പേരുമറന്ന നഗരത്തിലെ
ഏതോ ഒരിടുങ്ങിയ തെരുവില്‍
ഞാന്‍ നിന്റെ മണം
തിരയുകയായിരുന്നു
നിന്റെ കല്ലറയ്ക്കരികില്
നിന്റെയിനിയും
വറ്റാത്ത നനവുകളിലേയ്ക്കു
വേരാഴ്ത്തി നില്ക്കുന്ന മരം
ഞാന്‍ കണ്ടു
നദിയുടെ ആഴങ്ങളില്‍
നിന്നുണര്‍ന്നപോലെ
അതിന്റെ ശാഖകള്‍
ആകാശങ്ങളിലേയ്ക്കുയര്‍ന്ന്‍
കാറ്റിനെ വലിച്ചെടുക്കുന്നുണ്ടായിരുന്നു
ഞെട്ടറ്റുവീഴാനൊരുങ്ങുന്ന
നക്ഷത്രത്തെയെന്നപോലെ
അതിന്റെ പൂക്കണ്ണുകള്‍
ദൂരദര്‍ശിനിയാലെന്നെ
നോക്കുന്നുണ്ടായിരുന്നു
അതിന്റെയിലകള്‍
നിലവിളിയില്‍പ്പൊതിഞ്ഞ
അപേക്ഷകള്‍പോലെ
എന്നിലെയ്ക്കൊഴുകി
കാലങ്ങള്‍ക്കിപ്പുറവും
നിന്റെ ഓര്‍മ്മകളുടെ
ഇരുള്‍മൂടിയ ഇടനാഴികളില്‍
ഞാനുറങ്ങിയുണരുന്നു
നിന്റെ രക്തക്കറകള്‍
എന്റെ ചുവരുകളില്‍നിന്നു ഞാന്‍
കഴുകിക്കളഞ്ഞുകൊണ്ടേയിരിയ്ക്കുന്നു
തർക്ക ഗതി: ഒരു ആഗോള അവലോകനം, 1946–2023
11 hours ago