Monday, September 12, 2011

ഉച്ചവെയില്‍

ജുമായ കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ ഹുസൈന് തല പെരുക്കാന്‍ തുടങ്ങി.നെഞ്ചെരിയുന്നു.നാല് ദിവസം,പക്ഷെ ഇനിയുമെത്ര കാലം..?അയാള്‍ വിചാരിച്ചു,പള്ളിക്കാടിനു മുന്നിലൂടെ പോകണ്ട.വയ്യ.പാടം കടന്നാല്‍ പെട്ടെന്ന് എത്താം.പലരും പരിചയം കാണിച്ചു ചിരിയ്ക്കുന്നു.വിളറിയ ചിരികള്‍.ദുഖത്തില്‍ പങ്കു ചേരുന്നവര്‍.റബ്ബേ,അവര്‍ക്ക് നീ കൊടുക്ക്‌.ചിരിയ്ക്കാത്തവര്‍ക്കും.എല്ലാര്‍ക്കും. നീ മാത്രം തുണയായവര്‍.എന്നിട്ടും ഒരു കൊച്ചു കുട്ടിയെ കാക്കാന്‍ പടച്ചവനെ നിനക്ക്..അയാള്‍ വിയര്‍ത്തു.തുടയ്ക്കുമ്പോള്‍ പിന്നെയൂമൂറുന്നു.എന്റെ ജലമെല്ലാം നീയെടുത്തു റബ്ബേ.അയാള്‍ക്ക് ദാഹിച്ചു.തുറന്ന ആകാശം.പകലിന്റെ എരിവ്.പുകയല്‍.നടക്കുമ്പോള്‍ അറിയാതെ ഉള്ളം കൈ തരിയ്ക്കുന്നു.വായുവില്‍ അത് തിരയുന്നു.ഒരു ചൂണ്ടുവിരല്‍,ഇളം ചൂടുള്ള കൈപ്പത്തി.ഒരു വാക്ക് പോലും മിണ്ടാതെ,ഒപ്പം നടന്ന കുട്ടി.പടച്ചവനേ.അയാള്‍ക്ക് തൊണ്ട വരളുന്നു.
വരമ്പത്ത് നിന്ന് കയറി മരങ്ങള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ കുട്ടികളുടെ ശബ്ദം.
വല്ലിപ്പ,വല്ലിപ്പ
ആമിന കാണുന്നതിന് മുന്‍പേ പോകണമെന്നു വച്ചതാണ്. പക്ഷെ അവള്‍ കണ്ടു.കുട്ടികളുടെ ബഹളം കേട്ട് നോക്കിയതാണ്.വടി കുത്തിപ്പിടിച്ച് വളഞ്ഞ കാലിഴച്ച് അവള്‍ വന്നു.അവളുടെ കണ്ണീരിന്റെ തിളക്കം ഇവിടന്നേ കാണാം.
ഇക്കാക്ക
അയാളും കരഞ്ഞു.കരഞ്ഞ്, മതിലില്‍ ചാരി നിന്നു.നെഞ്ചു തിരുമ്പി.
ന്റെ കുട്ടി.
ആമിന കൈ പിടിച്ചു
ങ്ങള് ബരീ
കുട്ടികള്‍ കൌതുകത്തോടെ നോക്കുന്നുണ്ടാകും.
യ്ക്ക് കൊറച്ചു ബെള്ളം കൊണ്ടാ
അയാള്‍ ഇറയത്തിരുന്നു.ആമിന വെള്ളവുമായി വന്നു.
ങ്ങള് പേരെന്ന് പൊര്‍ത്തെറങ്ങാഞ്ഞാ പ്പോ ന്താ കാട്ടാ
അയാള്‍ ഒന്നും പറഞ്ഞില്ല.കുട്ടികള്‍ നോക്കിക്കാണുന്നു.ഇത്രേം പോന്ന കുട്ട്യാണ്‌.
