നഗരമേ, നിന്റെ തെരുവുകൾ എന്നെ മെരുക്കിയെടുത്തു.
ഞാൻ ചുമലേറ്റി വന്ന കാടിന്നൊരിടം കൊടുത്തു
***
നിന്റെയിരുൾ വാതിലിലൂടെ കടന്നു ഞാൻ നിന്നിലേക്ക് തിരിഞ്ഞു നടക്കുന്നു.
***
നഗരമേ ഞാൻ നിന്റെ നീലിച്ച ഒരു ഞരന്പ്
നിന്റെ മാലിന്യം മുഴുവൻ തിരക്കിട്ടൊഴുകുന്നോരിടവഴി
***
നഗരവഴിയേ ഏതു പെണ്‍ തുടിപ്പ്, കണ്‍ ചിരിപ്പ്
സമം ചേർത്തതിന്നു നിൻ മണം
***
മൃതനഗരത്തെ കരഞ്ഞുകഴുകിയെടുക്കുന്നു
കാമിനിയെപ്പോലൊരു വിളർന്ന മഴ.
***
മഴയിൽ വഴിയരുകിൽ തേങ്ങുമൊരു തരുണനെ
ചേർത്തു പിടിക്കുന്നു നഗരം, വൃദ്ധമാതാവെന്നപോൽ
***
ചിരകാലമോഹമെന്നപോൽ ഒരു കുട
മലർക്കെ തുറന്നുകിടന്നു മഴയാലുള്ളം നിറക്കുന്നു
No comments:
Post a Comment