‍ തലയാട്ടി.വല്യച്ഛന്റെ പ്രിയപ്പെട്ട ആല്‍ബങ്ങള്‍.ഏതൊക്കെ നാടുകളുടെ സുഗന്ധങ്ങള്‍‍.എത്ര യാത്രകളുടെ ഓര്‍മ്മകള്‍.രേണുവൊക്കെ അസൂയപ്പെട്ടിരുന്ന അത് ഇനി സ്വന്തം.

ഞാന്‍ ഇവിടെ വയ്ക്കാം.പോവുമ്പോ മറക്കേണ്ട.
ഇല്ല്യ
ന്നാ നിക്ക് ഞാന്‍ ഒരു ഷര്‍ട്ട് ഇടട്ടെ.

വഴിയിലേയ്ക്കു കയറാനൊക്കെ വല്യച്ഛന് ബുദ്ധിമുട്ടുണ്ട്.കൈ നീട്ടിക്കൊടുത്തു.ഒന്ന് മുഖത്തേയ്ക്ക് നോക്കിയിട്ടാണ് കൈ പിടിച്ചത്‌. വിറയ്ക്കുന്ന കൈകള്‍.ആ എന്തോ നോട്ടം കുറെ നേരം മനസ്സില്‍ നിന്നു പോയതേയില്ല.ഗേറ്റ് കടന്നപ്പോള്‍ വല്യച്ഛന്‍ ഒന്ന് തിരിഞ്ഞു നോക്കി.ഞാനും നോക്കി.മരങ്ങള്‍,നിഴലുകള്‍.ഒച്ചയനക്കങ്ങള്‍ ഒന്നുമില്ല.

ന്തേ
ഒന്നൂല്ല്യ,മാവോന്നും പൂത്തിട്ടില്ല ഇപ്രാവശ്യം.

എന്നാലും വളരെ വിചിത്രമായ ഓരോ തോന്നലുകള്‍.എന്തോ ഒന്ന് സംഭവിയ്ക്കാന്‍ പോകുന്നെന്ന തോന്നല്‍.
ച്ചെ ഇതെന്ത് എന്നോര്‍ത്തു.

വഴി തെറ്റും എന്ന് വല്യച്ഛന്‍ പറഞ്ഞത് പെട്ടെന്ന് മനസ്സിലായി.ഇടവഴിയില്‍നിന്ന് ഇടവഴികള്‍.crystal maze എന്നോ മറ്റൊ ഒരു ടി വി ഷോ ഉണ്ടായിരുന്നു.അതോര്‍ത്തുപോയി.ഇങ്ങോട്ട് വന്ന വഴി ഇത്രേം ചുറ്റല് തോന്നിയിരുന്നില്ല.വല്യച്ഛന്‍ ഒന്നും മിണ്ടാതെ നടക്കുന്നു.വഴിയൊക്കെ മോശം.പല സ്ഥലത്തും വല്യച്ഛന്‍ മടിയോന്നുമില്ലാതെ കൈ പിടിച്ചു.ചെറിയ ഒരു ചിരിയുണ്ടാ മുഖത്ത്‌.നടത്തത്തിനു വേഗത കൂടി.വേണ്ടാത്ത തോന്നലുകളൊക്കെ മാഞ്ഞു പോയി.
തനി ഗ്രാമം.തെങ്ങിന്‍ തോപ്പുകള്‍.ഇടവഴികളിലെയ്ക്ക് ഞാന്നു നില്‍ക്കുന്ന വള്ളികള്‍‍.പന്തലിച്ചു നില്‍ക്കുന്ന വലിയ മരങ്ങള്‍.വേരുകള്‍.

നിയ്യിങ്ങട്ട് കേര്യ വഴില്ലേ റോട്ടിന്നു?അവടന്ന് റോഡ്‌ വരുന്നുണ്ടത്രേ.
അതെയോ,നന്നായി

ഒരു ചെറിയ ജങ്ങ്ഷന്‍,എന്ന് പറയാം വേണമെങ്കില്‍.ഒരു ചെറിയ ഓടിട്ട കട.ഒരു വശത്ത് മേല്‍ക്കൂര ചെരിച്ചു കെട്ടി ഒരു ചായക്കട.ചില്ലലമാരി.അലമാരിയില്‍ ചുവന്ന ഹല്‍വ.അടുത്ത പറമ്പിന്റെ മതിലില്‍ ചേര്‍ത്താണ് കട പണിഞ്ഞിരിയ്ക്കുന്നത്.വരാന്തയില്‍ ചെറിയ ഒരു ബഞ്ച്.ഷര്‍ട്ടിടാതെ ഒരു വയസ്സന്‍ ഇരു‌ന്നു പത്രം വായിയ്ക്കുന്നു.