അപ്പ്രത്ത്‌ പോയി കളിയ്ക്കിന്‍ ആമിന ഒച്ചയിട്ടു.അയാള്‍ അവളെ നോക്കി.ഇപ്പളാണ് ഈ വഴി വരാന്‍ തോന്നിയത്‌.സ്കൂളില്‍ പോണ വഴിയാണ്.മൂത്ത ചെക്കനെ പഠിപ്പിയ്ക്കുന്നുമുണ്ട്.ഇവിടെയെത്തിയാല്‍ നോക്കാതെ പോവാരാണ്‌പതിവ്.അയാള്‍ വെള്ളം കുടിച്ചു.ചേറിന്റെ ചുവ.
ഇമ്മച്ചിയ്ക്ക്..?
മാറ്റൊന്നുല്ല
ഞാന്‍ അങ്ങണ്ട് വരാ.ഓല് വരട്ടെ
അയാള്‍ തലയാട്ടി.വെയില്‍.നശിച്ച വെയില്‍.വെയിലെത്താത്ത സ്ഥലമുണ്ടോ.പടച്ചവനേ.ന്റെ കുട്ടീന്റെ തല വെസര്‍ക്കും.അടുത്ത്‌ ചെന്ന് മുടിയില്‍ തൊട്ടു നോക്കി. ഇതെന്താ നെന്റെ തലയില് മുഴുവന്‍ മണ്ണ്?അയാള്‍ ശ്വാസം എടുക്കാന്‍ വിഷമിച്ചു.
മണ്ണില്‍ ചെവിയമര്‍ത്തിക്കിടക്കുന്നു കുട്ടി.
ന്തേ മോളെ
ഇപ്പാ മണ്ണിന്റെ അടീല് വെള്ളൊഴുകണ ശബ്ദം കേക്ക്വോ
കേക്കാണ്ട പിന്നെ..അവളുടെ ഉല്സാഹം. മണ്ണിന്റെ തുടിപ്പ് അറിയുന്നവളാവട്ടെ,പടച്ചവനേ. തല പിന്നോട്ടാക്കി കാറ്റില്‍ മണപ്പിയ്ക്കുകയാണ്,അവള്‍.
തെന്തിന്റെ മണാ ഇപ്പാ
സൈനാത്താന്റെവടത്തെ ചെമ്പകം
വെള്ളത്തട്ടം പാറുകയാണ്.മോളെ.മണങ്ങള്‍ മുഴുവന്‍ നിനക്ക്.ചുരുളന്‍ മുടികള്‍ ഇളകുന്നു.അയാള്‍ കുട്ടിയുടെ പിന്നില്‍ മുട്ടുകുത്തി നിന്നു.റബ്ബേ നീ വലിയവന്‍.നീ തന്ന പൊന്നിതാ.ഞാന്‍ മണ്ണാകുമ്പോഴും എനിയ്ക്ക് കാണാന്‍,കേള്‍ക്കാന്‍,നിന്നെ, ലോകത്തെ മണക്കാന്‍ നീ തന്ന കണ്ണുകള്‍,കാതുകള്‍.വിരിയിയ്ക്കണേ മഴവില്ലുകള്‍…അത്ഭുതം! അയാള്‍ കുട്ടിയ്ക്കു കാണിച്ചു കൊടുത്തു.ചെരിപ്പടി മലയുടെ മുകളില്‍ മഴവില്ല്.കുട്ടി നോക്കി നില്‍ക്കുന്നു.അനക്കമില്ലാതെ. കണ്ണുകള്‍ വിടര്‍ന്നിരിയ്ക്കുന്നു.അയാള്‍ പാളി നോക്കി.അവളുടെ മൂക്ക് വെസര്‍ക്കുന്നു.പക്ഷെ കണ്ണിമ വെട്ടുന്നില്ല.
ന്നാലും ന്റെ കുട്ടി.മണ്ണില് മുഖം ചേര്‍ത്ത് വച്ച് ഉറങ്ങുകയായിരിയ്ക്കും ഇപ്പോള്‍.
