Wednesday, September 9, 2015

പ്രിയ ജംഷീർ,
തണുത്ത പ്രഭാതത്തിൽ
നമ്മൾ നടക്കുവാൻ പോകും
തെരുവുകൾ ഉരുകുവാൻ 
തുടങ്ങുന്ന ഐസുകട്ടകൾ പോലെ
പതറിക്കൊണ്ടിരിയ്ക്കും   
നഗരത്തിന്റെ ഹൃദയം മിടിയ്ക്കുവാൻ 
തുടങ്ങുന്നു എന്ന് നീ പറയും  

രാത്രിയിൽ പുസ്തകത്തെരുവുകളിലൂടെ
നമ്മൾ അലഞ്ഞിരിയ്ക്കും, പുകയൂതിക്കൊണ്ട് 
പുസ്തകങ്ങളുടെ മഞ്ഞപ്പുകളിൽ നാം വിരലോടിയ്ക്കും
അതിൽ തെരുവുകൾ, പാതകൾ, നഗരങ്ങൾ   
പരവതാനികൾ പോലെ നിവർന്നുവരും   
നീയൊരു പുസ്തകം  മണത്തുനോക്കും  അന്നേരമേതോ 
പെണ്കുട്ടിയുടെ കാര്യം പറഞ്ഞ് കടക്കാരൻ ചിരിയ്ക്കും  
നമ്മളും തെറ്റിദ്ധാരണയിൽ ചിരിയ്ക്കും, 
നിന്റെ ചിരി മായാതെ തെല്ലു നിന്നത്,
എന്നാൽ, ഞാൻ കാണും .
  
കാറ്റുകൾ പുസ്തകങ്ങളുടെ വക്കുകളിൽ പോറിക്കൊണ്ടിരിയ്ക്കും,
മതിലുകളിൽ നിന്ന് കല്ലുകളിളക്കുന്നപോലെ തോന്നും, അത്. 
രഹസ്യസഞ്ചയങ്ങൾ, ഉന്മാദങ്ങളുടെ അന്ത:പുരങ്ങൾ 
ചോരയും രതിയും മണക്കുന്ന ഇരുൾഗുഹാന്തരങ്ങൾ, അവ.
മഞ്ഞവെളിച്ചങ്ങളുടെ ഓരംപറ്റി വിലപേശുന്ന
അൽപ്പവസ്ത്രധാരികൾ, പട്ടിണിയിൽ, വിശപ്പൊടുക്കാനാവില്ല
പക്ഷെ മറക്കുവാൻ സഹായിക്കാം എന്നൊക്കെക്കൊതിപ്പിയ്ക്കുന്നവർ 
അനുഭവകഥയെന്നൊക്കെപ്പറയുമ്പോൾ നീ ചിരിക്കില്ലെന്നെനിയ്ക്കറിയാം
അതല്ലേടാ, ഞാനും നീയും ഒരു ചോരവഴിയായത്, താവഴിയായത്

ദില്ലിയിലെ പ്രഭാതം മഞ്ഞുമൂടിയൊളിഞ്ഞുകളിയ്ക്കുന്നു
പുസ്തകങ്ങളെപ്പൊതിഞ്ഞുകെട്ടിയിരിക്കുന്നനോക്കി
നമ്മൾ നടക്കുന്നു, പരപ്പനങ്ങാടിയിൽ 
ഉപ്പ,യപ്പോള് പാലുവാങ്ങാൻ 
പോകുന്ന സമയമെന്ന് നീ പറയുന്നു, 
തിരികെയെത്താൻ തുടിയ്ക്കുന്നുണ്ടായിരിക്കും,
പാമുകിന്റെയും ബൊലാഞോയുടെയും
വരികളിലെന്തോ മറന്നുവെച്ചെന്നപോലെ
ഓടിവരുന്നതുകണ്ട് ഉമ്മ മുഖം 
കടുപ്പിച്ചെന്നാലു,മുള്ളിൽ ചിരിയ്ക്കുംപോലും  

സമീറ മക്മൽബഫ് ഖദീജ റ്റെക്സ്റ്റൈൽസിൽ 
ഉമ്മാടെയൊപ്പം പോയതെഴുതിയ 
ഹസ്സനെയോർക്കും ഞാൻ, അവനെ മറന്നാലും 
അവന്റെഴുത്തിനെ മറക്കുമോ എന്നോർത്ത്,  
അവന്റെ ഉപ്പ ജുമാ കഴിഞ്ഞു മീസാങ്കല്ലിൽ മുത്തി 
വിറയോടെ പോകുന്നതോർക്കും ഞാൻ
അവനേക്കാൾ തെളിച്ചത്തോടെ.

അന്നേരം നിനക്കും അവനും ഒരേ മുഖം 
ഞാൻ കാണാത്ത, നിന്റുപ്പായ്ക്കും 
അവന്റുപ്പായ്ക്കും ഒരേ മുഖം     
കവിതയെഴുതാൻ കവിയാകണോടാ 
എന്നൊക്കെ ചോദിച്ച് ഞാൻ നിന്നെ മുത്തും 
എന്താടാ മുത്തേന്നൊക്കെ നീയും ചോദിയ്ക്കും 

അന്നേരം എന്റെ മീസാൻ കല്ല് പോലത്തെ 
നെറ്റീല് ഉമ്മ വെക്കെടാന്നൊക്കെ ഞാൻ പറയും 
കുളിർന്നതല്ലടാ, സങ്കടം കൊണ്ടാടാന്നൊക്കെ ഞാൻ 
വിറകൊള്ളും, മണ്ടൻ ചെക്കാ, അന്നേരം പൊട്ടൻ കളിയ്ക്കല്ല്
                     
ഇനികണ്ടില്ലെങ്കിലും ഓർക്കണം നീ, ഞാൻ
എഴുതിയ ഓരോ വരിയിലും 
എന്റെ മരണമൊഴിയുണ്ട്  
എന്റെ പുസ്തകമായിരിയ്ക്കുമെന്റെ
ഖബർ

ഒടുവിലിവിടംവരെയെന്നാലും  നീ വരുമെനിക്കറിയാം,
അന്ന് പഴയതെന്തെങ്കിലും തുന്നഴിച്ചു വെയ്ക്കണം
പ്രാർത്ഥന പോലെ വായിയ്ക്കണം, വരികളെന്തെങ്കിലും

അല്ലെങ്കിലെന്റെ ചാരം കൊണ്ടുവിതറണം
ആ ഗലികളിൽ, പുസ്തകങ്ങൾ
വെയിൽ കായുന്ന തട്ടുകളിൽ
ദിക്കറിയാതലയുന്ന കടുംകാറ്റിൽ

അന്നേ നിന്റെ കെട്ടു ഞാനറുക്കുകയുള്ളൂ 
ദില്ലിയിലെ ആകാശത്തിലേയ്ക്ക് ഒരു പട്ടം പോലെ
നിന്നെ ഞാൻ സ്വതന്ത്രനാക്കുകയുള്ളൂ

No comments:

Post a Comment