Monday, March 16, 2009

ശഹീദ്

യ്ക്ക് ശഹീദാകണമുമ്മാ
കദിയുമ്മ മജീദിനെ നോക്കി
ചെക്കന്‍ കത്തുന്ന വെറക് കൊള്ളിയുമായി
മുറ്റത്തിയ്ക്ക് ചാടി

യ്ക്ക് പോണമുമ്മാ

മജീദ്‌ കാത്തുനിന്നു, ആശീര്‍വാദത്തിന്
കദിയുമ്മ മിണ്ടിയില്ല

മുലപ്പാലു തിങ്ങി നെഞ്ചുനനഞ്ഞു ഉമ്മയ്ക്ക്

ബാങ്കുവിളി ചെരിപ്പടിമലയിലെ
കാറ്റുപോലെ പൊറ്റാളിനെപ്പൊതിഞ്ഞു

ചെക്കന്‍ പോയി

കാഞ്ഞിരങ്ങളില്‍ ഉപ്പാപ്പമാരുടെ
ആത്മാവുകള്‍ ഞരങ്ങുന്നത്
കദിയുമ്മ കേട്ടു

ഓനെ കാക്കണേ റബ്ബേന്ന്‍ കദിയുമ്മ കരഞ്ഞില്ല

മറ്റാര്‍ക്കും കാണാനാവാത്ത ഒരു
പൊക്കിള്‍ക്കൊടി ഉണ്ടായിരുന്നു കദിയുമ്മയ്ക്ക്
എല്ലാ ഉമ്മമാര്‍ക്കുമുള്ളപോലെ

അതറുത്ത് കദിയുമ്മ പനമ്പുഴയിലേയ്ക്കെറിഞ്ഞു

സ്നേഹത്തിന്‍റെ ചോരവാര്‍ന്ന്‍, മുലപ്പാലു വാര്‍ന്ന്‍
കദിയുമ്മയും ശഹീദായി

പടച്ചവന്‍ കരഞ്ഞിട്ടാവണം പൊറ്റാളില്‍ മഴപെയ്തു
പനമ്പുഴയില്‍ തണുപ്പില്‍
പൊക്കിള്‍ക്കൊടികള്‍ ചൂടുതേടിയലഞ്ഞു

10 comments:

  1. മനോഹരമായിരിക്കുന്നു മാഷേ...നിങ്ങൾ കൂടെക്കൂടെ എന്നെ അദ്ഭുതപ്പെടുത്തുന്നു...ആശംസകൾ....

    ReplyDelete
  2. എന്തേ ഞാന്‍ കണ്ടില്ല ഈ കവിതകള്. വരികളില്‍ വാക്കിനെ മെരുക്കുന്നുണ്ട് നിങ്ങള്. കവിതയുടെ ഭാഷയെ അതിന്റെ പാട്ടിനു വിട്ടിട്ട് നിങ്ങളുടേ ഭാഷയെ കവിതയാക്കുന്നു.

    നിറയേ സ്നേഹം

    ReplyDelete
  3. നല്ല കവിത
    പക്ഷേ ഒ.വി.വിജയന്റെ ഭാഷ വല്ലാതെ മണക്കുന്നു.

    ReplyDelete
  4. വേറിട്ട ശബ്ദം നന്ദി, തുടര്‍ച്ചയായ വായനയ്ക്ക്..
    പകലെ, എന്താ ഒരു കള്ളച്ചിരി ?
    നൊമാദെ, എന്ത് പറയും ഞാന്‍ ? വളരെ നദി ഇത്ര വരെ വന്നതിനു..വിരല്‍ വിട്ടു പോയവള്‍ ഞാന്‍ പിന്നേം പിന്നേം വായിക്ക്യാണ്..
    അനിലന്‍, ഇപ്പൊ നോക്കുമ്പോ എനിയ്ക്കും തോന്നുന്നു. പക്ഷെ 'പടച്ചവന്‍' തുടങ്ങിയ വാക്കുകളൊക്കെ തനി മലപ്പുറം മലയാളമാണെന്നെ! അതങ്ങനെയേ വരൂ , മന:പൂര്‍വ്വം എഴുതിയതല്ല, എന്റെ ഭാഷയുടെ പരിമിതി കടക്കാന്‍ നോക്കുന്നതാ! വളരെ നന്ദി !

    ReplyDelete
  5. ആളു പുലിയാണല്ലോ...
    കവിത വിശകലനം ചെയ്യുന്നത് അറിയാത്ത പണി ആയത് കൊണ്ട് അതിനില്ല...
    ആശയം ഇഷ്ടമായി....

    ReplyDelete
  6. ശ്രീ , നന്റ്രി
    നിയ്യും പുലിയാണ്ടാ, ആ "ഭഗവാന്‍" പോസ്റ്റ് കലക്കി! ഇപ്പൊ ഒരു മിനി സൂരജും ആയി. ഇങ്ങനെ കറക്റ്റ് ലിങ്ക്സ് ഒക്കെ ഇട്ടു പോസ്ടുന്നവരെ ഞമ്മക്ക് പെരുത്തിസ്റ്റാ!

    ReplyDelete
  7. സ്നേഹത്തിണ്റ്റെ ചോരയും മുലപ്പാലും വാര്‍ന്ന് ഉമ്മമാര്‍ മരിക്കാതിരിക്കാന്‍ , ശഹീദാവാന്‍ നടക്കുന്ന 'ഇസ്സത്തുള്ളവര്‍' ഇതു വായിക്കട്ടെ...

    ReplyDelete
  8. ബക്കര്‍ , വളരെ വളരെ നന്ദി ഇത് വരെ വന്നതിന്

    ReplyDelete
  9. ദൈവമെ കണ്ടില്ലല്ലൊ പടച്ചവനെ വരെ കരയിക്കുന്ന ഈ ഭാഷ

    ReplyDelete