അയാള്‍ പോകാനൊരുങ്ങി.ആമിന കൂടെ പോരാന്‍ തുടങ്ങി.അയാള്‍ വിലക്കി.ആ കാലുമിഴച്ച്..കുട്ടികള്‍ തൊടിയിലെ പേരച്ചോട്ടില്‍ നിന്നു നോക്കുന്നു.കുണ്ടനിടവഴി കയറുമ്പോഴും ആമിന നോക്കിത്തന്നെ നില്‍പ്പാണ്.
മാഷേ മോള്‍ടെ കയ്യെഴുത്ത് മാഷിന്റെ പോലെത്തന്നെ. രാഗിണി ടീച്ചറാണ്. മാഷെപ്പോലെത്തന്നെ ഉരുട്ടിയുരിട്ടിയാ എഴുതുന്നെ.ചിരിച്ചു.പടിയുടെമേലെ കുനിഞ്ഞിരുന്നു കോപ്പി എഴുതുന്ന മോളെ ഓര്‍ത്ത്‌ അയാള്‍..
കുട്ടിന ഞാന്‍ മലയാളം പദ്യം ചൊല്ലലിന് ചേര്‍ത്തിരിയ്ക്കിണ് സൈനബ ടീച്ചറാണ്.
ടീച്ചറെ വീട്ടുപ്പോയാ പ്പോ ചെവിതല കേക്കൂലല്ലോ. അയാള്‍ക്ക്‌ ചിരി.
മാഷെ പദ്യോക്കെ ഞാന്‍ കൊടുത്തോളാ
അവള്‍ സ്റ്റേജില്‍ കേറുമ്പോള്‍ അയാള്‍ക്ക്‌ തൊണ്ടയില്‍ എന്തോ തടയുന്ന പോലെ.വെയിലത്താണ് നില്‍പ്പെങ്കിലും ഒരു കാറ്റു വീശുന്ന പോലെ. തല കുനിച്ചാണ് മകള്‍ നില്‍ക്കുന്നത്‌. ചൊല്ലുന്നതിനു മുന്‍പേ കുറച്ചു നേരം മൌനം.പഠിപ്പിച്ചതൊക്കെ മറന്നോ.പതുക്കെ കുഞ്ഞു സ്വരം ഉയരുന്നു.അവള്‍,അവള്‍ മാത്രം.അതങ്ങനെ തന്നെ നീണ്ടു നീണ്ടു പോയെങ്കില്‍.കയ്യടി.അവള്‍ അവിടെത്തന്നെ നില്‍പ്പാണ്.ഒരു പുഞ്ചിരി.പത്തില്‍ പത്തു മാര്‍ക്ക് വാങ്ങിയ പോലെ സന്തോഷം. സൈനബ ടീച്ചര്‍ ചെറു ചിരിയോടെ അവളെ തിരിച്ചു പറഞ്ഞയക്കുകയാണ്.പടിയിറങ്ങി വന്ന് അവള്‍ അവിടെ തനിച്ചു നില്‍പ്പുണ്ട്.കണ്ടപ്പോള്‍ ചിരി.
മോളെ
കണ്ണ് നനയുന്നു.തിളങ്ങുന്ന ചിരി, ഇപ്പോഴും.കൈ നീട്ടിയപ്പോള്‍ അവള്‍ പിടിയ്ക്കുന്നു.മിണ്ടാതെ, തലയല്‍പ്പം കുനിച്ചു ഒപ്പം നടക്കുന്നു.
അവുലുംവെള്ളം വാങ്ങി തരട്ടെ
ഉം
വെള്ളത്തട്ടം.ന്റെ കുട്ടി വിയര്‍ക്കുന്നു.
മോളെ പരിപാടി കയിഞ്ഞാ മാഷേ ? മജീദാണ്.
അവന്റെ വക ഒരു പഴം കൂടതല്‍ ചേര്‍ക്കുന്നു, അവിലിന്‍ വെള്ളത്തില്‍.ഒരു ന്യുട്രിന്‍ മിഠായി സ്നേഹത്തോടെ അവളുടെ കയ്യില്‍ കൊടുക്കുന്നു.അവള്‍ക്ക് വാങ്ങാന്‍ മടി.

