Tuesday, November 3, 2009

മണ്ണ്,മുഹമ്മദ്‌,മണ്ണുണ്ണി

കണ്ടാല്‍ കീരിം പാമ്പുമായിരുന്നു
എളാമ്മയും വല്ലിപ്പയും

ഒപ്പം ജനിച്ചു,ഒപ്പം മരിച്ചു
അരമണിക്കൂര്‍ ഇടവിട്ട്‌
മേലെവീട്ടിലെ വാര്‍ത്ത
താഴെവീട്ടില്‍
എത്തിയപ്പോഴേയ്ക്കും

തമ്മിലില്ലെങ്കിലും
മണ്ണിനെ രണ്ടാളും
സ്നേഹിച്ചു
മണ്ണ് തിരിച്ചും

മണ്ണ്കൊണ്ടുണ്ടാക്കിയ മനുഷ്യര്‍
പിടിമണ്ണിനുവേണ്ടി തുലഞ്ഞെന്നുപ്പ
മണ്ണായിപ്പൊടിയുന്നതറിയാതെ

കീരിയും പാമ്പും
പള്ളിക്കാട്ടില്‍
അങ്ങനെ മണ്ണായി,മണ്ണ്
കലര്‍ന്നിട്ടെങ്കിലും ഒന്നായി

കെട്ടുപോയ
വിളക്കുകളെല്ലാം കത്തിച്ച്‌
രാത്രിയ്ക്കുരാത്രി
ഉപ്പ താഴെവീട്ടിലെയ്ക്ക്
ഒരു വഴിവെട്ടി

പിന്നെ തിണ്ടത്തിരുന്ന്
കോലായിലെ കുഞ്ഞുകാല്‍പ്പാടുകള്‍
കണ്ടുചിരിച്ചു

മണ്ണിനൂണ്ടെടാ വ്യാകരണം
എന്നുപ്പ ഇക്കാക്കാനോട് തര്‍ക്കിച്ചു
അതറിയാത്തോന്‍
എങ്ങനെ എഴുതിവായിച്ചാലും
തെറ്റിപ്പോവും

ഞാന്‍ പോലുമറിയുന്നു

വെറുതെ തൂവാലകുടയുമ്പോള്‍
അല്ലെങ്കില്‍ ഉടുപ്പ്നീര്‍ത്തുമ്പോള്‍
ഒരിത്തിരി മണ്ണ്
ഒരിത്തിരി മണ്ണ് മണം

പൊടിക്കാറ്റായി മുറിയിലെത്തും
എന്റെ മണ്ണേ എന്റെ മണ്ണേ എന്നൊരു വിളി

വ്യാകരണമറിയാത്ത
ഞാന്‍ ചിരിയ്ക്കും

എന്തേ ഉപ്പ എന്തേ ഉപ്പ
എന്ന് വിളികേള്‍ക്കും

ഞാന്‍ മണ്ണുമുഹമ്മദിന്റെ മകന്‍
മണ്ണുണ്ണി,കൂട്ടുകാര്‍ക്കിടയില്‍

Sunday, October 18, 2009

താക്കോല്‍

ചെറിയമ്മയുടെ യാത്രകള്‍ അവസാനിച്ചിട്ടു കൊല്ലം പത്തിരുപതായിക്കാണും.എന്നാലും ബന്ധുവീടുകളുടെ ഭൂമിശാസ്ത്രം നല്ല പിടിയാണ്.അമ്മയ്ക്കുമുണ്ട്‌ ആ ഒരു കഴിവ്.ഇതൊക്കെയാണ് വലിയ ഗേറ്റിനു മുന്നില്‍ നടന്നെത്തി നില്‍ക്കുമ്പോള്‍ ഓര്‍ത്ത്‌കൊണ്ടിരുന്നത്.പഴയ ഗേറ്റ്.പുല്ല് നിറഞ്ഞ വീതിയുള്ള വഴി.പെട്ടെന്ന് വേറെ ഏതോ ലോകത്തെത്തിയപോലെ തോന്നി.വലിയ ഒരു പുളി മരം.കൊമ്പ്കൊമ്പായി പടര്‍ന്നു നില്‍ക്കുന്നു.കാവ്.അമ്മമ്മയുടെ വീട്ടിലുള്ള കാവൊന്നും ഒന്നുമല്ല.ചെറിയമ്മ കുറെ വിവരിച്ചിരുന്നു.വയസ്സന്‍ മരങ്ങള്‍.പതിനെട്ടാം വയസ്സില്‍ അമ്മ പടികടന്നു വന്നത് ഈ വഴിയാണ്.അങ്ങനെയും ഒന്നുണ്ടല്ലോ.

എന്തൊരു നിശ്ശബ്ദത.

കയറിച്ചെല്ലുമ്പോള്‍ വല്യച്ഛന്‍ ഉമ്മറത്തിരിയ്ക്കുന്നു.പത്രവായനയിലാണ്.വരാന്തയിലേയ്ക്കു വെയില്‍ കയറി വാതില്‍പ്പടിവരെ എത്തിയിട്ടുണ്ട്.

ഹ!അമ്മൂ ആരാ വന്നെന്നു നോക്കിയെ.
ദാ വരണു

അകത്തുനിന്ന് അമ്മുവമ്മയുടെ സ്വരം.വല്യച്ഛന്‍ സൂക്ഷിച്ചു നോക്കുകയാണ്......ല്‍ പോകുന്നതിനും മുമ്പേ ഏതോ കല്യാണത്തിനു കണ്ടതാണ്.എത്ര മാറിയിട്ടുണ്ടാകും.എന്നാലും തിരിച്ചറിഞ്ഞല്ലോ.സന്തോഷം.അമ്മുവമ്മ വളഞ്ഞു റ പോലെയായിട്ടുണ്ട്.നിറഞ്ഞ ചിരിയോടെയാണ് സ്വീകരണം.

ഓ നിതിനോ,നിയ്യെന്നെ വന്നു.
പതിനാലിന്.
വഴിയൊക്കെ ബുദ്ധിമുട്ടായോ
ല്ല്യ അമ്മേം ചെറിയമ്മേം ക്കെ പറഞ്ഞു തന്നിരുന്നു
അവള്‍ പുറത്തൊന്നും പൂവില്ലെങ്കിലും ക്കെ അറിയാം.നന്നായി.ഞാന്‍ പെട്ടെന്ന് ചായിണ്ടാക്കട്ടെ,നെനക്ക്

കൊണ്ട് വന്ന പൊതി കയ്യില്‍ കൊടുത്തു.

ദെന്താത്
അമ്മ തന്നയച്ചതാ,ഉണ്ണിയപ്പം.
അയ്യോ ഓള്‍ടെ ഒരു കാര്യം.ഞങ്ങള്‍ക്കിതൊക്കെ തിന്നണ്ട പ്രായാണോ കുട്ട്യേ
നിങ്ങള്‍ക്ക് ചായ വേണോ.വല്യച്ഛന്‍ പത്രത്തില്‍ നിന്ന് തലയുയര്‍ത്തി നോക്കി.സൂക്ഷിച്ചു നോക്കുന്നു.
നിതിനാ തങ്കമ്മുവിന്റെ..
ആ!ഞാന്‍ വിചാരിയ്ക്കേ..നിന്റെ കോളേജ് ഒക്കെ കഴിഞ്ഞോ?
ഉവ്വ്‌
ജോല്യായോ?
അത്.....ല്‍ ആണ്.
അത്യോ നന്നായി.നമ്മടെ ശാന്തയുടെ അടുത്താണോ?അവരുടെ അടുത്ത് പൊയ്യിരുന്നോ നിയ്യ്‌?
പോയിരുന്നു.
എത്ര കാലായി അവര്യൊക്കെ കണ്ടിട്ട്.വല്യച്ഛന്‍ എണീറ്റു.ക്ഷീണം ഒന്ന് കെടക്കട്ടെ..

കണ്ണും കാതുമൊക്കെ ഒക്കെ കുറച്ചു കൊറവാ.അമ്മുവമ്മ അകത്തേയ്ക്കു നടക്കുമ്പോള്‍ പറഞ്ഞു.ഇരുളടഞ്ഞ ഇടുങ്ങിയ ഇടനാഴി.പണ്ടത്തെ കെട്ടും മട്ടും തന്നെ.അല്ലെങ്കിലും എന്ത് മാറാനാണ്.രണ്ടു വയസ്സന്മാരല്ലേയുള്ളൂ.

ഇപ്പൊ നല്ല മറവീയൂണ്ട്

അമ്മുവമ്മ.ഇത്ര നല്ല വിളിപ്പേര്‍ ആര്‍ക്കുണ്ടാകും.ചെറുപ്പത്തില്‍ ഞങ്ങള്‍ കുട്ടികളാരോ തുടങ്ങിവച്ചതാ.അതോ നന്ദേട്ടന്‍ തന്നെയോ.
മനസ്സിന് ഒരു കനക്കുറവു തോന്നി.എന്താണ് ഇങ്ങനെ ഒരു സന്തോഷം തോന്നാന്‍.

നന്ദേട്ടന്‍ അടുത്ത് വന്നിരുന്നോ?
അവന്‍ ഡിസംബറില് വരും.

നാലോ അഞ്ചോ കൊല്ലം കഴിഞ്ഞുള്ള വരവാണ്.ഫസ്റ്റ് സെമസ്റ്റര്‍ ചെയ്യുന്ന സമയത്ത്‌ ഒരു പ്രാവശ്യം പോയിക്കണ്ടിരുന്നു.തടിച്ചു വയറൊക്കെ ചാടി,പണ്ടത്തെ പോലെ മരത്തിലൊക്കെ പാഞ്ഞു കയറി ഊഞ്ഞാലോക്കെ കെട്ടി തന്നിരുന്ന ആളല്ല.ആ വിസിറ്റിന്റെ കയ്പ് പോയിട്ടില്ല.

ങ്ങനെ രണ്ടാളുണ്ട് ന്ന വിചാരേല്ല്യ

അമ്മയെ കാണാന്‍ ഇപ്പോഴും കരയുന്ന ആളാണ്‌ കേട്ട് നില്‍ക്കുന്നത്‌.

ഓനു കുട്ട്യോളുടെ പഠിപ്പ്,രണ്ടാള്‍ക്കും ഒപ്പം ലീവ്‌ കിട്ടാനുള്ള ബുദ്ധിമുട്ട് ഒക്കെണ്ട്.പിന്നെ അതൊക്കെ അങ്ങനെ തന്നെ കുട്ട്യേ
ഇവടത്തെ ഫോണിനെന്തു പറ്റി?
കൊറച്ചൂസായി കേടായിട്ട്‌.വിളിച്ചു പറഞ്ഞിട്ടുണ്ട്.അവര് എവട്യോ കുഴിക്കെ ഒക്കെ ചെയ്യണുണ്ട്,അതിന്റേ..
അമ്മ വിളിയ്ക്കാന്‍ നോക്കീട്ട് പറ്റീല്ല്യാ
ഉവ്വോ,ഓളെടയ്ക്ക് വിളിയ്ക്ക പതിവുണ്ട്.അമ്മമ്മയ്ക്കൊക്കെ തരക്കടൊന്നും ല്ല്യല്ലോ ?
ഇല്ല്യ
നീ അങ്ങടോന്നും പോവാറില്ല്യല്ലോ ല്ലേ,കുട്ട്യേ ചെലരടെ കാര്യം അങ്ങനെയാ,അവരിനി നല്ലത് ചെയ്യാന്‍ വിചാരിച്ചാലും ഇങ്ങൊന്യൊക്കെ വരൂ.ബാലന്‍ വന്നപ്പോ പറഞ്ഞു കോയമ്പത്തുരിന്നു കൂട്ടികൊണ്ടന്ന കാര്യം.

