Thursday, March 12, 2009

ചുംബനങ്ങളുടെ മണം

ചായക്കോപ്പമേല്‍ ഒരു ചുണ്ടിന്റെ മണം
ചുണ്ടുചുംബിച്ച,ചുണ്ടിനെ ചുംബിച്ച
ചുണ്ടുകളുടെ മണം

നിശബ്ദമായി വാക്കുകളുടെ
ഒരു നദിയാകാം,ചുണ്ടുകളില്‍നിന്ന്
ചുണ്ടുകളിലേയ്ക്ക്
അറിയാത്ത മൊഴികളില്‍
പല വെയില്‍കൊണ്ട്,മഴകൊണ്ട്

ചുണ്ടുകള്‍ മാത്രമറിയുന്ന
ഒരു വിനിമയമാകാം
ഉടലുകളറിയാതെ
സ്വന്തം ഉടലുകളെയറിയാത്തവര്‍ക്കായി

ഒരുവേള പുഴയില്‍
മുങ്ങിനിവരുമ്പോളുള്ള
ഉടലുകളുടെ മണംപോലെയാകാം
പുഴപുല്‍കിയ,പുഴയെപ്പുല്‍കിയ
ഉടലുകളുടെ മണം

കരകളില്‍നിന്ന്,അറിയാത്ത
മറുകരകളിലെയ്ക്ക് പാറുന്ന മണങ്ങള്‍

പാടുകളേയില്ലാത്ത ചുംബനങ്ങള്‍
ഓര്‍മ്മകളേയില്ലാത്ത മണങ്ങള്‍

ഉച്ചയുറക്കത്തിലെ സ്വപ്നത്തില്‍പോലും
നാമൊരിക്കലും സ്വയം
ചുംബിക്കാത്തതുകൊണ്ട്
നാമറിയാതെപോകുന്ന
അദൃശ്യചുംബനങ്ങള്‍

നിമിഷമൊന്നില്‍ ചേര്‍ന്നിരിക്കയും
മറുനിമിഷമകലുകയും ചെയ്യുന്ന മണങ്ങള്‍

8 comments:

  1. നല്ല ചിന്തകള്‍ തന്നെ. കൊള്ളാം മാഷേ

    ReplyDelete
  2. ഒരു ചുംബനത്തിരി കത്തിച്ച്
    എന്റെ ചുണ്ടത്തേക്കൊന്നു
    വലിച്ചെറിയൂ…ഞാനതില്‍ നീറി ഒടുങ്ങട്ടെ
    :)

    ReplyDelete
  3. ആ കത്തുന്ന ചുംബനം മാത്രം ഓര്‍ക്കുവാന്‍ ഓര്‍മയില്‍
    മനോഹരമായിരിക്കുന്നു
    വളരെ ഇഷ്ടപ്പെട്ടു
    അഭിനന്ദനങ്ങള്‍

    ReplyDelete
  4. ഓര്‍മകളെ ചുംബിക്കുന്നതും അദൃശ്യ ചുംബനം തന്നെ

    ReplyDelete
  5. നന്ദി ശ്രീ!
    തണല്‍ , വളരെ സന്തോഷം ഇവിടെ കണ്ടതില്‍!
    അര്യനും, പകലിനും നന്ദി!
    പാവം, ദീപക്, നന്ദിയുണ്ട്
    ചിത്രകാരാ, ആദ്യ വരവിനും, കമന്റിനും നന്ദി !

    ReplyDelete