ഒരു വെള്ളിയാഴ്ച ഉച്ചയ്ക്ക് ട്യുഷന്‍ കഴിഞ്ഞ് അവള്‍ കിതച്ചു കൊണ്ടാണ് ഓടി വന്നത്.
ന്തേ മോളെ? വിളറിയ മുഖം
ഇപ്പാ നായിക്കള്
ഏടെ?
പറങ്കിമൂച്ചിക്കാട്ടില്. അവള്‍ കിതയ്ക്കുന്നു.
അന്റെ വൈത്താലെ വന്നാ?
ഞാ ഓടി.അവള്‍ വിറയ്ക്കുന്നു.ഇല്ല പല്ലും നഖവും ഒന്നും തട്ടീട്ടില്ല.ഇവടെ ഇല്ലാത്ത ഒന്നാണല്ലോ.അലഞ്ഞു തിരിയുന്നത് കണ്ടാല്‍ ആളുകള്‍ വിടില്ല.അയാള്‍ വഴിയിലേയ്ക്കിറങ്ങി.പറങ്കികാട്ടിലൂടെ നടന്നു നോക്കി.അപ്പുറത്ത് റോഡുണ്ട്.തോടിനു കുറുകെ ഒരു പാലവും.അയാള്‍ പാലത്തിനടിയിലും നോക്കി.വെള്ളമില്ല.കുറെ ചവറ ആരോ കൊണ്ടിട്ടിട്ടുണ്ട്.വല്ലാത്ത നാറ്റം.കോഴിത്തൂവലൊക്കെ ചിതറിക്കിടക്കുന്നു.ആരാണിതൊക്കെ ഇവിടെ കൊണ്ടിടുന്നതാവോ.പക്ഷെ നായക്കളെ കാണുന്നില്ല.
പിന്നെയും ഒരു ദിവസം അവള്‍ അതെ പരാതി പറഞ്ഞു.ഇപ്പ്രാവശ്യം പിന്നാലെ വന്നില്ല.കുരച്ചു.അന്നും അയാള്‍ പുറത്തിറങ്ങി നോക്കി.പറങ്കിമാവിന്‍ തോട്ടത്തില്‍ പഴ ഈച്ചകളുടെ സ്വരം മാത്രം.റോഡിലൂടെ മജീദ്‌ ബീഡി വലിച്ചു നടന്നു വരുന്നു.
ന്തേ മാഷേ?
നായിക്കള്
എവടെ?
മോള് പറയിണ്..
തെന്നെ?
രാത്രി എഴുതാനിരിയ്ക്കുകയായിരുന്നു…നു ഒരു മാറ്റര്‍ കൊടുക്കാനുണ്ട്.വാതില്‍ക്കല്‍ അവള്‍.
ന്തേ ?
ഇപ്പ നിയ്ക്ക് ഞ്ഞി ട്യൂഷന് വാണ്ട.
ന്തേ
ഒന്നൂല്ല,യ്ക്ക് വാണ്ട.അവളെ മടിയിലുരുത്തി.ന്തേ പ്പാന്റെ മുത്തിനെ ടീച്ചര് ചീത്ത പറഞ്ഞോ?
അവള്‍ ഇല്ലെന്നു തലയാട്ടി
പിന്ന?
അവള്‍ ഒന്നും മിണ്ടിയില്ല.
നായിക്കളെ പേടിച്ചിട്ടാ?
അവള്‍ തലയാട്ടി.