അമ്മമ്മയുടെ നോട്ടത്തിന്റെ ചൂട്.വാക്കിലെ പുകയല്‍.

ബാലന്‍ വന്നിരുന്നു.കഥകളി കാണാന്‍ പൂവുമ്പം.അവനു ചെറുപ്പത്തിലേ നല്ല കമ്പാ.
പറഞ്ഞിരുന്നു അമ്മുവമ്മേ.ഇപ്പ്രവാശ്യം ഞങ്ങള്‍ രണ്ടാളും കൂടി വരണമെന്ന് വച്ചതാ.ലീവ് ശരിയായില്ല.

ചായയ്ക്ക് ഇളം ചൂട്.മുറ്റത്ത് വെയില്‍ പരക്കുന്നു.തൊടി നിശബ്ദം.വല്ലപ്പോഴും ഒരു കാക്ക കരയുന്നതോ ഒക്കെ കേള്‍ക്കാം.വീടിനു പിന്നില്‍ കൊക്കോ മരങ്ങള്‍.പണ്ടത്തെ ചൂടിന് വല്യച്ഛന്‍ വച്ച് പിടിപ്പിച്ചതാണ്.റേഡിയോയില്‍ എന്തോ പരിപാടിയില്‍ പറയുന്നത് കേട്ട്.കാവില്‍ ഒന്ന് പോവണം.തൊടിമുഴുവന്‍ ഒന്ന് നടക്കണം.കുറച്ചു ഫോട്ടോ എടുക്കണം.ലൈജുവിനെ കാണിയ്ക്കണം.അവളോട്‌ പറഞ്ഞിരുന്നു ഇങ്ങോട്ട് വരുന്ന കാര്യം,കാവ്,മരങ്ങള്‍.ത്രില്ലാകും.

താഴെ വീട്ടില്‍ ആരാ താമസിക്കണേ?
ആരൂല്ല കുട്ടി.രാത്രി നാണു വന്നു കിടക്കും അത്രന്നെ.

28 ആളുകള്‍ താമസിച്ചിരുന്ന വീടാണ്.അമ്മ വന്നു കയറിയ വീട്.ചായ ഉണ്ടാക്കാന്‍പോലും അറിയാത്ത അമ്മ!അച്ഛമ്മ തന്നെ ഒക്കെയുണ്ടാക്കും.എന്നിട്ട് വിളമ്പുമ്പോള്‍ ക്രെഡിറ്റ്‌ അമ്മയ്ക്ക് കൊടുക്കും.

നന്ദന്‍ വന്നാല്‍ അവടെ നിക്കാം എന്നാ പറയണേ.
അതെന്തേ
അത് പ്രേതവീടായി കെടക്കല്ലേ

ആരും ഒന്ന് തിരിഞ്ഞു നോക്കിയില്ല.ചെറുപ്പത്തില്‍ സപ്പോട്ടയുടെ കീഴെ നവീനൊക്കെ ഫുട്ബോള്‍ കളിയ്ക്കുന്ന ഒരു ഫോട്ടോയുണ്ടായിരുന്നു.വീട്ടിലെ ആല്‍ബത്തില്‍.

അതിന്റേ താക്കോല് നന്ദന്റെ അച്ഛന്‍ എവിടെയോ മറന്നുവച്ചു.ഞങ്ങള്‍ രണ്ടാളും ഇനി തെരയാത്ത സ്ഥലല്ല്യ.നിന്റെ വല്ല്യച്ചന്റെ മറവി ഭയങ്കരാ.ഇപ്പൊ ആളുകളെ കണ്ടാലും ഓര്‍മ്മല്ല്യ.നിയ്യ് വന്നപ്പന്നെ മനസ്സിലായിട്ടുണ്ട്.മറന്നതാ.അതേ രണ്ടാമതും ചോദിച്ചത്‌.

മറവി.അതില്ലാത്തവരുണ്ടോ.അമ്മ പറയാറുണ്ട്.പത്തുപതിനാലു വയസ്സ് വരെ നന്ദേട്ടനെ എടുത്ത്‌കൊണ്ട് നടക്കുമായിരുന്നു വല്യച്ഛന്‍.ഏക മകന്‍.വല്യച്ഛന്റെത് പോലീസ് ചിട്ടയൊന്നുമായിരുന്നില്ല.പിന്നെ നിലവിളക്കുപോലെ ഒരമ്മ.ഇപ്പോള്‍..

അവസാനം രാജനെക്കൊണ്ട് ഒന്ന് പണിയിച്ചു.അതാ അങ്ങാടീലെ മോഹമ്മദിന്റെ കടയില്‍ ന്നലെ എല്പിയ്ക്കാം ന്ന ഓന്‍ പറഞ്ഞത്.ഇങ്ങട്‌ കൊറേ വഴീല്ലേ.
ഞാന്‍ പൂവാം
നിനക്കതിന് വഴിയറിയ്യോ
ഞാന്‍ പോയി നോക്കാം
നിയ്യ് കുറച്ചു കഴിഞ്ഞ് ന്നാല്‍ വല്ല്യച്ഛനേം കൂട്ടി പൊയ്ക്കോ.

തലയാട്ടി.അമ്മുവമ്മ പഠിപ്പിച്ച പലരും ഉണ്ട് ചുറ്റുവട്ടത്ത്.അവരാണ് സഹായത്തിനൊക്കെ.അമ്മ അച്ഛനെ ഇടയ്ക്കിടയ്ക്ക് ഉന്തിത്തള്ളി പറഞ്ഞയയ്ക്കും.അച്ഛന്‌ സ്നേഹക്കുറവോന്നുമില്ല.വിളിയും അന്വേഷണവുമൊക്കെയുണ്ട്.മടി.പ്രായത്തിന്റെ വല്ലായ്ക.ഈ അമ്മയുടെ അനിയനല്ലേ.ആറേഴു വയസ്സിന്റെ ഇളപ്പമേ കാണൂ.എന്നാലും പൂരം കാണാന്‍ വരവുണ്ട്.
അമ്മുവമ്മയുടെ പടം എടുത്തു.ചിരി.ഇപ്പോഴും ഒരു പല്ല് പോലും കേടില്ല്ലാതെ എങ്ങനെ സൂക്ഷിയ്ക്കുന്നു ആവോ.തൊടിയിലെയ്ക്കിറങ്ങി. ഒരനക്കവുമില്ല.കാവിലൊക്കെ വെയില്‍ നിലം തൊടുന്നില്ല എന്ന് പറയാം.എന്ത് മാത്രം പഴക്കമുള്ള മരങ്ങള്‍.വീതി കൂടിയ വഴി. വണ്ടികള്‍ക്ക് പോവാന്‍ വീതി കൂട്ടിയതാണ്.വല്യമ്മ മരിച്ചതോടെ ആര്‍ക്കും വരാന്‍ ഒരു കാരണമില്ലാതെയായി.നടന്നു താഴേലെ വീടിനെ മുന്നിലെത്തി.അമ്മുവമ്മ പറഞ്ഞ പോലെ ശരിയ്ക്കും പ്രേതവീട് തന്നെ.ക്യാമറ രണ്ടു മൂന്ന് പ്രാവശ്യം ക്ലിക്ക് ചെയ്തു. ലൈജുവിന്റെ മുഖത്തെ അത്ഭുതം ഇപ്പോള്‍ത്തന്നെ കാണാം.വെറുതെ പുല്ലു മൂടിയ മുറ്റത്തു നടന്നു.എത്ര ഫോട്ടോയില്‍ കണ്ടതാണ്.സപ്പോട്ട മരം.അതിന്റെയും പടം പകര്‍ത്തി.

വയസന്‍ മരങ്ങളുടെ തണലുകള്‍

കുറെ ആംഗിളുകള്‍ നോക്കി ഫോട്ടോസ് എടുക്കാന്‍.വെയിലിന് വിചാരിച്ചപോലെയല്ല,നല്ല പൊള്ളല്‍.നാട്ടിലെ കാലാവസ്ഥ പരിച്ചയിയ്ക്കുന്നെയുള്ളൂ.

വല്യച്ഛന്‍ എന്ന് പറയുമ്പോള്‍ ആദ്യമൊക്കെ പേടിയായിരുന്നു.ഫോട്ടോകളില്‍ കാണുന്ന പോലീസ് വേഷം.അമ്മയും ചെറിയമ്മയും ഒക്കെ പറയുന്ന വീരകഥകള്‍.

ഒരു ദിവസമുണ്ട്,പടി കടന്നു വരുന്നു.വെള്ളയും വെള്ളയും ഇട്ട്.ഏറെക്കാലത്തിനു ശേഷം അമ്മയെ കാണാനുള്ള വരവായിരുന്നു.ഓര്‍ക്കുന്നു,കണ്ണൊക്കെ നിറച്ചാണ് രണ്ടാളും നോക്കിയിരുന്നത്,ഉമ്മറത്തെ തിണ്ടില്‍.അസുഖം കാരണം അമ്മ എങ്ങോട്ടും യാത്ര പതിവില്ലായിരുന്നു.വല്യച്ഛനാണെങ്കില്‍ നന്ദേട്ടന്‍ .....ല്‍ പോകുന്നതിനു മുന്‍പേ എട്ടന്റെയോപ്പം ആയിരുന്നു.ഇപ്പൊ തിരിച്ചു പോന്നു.മകനെ യാത്രയാക്കി,വല്യച്ഛനും അമ്മുവമ്മയും ഒറ്റയ്ക്കു താമസവുമായി.അമ്മയുടെ പിന്നില്‍ ഒളിഞ്ഞു നിന്നപ്പോള്‍ വാരിയെടുത്ത്‌ തന്ന ഉമ്മയുണ്ട് കവിളത്ത്,ഇപ്പോഴും നനവായി.ചുവന്ന ഹല്‍വയുടെ മധുരമുണ്ട് നാവില്‍.പിന്നത്തെ ഒരു വരവില്‍ തന്നത് റഷ്യന്‍ നാടോടിക്കഥകള്‍.അവനു അതൊക്കെ വായിയ്ക്കാന്‍ പ്രായായോ എന്ന് അമ്മ ചോദിച്ചപ്പോള്‍ വല്യച്ഛന്‍ ചിരിച്ചു.പിന്നെയും പുസ്തകങ്ങള്‍.മിട്ടായികള്‍.സ്റ്റാമ്പുകള്‍.

