Tuesday, August 21, 2012

കദിയാ

കദിയാ, നീയെന്നെ കടന്നു പോവുമ്പോള്‍
ഞാന്‍ സുതാര്യനാവുന്നു, എന്റെ മിടിക്കുന്ന 
ഹൃദയം എനിക്ക് തന്നെ കാണാകുന്നു

ഞാന്‍ രണ്ടായിപ്പിളര്‍ന്ന് 
ഒരു പകുതി ഇടവഴിയിരുളില്‍ നില്‍ക്കുന്നു 
മറുപാതി നിന്നോടൊപ്പം 
നടക്കുന്നു, കുന്നു കയറുന്നു 
വെയിലുലാവുന്നു, എരിഞ്ഞു പുകയുന്നു   

വെളിമ്പ്രദേശത്തെ  ഏതു മൃഗത്തെയും പോലെ
എനിക്കും നിന്റെ കറുപ്പിലേക്ക്‌ കുതിക്കാം 
എന്നാല്‍ ഞാന്‍ ഇരയാകുന്നു 
എന്നെ കോര്‍ത്ത്‌  നീ 
തെളിനീരില്‍ മുക്കുമെന്നു വെക്കുന്നു 
ഈ എരിവെല്ലാം കുളിരുമെന്നു വെക്കുന്നു 

മഗിരിബില്‍ ബാങ്കിന്റെ ഓളങ്ങളില്‍ 
തട്ടം വലിച്ചിട്ടു നീ ഒഴുകുന്നു 
എന്റെ ചങ്കിലെ നനഞ്ഞ മണ്ണില്‍ 
കാല്‍ പതിപ്പിച്ചു  നീ പോകുന്നു 

റംസാന്‍ തീരുന്നു, ചവര്‍ന്ന ഒരു പഴംപോലെ  
ഞാന്‍ വലിച്ചെറിയപ്പെട്ടിരിക്കുന്നു, എന്നാല്‍   
കദിയാ , ഇനിയുമുണ്ട് ചന്ദ്രന്‍  
അവന്‍ വളരുന്നതും തളരുന്നതും 
ഇന്നിരുള്‍മേഘമറവില്‍, ആരറിയാന്‍, നോക്കാന്‍  

മെലിഞ്ഞും തെളിഞ്ഞും ഞാന്‍ രാത്രിയാവാന്‍ കാത്തിങ്ങനെ 
ഒരു പാതിയെങ്കിലും വെളിച്ചത്തിലേക്കിറക്കി നിറുത്താന്‍, കദിയാ
നിന്റെ കറുപ്പിന്റെയെണ്ണയൊഴിക്കൂ, നിന്റെ തീവിരലാലെന്നെക്കൊളുത്തൂ   

4 comments:

  1. അവന്‍ വളരുന്നതും തളരുന്നതും
    ഇന്നിന്നുരുള്‍മേഘമറവില്‍ ആരറിയാന്‍ ....

    ചിന്തോദ്ദീപകം , നല്ല വരികള്‍...!

    ReplyDelete
  2. വ്യത്യസ്തമായ വരികള്‍ . അഭിനന്ദനം

    ReplyDelete