—ട് വച്ചുള്ള പ്രഭാഷണം കഴിഞ്ഞു മടങ്ങുമ്പോള്‍ നേരം എഴാകുന്നെയുള്ളൂ.അവര്‍ വണ്ടിയില്‍ കൊണ്ട് വിടാമെന്ന് പറഞ്ഞപ്പോള്‍ അയാള്‍ നിരസിച്ചു.എന്തോ കുട്ടികളെക്കുറിച്ചാണയായാള്‍ സംസാരിച്ചത്.വേദിയിലിരിയ്ക്കുന്ന പലര്‍ക്കും,കേള്‍വിക്കാര്‍ക്കും ഒരു ചെറുചിരിയുണ്ടോ മുഖത്ത് എന്നയാള്‍ക്ക് തോന്നായ്കയല്ല.എല്ലാവര്ക്കും സ്ത്രീകളെ കരയിയ്ക്കുന്ന പ്രഭാഷണം മതി.

കുട്ടികള്‍,സ്വര്‍ഗ്ഗത്തിലെ പൂവുകള്‍.

ചെരുപ്പടി മലയില്‍ നിന്ന് നോക്കുമ്പോള്‍ കാണുന്ന പാടങ്ങള്‍.പൊറ്റാളിലെ കണ്ണെത്താ പാടങ്ങള്‍ക്കപ്പുറം സ്വര്‍ഗമാണെന്നു പറഞ്ഞു ഉമ്മുമ്മ.അയാള്‍ വിടര്‍ന്ന കണ്ണുകളോടെ കേട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു.സ്വര്‍ഗ്ഗത്തില്‍ നിന്ന്,രാത്രിയാവുമ്പോള്‍…

ഏറെ രാത്രിയാവുമ്പോള്‍
ഒച്ചയനക്കം നില്‍ക്കുമ്പോള്‍
നിലാവില്‍ ഓനെറങ്ങുംപോല്‍
വെള്ളയും വെള്ളയുമിട്ടു
മുറുക്കിത്തുപ്പി
ഇടവഴിയായ ഇടവഴിയൊക്കെ കേറിയിറങ്ങി
തെങ്ങിന്‍തോട്ടങ്ങളില്‍ ചുറ്റിത്തിരിഞ്ഞങ്ങനെ…

അന്നേരം വാഴപ്പൂക്കളില്‍
തേന്‍ നിറയും,നെല്കതിരുകളില്‍
പാലുറയും,കൈതകളില്‍ പൂ വിരിയും,
കാതോര്‍ത്താല്‍ കേള്‍ക്കുംപോല്‍
ഓരോടക്കുഴല്‍വിളി,
നൂറു കുഞ്ഞുങ്ങളുടെ ചിരി

ആ ചിരിയ്ക്ക് അയാളും മകളും കാതോര്‍ക്കും.നെഞ്ചിലെ ചൂടില്‍ മയങ്ങുന്നു അവള്‍.പൂവ്,എന്റെ സ്വര്‍ഗ്ഗത്തിലെ പൂവ്.

വീട്ടില്‍ എത്തുമ്പോള്‍ ആളുകള്‍.കരച്ചില്‍.ആദ്യം ഉമ്മച്ചിയെ പറ്റിയാണോര്‍ത്തത്.ഉമ്മച്ചിയല്ലേ അകത്തെമുറിയില്‍ കൂനിക്കൂടിയിരുന്നു കരയുന്നത്.ആമിന ചുമര് ചാരിയിരിയ്ക്കുന്നു.അയാളുടെ കൈകള്‍ വായുവില്‍ തിരയാന്‍ തുടങ്ങി.ചൂടുള്ള ഒരു കുഞ്ഞു കൈപ്പത്തി.ഇല്ല.മകളേ…
പറങ്കിമൂച്ചിക്കാട്ടില്‍ അവള്‍ കിടന്നു.ഉപ്പ പറയുന്നതു കേള്‍ക്കുന്നവള്‍.ഇപ്പാ നോക്കീ,തട്ടം ചുളിഞ്ഞിട്ടില്ല,പിന്ന് ഇളകിയിട്ടില്ല.കരിയിലകളില്‍ പഴച്ചാര്‍ ഇറ്റുവീണിട്ടുണ്ടാകും,ഈച്ചകള്‍ ആര്‍ക്കുന്നു.തൂവലുകള്‍ ചിതറിക്കിടക്കുന്നു.കത്തുന്ന പുകമണം.ഇനിയും തെളിഞ്ഞു തുടങ്ങിയിട്ടില്ലാത്ത കൈപ്പടയില്‍ എഴുതിയ പുസ്തകത്താളുകള്‍ പാറി നടക്കുന്നു.വലത്തെ കയ്യില്‍ മുറുകെപ്പിടിച്ച മിട്ടായിക്കടലാസ്.മുഖം ശാന്തം.ഏതൊരു പ്രഭാതത്തിലും ഉറക്കം വിട്ടുണരാനുള്ള മടിയില്‍ കിടക്കുമ്പോഴുള്ള മുഖം.അയാള്‍ വിളിച്ചു നോക്കി.അനക്കമില്ല.അയാള്‍ ഉറക്കെ വിളിച്ചു,കരഞ്ഞു.പടച്ചവനേ.ഉറക്കം.എല്ലാവരും ഉറക്കം.നീയും.മണ്ണ് കുഴച്ചുണ്ടാക്കിയവനും നീ,മണ്ണില്‍ ചേര്‍ക്കുന്നവനും നീ.നിന്റെ കളി അപാരം.ഈ ചതുരംഗത്തില്‍ നിന്നെ തോലിപ്പിയ്ക്കാന്‍ ആരുമില്ല.

