Wednesday, March 18, 2009

എളാപ്പ

എളാപ്പ മരിച്ചയന്ന്
തിളയ്ക്കുന്ന വെയിലുള്ള ദിവസമായിരുന്നു
അസ്ഥികള്‍ കത്തുന്ന പോലെ
ചൂടില്‍ ഓടുകള്‍ പൊട്ടുന്ന
ശബ്ദങ്ങള്‍ കേട്ടു കൊണ്ടിരുന്നു

പാതിപൂരിപ്പിച്ച പദപ്രശ്നം പോലെ
ഒരു മനുഷ്യന്‍
അമ്മായി ഏറെ ശ്രമിച്ചുകാണണം
എഴുതിയും,മായ്ച്ചും
എന്നിട്ടും കറുപ്പിലും വെളുപ്പിലും
എളാപ്പ നിറഞ്ഞുനിന്നു

കോളറില്‍ വെള്ളത്തൂവാല തിരുകി
തലെക്കെട്ടുമായി കൈവീശിവീശി
എളാപ്പ നടന്നു
ആറരയടിയുടെ ഉയരം കൊണ്ട്
പൊറ്റാളിനെ അളന്നു
രാവും,പകലും

എന്തും പറഞ്ഞുവന്നു പാതിയില്‍നിറുത്തും
പെട്ടെന്നെന്തോ ഓര്‍ത്തപോലെ നില്‍ക്കും
എളാപ്പയുടെ മനസ്സിലും
പദപ്രശ്നങ്ങളെന്നോര്‍ക്കും ഞങ്ങള്‍ കുട്ടികള്‍
എന്നാലും മിഠായിമധുരം
കുട്ട്യോളില്ലാത്ത എളാപ്പ

എളാപ്പ ഉറക്കത്തില്‍ചിലപ്പോ കരയുംപോല്‍

കുന്നിന്‍ ചെരിവുകളിലെ കുറുക്കന്മാരും
ഇടവഴികളില്‍ മറഞ്ഞിരുന്ന ഒടിയന്മാരുമെല്ലാം
മന്ത്രമറിയണ എളാപ്പയെ മാറിനടക്കും
എന്ന എളാപ്പ കരയുംപോലും
അമ്മായി എത്രചോദിച്ചാലും മിണ്ടില്ലപോലും

മൂന്നാല് ദിവസം പുറത്തുപോയില്ലായിരുന്നു
ഈ വെയിലിനിത്ര ചൂടെന്ന്‍ അറിഞ്ഞില്ലാന്ന്‍

"അന്നോട്‌ ഇന്ക്ക്യ് ഒര് കാര്യം പറയാണ്ട്"
നാലാംദിവസം ജുമുഅ
കഴിഞ്ഞുവന്നയുടനെ
കണ്ണ് കലങ്ങി
അമ്മായിയോട് പറഞ്ഞു എളാപ്പ
"വെള്ളം കൊണ്ടാ"
അമ്മായി വന്നപ്പഴെയ്ക്കും ആ പദപ്രശ്നവും
ബാക്കിവെച്ച് എളാപ്പ പോയിരുന്നു

വെയിലില്‍ പഴുത്ത മുറ്റത്തുനിന്നു
ദീര്‍ഘനിശ്വാസങ്ങള്‍ ഉയര്‍ന്നു

ആളൊഴിഞ്ഞു തുടങ്ങണ നേരത്ത്
കണ്‍കോണിലൂടെ അമ്മായി കണ്ടു
മുറ്റത്ത്,ഒരറ്റത്ത് ഒരുപെണ്ണ്
വെയിലിലങ്ങനെ തിളങ്ങിനിക്ക്ണ് ഓള്
മുട്ടുവരെ മുടി,ചുവന്നപട്ട്
ചൂണ്ടുവിരലില്‍ പിടിച്ചൊരു നക്ഷത്രക്കുഞ്ഞ്

13 comments:

  1. “ചൂണ്ടുവിരലില്‍ പിടിച്ചൊരു നക്ഷത്രക്കുഞ്ഞ്“
    ...
    വാക്കിലൊതുങ്ങാത്തൊരു കമന്റിട്ടിട്ടു പോണൂ..

    ReplyDelete
  2. ജുമാ കഴിഞ്ഞുള്ള വെയിലില്‍ ഉരുകി പോയ മാതിരി ....

    ReplyDelete
  3. ചില വാക്കുകളങ്ങനെയാണ്,
    മരണം കൊണ്ടേ പറയാനാവൂ...

    ReplyDelete
  4. വേദനിപ്പിക്കുന്നത്.....
    കവിത മനസിനെ തൊടുന്നത്

    ReplyDelete
  5. തണല്‍ , വാക്കിലോതുങ്ങാത്ത ഒരു നന്ദിയും!
    പകല്‍, നന്ദി, തുടര്‍ച്ചയായ പ്രോത്സാഹനത്തിനു നന്ദി
    സെറീന, മരിയ്കാത്ത വാക്കുകള്‍!
    ശ്രീ, വളരെ നന്ദി. എന്റെ പരിമിതമായ വാക്കുകളില്‍ പറയാനാവുന്നത് പറയുന്നു. അത്രേള്ളു.

    ReplyDelete
  6. "അന്നോട്‌ ഇന്ക്ക്യ് ഒര് കാര്യം പറയാണ്ട്"...

    "അന്റെ കവിത ഉസാറായിക്ക്ണ്....ഞമ്മക്ക്‌ പെരുത്തിസ്ടായി"...:)

    ReplyDelete
  7. എന്റെ ഞരമ്പുകളിലൂടെ തീ കൊണ്ടൊരു തീവണ്ടി ഓടുന്നു....താങ്കളുടെ വരികളിലൂടെ കടന്നു പോകുമ്പോൾ.....നന്ദി....

    ReplyDelete
  8. എന്തെന്ത് കാഴ്ചകളിലേക്കാണു കവിത കൊണ്ട് ചെന്നെത്തിക്കുന്നത്. കവിതയ്ക്കൊരു സലാം .

    ReplyDelete
  9. ശിഹാബ് , പെരുത്തു തന്തോയം !
    വി എസ്, എന്‍റെ തീ നിനക്ക് തരുന്നു.......
    നൊമാദ് , വളരെ നന്ദി.. !
    കമന്‍റ്-കള്‍ക്ക് നന്ദി പറഞ്ഞെഴുതുന്നതാണ് സുഹൃത്തുക്കളേ കൂടുതല്‍ പ്രയാസമുള്ള കാര്യം, എഴുത്തിനേക്കാളും !

    ReplyDelete
  10. വെയിലില്‍ പഴുത്ത മുടത്ത്‌...
    നന്നായിരിക്കുന്നു സുഹ്ര്‍ത്തേ

    ReplyDelete
  11. രാംജി, വളരെ നന്ദി, ആദ്യ കമന്റിന്

    ReplyDelete
  12. ആറരയടിയുടെ ഉയരം കൊണ്ട് പൊറ്റാളിനെ അളന്നത് വായനയിലെവിടെയോ കുരുങ്ങിക്കിടക്കുന്ന മറ്റേതോ ബിംബത്തെ ഓർമ്മിപ്പിച്ചു.

    നന്നായിട്ടുണ്ട്

    ReplyDelete
  13. Raj

    ഇത്രേം വന്നതിനു വളരെ നന്ദി, ഏറെ പ്രചോദനം തരുന്നു ഈ വിസിറ്റ്

    ReplyDelete