വല്യച്ഛന്‍ എണീറ്റു കാണുമോ.താക്കോല്‍ വാങ്ങാന്‍ പോകണം.

തിരിച്ചെത്തിയപ്പോള്‍ പപ്പായ മുറിച്ചു വച്ചിരിയ്ക്കുന്നു. വല്ലാത്ത മധുരം.

വല്യച്ഛന്‍ ണേറ്റൊ?
ഇല്ല്യ
ഞാനൊന്ന് നോക്കട്ടെ.വെയില് വല്ലാണ്ടെ ചൂടാവണേതിന്റെ മുന്നേ പോയി വരാം.

വല്യച്ഛന്‍ കണ്ണ് തുറന്നു തന്നെ കിടക്കുകയായിരുന്നു. കണ്ടപ്പോള്‍ പതുക്കെ എണീറ്റു.

അമ്മുവമ്മ പറേണു താക്കോല്‍ വാങ്ങാന്‍ പോവണംന്നു
ഏതു താക്കോല്‍
താഴെ വീടിന്റെ,അങ്ങാടിയില്‍ കൊടുത്തെല്‍പ്പിക്കാം എന്ന് പറഞ്ഞൂന്ന്‍
ആ!അത്
വഴി പറഞ്ഞു തന്നാല്‍ മതി,ഞാന്‍ പൊയ്ക്കോളാം
അതിനു നിനക്കറിയ്യോ?ഞാനും വരാം
വെയിലാ വല്ല്യച്ചാ ഞാന്‍ പൊയ്ക്കോളാം
എടാ,ഇവിടെ നിങ്ങടെ അവടത്തെപ്പോലെ റോഡും കാറും ഒന്നുമില്ല,ഓരോ ഇടവഴിയ്ക്കൊക്കെ പോയാ ബുദ്ധിമുട്ടാവും
ഇല്ല വല്ല്യച്ചാ
ഞാനും വരം.നിയ്ക്കൊന്നു പുറത്തെറങ്ങും ചെയ്യാലോ.എത്ര നേരാന്നുവച്ചാ ഇതിന്റെ ഉള്ളിലിങ്ങനെ..

ഇറങ്ങുന്നതിനു മുന്‍പേ വല്യച്ഛന്‍ മേശ തുറന്നു ആല്‍ബങ്ങള്‍ പുറത്തെടുത്തു.വല്യച്ഛന്റെ സ്റ്റാമ്പ്‌ ആല്‍ബങ്ങള്‍.ആ മുഖത്ത്‌ വിരിയുന്ന ചിരി,ഒരു കുഞ്ഞിന്റെ മുഖത്ത്‌ നോക്കുന്ന പോലെയുള്ള ചിരി!നോക്കി നിന്നു.

ഇത് നിനക്കാണ്.

എന്താണ് പറയേണ്ടത്‌ എന്നറിയാതെ ചിരിച്ചു.

എത്ര കൊല്ലത്തെ എഫെര്ട്ട് ആണെന്നരിയ്യോ നിനക്ക്

ഞാന്‍ തലയാട്ടി.വല്യച്ഛന്റെ പ്രിയപ്പെട്ട ആല്‍ബങ്ങള്‍.ഏതൊക്കെ നാടുകളുടെ സുഗന്ധങ്ങള്‍‍.എത്ര യാത്രകളുടെ ഓര്‍മ്മകള്‍.രേണുവൊക്കെ അസൂയപ്പെട്ടിരുന്ന അത് ഇനി സ്വന്തം.

ഞാന്‍ ഇവിടെ വയ്ക്കാം.പോവുമ്പോ മറക്കേണ്ട.
ഇല്ല്യ
ന്നാ നിക്ക് ഞാന്‍ ഒരു ഷര്‍ട്ട് ഇടട്ടെ.

വഴിയിലേയ്ക്കു കയറാനൊക്കെ വല്യച്ഛന് ബുദ്ധിമുട്ടുണ്ട്.കൈ നീട്ടിക്കൊടുത്തു.ഒന്ന് മുഖത്തേയ്ക്ക് നോക്കിയിട്ടാണ് കൈ പിടിച്ചത്‌. വിറയ്ക്കുന്ന കൈകള്‍.ആ എന്തോ നോട്ടം കുറെ നേരം മനസ്സില്‍ നിന്നു പോയതേയില്ല.ഗേറ്റ് കടന്നപ്പോള്‍ വല്യച്ഛന്‍ ഒന്ന് തിരിഞ്ഞു നോക്കി.ഞാനും നോക്കി.മരങ്ങള്‍,നിഴലുകള്‍.ഒച്ചയനക്കങ്ങള്‍ ഒന്നുമില്ല.

ന്തേ
ഒന്നൂല്ല്യ,മാവോന്നും പൂത്തിട്ടില്ല ഇപ്രാവശ്യം.

എന്നാലും വളരെ വിചിത്രമായ ഓരോ തോന്നലുകള്‍.എന്തോ ഒന്ന് സംഭവിയ്ക്കാന്‍ പോകുന്നെന്ന തോന്നല്‍.
ച്ചെ ഇതെന്ത് എന്നോര്‍ത്തു.

വഴി തെറ്റും എന്ന് വല്യച്ഛന്‍ പറഞ്ഞത് പെട്ടെന്ന് മനസ്സിലായി.ഇടവഴിയില്‍നിന്ന് ഇടവഴികള്‍.crystal maze എന്നോ മറ്റൊ ഒരു ടി വി ഷോ ഉണ്ടായിരുന്നു.അതോര്‍ത്തുപോയി.ഇങ്ങോട്ട് വന്ന വഴി ഇത്രേം ചുറ്റല് തോന്നിയിരുന്നില്ല.വല്യച്ഛന്‍ ഒന്നും മിണ്ടാതെ നടക്കുന്നു.വഴിയൊക്കെ മോശം.പല സ്ഥലത്തും വല്യച്ഛന്‍ മടിയോന്നുമില്ലാതെ കൈ പിടിച്ചു.ചെറിയ ഒരു ചിരിയുണ്ടാ മുഖത്ത്‌.നടത്തത്തിനു വേഗത കൂടി.വേണ്ടാത്ത തോന്നലുകളൊക്കെ മാഞ്ഞു പോയി.
തനി ഗ്രാമം.തെങ്ങിന്‍ തോപ്പുകള്‍.ഇടവഴികളിലെയ്ക്ക് ഞാന്നു നില്‍ക്കുന്ന വള്ളികള്‍‍.പന്തലിച്ചു നില്‍ക്കുന്ന വലിയ മരങ്ങള്‍.വേരുകള്‍.

നിയ്യിങ്ങട്ട് കേര്യ വഴില്ലേ റോട്ടിന്നു?അവടന്ന് റോഡ്‌ വരുന്നുണ്ടത്രേ.
അതെയോ,നന്നായി

ഒരു ചെറിയ ജങ്ങ്ഷന്‍,എന്ന് പറയാം വേണമെങ്കില്‍.ഒരു ചെറിയ ഓടിട്ട കട.ഒരു വശത്ത് മേല്‍ക്കൂര ചെരിച്ചു കെട്ടി ഒരു ചായക്കട.ചില്ലലമാരി.അലമാരിയില്‍ ചുവന്ന ഹല്‍വ.അടുത്ത പറമ്പിന്റെ മതിലില്‍ ചേര്‍ത്താണ് കട പണിഞ്ഞിരിയ്ക്കുന്നത്.വരാന്തയില്‍ ചെറിയ ഒരു ബഞ്ച്.ഷര്‍ട്ടിടാതെ ഒരു വയസ്സന്‍ ഇരു‌ന്നു പത്രം വായിയ്ക്കുന്നു.

ഗോപാലേട്ടാ..വയസ്സന്‍ പരിചയം കാണിച്ചു
ആ..!വല്യച്ഛന്‍ അയാളെ ഒന്ന് സൂക്ഷിച്ചു നോക്കി.
കുഞ്ഞനാണ്.വയസ്സന്‍ ഓര്‍മ്മിപ്പിച്ചു.
ആ!ന്തോക്ക്യാ കുഞ്ഞാ?
അങ്ങനെ പോണു.അവടെ തേങ്ങ ഇടാനായീച്ചാ ചെക്കനെ വിടാരുന്നു.
ഞാന്‍ പറയാം.
ആയിക്കോട്ടെ.
ന്തേ പ്പോ വടെ?ചായക്കടക്കാരനാണ്.

മുഹമ്മദ്‌ ഒരു കുള്ളനായിരുന്നു.മിഠായി ഭരണിയ്ക്കിപ്പുറം കഷ്ടിച്ചേ കാണൂ.അയാള്‍ വെളുക്കനെ ചിരിച്ചു.

ഇതേതാ കുട്ടി?
തങ്കമ്മുവിന്റെ..
ഇതാ താക്കോല്‍.ആ ചെക്കനോട് ഞാന്‍ പറഞ്ഞതാ ഇതൊന്നവിടെ തരാന്‍.ഓന്‍ കേട്ടില്ല.
കുഴപ്പല്ല്യ മമ്മൂ.അവടെ വരെ വരേണ്ടേ.

വല്യച്ഛന്‍ ചിരിച്ചു.ഞങ്ങള്‍ കുറച്ചധികം ദൂരം നടന്നിരിയ്ക്കുന്നു.വിയര്‍ക്കുന്നുണ്ട്.വെറുതെയല്ല രാജേട്ടന്‍ ഇതുമായി വരാഞ്ഞത്.പോരാത്തതിന് കയറ്റവും ഇറക്കവും.സൈക്കളായിട്ടു വന്നാലും ബുദ്ധിമുട്ടും.

എന്താപ്പോ ഒരു വെയില്.വല്യച്ഛന്‍ തിരിച്ചു വഴിയിലേയ്ക്കിരങ്ങുമ്പോള്‍ ആരോടെന്നില്ലാതെ പറഞ്ഞു.

തിരിഞ്ഞ് ബെഞ്ചിലിരിയ്ക്കുന്ന വയസ്സനെ നോക്കി.അയാള്‍ അതൊന്നും കേട്ടിട്ടില്ല.

തിരിച്ചു നടക്കാന്‍ തുടങ്ങി.പിന്നെയും ഇടവഴികള്‍,ഇടവഴികളില്‍ നിന്നും ചെറിയ വഴികള്‍.ആദ്യം എനിയ്ക്ക് മനസ്സിലായില്ല.പിന്നെ സംശയം തോന്നിത്തുടങ്ങി.വഴി തെറ്റിയോ.വല്യച്ഛന്‍ രണ്ടുമൂന്ന് തവണ സംശയിച്ച് നിന്നു.എന്റെ നേരെ നോക്കി

ന്തേ?
ഒന്നൂല്ല്യ..

ഞങ്ങള്‍ നടന്നെത്തിയത്‌ ഒരു പാടവക്കില്‍.

ആരോടെങ്കിലും ഒന്ന് ചോദിയ്ക്കാന്‍ എന്ന് വച്ചാല്‍ തെങ്ങിന്‍ തോട്ടങ്ങളും കമുകിന്‍ തോട്ടങ്ങളും മാത്രം.ഒരു വീട് പോലും കാണാനില്ല.

