നഷ്ടപ്പെടലുകളുടെ ഒരു ദിനം
ഉറക്കത്തില്‍നിന്നും തട്ടിയുണര്‍ത്തപ്പെടുമ്പോള്‍
പാടങ്ങള്‍ മഞ്ഞില്‍ മറഞ്ഞുപോകുന്ന
ഒരു സ്വപ്നം നഷ്ടപ്പെടുന്നു
ധൃതിയില്‍ വാതില്‍തുറന്നിറങ്ങുമ്പോള്‍
സഹശയനം ചെയ്ത പെണ്ണിന്റെ
സുഗന്ധം നഷ്ടപ്പെടുന്നു
തിടുക്കത്തില്‍ വാഹനമോടിക്കുമ്പോള്‍
വഴിയില്‍നിന്ന ചിരന്തനസുഹൃത്തിന്റെ
പുഞ്ചിരി നഷ്ടപ്പെടുന്നു
പാതി മുറിഞ്ഞ ഒരു ഫോണ്‍വിളിയില്‍
ഒരു വിറയാര്‍ന്ന ശബ്ദത്തിന്റെ
തണുപ്പുള്ള തലോടല്‍ നഷ്ടപ്പെടുന്നു
വലിച്ചൂതുന്ന പുകച്ചുരുളുകളില്‍
ഏതോ ഒരു സൌഹൃദത്തിന്റെ
കനല്ചൂടും നഷ്ടപ്പെട്ടുപോകുന്നു
കാറ്റില്‍ തലയില്‍ പൊഴിയുന്ന
പൂമഴയില്‍,പണ്ടത്തെയേതോ
കളിചിരികളുടെ നേരിയ
ഓര്‍മകള്‍ നഷ്ടപ്പെടുന്നു
ജാലക ചില്ലില്‍
മഴയെഴുതുന്ന അവ്യക്തചിത്രങ്ങളില്‍
മിന്നല്‍പോലൊരു മുഖം
തെളിയുന്നു, നഷ്ടപ്പെടുന്നു
അതിനൊപ്പം എത്ര തുടച്ചാലും
കവിളില്‍ തെളിഞ്ഞുതെളിഞ്ഞു
വന്നിരുന്ന ഒരു ചുംബനമുദ്രയും
നഷ്ടപ്പെടുന്നു
മഴയിലെതോ ഒരു കരള്‍നീറുന്ന
പാട്ടിന്റെ രണ്ടുവരികള്‍
നഷ്ടപ്പെട്ടു പോകുന്നു
പാതിയില്‍ നിന്ന സംഭാഷണങ്ങള്‍
പാതിയില്‍ മറന്ന പുഞ്ചിരികള്‍
പാതിയില്‍ എഴുതിനിറുത്തിയ വരികള്‍
മടക്കയാത്രയില്‍
പിന്നോട്ട് പായുന്ന
വഴികള്‍ക്കപ്പുറം മങ്ങിയ
സൂര്യന്‍ പലസന്ധ്യകളില്‍
നിറം കലര്‍ത്തിയൊരുക്കിയോരു
ചിത്രം നഷ്ടപ്പെട്ടുപോകുന്നു
അലയുന്ന മേഘത്തുമ്പില്‍
പലവട്ടം കഥപറഞ്ഞുറക്കിയ
ഒരു നക്ഷത്രവെളിച്ചം
നഷ്ടപ്പെട്ടുപോകുന്നു
പടികള്‍കയറി
വാതില്‍ തുറക്കുമ്പോള്‍
വരണ്ട, ഇരുട്ടുനിറഞ്ഞ
മുറിയില്‍ നിറയുന്ന
ഏകാന്തനിശബ്ദതയില്‍
ഒരു നഷ്ടസുഗന്ധം.
ചുളിഞ്ഞ വിരിയില്‍
ഇന്നലെ പാതികണ്ട
സ്വപ്നത്തിന്റെ ശേഷിപ്പ്
ഇന്നെയ്ക്ക് എന്റെ ഉറക്കവും നഷ്ടപ്പെടുന്നു
Sunday, February 8, 2009
Subscribe to:
Post Comments (Atom)
സുഹൃത്തേ,
ReplyDeleteഎനിക്കു തോന്നുന്നത് ഇതൊരു നഷ്ടങ്ങളുടെ കാലമാണെന്നാണ്.....വായുവിനും,വെള്ളത്തിനും,പേനക്കും,സ്വപനങ്ങൾക്കുമൊക്കെ ആരൊക്കെയോ എവിടെയൊക്കെയോ വില പറയുകയാണ്....ആടുമാടുകളെപ്പോലെ ചിന്തിക്കുന്ന മനുഷ്യരെയെല്ലാം വന്ധ്യംകരിച്ച് നടതള്ളുകയാണ്....ഈ ആസുര കാലങ്ങളിൽ നമുക്ക് നമ്മുടെ തനിമകളെല്ലാം നഷ്ടമാകുകയാണ്....അതൊന്നു തുറ ന്നു പറയാനാണെങ്കിൽ നട്ടെല്ലുള്ള ഒരു തൂലികയുമില്ല....എന്റെയും ഭയങ്ങൾ ഇതൊക്കെ തന്നെയാണ്.....ഏതായാലും,ഇങ്ങനെ ചിന്തിക്കുവാനും,എഴുതാനും പ്രേരിപ്പിച്ച താങ്കൾക്കു നന്ദി....
അതെ, നന്ദി.
ReplyDeleteThnx Guys!!
ReplyDelete