ഗോപാലേട്ടാ..വയസ്സന്‍ പരിചയം കാണിച്ചു
ആ..!വല്യച്ഛന്‍ അയാളെ ഒന്ന് സൂക്ഷിച്ചു നോക്കി.
കുഞ്ഞനാണ്.വയസ്സന്‍ ഓര്‍മ്മിപ്പിച്ചു.
ആ!ന്തോക്ക്യാ കുഞ്ഞാ?
അങ്ങനെ പോണു.അവടെ തേങ്ങ ഇടാനായീച്ചാ ചെക്കനെ വിടാരുന്നു.
ഞാന്‍ പറയാം.
ആയിക്കോട്ടെ.
ന്തേ പ്പോ വടെ?ചായക്കടക്കാരനാണ്.

മുഹമ്മദ്‌ ഒരു കുള്ളനായിരുന്നു.മിഠായി ഭരണിയ്ക്കിപ്പുറം കഷ്ടിച്ചേ കാണൂ.അയാള്‍ വെളുക്കനെ ചിരിച്ചു.

ഇതേതാ കുട്ടി?
തങ്കമ്മുവിന്റെ..
ഇതാ താക്കോല്‍.ആ ചെക്കനോട് ഞാന്‍ പറഞ്ഞതാ ഇതൊന്നവിടെ തരാന്‍.ഓന്‍ കേട്ടില്ല.
കുഴപ്പല്ല്യ മമ്മൂ.അവടെ വരെ വരേണ്ടേ.

വല്യച്ഛന്‍ ചിരിച്ചു.ഞങ്ങള്‍ കുറച്ചധികം ദൂരം നടന്നിരിയ്ക്കുന്നു.വിയര്‍ക്കുന്നുണ്ട്.വെറുതെയല്ല രാജേട്ടന്‍ ഇതുമായി വരാഞ്ഞത്.പോരാത്തതിന് കയറ്റവും ഇറക്കവും.സൈക്കളായിട്ടു വന്നാലും ബുദ്ധിമുട്ടും.

എന്താപ്പോ ഒരു വെയില്.വല്യച്ഛന്‍ തിരിച്ചു വഴിയിലേയ്ക്കിരങ്ങുമ്പോള്‍ ആരോടെന്നില്ലാതെ പറഞ്ഞു.

തിരിഞ്ഞ് ബെഞ്ചിലിരിയ്ക്കുന്ന വയസ്സനെ നോക്കി.അയാള്‍ അതൊന്നും കേട്ടിട്ടില്ല.

തിരിച്ചു നടക്കാന്‍ തുടങ്ങി.പിന്നെയും ഇടവഴികള്‍,ഇടവഴികളില്‍ നിന്നും ചെറിയ വഴികള്‍.ആദ്യം എനിയ്ക്ക് മനസ്സിലായില്ല.പിന്നെ സംശയം തോന്നിത്തുടങ്ങി.വഴി തെറ്റിയോ.വല്യച്ഛന്‍ രണ്ടുമൂന്ന് തവണ സംശയിച്ച് നിന്നു.എന്റെ നേരെ നോക്കി

ന്തേ?
ഒന്നൂല്ല്യ..

ഞങ്ങള്‍ നടന്നെത്തിയത്‌ ഒരു പാടവക്കില്‍.

ആരോടെങ്കിലും ഒന്ന് ചോദിയ്ക്കാന്‍ എന്ന് വച്ചാല്‍ തെങ്ങിന്‍ തോട്ടങ്ങളും കമുകിന്‍ തോട്ടങ്ങളും മാത്രം.ഒരു വീട് പോലും കാണാനില്ല.

വല്യച്ഛന്‍ ചെറിയ ശബ്ദത്തില്‍ പിറുപിറുക്കാന്‍ തുടങ്ങി.ഒരു തരം വെപ്രാളം.ഞാന്‍ എന്ത് ചെയ്യും എന്നോര്‍ത്ത്‌ അമ്പരന്നു നില്‍ക്കുകയാണ്‌.വന്ന വഴി ഒരോര്‍മ്മയും കിട്ടുന്നില്ല.മൊബൈല്‍ എടുത്തു നോക്കി.നാശത്തിനു റേഞ്ചും ഇല്ല.ഞാന്‍ വല്യച്ഛന്റെ കയ്യില്‍ പിടിച്ചു.തിരിച്ചു കടവരെ എത്താന്‍ പറ്റിയാല് ആരോടെങ്കിലും ചോദിയ്ക്കാമല്ലോ എന്നോര്‍ത്തു.അമ്മുവമ്മ കാത്തിരിയ്ക്കുന്നുണ്ടാകും,എന്തൊക്കെ നാശം പിടിച്ച ചിന്തകള്‍!വല്യച്ഛനെ വിറയ്ക്കുന്നു.