വല്യച്ഛന്‍ ചെറിയ ശബ്ദത്തില്‍ പിറുപിറുക്കാന്‍ തുടങ്ങി.ഒരു തരം വെപ്രാളം.ഞാന്‍ എന്ത് ചെയ്യും എന്നോര്‍ത്ത്‌ അമ്പരന്നു നില്‍ക്കുകയാണ്‌.വന്ന വഴി ഒരോര്‍മ്മയും കിട്ടുന്നില്ല.മൊബൈല്‍ എടുത്തു നോക്കി.നാശത്തിനു റേഞ്ചും ഇല്ല.ഞാന്‍ വല്യച്ഛന്റെ കയ്യില്‍ പിടിച്ചു.തിരിച്ചു കടവരെ എത്താന്‍ പറ്റിയാല് ആരോടെങ്കിലും ചോദിയ്ക്കാമല്ലോ എന്നോര്‍ത്തു.അമ്മുവമ്മ കാത്തിരിയ്ക്കുന്നുണ്ടാകും,എന്തൊക്കെ നാശം പിടിച്ച ചിന്തകള്‍!വല്യച്ഛനെ വിറയ്ക്കുന്നു.

രണ്ടായി പിരിയുന്ന ഒരു വഴിയുടെ മുന്നിലാണ്‌ ഞങ്ങള്‍.

വല്ല്യച്ഛാ..

വല്യച്ഛന്‍ തിരിഞ്ഞ് എന്റെ മുഖത്തേയ്ക്ക് നോക്കി.തറപ്പിച്ചുതന്നെ നോക്കി.ഇത്തരം സന്ദര്‍ഭങ്ങളില്‍ മുന്നേ ഉണ്ടായിട്ടുള്ളപോലെ എന്റെ ഹൃദയം പെരുമ്പറ മുഴക്കി.ശോഷിച്ച കൈകള്‍ക്ക് എന്ത് ശക്തി.ആ കണ്ണുകള്‍ കുറെ ദൂരത്തു നിന്നാണ് എന്നെ നോക്കുന്നതെന്ന് എനിയ്ക്ക് തോന്നി.പേടിച്ചു വിറയ്ക്കുന്ന ഒരു കുട്ടിയെപ്പോലെ പതിഞ്ഞ ശബ്ദത്തില്‍ വല്യച്ഛന്‍ വിളിച്ചു

നന്ദാ...

പിന്നെ മറ്റെന്നോ ഓര്‍ത്ത പോലെ പിടിവിടുവിച്ച് വഴിയിലേയ്ക്കു നോക്കിനിന്നു.

അമ്പരപ്പിനിടയിലും,ഞാന്‍ ജീന്‍സിന്റെ പോക്കറ്റില്‍ തൊട്ടു നോക്കി.നാശം!താക്കോലെവിടെ?വീണു പോയോ?ഞാന്‍ കരിയിലകളില്‍ പരതാന്‍ തുടങ്ങി.

Friday, October 9, 2009

വേഗത്തില്‍ ഒഴുകിപ്പോവുന്ന പുഴകള്‍

പുഴ..

മണല്‍തിട്ടകള്‍ക്കിപ്പുറം കുറച്ചു വീതികൂടിയ ഒരു തോട് പോലെ ഒഴുകുന്ന ഒരു പുഴ.കൈയില്‍ ഇലയുമായി പടവുകളിറങ്ങുമ്പോള്‍ ഇളയിടത്തിന്റെ സഹായികള്‍ അടുത്ത ബാച്ചിനുള്ള പാത്രങ്ങളും എള്ളും പൂവുമൊക്കെ ഒരുക്കുന്നു.

ഭാരതപ്പുഴ.ആദ്യമാണിവിടെ.കുറ്റിപ്പുറം പാലത്തില്‍നിന്നു കാണുന്ന മെലിഞ്ഞുണങ്ങിയ ആ പുഴ തന്നെ.മണല്‍തിട്ടകള്‍പ്പുറം പച്ചപ്പുകള്‍.അല്‍പ്പം അകലത്തില്‍ രണ്ടു ദൈവസ്സന്നിധികള്‍.ബ്രഹ്മാവും ശിവനും.

ഇന്നാരുടെ സൃഷ്ടിയും സംഹാരവുമാണ് നടക്കുന്നത്.

എത്ര കാലം കൂടിയാണ്,ദൈവങ്ങളുമായോക്കെ ഒരു കൊടുക്കല്‍ വാങ്ങല്‍.നിത്യ പറഞ്ഞിരുന്നു.ഇന്നെങ്കിലും പ്ലീസ് യു സ്റ്റോപ്പ്‌ തിങ്കിങ്ങ് ലൈക്‌ ദാറ്റ്‌.അത് കഴിയുന്ന വരെയെങ്കിലും.ശരി.ആയിക്കോട്ടെ.ആത്മാവുകള്‍ സന്തോഷിക്കട്ടെ.ആളുകള്‍ തിരക്ക് കൂട്ടുന്നു.ബാധ്യതകള്‍ തീര്‍ക്കാനുള്ള തിരക്ക്‌.

എത്ര കാലമായിക്കാണും പുഴയിലൊക്കെ കുളിച്ചിട്ട്?

കാല്‍ തൊട്ടപ്പോഴാണ് വെള്ളത്തിന്റെ തണുപ്പറിഞ്ഞത്.പല്ലുകള്‍ കൂട്ടിയിടിച്ചു പോയി.ഇറങ്ങി.മണല്‍ച്ചാക്കുകള്‍ ഇട്ടിട്ടുണ്ട്.അവയില്‍ ചവിട്ടി നില്‍ക്കുമ്പോള്‍ കാലില്‍ ഒഴുക്കറിയുന്നു.തണുപ്പ്‌.ഇലയിലേയ്ക്ക്‌ നോക്കി.പ്രാര്‍ത്ഥിയ്ക്കണോ.സന്ധ്യക്ക്‌ നാമം ചൊല്ലാന്‍ പോലും പഠിപ്പിചിട്ടില്ലാത്ത അമ്മയാണ്.രാജേട്ടനും,അച്ചുമാമയുമൊക്കെ തിരിച്ചു കയറിത്തുടങ്ങി.ഇല പിന്നോട്ടെറിഞ്ഞ് മുങ്ങി.

വെള്ളത്തിനടിയില്‍ അതേ നിശ്ശബ്ദത.അതിനു മാത്രം മാറ്റമില്ല.ചെറിയ കലക്കമുണ്ട് വെള്ളത്തിന്.അമ്മേ,മനസ്സില്‍ വിളിച്ചു.കഴിഞ്ഞു.കാണിച്ചു കൂട്ടലുകള്‍ കഴിഞ്ഞു.

മുട്ടറ്റം വെള്ളത്തിലും ഒന്ന് നീന്താന്‍ തോന്നി.മലര്‍ന്ന്,തെളിഞ്ഞു കഴിഞ്ഞ മാനം നോക്കി നീന്തുകയും ചെയ്തു.കൊടുവായൂരില്‍ പുറത്തെ അമ്പലക്കുളത്തില്‍ നീന്തിയിരുന്നതോര്‍ത്തു.പടവുകളിലിരുന്നു നോക്കുന്ന അമ്മ.

അമ്മ്വോ ദീപാരാധന കഴിഞ്ഞിട്ട് പോയാല്‍ പോരെ?വാരരു ചോദിയ്ക്കും.

അവടെ തെച്ചിം കൂവളും ഒക്കെണ്ടല്ലോ,ഒന്ന് വന്നൂടെ വാരര്‍ക്ക്?മറുചോദ്യം കൊണ്ടൊരു ഉത്തരം.അതിനു മറുപടി കാക്കാതെ നടക്കും അമ്മ.

ആ വഴി തന്നാല്‍ വഴിപാടെന്തെങ്കിലും കഴിക്കാന്‍ പൈസ തരാരുന്നു.

അമ്പലമുറ്റത്താണു ഈ വര്‍ത്തമാനം.മുളച്ചീള് കൊണ്ട് ഉണ്ടാക്കിയ പടി കടക്കാന്‍ കൈ പിടിച്ചു തരുന്നു അമ്മ.

അച്ചുമാമ കൈ പിടിച്ചു തന്നു കയറാന്‍.തിരിച്ചാണ് വേണ്ടത്.

ന്നാ രാജാ വേഗായ്ക്കോട്ടേ..

അച്ചു മാമയ്ക്കെന്താ തിരക്ക്‌.മെയിലിനു പോവണം.സദ്യ കഴിഞ്ഞയുടന്‍.പറഞ്ഞിരുന്നു.നീതുവും കുട്ടിയും തനിയെയാണ്.അമ്മയെ അവസാനമായി കാണാന്‍ പറ്റിയില്ലെന്ന് പറഞ്ഞു കരഞ്ഞു അച്ചുമാമ വന്നപ്പോള്‍.അമ്മ മരിച്ചതിന്റെ രണ്ടു ദിവസം മുന്നെയാണ്‌ അച്ചുമാമ തിരിച്ചു പോകാന്‍ തുടങ്ങിയത്‌.അമ്മയുടെ കണ്ടീഷന്‍ മനസ്സിലായില്ലെന്ന് വിചാരിച്ചു പിന്നാലെ ചെന്ന് ഒന്ന് കൂടി പറഞ്ഞു നോക്കി.

അതൊന്നും നിനക്കറിയില്ല എന്ന സ്ഥിരം മറുപടി.

വണ്ടിയിലേയ്ക്ക് നടക്കുമ്പോള്‍ ലതീഷ് പറഞ്ഞു."ഒന്ന് തൊഴാരുന്നു.."പാടുമോ ആവോ?നൂറ് ആചാരങ്ങള്‍!എങ്ങനെയാണ് ഈ ആളുകളൊക്കെ മാനേജ് ചെയ്യുന്നതാവോ?അച്ചുമാമയുടെയൊക്കെ കാലശേഷം ഇതൊക്കെ അറിയുന്ന ആരെങ്കിലും കാണുമോ എന്തോ? നനഞ്ഞ തുണിയുടെ അസ്വസ്ഥത.പതുക്കെ ആരെയും നോക്കാതെ നടന്നു.ആല്‍മരം.വര്‍ഷങ്ങളുടെ മന്ത്രോച്ചാരണങ്ങള്‍ കേട്ട് പൂതലിച്ച ശരീരം.ആത്മാവുകള്‍ വവ്വാലുകളായി വന്നു ഞാന്നു കിടക്കുന്ന മരങ്ങള്‍.അത്ഭുതഭാവന തന്നെ.ചെളിയില്‍ കാലു പുതഞ്ഞു.ഇപ്പോള്‍ ശരീരം മടങ്ങിയിരിയ്ക്കുന്നു,ആ പഴയ നാട്ടിന്‍പുറ രീതികളിലേയ്ക്ക്.എന്തും സഹ്യം.വന്നപ്പോള്‍ എരിവു വയ്യ,പുളി വയ്യ.പൈപ്പ് വെള്ളത്തില്‍ കുളിച്ചപ്പോള്‍ ചൊറിച്ചില്‍.എല്ലാം മാറി.ഇരുപതു ദിവസങ്ങള്‍.

