Thursday, February 12, 2009

കപ്പിത്താന്‍

പടികടന്നു വന്നിരുന്നു
ഒരു മിഠായിമധുരം

വെള്ളയും വെള്ളയുമിട്ടു
ചുളിയാത്ത ചിരിയും
നനുത്ത മണവുമായി

പഞ്ചസാര കടംവാങ്ങി
അമ്മയുണ്ടാകിയ പരാതിപ്പുക
ചുവയ്ക്കുന്ന ചായകുടിച്ചു്

അബുവിന്റെ വീട്ടില്‍
നിന്നു വായിച്ച
"പൂമ്പാറ്റ"ക്കഥകള്‍
മൂളിമൂളി കേട്ട്

പൊന്തപിടിച്ച തൊടിയില്‍
ഒന്നു കറങ്ങി
ഇറയത്തെ ചിതല്‍ തട്ടി
കിണറിലൊന്നെത്തിനോക്കി

ചിന്തയില്‍ പുകഞ്ഞു
ഇടവഴികയറി വരുന്ന
അച്ഛനോട് വാക്കുകളില്ലാതെ
സംസാരിച്ച്

അമ്മയുടെ
സങ്കടക്കടല്‍ കണ്ട്
അച്ഛന്റെ
കാറ്റുതിങ്ങുന്നയഴിമുഖം കണ്ട്

പടിയ്ക്കല്‍വച്ച്
അച്ഛന്റെ വരകള്‍ മാഞ്ഞ
കയ്യില്‍ വിയര്‍പ്പിറ്റ
നോട്ടുകള്‍ തിരുകി

ഇരുളിറങ്ങുമ്പോള്‍
ചുളിയാത്ത അതേ ചിരിയുമായി
പുഴക്കരയിലൂടെ നടന്നുമറയുന്നു
അത്തര്‍മണമുള്ള കത്തുകളിലെ
പഴയ കപ്പിത്താന്‍

അക്ഷാംശങ്ങളില്‍
രേഖാംശങ്ങളില്‍
കാലിടറി,
വെള്ളിത്തിമിംഗലങ്ങളെ
പിന്തുടര്‍ന്നലഞ്ഞു്

കടലെത്രയോ കണ്ട്
തിരയെത്രയോ കണ്ട്

അവസാനം
ഓര്‍മയില്‍ വെയിലസ്തമിച്ച്
തെങ്ങിന്‍ തോപ്പുകള്‍ക്കു
നടുവിലെ
വലിയ വീട്ടില്‍ ഒറ്റയ്ക്കങ്ങനെ
ഭൂപടങ്ങളില്‍ കണ്ണുംനട്ട്

പിന്നെ കടലില്‍ നഷ്ടപെട്ട
ഒരു പഴയ പായ്ക്കപ്പല്‍പോലെ
ഞങ്ങളുടെ മറവിച്ചുഴികളിലേയ്ക്ക്
മറഞ്ഞ് മറഞ്ഞ്

വര്‍ഷങ്ങള്‍ക്കിപ്പുറം

ധ്രുവനക്ഷത്രങ്ങളെയും
കടല്‍കാക്കകളെയും
സ്വപ്നം കാണാന്‍
പഠിച്ച ശേഷം

ഒരു തണുത്ത നഗരരാത്രിയില്‍
മറ്റൊരു ദീര്‍ഘയാത്രയില്‍

വണ്ടികാത്തു നില്‍ക്കുമ്പോള്‍
നിനച്ചിരിക്കാതെ
അരികിലൊരു വൃദ്ധസാന്നിധ്യം
തിരയായി ഒരുപ്പുമണം

ചുളിഞ്ഞ കയ്യിലേയ്ക്കു
നാണയമിടാന്‍
മടിച്ചുനില്‍ക്കുമ്പോള്‍
ഒരു ഫോണ്‍വിളി

പഴയൊരു കപ്പല്‍
പായകള്‍ താഴ്ത്തിക്കഴിഞ്ഞു

നോക്കുമ്പോള്‍
നീട്ടിയ കൈകളില്ല
ഇരുളു മാത്രം

മുകളില്‍
നനുത്തചിരിയുമായി
ഒരു വഴികാട്ടിനക്ഷത്രം

ഞാനറിയുന്നു
നിയോഗം പോലെ
എന്റെ കപ്പല്‍പ്പായകളില്‍
കാറ്റാളുന്നു,എന്നെ
തിരകള്‍ പുല്‍കുന്നു

2 comments:

  1. പടികളില്‍ ഒന്നിരുന്നു കേട്ടോ... ! Good

    ReplyDelete
  2. കവിത വളരെ നന്നായിട്ടുണ്ട്...
    ആശംസകള്‍...*

    ReplyDelete