രണ്ടായി പിരിയുന്ന ഒരു വഴിയുടെ മുന്നിലാണ്‌ ഞങ്ങള്‍.

വല്ല്യച്ഛാ..

വല്യച്ഛന്‍ തിരിഞ്ഞ് എന്റെ മുഖത്തേയ്ക്ക് നോക്കി.തറപ്പിച്ചുതന്നെ നോക്കി.ഇത്തരം സന്ദര്‍ഭങ്ങളില്‍ മുന്നേ ഉണ്ടായിട്ടുള്ളപോലെ എന്റെ ഹൃദയം പെരുമ്പറ മുഴക്കി.ശോഷിച്ച കൈകള്‍ക്ക് എന്ത് ശക്തി.ആ കണ്ണുകള്‍ കുറെ ദൂരത്തു നിന്നാണ് എന്നെ നോക്കുന്നതെന്ന് എനിയ്ക്ക് തോന്നി.പേടിച്ചു വിറയ്ക്കുന്ന ഒരു കുട്ടിയെപ്പോലെ പതിഞ്ഞ ശബ്ദത്തില്‍ വല്യച്ഛന്‍ വിളിച്ചു

നന്ദാ...

പിന്നെ മറ്റെന്നോ ഓര്‍ത്ത പോലെ പിടിവിടുവിച്ച് വഴിയിലേയ്ക്കു നോക്കിനിന്നു.

അമ്പരപ്പിനിടയിലും,ഞാന്‍ ജീന്‍സിന്റെ പോക്കറ്റില്‍ തൊട്ടു നോക്കി.നാശം!താക്കോലെവിടെ?വീണു പോയോ?ഞാന്‍ കരിയിലകളില്‍ പരതാന്‍ തുടങ്ങി.

9 comments:

  1. ബ്ലോഗില്‍ അധികമൊന്നും കാണാത്ത രീതിയില്‍ ഒരു സൂക്ഷ്മലോകത്തുകൂടെയുള്ള സഞ്ചാരം! എനിക്ക് അസൂയ!! പെരുത്തു സന്തോഷവും :)

    ReplyDelete
  2. മേലതില്‍...അതിമനോഹരം.
    അസൂയാവഹമായ കയ്യൊതുക്കം.നന്ദി

    ReplyDelete
  3. തിരിച്ചിറങ്ങാന്‍ അനുവദിയ്ക്കാത്ത
    ഇടവഴികളാണ് പൊറ്റാളിലെങ്ങും..!!

    ReplyDelete
  4. ശരിക്കും ഇഷ്ടപ്പെട്ടു

    ReplyDelete
  5. നന്നായിട്ട്ണ്ട്..

    ReplyDelete
  6. കൊള്ളാം അഭിലാഷേ... താങ്കള്‍ ഇത്രയും നന്നായിട്ട് എഴുതുമെന്നു കരുതിയില്ല... നന്നായിട്ടുണ്ട്... ഇനിയും പ്രതീക്ഷിക്കുന്നു...

    ReplyDelete
  7. കൊള്ളാം. നിലവിളക്കുപോലെ ഒരമ്മ. നല്ല വരികള്‍. അല്‍പം നീളം കൂടിയൊ എന്നൊരു ശങ്ക.

    ReplyDelete
  8. കഥയുടെ അവസാനം ആ പതര്‍ച്ച വായനക്കാരിലേക്കും

    പടരുന്നുണ്ട്.

    ReplyDelete
  9. ഗുപ്തരെ, തുടര്‍ച്ചയായ വായനയ്ക്ക് വളര നന്ദി. അസൂയയെന്തിനു ?
    ഹാരിസ്‌, സന്തോഷം, എഴുത്ത് കുറയ്ക്കാനും, നന്നാക്കാനും ശ്രമിയ്ക്കുന്നുണ്ട്. പ്രോല്സാഹനത്തിനു നന്ദി.
    സെറീന, വിടൂല്ല ഞാന്‍ :) , നന്ദി. നിന്റെ കിനരിലും കുന്നിലും കയറി ഞാനും കുടുങ്ങിയിരുപ്പാ.
    ജയേഷേ,വളരെ നന്ദി
    കാല്‍വിന്‍, എടാ വളരെ നന്ദി,
    roje ,നീയോ, ഞെട്ടിച്ചല്ലോ മോനെ, നീയെങ്ങനെ ഇവിടെത്തി?
    രാംജി, കമന്റ്‌ ഇട്ട പോസ്റ്റു മാറിപ്പോയോ ? :), വളരെ സന്തോഷം
    ലേഖേ, ആ കാര്യം സംശയം ഉണ്ടായിരുന്നു എനിയ്ക്കും. സന്തോഷായി, നന്ദി.

    ReplyDelete