രാജേട്ടന്‍ കരയുകയായിരുന്നു,വിളിച്ചപ്പോള്‍.ഒന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല.എന്താണ് പെട്ടെന്ന് എന്തായിരുന്നു ചിന്ത.ഫോണ്‍ നന്ദേട്ടനു കൊടുത്തപ്പോള്‍ ആണ് മനസ്സിലായത്‌ കാര്യങ്ങള്‍.എന്തോ യാത്ര തുടങ്ങി,ഇവിടെ എത്തുന്ന വരെ,ഇവിടെ എത്തിക്കഴിഞ്ഞിട്ടും നല്ല കോണ്ഫിഡന്സ് ഉണ്ടായിരുന്നു.വേറാര്‍ക്കും ഒരുറപ്പുമില്ലായിരുന്നു.പുറമേ എന്ത് കാണിച്ചാലും ഉള്ളില്‍ എവിടെയോ നമ്മുടെയൊക്കെ യഥാര്‍ത്ഥ ചിന്തകള്‍,വ്യാകുലതകള്‍ ഒളിഞ്ഞിരിയ്ക്കും.എങ്ങനെയൊക്കെയാണ് അവ പുറത്തു വരുന്നത് എന്നറിയാനേ പറ്റില്ല.രാജിയെടത്തിയുടെ അടുത്ത്‌ വര്‍ത്തമാനം പറയുമ്പോള്‍ പെട്ടെന്നാണ്‌ കരച്ചില്‍ പൊട്ടിയത്‌.നിത്യ പോലും അമ്പരന്നു പോയി.ഓര്‍ത്തിരിയ്ക്കണം.എന്തൊക്കെയോ.തല ചെരിച്ചുള്ള നടത്തം.ഏത് പാതിരയ്ക്ക് കയറിച്ചെല്ലുംപോഴും കാത്തിരിയ്ക്കുന്ന വേവലാതി.എത്ര രാവിലെ പുറപ്പെട്ടു പോകുമ്പോഴും ചൂട് ചായയും പലഹാരവും ഒരുക്കി വെയ്ക്കുന്ന കരുതല്‍.ഇനിയാരുണ്ട്.വിളിയ്ക്കാന്‍ ആഴ്ച്ചകളായാലും പരാതിയില്ലാതെ സംസാരിച്ചു തുടങ്ങുന്ന മധുരം.ഇനിയാരുണ്ട് അങ്ങനെയൊക്കെ ചെയ്യാന്‍.അതാവും കരഞ്ഞത്‌.നന്ദി കേടോര്‍ത്ത്.അല്ലെങ്കില്‍ ഇനിയുണ്ടാകുന്ന ശൂന്യത,അതോര്‍ത്ത്‌.

ആശുപത്രിയിലെയ്ക്ക് പോവുമ്പോള്‍ അമ്മ പറഞ്ഞത്രേ ഞാന്‍ നടന്ന പോണേ.ഇനി കിടന്നാവും വരവ്.അമ്മയുടെ ബോധം രണ്ടാം ദിവസം തന്നെ പോയി.ഒറ്റക്കായപ്പോള്‍ രാജിയേട്ടത്തിയോടു ചോദിച്ചു.

അമ്മ ചോദിച്ച്വോ എന്ന്യൊക്കെ?

രാജി ഏട്ടത്തി ഒന്ന് നോക്കി,സന്തോഷിപ്പിയ്ക്കാന്‍ ഒന്നും പറയുക പതിവില്ല.

ല്ല്യ കുട്ടി,ഒരേ കരച്ചിലായിരുന്നു.വേദന്യോണ്ടേ...അച്ഛനെ ചോയ്‌ച്ച് രണ്ടു മൂന്നു പ്രാവശ്യം.പിന്നെ ബോധം പോയീലെ?

അവര്‍ തുണികള്‍ മടക്കാന്‍ തുടങ്ങി.

എന്ത് ധൈര്യള്ള ആളാ അമ്മ.മൂന്നോ നാലോ പ്രാവശ്യം അവര് ചോര എടുത്തില്ലേ,ഒരു കൂസലുല്ലാതെയല്ലേ അമ്മ നിന്ന് കൊടുത്തത്‌?

നിരാശ തോന്നി.ഒരൊറ്റ പ്രാവശ്യം ഒന്ന് മിണ്ടാന്‍,എന്തെങ്കിലും പറയാന്‍...

നിയന്ത്രണമില്ലാതെ കരച്ചില്‍ വന്നത് അമ്മയുടെ അലമാര തുറന്നപ്പോഴായിരുന്നു.അമ്മയുടെ ഹാന്റ്ബാഗില്‍ എന്റെയും രാജേട്ടന്റെയും,അമ്മുവിന്റെയും ഫോട്ടോകള്‍.പല പ്രായത്തിലുള്ളവ.ആല്‍ബത്തില്‍ നിന്നും,പഴയ ഐ ഡി കാര്‍ഡുകളില്‍ നിന്നും ഒക്കെ എടുത്തത്‌.കരഞ്ഞപ്പോള്‍ പിടിച്ചു നിന്ന അലമാരയുടെ വാതിലുകള്‍ ഇളകിക്കൊണ്ടിരുന്നു.നിത്യ ചേര്‍ന്നു നിന്നു.അടിച്ചു വാരുന്നയിടത്തു നിന്ന് രാജിയേടത്തി വേഗം പോയി.അവര്‍ കണ്ണുകള്‍ തുടയ്ക്കുന്നുണ്ടായിരുന്നു.മതിയാവോളം കരഞ്ഞു.ഓര്‍ക്കുന്തോറും ഭാരം കൂടിക്കൂടി വരുന്നു.മുറിയില്‍ പോവണം.എല്ലാവരും ഇരിപ്പുണ്ട് ഹാളില്‍.കാണാതെ എങ്ങനെ പോവും.നിത്യയും കരയുന്നു.കുറെ നേരം അവിടെത്തന്നെ നിന്നു.

ഭക്ഷണം വിളമ്പുന്ന തിരക്കാണിനി.ഹാളില്‍ തന്നെ മേശയിടാം എന്നത് രാജേട്ടന്റെ ഐഡിയ ആയിരുന്നു.മെല്ലെ മുറിയിലേയ്ക്ക് പോയി.

നിത്യ വന്നു വിളിച്ചു,ഊണ് കഴിയ്ക്കാന്‍.വിശപ്പില്ല,പിന്നെക്കഴിയ്ക്കാം എന്നൊക്കെ പറഞ്ഞുനോക്കി.എല്ലാവരുമില്ലേ,ഒരുമിച്ചിരിയ്ക്കാനാണ്.ചിരിച്ചു.താഴെ നിന്നും ചിരി കേള്‍ക്കാം.കൊള്ളാം.ഇതും ആഘോഷം.മരിച്ചവരെപ്പറ്റി എന്തോര്‍ക്കാന്‍?എല്ലാവര്ക്കും ഒന്ന് കൂടണം.രാജേട്ടന്റെ മുറിയില്‍ തിരക്കായിരിയ്ക്കും.അവിടെ പോയാല്‍ കുറച്ചു കഴിയ്ക്കാം.ഒരു രണ്ടു പെഗ്.നിത്യ സമ്മതിച്ചില്ല.

അച്ഛനെവിടെയെന്നു ചോദിച്ചു.അങ്ങനെയും ഒരാളുണ്ടല്ലോ.താഴെ ഹാളിലും,ഉമ്മറത്തും കണ്ടില്ല.ഉണ്ട്,മതിലരികില്‍ സിഗരറ്റ്‌ പുക ഊതിവിടുന്നു.ഈ എരിച്ചിലില്ലാതെ അച്ഛനെ കണ്ടിട്ടുണ്ടോ.ഓര്‍മ്മയിലില്ല.അടുത്ത്‌ ചെന്ന് നിന്നു.

ഊണ് കഴിയ്ക്കെണ്ടേ?

അവരൊക്കെ കഴിക്കട്ടെ.

തെങ്ങിന്‍ തോപ്പുകളിലൂടെ ശരവേഗത്തില്‍ പോകുന്ന രണ്ടാളുകള്,കാണാന്‍ കഴിയുന്നുണ്ട്‍.അവരില്‍ ഇനി ഒരാളെയുള്ളു.നിലയ്ക്കാത്ത ചര്‍ച്ചകള്‍,മല്‍സരിച്ചുള്ള വായന‍.ഒഴിഞ്ഞ ചായക്കപ്പുകള്‍.സമരപ്പന്തലുകള്‍.അച്ഛനെന്താ ജോലി എന്ന് ക്ലാസ്സില്‍ ചോദിച്ചപ്പോള്‍ അമ്മു പറഞ്ഞത്രേ,പണ്ട്,"സമരം ചെയ്യല്‍".സമരം എല്ലാറ്റിനൊടും.ആ ഒരു കാര്യത്തില്‍ രണ്ടാളും തമ്മില്‍ എന്തൊരു ഐക്യം.അതിലെന്നല്ല എന്തിലും.

ഇനിയെന്ത് ചോദിയ്ക്കും.അവിടെത്തന്നെ നിന്നു.അടുത്ത് ചേര്‍ന്ന് നില്‍ക്കണോ?തോളില്‍ ഒന്ന് കയ്യിടണോ?വല്ലാത്ത നിസ്സഹായത തോന്നി.എന്താണ് ആ മുഖത്ത്‌?ദുഃഖം?

നീ നടന്നോ,ഞാന്‍ വരാം.

അച്ഛന്‍ തന്നെ വഴി പറഞ്ഞു തന്നു,രക്ഷപ്പെടാന്‍.മനസ്സ് വായിച്ചിരിയ്ക്കുന്നു.

അച്ഛന്‍ വരൂ.നിര്‍ബന്ധിച്ചു നോക്കി.

ഞാന്‍ വന്നോളാം.അപേക്ഷ പോലെ തോന്നി.തിരികെ പോന്നു.

നിത്യ കാണിച്ചു തന്ന സീറ്റിലിരുന്നു.വേഗം എണീയ്ക്കണം.ലതീഷും,രാജേട്ടനും രഘുവും ഒരു പായസം കുടി മത്സരത്തിനുള്ള പുറപ്പാടാണ്.പ്രോല്സാഹിപ്പിയ്കാന്‍ എത്ര ആളുകള്‍.കൊള്ളാം.ആഘോഷിയ്ക്കിന്‍.ഇങ്ങോട്ടാരും ശ്രദ്ധിയ്ക്കാതിരുന്നാല്‍ മതി.മെയിലിനു പോകേണ്ട ആള്‍,ഇരിപ്പുണ്ട്..,സാമ്പാര്‍ അന്വേഷിയ്ക്കുകയാണ്.

മുറിയിലെത്തി കിടന്നു.