പോലീസുകാര്‍ അവനെ കൊണ്ട് വന്നപ്പോള്‍ അയാള്‍ ഒന്നേ നോക്കിയുള്ളൂ.അവന്റെ മുഖമുയരുന്നില്ല.ആമിന അവനെ ചീത്ത വിളിച്ചു,അടിച്ചു.എത്ര കഞ്ഞീന്റെ വെള്ളം അനക്ക് ഞാന്‍ തന്നതാടാ.അവള്‍ കരയുന്നു.പോലീസുകാരന്‍ പിടിച്ചു മാറ്റുമ്പോള്‍ അവള്‍ വളഞ്ഞ കാല്‍കുത്തി വീഴുന്നു.ഓനെ കൊല്ലണം സാറേ..അവള്‍ പിന്നെയും ചീറുന്നു.എത്ര പോക്കിള്കൊടികള്‍ പടച്ചവനേ.ഓരോ കുഞ്ഞിനും മേലെ എത്ര തണലുകള്‍.എന്നിട്ടും കണ്ണ് വെട്ടിച്ചു മാനത്തു നിന്ന് ഒരു നഖമുന,ഒരു ചിറകിന്‍ വേഗം.ങ്ങള് കണ്ടീലെ ആമിന തോള് പിടിച്ചു കുലുക്കുന്നു.കണ്ടു,ഞാന്‍ കണ്ടു.അയാളും ഉരുകുന്നു.

വെയില്‍.മണ്പാതയില്‍ ആവി പൊങ്ങുന്നു.മണ്ണിന്റെ കരുതലുകള്‍ ആവിയായിപ്പോകുന്നു.തിളങ്ങുന്ന സൂര്യന്‍.പറങ്കിക്കാട്. ഈച്ചകളുടെ ആര്‍ക്കല്‍.കലുങ്കില്‍ തമാശ പറഞ്ഞിരിയ്ക്കുന്ന ചെറുപ്പക്കാര്‍.അയാളെ കണ്ടപ്പോള്‍ അവര്‍ നിശബ്ദരായി.ഒന്നോ രണ്ടോ പേര്‍ എണീറ്റ്‌ നിന്നു.ഒന്നുകില്‍ താന്‍ പഠിപ്പിച്ചവര്‍,അല്ലെങ്കില്‍ പ്രഭാഷണം കേള്‍ക്കുന്നവര്‍.അയാള്‍ അവരെ കടന്നു പോയി.പക്ഷെ ചെവി അവര്‍ക്കിടയിലായിരുന്നു.ആരോ ഒരാള്‍ എന്തോ പതുക്കെ പറഞ്ഞു.വേറൊരുവന്‍ ആവേശത്തോടെ,എന്നാല്‍ മറ്റെയാളെപ്പോലെ ശബ്ദം താഴ്ത്തി,എന്തോ പറയുന്നു.ഒരു പതുങ്ങിയ ചിരി പടരുന്നു.

അയാള്‍ കുനിഞ്ഞു ഒരു കല്ലെടുത്തെറിയുന്നു.ഏറു കൊണ്ട് എല്ലുകള്‍ ചവച്ചു പൊട്ടിയ്ക്കുന്ന പട്ടികള്‍ ചിതറിയോടുന്നു.അയാള്‍ എറിയുന്നു,പിന്നെയും.

ഇമ്മച്ചി വരാന്തയില്‍ ഇരിപ്പുണ്ട്.

ന്താ ഒരൊച്ച കേട്ട്,വയ്യില് ?
പറങ്കൂച്ചിക്കാട്ടില് നായിക്കള്..

അയാള്‍ കുപ്പായത്തിന്റെ കുടുക്കുകള്‍ അഴിയ്ക്കാന്‍ തുടങ്ങി.അവസാനത്തേത് അഴിയ്ക്കുന്നതിനു മുന്‍പ് അയാള്‍ ഒന്ന് കൂടി കരഞ്ഞു.

1 comment: