Thursday, February 26, 2009

നഷ്ടപ്രണയം

പേരുമറന്ന നഗരത്തിലെ
ഏതോ ഒരിടുങ്ങിയ തെരുവില്‍
ഞാന്‍ നിന്റെ മണം
തിരയുകയായിരുന്നു

നിന്റെ കല്ലറയ്ക്കരികില്‍
നിന്റെയിനിയും
വറ്റാത്ത നനവുകളിലേയ്ക്കു
വേരാഴ്ത്തി നില്‍ക്കുന്ന മരം
ഞാന്‍ കണ്ടു

നദിയുടെ ആഴങ്ങളില്‍
നിന്നുണര്‍ന്നപോലെ
അതിന്റെ ശാഖകള്‍
ആകാശങ്ങളിലേയ്ക്കുയര്‍ന്ന്‍
കാറ്റിനെ വലിച്ചെടുക്കുന്നുണ്ടായിരുന്നു

ഞെട്ടറ്റുവീഴാനൊരുങ്ങുന്ന
നക്ഷത്രത്തെയെന്നപോലെ
അതിന്റെ പൂക്കണ്ണുകള്‍
ദൂരദര്‍ശിനിയാലെന്നെ
നോക്കുന്നുണ്ടായിരുന്നു

അതിന്റെയിലകള്‍
നിലവിളിയില്‍പ്പൊതിഞ്ഞ
അപേക്ഷകള്‍പോലെ
എന്നിലെയ്ക്കൊഴുകി

കാലങ്ങള്‍ക്കിപ്പുറവും
നിന്റെ ഓര്‍മ്മകളുടെ
ഇരുള്‍മൂടിയ ഇടനാഴികളില്‍
ഞാനുറങ്ങിയുണരുന്നു

നിന്റെ രക്തക്കറകള്‍
എന്റെ ചുവരുകളില്‍നിന്നു ഞാന്‍
കഴുകിക്കളഞ്ഞുകൊണ്ടേയിരിയ്ക്കുന്നു

6 comments:

  1. "നിന്റെ കല്ലറയ്ക്കരികില്‍
    നിന്റെയിനിയും
    വറ്റാത്ത നനവുകളിലേയ്ക്കു
    വേരാഴ്ത്തി നില്‍ക്കുന്ന മരം
    ഞാന്‍ കണ്ടു"

    നല്ല വരികള്‍...
    Touching 'un.

    ReplyDelete
  2. വളരെ നല്ല കവിത.... ക്വാട്ടാന്‍ പറ്റുന്നില്ല... അല്ലേല്‍ മൊത്ത്രം ക്വാട്ടിയേനേ....

    അഭിനന്ദനങ്ങള്‍ :)

    ReplyDelete
  3. വളരെ നന്നായിട്ടുണ്ട്.വാക്കുകള്‍ അതിന്റെ ദ്ര്ശ്യങ്ങളിലേക്ക് വാദായനം തുറന്നു തരുന്നു.....

    ReplyDelete
  4. കവിത ഇഷ്ടമായി... നിലവിളിയിൽ പൊതിഞ്ഞ അപേക്ഷകൾ എന്ന പ്രയോഗം വളരെ ഇഷ്ടമായി..

    ReplyDelete
  5. പകല്‍കിനാവന്‍ നന്ദി, തുടര്‍ച്ചയായ വായനയ്ക്ക് !
    ആര്യന്‍, സന്തോഷം!
    ശ്രീ വളരെ വളരെ നന്ദി, നിന്റെ എഴുത്ത് കലക്കനായി വരുന്നുണ്ട് !
    ലുലു നന്ദിയുണ്ട്..!
    കെ കെ എസ് , സന്തോഷം !

    ReplyDelete