ആശുപത്രിയിലെ ദിവസങ്ങള്‍ പല രീതിയിലും ദുസ്സഹമായിരുന്നു.നമ്മുടെ ദുഃഖങ്ങള്‍ പോരാത്തതിന് ഇടതും വലതും ഇരുന്നു പരാതിയും സങ്കടവും പങ്കുവയ്ക്കുന്ന ഒരു കൂട്ടം ആളുകള്‍.മനുഷ്യന്‍ അത്ര നിസ്സഹായന്‍ എന്ന് തോന്നി.വരാന്തയിലോ,ഗ്ലാസ്സ്‌ ഡോറുകള്‍ക്ക്,ഇളം നീല തിരശ്ശീലകള്‍ക്ക് പിന്നിലോ അറിയാം,ഒരുദൃശ്യ സാന്നിധ്യം.ഒരു ചെറിയ കാറ്റടിയ്ക്കുമ്പോള്‍ നിറയുന്ന ഒരു അപരിചിത മണം.ഉറക്കമില്ലാതെ രാത്രികള്‍.ഉറങ്ങിയപ്പോള്‍ സ്വപ്നങ്ങള്‍.സ്വപ്നത്തില്‍ അമ്മ അരികില്‍ വന്നിരിയ്ക്കുന്നു.ഒരിയ്ക്കലും പറയാത്ത പരാതികള്‍ പറയുന്നു.കാലില്‍ നിന്ന് അരിച്ചു കയറുന്ന തണുപ്പിനെപ്പറ്റി പറയുന്നു.ഞാന്‍ കരഞ്ഞുകൊണ്ടേയിരുന്നു.ഞെട്ടിയുണര്‍ന്നപ്പോള്‍ നിത്യ മുന്നില്‍.അവളില്ലെങ്കില്‍ എന്ത് ചെയ്യും.അവളുടെ തോളില്‍ ചാഞ്ഞിരുന്നു കരഞ്ഞു.അവള്‍ കരഞ്ഞപ്പോള്‍ നീയെന്തിനു കരയണം പെണ്ണേ എന്നാണോര്‍ത്തത്.അത്ഭുതം തോന്നി.എത്ര ദിവസത്തെ പരിചയമുണ്ട് നിനക്ക്,കല്യാണം കഴിഞ്ഞ് കഷ്ടി രണ്ടാഴ്ചയാണ് വീട്ടിലുണ്ടായത്.അപ്പോഴേയ്ക്കും തിരിച്ചു പറക്കേണ്ടി വന്നു.എപ്പോഴെങ്കിലും നടക്കാന്‍ പോവുമ്പോഴോ,ഉറങ്ങാന്‍ കിടക്കുമ്പോഴോ അവള്‍ അമ്മയുടെ വിശേഷങ്ങള്‍ പറയാന്‍ തുടങ്ങും.അമ്മ വിളിച്ചു,ഇത് പറഞ്ഞു അത് പറഞ്ഞു..സ്ഥിരപരിചയക്കാരെപ്പറ്റി പറയുന്ന പോലെ.

ഉറങ്ങിപ്പോയി.സ്വപ്നങ്ങള്‍ക്കവസാനമുണ്ടോ?എന്തോ കണ്ടുകൊണ്ട് തന്നെ ഉണരുകയും ചെയ്തു.ഉണര്‍ന്നപ്പോള്‍ താഴെ പൊട്ടിച്ചിരികള്‍.ബഹളം.

ഇറങ്ങിപ്പോയിനെടാ പട്ടികളെ.

വല്ലാത്ത ദേഷ്യം,സങ്കടം.

നിത്യ വന്നു.ആഘോഷസംഘം പിരിയുന്നു.സന്തോഷം.ഇനി യാത്രയയയ്ക്കണം.ചെന്ന് നിന്ന് കൊടുത്തു.ലതീഷിന്റെ വക ഫോട്ടോ എടുപ്പും ഉണ്ടോ?പലരും അച്ഛനെ തൊടുന്നു, തലോടുന്നു.നല്ല വാക്കുകള്‍ പറയുന്നു.അച്ഛനെ കെട്ടിപ്പിടിച്ചു കരയുന്നു.അച്ഛന്‍ കരയാത്തതിന്റെ നിരാശയില്ലേ പലര്‍ക്കും.അച്ഛന്‍ ചിലപ്പോഴൊക്കെ വിതുമ്പി.ശരിയ്ക്കും കരഞ്ഞത്‌ അവസാനം.അത് ആദ്യവസാനം സഹായത്തിനു നിന്ന അയ്യപ്പേട്ടന്‍ വിങ്ങുന്നത് കണ്ടപ്പോള്‍.അമ്മയുടെ വലംകയ്യായിരുന്നു.അമ്മ നടന്ന വഴികളിലൊക്കെ നടന്ന ഒരാള്‍.പോസ്റ്ററെഴുതാനും,മുദ്രാവാക്യം എറ്റുചൊല്ലാനും ഒപ്പം പോയ ആള്‍.അയാള്‍ മാറിനില്‍ക്കുകയായിരുന്നു അത്രയും സമയം.യാത്ര പറയാന്‍ അടുത്ത് വന്നു.

മോന്‍ അധികണ്ടോ

ഇല്ല

കുറെ നേരം രണ്ടു പേരും മൌനം.

നല്ലോരോക്കെ പോയി,അയാള്‍ ഇരുള്‍ പരക്കുന്ന ഇടവഴിയിലേയ്ക്ക് നോക്കി.

ഞ്ഞിപ്പോ എപ്പളാ

അടുത്ത് വരും,അച്ഛനെ കൊണ്ടോവണം

നന്നായി

അയാള്‍ കരയുന്നുണ്ടോ,ഇപ്പോഴും?ഇല്ല,പക്ഷെ കനത്ത മുഖം.ഇനി യാത്രയില്ല എന്ന് പറഞ്ഞു അയാള്‍ നടന്നു.പടിയിറങ്ങുമ്പോള്‍ ഒരു വട്ടം തിരിഞ്ഞ് അച്ഛനെ നോക്കി.

ബഹളമൊതുങ്ങി.ഞങ്ങള്‍ വീട്ടുകാര്‍ മാത്രമായി.അമ്മയുടെ ഫോട്ടോയുടെ മുന്നില്‍ നിന്ന് കുറെ നേരം.എന്തൊരു നിശ്ശബ്ദത.അച്ഛന്‍ കിടക്കുകയാണ്.അമ്മു അടുത്ത് വന്നു നിന്നു.

ഫോട്ടോ നന്നായി ഇല്ലെടാ?

ഉം..

ഫോട്ടോയ്ക്ക്‌ പോസ് ചെയ്യാത്ത അമ്മയാണ്.ഏതോ കല്യാണ ഫോട്ടോയില്‍ നിന്നാണ് ഇത് അറേഞ്ച് ചെയ്തത്‌.നന്നായിരിയ്ക്കുന്നു.അമ്മയുടെ ചിരി,ഇനി ഇതില്‍ മാത്രം.

പകല്‍ അവസാനിയ്ക്കുന്നു.പലതും അവസാനിയ്ക്കുന്നു.ഓര്‍മ്മകള്‍..അവയ്ക്ക് മരണമില്ലെന്ന് നന്നായറിയാം.

രാത്രി അമ്മു പുറപ്പെടാനൊരുങ്ങി.അവള്‍ക്കു മറ്റന്നാള്‍ പറക്കണം.അച്ചന്‍ ഇത്തവണയും കരഞ്ഞു.നിയന്ത്രണമില്ല്ലാതെ.സ്വതവേ ധൈര്യം കാണിയ്ക്കുന്ന അവളും.

ഞാന്‍ വരും അച്ഛാ.കരച്ചിലിനിടയിലും അവള്‍ പറയുന്നുണ്ടായിരുന്നു.

അവള്‍ കെട്ടിപ്പിടിച്ചു.ഞാനും കരഞ്ഞു.അവള്‍ അടുത്ത ഒരു സിറ്റിയിലായിരുന്നു താമസിച്ചിരുന്നത്,രമേഷുമായി പിരിഞ്ഞതിനു ശേഷം.ഒന്നു രണ്ടു മണിക്കൂര്‍ നേരത്തെ ഡ്രൈവ്.അവളെ ചെന്ന് കാണണം ഇപ്പ്രാവശ്യം.അത് പറയുകയും ചെയ്തു.അപ്പോള്‍ മാത്രം അവള്‍ പഴയ പോലെ കുസൃതിച്ചിരി ചിരിച്ചു.

നിയ്യ്‌ വര്വോ?

വരും

അമ്മു പോയി.അച്ഛന്‍ ചാരുകസേരയില്‍ കിടക്കുന്നു.രാജേട്ടന്‍ ചെമ്പകത്തിന്റെ അടുത്തേയ്ക്ക് മാറി നിന്നു ഒരു സിഗരട്ട് കത്തിച്ചു.വഴിയില്‍ നിലാവ് നിറഞ്ഞു.എന്തോ ഓര്‍ത്ത്‌ ഞാന്‍ കുറച്ചുനേരം അവിടെത്തന്നെ നിന്നു.തെങ്ങിന്‍തോട്ടങ്ങള്‍ക്ക് നടുവിലെ വീടിനു മേലേയ്ക്കു നിലാവ് ആരോ കോരിയൊഴിയ്ക്കുന്നപോലെ തോന്നി.

Sunday, October 4, 2009

സ്നേഹിതനേ

MSL




എത്ര അനായാസമാണയാള്‍
അക്കരെ നീന്തിയെത്തിയതെന്നോ

ജലപ്പരപ്പില്‍
ഒരു ചുളിവുപോലും വീഴ്ത്താതെ

കാടിന്റെ തണലില്‍ നിന്നയാള്‍
ഒരു വട്ടം തിരിഞ്ഞു നോക്കി

പിന്നെ, ഇക്കരെയിലെ
നനുത്ത പൂമണങ്ങളും പേറി
കാട്ടുവഴിയിലേയ്ക്ക് മറഞ്ഞു

മാനത്തു നിന്ന്
ഒരു തിളങ്ങുന്ന കണ്ണ്
ആ വഴിയിലേയ്ക്കു
പാളി നോക്കി

സ്നേഹിതനേ
സ്നേഹിതനേ

പുഴയുടെ പിറുപിറുക്കല്‍
മാത്രം കേള്‍ക്കാം..

Wednesday, September 23, 2009

മഴയിലെ കിളിയൊച്ചകള്‍

....ല്‍ വച്ച് ഷൌക്കത്തിനെ കണ്ടപ്പോഴാണ് സരിത മരിച്ചതായയറിഞ്ഞത്.

ഞാനൊന്നുലഞ്ഞു.റാഫിയെക്കുറിച്ചോര്‍ത്തു.മറ്റു പലതുമോര്‍ത്തു.അതെനിയ്ക്കു വെറുമൊരു വാര്‍ത്തയായിരുന്നില്ല.മുഖം മാറുന്നത് ഷൌക്കത്ത് കാണാതിരിയ്ക്കാന്‍ ശ്രമിച്ചു,തിരക്കെന്ന് പറഞ്ഞു അവന്‍ വേഗം നടന്നു പോയി.ഞാന്‍ അവിടെത്തന്നെ നിന്നു.ആരുമൊരു വിവരവും തന്നില്ലല്ലോ എന്നാലോചിച്ചു. അമ്മയോടുള്ള ദീര്‍ഘ കാലത്തെ സമരം കാരണം വീട്ടിലേയ്ക്കുള്ള വിളികള്‍ വളരെ അപൂര്‍വമായിരുന്നു.പിന്നെ അമ്മയ്ക്കും തോന്നിക്കാണണം,കൂട്ടുകാര്‍ ആരെങ്കിലും അറിയിച്ചുകാണുമെന്ന്.

പാര്‍ക്കിലെ മരങ്ങളുടെ നിഴലില്‍ ഒരു കുട്ടി കളിച്ചുകൊണ്ടിരുന്നു.ഒറ്റയ്ക്കു്.അത് നോക്കി നിന്നു.

വൈകുന്നേരം തന്നെ നാട്ടിലേയ്ക്ക് തിരിച്ചു.യാത്രയിലുടനീളം പല ചിത്രങ്ങള്‍ തെളിഞ്ഞു വന്നു കൊണ്ടിരുന്നു,മനസ്സില്‍,തെല്ലുനേരം കണ്ണടച്ചപ്പോഴും.ഒരു സൈക്കിളിന്റെ ബെല്‍ കേള്‍ക്കാം‍,ഇടവഴികള്‍,മലര്‍ന്നു കിടന്നു നോക്കുമ്പോള്‍ കുട പോലെ തുറന്നു നിവരുന്ന നീലാകാശം,സ്വപ്നങ്ങള്‍ മുറിഞ്ഞു മുറിഞ്ഞു കണ്ടു.വല്ലാത്ത ഒരു അസ്വസ്ഥത.വണ്ടിയ്ക്ക് വേഗം പോരെന്ന തോന്നല്‍.സരിത, അവളുടെ നിര്‍ത്താതെയുള്ള ചിരി.അവള്‍ നിന്ന നില്‍പ്പില്‍ എന്നപോലെ പെട്ടെന്ന് മാഞ്ഞുപോയെന്നത് വിശ്വസിയ്ക്കാന്‍ കഴിയുന്നില്ല.

വീടെത്തിയപ്പോള്‍ മഴ കനത്തു നില്ക്കുന്നു.കുറെ ദിവസമായി മഴതന്നെയാണ്,വഴിയില്‍ അങ്ങിങ്ങു ചെറിയ കുഴികളില്‍ വെള്ളം കെട്ടിനില്ക്കുന്നു.തൊടികളില്‍ ചുള്ളിക്കമ്പുകളും,ഇലകളും ചിതറിക്കിടക്കുന്നു.ചെന്നുകയറിയപ്പോള്‍ അമ്മയും ഒന്നമ്പരന്നു.എന്താടാ പെട്ടെന്ന് എന്നൊന്ന് ചോദിയ്ക്കുകയും ചെയ്തു.മറുപടി പറയാതെ സ്ഥിരമുള്ള നോട്ടം നോക്കി ഞാന്‍ മുറിയിലേയ്ക്ക് പോയി. കണ്ണാടിയില്‍ ഷേവ് ചെയ്യാത്ത മുഖം നോക്കിനിന്നു.മഴ പെയ്തുതുടങ്ങി.ജനലിലൂടെ മുറ്റം കാണാം.എവിടെ നിന്നോ വെള്ളമൊഴുക്കി കൊണ്ടു വന്ന പൂവുകള്‍ മുറ്റത്തെ ഓവിന്റെ വക്കില്‍ തങ്ങി നിന്നു.കലപില കൂടുന്ന മഴപോലെ ഉള്ളില്‍ എന്തൊക്കെയോ,അടുക്കും ചിട്ടയുമില്ലാതെ.

"മെയില്‍
നിന്റെ മന്ത്രധ്വനിയില്‍
എന്റെ ഇടവഴികളിലെ
പുല്‍ക്കൊടികള്‍പോലും
ധ്യാനത്തിലാവുന്നു

ഒടുവില്‍
ജൂണില്‍ നീയെത്തുന്നു
എന്നിലെ ഒളിഞ്ഞുതെളിയുന്ന
പച്ചപ്പുകളുടെ തോഴി"

സരിത,മഴ പോലെ അവള്‍ പെയ്തു കൊണ്ടേയിരുന്നു.

മഴ പുഴയായി.കരയില്ലാത്ത പുഴ.നൂറു മണങ്ങളുമായി ആര്‍ത്തലച്ചു വരുന്ന ഒരു പുഴ.

ചായ കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ അമ്മ ആ കാര്യം തന്നെ എടുത്തിട്ടു,അമ്മയ്ക്ക് എവിടെയെങ്കിലും തുടങ്ങണമല്ലോ.

"ആ കുട്ടി,പാവം.."

എല്ലാരും പാവങ്ങള്‍,വിഷജന്തു ഞാനാണ്.

പുറത്ത് മഴ തകര്‍ക്കുകയാണ്,നേരത്തെത്തന്നെ ഇരുട്ടായപോലെ.ക്ലോക്കില്‍ അഞ്ചുമണിയായതെയുള്ളൂ.മഴ മാറാന്‍ നില്‍ക്കാതെ ഞാന്‍ ഇറങ്ങി നടന്നു.അമ്മ എന്തോ ചോദിയ്ക്കുന്നുണ്ടായിരുന്നു,കേട്ടില്ല.റോഡിലാകെ വെള്ളം ഒഴുകാനിടമില്ലാതെ നിറഞ്ഞു നില്ക്കുന്നു. വേലികള്‍ക്കപ്പുറത്ത് തഴച്ച പച്ചപ്പുകള്‍.കാലങ്ങള്‍ക്കുശേഷം അതെ വഴിയ്ക്ക് തന്നെയാണല്ലോ നടക്കുന്നത് എന്നോര്‍ത്തു.

മഴയൊന്നുനിന്ന് പിന്നെയും തുടങ്ങി.ദൂരെ മൈതാനത്തിനപ്പുറത്തുനിന്ന് അത് പെയ്തുപെയ്തു വരുന്നു.ശക്തികൂടിയപ്പോള്‍ ഒരു പീടികവരാന്തയില്‍ കേറിനിന്നു.പുതിയ കെട്ടിടമാണ്.

മൈതാനങ്ങളില്‍ ചാട്ടുളി പോലെ പായുന്ന റാഫി.നൂറു തൊണ്ടകളുടെ ആരവം.അവനു പന്തെത്തിച്ചു കൊടുക്കേണ്ട പണിയെയുള്ളൂ എനിക്ക്.പിന്നെ പൊറ്റാളിന്റെ മറഡോണയുടെ കുതിപ്പാണ്.കണ്ണുകള്‍ മുഴുവന്‍ അവനില്‍.ഓരോ ഗോളിനും അവനെ മുത്താന്‍ നൂറു പേര്‍.തിരികെ വന്നു അവന്റെ വക കെട്ടിപ്പിടുത്തം.അവന്റെ ചിരി,നെഞ്ചിന്റെ മിടിപ്പ്.

സൈക്കിളില്‍ അവന്റെ വീട്ടു പടിയ്ക്കല്‍ ഇറക്കിവിടും.അതൊരു കാഴ്ചയാണ്.എന്നും അസൂയ ഉണര്‍ത്തുന്ന കാഴ്ച.ഉമ്മ,പെങ്ങന്മാര്‍,അനിയന്‍,എളാപ്പ,എല്ലാവരും വിടര്‍ന്ന കണ്ണുകളോടെ,നിറഞ്ഞ ചിരിയോടെ,ആരാധനയോടെ അവന്‍ നടന്നെത്തുന്നത് നോക്കി നില്‍ക്കുന്ന കാഴ്ച!

ഇക്കാക്ക ഗോളടിച്ചത് ഞാന്‍ കണ്ട്‌,മോനു വിളിച്ചു കൂവും.

ഓരോന്നോര്‍ത്തു നില്‍ക്കുമ്പോള്‍ അരികില്‍ റാഫി വന്നു നിന്നത് അറിഞ്ഞില്ല.കരുതിക്കൊണ്ട് വന്ന വാക്കുകള്‍ വെള്ളത്തില്‍ ഒലിച്ചു പോയി.അവന്റെ മുഖത്ത്‌ ഒരു ചിരി മിന്നിമറഞ്ഞപോലെ.

കുറ്റിത്താടി വളര്‍ന്ന മുഖം.തോളത്ത് തലവച്ചു കിടക്കുന്നു മോള്‍."എപ്പൊ വന്നു ?"

"രാവിലെ.." മോളെ നോക്കിക്കൊണ്ട് പറഞ്ഞു.പറഞ്ഞതും നുണയാണല്ലൊ എന്നോര്‍ത്തു.എത്ര എളുപ്പത്തില്‍!

പാര്‍ക്കില്‍ തന്നോടുതന്നെ സംസാരിച്ച്,ഇലകള്‍ പെറുക്കി കളിച്ചിരുന്ന ആ കുട്ടിയെ പിന്നെയും ഓര്‍ത്തു.ഇവളെ ഓര്‍ത്താണിന്നലെ ഞാന്‍ കരഞ്ഞത്.

"മോള്‍ക്ക്‌ സുഖമില്ല. പനിയാണ്.. "

മഴയുടെ ശബ്ദം മാത്രം.

"ഡോക്ടറുടെ അടുത്ത് പോവ്വാണ് " കുഞ്ഞ് ക്ഷീണിച്ച മുഖത്തോടെ അവന്റെ തോളില്‍ ചാഞ്ഞു കിടക്കുന്നു.ചുരുണ്ട മുടി.അതേ കണ്ണുകള്‍." ഇപ്രാവശ്യം മഴ കുറച്ചു കടുപ്പാണ് ..." അവന്‍ ചെളികളയാന്‍ ഇറയത്തുനിന്നു വീഴുന്ന വെള്ളത്തില്‍ ചെരിപ്പുമുക്കി. "എല്ലാടത്തും പനിയാ.. "

സുഖമല്ലേ റാഫി?മനസ്സില്‍ ചോദിച്ചു.

"വരുന്നോ.." ഞാന്‍ ഒന്നും മിണ്ടാതെ അവന്റെയൊപ്പം നടന്നു.

"സരിതയുടെ കാര്യം അറിയിയ്ക്കാന്‍ മെയില്‍ ചെയ്തിരുന്നു, ഒന്ന് രണ്ടു വട്ടം.സനീജാ തന്നത്,ഐഡി ....ല്‍ ആണെന്ന് പറഞ്ഞിരുന്നു,വീട്ടീന്ന്.അവിടുന്ന് എന്നെ മടങ്ങി?"

സ്പാം ഫില്‍റ്റര്‍,അതോ ഡിലീറ്റ് ചെയ്തോ?

"ഒക്കെ കഴിഞ്ഞിട്ട് ഒന്നു വിളിയ്ക്കണം എന്ന് വച്ചതാ, ഒന്നിനും നേരല്ല്യ.. " അവന്‍ പറയുന്ന പല വാക്കുകളും കേള്‍ക്കുന്നില്ലായിരുന്നു.മഴ കനക്കുന്നു. "ആശുപത്രിയില്‍ വച്ചു നിങ്ങളുടെ കാര്യം ചോദിയ്ക്കുമായിരുന്നു" വല്ലായ്മയോടെയാണെങ്കിലും കേട്ടു.എളുപ്പമുണ്ട് എല്ലാവരും പറഞ്ഞുപറഞ്ഞു അവിടെത്തന്നെ എത്തുമ്പോള്‍.

പിന്നെ അവനൊന്നും പറഞ്ഞില്ല.കുഞ്ഞിപ്പോള്‍ ഉറങ്ങുകയാണ്.എന്തായിരിയ്ക്കും ഇവളുടെ പേര്‍?അവന്‍ പണ്ടു പറയാറുള്ളപോലെ ഉപ്പയുടെയും ഉമ്മയുടെയും പേരിന്റെ അക്ഷരങ്ങള്‍ കൊണ്ടൊരു കോമ്പിനേഷന്‍?

നെരൂദ!നെരൂദയായിരുന്നു അവളുടെ ഇഷ്ടകവി.നല്ല ഒരു കളക്ഷനും ഉണ്ടായിരുന്നു അവളുടെ കയ്യില്‍.അവധി ദിവസങ്ങളില്‍ ഞങ്ങള്‍ കവിതകള്‍ വായിച്ചിരിയ്ക്കും.യുനിവേഴ്സിറ്റി ലൈബ്രറിയില്‍ പോകും.ബസ്സിലും വഴിയിലും ആളുകള്‍ തിരിഞ്ഞു നോക്കിക്കൊണ്ടിരിയ്ക്കും ,ഞങ്ങളുടെ ഉച്ചത്തിലുള്ള സംസാരവും ചിരിയും കേട്ട്.അവള്‍ക്കു കൂസലൊന്നുമില്ലായിരുന്നു.കുറെ കാമ്പസ്സില്‍ അലഞ്ഞു നടക്കും.പിന്നെ തിരികെയുള്ള യാത്ര.ഈ ദിവസങ്ങള്‍ക്കായുള്ള കാത്തിരിപ്പായി പിന്നെ.

ഡോക്ടറുടെ ക്ലിനിക് സെറ്റപ്പ് ചെയ്തിരുന്നത് പണ്ടു സുബൈര്‍ താമസിച്ചിരുന്നിടത്താണ്.അവരൊക്കെ ഇപ്പോള്‍ എവിടെയാണാവോ? തിരക്കുണ്ടായിരുന്നു.ടോക്കനെടുത്തു ഞങ്ങള്‍ പുറത്തെ വരാന്തയില്‍ മഴ നോക്കിയിരുന്നു.മഴ നിന്നിട്ടില്ല.ബോഗന്‍വില്ലകളെ മഴ കുലുക്കി കൊണ്ടിരുന്നു.

മഴയിലെവിടെയോ ഒരു കിളിയൊച്ച.കിളിയെത്തിരഞ്ഞു കണ്ണുകള്‍ അലഞ്ഞു.വാഴക്കിളികള്‍ മരിച്ചവരുടെ ആത്മാക്കളെന്നു ആരാണ് പറഞ്ഞത്?ആ കരച്ചില്‍ വീണ്ടും കേള്‍ക്കുന്നു.നേരെ നോക്കിയത് കുഞ്ഞിന്റെ മുഖത്തെയ്ക്കാണ്.ഉണര്‍ന്ന്,അവള്‍ എന്നെ നോക്കുന്നു. ചുരുണ്ട മുടിയിഴകള്‍,മഷിയെഴുതിയ പോലെ കറുത്ത കണ്ണുകള്‍.

റാഫി എന്തോ ചോദിച്ചു.അത് മഴയുടെ ശബ്ദത്തില്‍ മുങ്ങിപ്പോയി.

നഴ്സ് ഊഴമായെന്നു പറഞ്ഞപ്പോള്‍ കുഞ്ഞിനെയുമെടുത്ത്‌ അവനുള്ളിലെയ്ക്ക് പോയി.ഞാന്‍ നടന്നു വരാന്തയുടെ മറ്റെ അറ്റത്തു പോയി നിന്നു.

പണ്ടെഴുതിയ ഭ്രാന്തന്‍ വരികളോര്‍ത്തു.

"സരിതാ
ഉയരങ്ങളിലേയ്ക്ക്
ഉയരങ്ങളിലേയ്ക്ക്
കയറി

ഇനിയും
ആഴങ്ങളിലേയ്ക്ക്
ആഴങ്ങളിലേയ്ക്ക്
ഊളിയിടാന്‍
നിന്നിലെയ്ക്ക്
ഞാന്‍ കൂപ്പുകുത്തുന്നു

നിന്റെ
വഴുവഴുത്ത
കല്‍ക്കെട്ടുകളിലൂടെ
ഞാന്‍ തെന്നിത്തെന്നി
വീഴുന്നു "

അവന്‍,റാഫി എപ്പോഴാണ് കടന്നു വന്നത്?ഫുട്ബാള്‍ ഭ്രാന്തും ഗസലുകളും!മദ്യത്തില്‍ മുങ്ങി നിവര്‍ന്ന അവന്‍ പാടും,പ്രണയിനിയുടെ കണ്ണുകളെക്കുറിച്ച്,നിലാവില്‍ തിളങ്ങുന്ന താഴ്വരകളെക്കുറിച്ച്..കേട്ടിരിക്കുന്നവര്‍ക്ക് ഹരം.അവനു ലഹരി,പിന്നെയും.കത്തുന്ന മനസ്സോടെ നോക്കിയിരിയ്ക്കും,ഞാന്‍.

മഷിയെഴുതിയ കണ്ണുകള്‍.അവയ്ക്കുമുണ്ട് ലഹരി.ലഹരിയാളുന്നു.പരസ്പരം നായാടാനൊരുങ്ങുന്നു.മലകള്‍ കയറിയിറങ്ങുന്നു,കീഴടക്കലിന്റെ ആഘോഷം.താഴ്വരകള്‍ക്ക് മേലെ,നിഗൂഢ വനങ്ങള്‍ക്ക് മേലെ കാറ്റായി,മേഘമായി അലിഞ്ഞലിഞ്ഞ്.

ഉന്മാദം,പൂവുകളെ ഇതളായടര്‍ത്തുന്ന ഉന്മാദം.

കിളിയെ എനിക്ക് കാണാം ഇപ്പോള്‍,തൊടിയിലെ വാഴയില്‍ മഴയില്‍ നനഞ്ഞിരിപ്പുണ്ട്.ദയനീയമായി അത് കരയുന്നു.കടുംപച്ച നിറം.വാഴക്കിളി.പോകാന്‍ കൂടില്ലാതെ,തുണയില്ലാതെ ഈ തണുത്ത മഴയില്‍..

അവളുടെ കവിതകള്‍ മാതൃഭൂമിയില്‍ വായിച്ചതോര്‍ക്കുന്നു.റാഫി തന്നെയാണ് കാണിച്ചു തന്നതും.അവന്റെ കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു.ആഘോഷം.ലഹരി കയറിയപ്പോള്‍ ആദ്യ ചുംബനത്തെക്കുറിച്ചും,അവളോടുള്ള ഭ്രാന്തമായ ആരാധനയെക്കുറിച്ചും അവന്‍ വാചാലനാകുന്നു.ചെറുചിരിയോടെ അവനെ നോക്കിയിരുന്നു.പൊറ്റാളിലെ പാടങ്ങളില്‍ പന്തിനുപിറകെ മിന്നല്‍പോലെ കുതിക്കുന്ന റാഫി!ആരാധനയോടെ നൂറുകണ്ണുകള്‍.ഓരോ ഗോളിനും അവന്‍ വന്നെന്നെ കെട്ടിപ്പിടിയ്ക്കുന്നു.ഇപ്പോള്‍ നോട്ടം മുഴുവന്‍ ഇങ്ങോട്ട്..കയ്യടിയുടെ ഒരു പങ്കും..

റാഫി തിരികെ വന്നു.ഞങ്ങള്‍ ഇറങ്ങിനടന്നു.മഴ നിന്നിരിയ്ക്കുന്നു.അവന്‍ ജോലിയെക്കുറിച്ചും മറ്റും തിരക്കുന്നുണ്ടായിരുന്നു. യാന്ത്രികമായി മറുപടി പറഞ്ഞു കൊണ്ടിരുന്നു.

"ഇവളെ നോക്കാനാണ് ബുദ്ധിമുട്ട്,ഉമ്മയും സൈനയും ഉള്ളത് കൊണ്ട് .."കുഞ്ഞ് സിറപ്പിന്റെ പായ്ക്കറ്റ് കൈയില്‍ പിടിച്ചിട്ടുണ്ട്. മനസ്സിലെന്തോ ഉടക്കി നിന്നു.

"പാടത്താണെങ്കില്‍ നൂറു പണിയുണ്ട്..മുഴുവന്‍ വെള്ളം കയറി കിടക്കുന്നു.."

"നീ ....യിലേയ്ക്കു തിരിച്ചു പോകുന്നില്ലേ ?"ചോദിച്ചു,വെറുതെ.അവന്‍ ഒന്നു നിറുത്തി"എങ്ങനെയാ പോവാ.." അവന്‍ കുട്ടിയെ മറ്റേ കയ്യിലേയ്ക്ക് മാറ്റി പിടിച്ചു."ഉമ്മയ്ക്കും ഒരു വെഷമം, ഇവളെ ഇവിടെയാക്കി ഞാന്‍ എങ്ങനെ.." ചോദിയ്ക്കെണ്ടാത്ത ചോദ്യ മായിരുന്നു അത്.അവന്‍ ഒരു മങ്ങിയ ചിരിചിരിച്ചു.നീ ചിരിച്ചു കണ്ടല്ലോ റാഫി!

മറ്റൊരു മഴ തുടങ്ങി.

"കുറച്ചു ദിവസം ഉണ്ടാവുമോ ഇവിടെ ?" വന്നത് തെറ്റായെന്നു തോന്നി.ക്യുബിക്കുകളുടെ ലോകത്ത് ഞാന്‍ എത്ര സുരക്ഷിതന്‍. ബന്ധങ്ങളും ബന്ധനങ്ങളും ഇല്ലാത്ത ജീവിതം.

"പോണം.."മാസങ്ങള്‍ക്ക് ശേഷമുള്ള വരവാണ്.പത്തു ദിവസം വെക്കേഷന്‍ എടുത്തതാണ്.എന്തോ അങ്ങനെ പറയാന്‍ തോന്നി.നാളെ തിരിച്ചു പോകണം എന്നൊരു ചിന്ത.നാളെത്തന്നെ!
"വീട്ടിലേയ്ക്ക്‌ വരുന്നോ.."അവന്റെ ചോദ്യം.
"ഇല്ല.. "അവന്റെ മുഖത്തേയ്ക്ക് നോക്കാതെ മറുപടി പറഞ്ഞു.
"ഉമ്മ എപ്പോഴും ചോദിയ്ക്കാറുണ്ട്...എന്താ ആ വഴി കാണാത്തത് എന്ന്.."
"പിന്നെയാക്കാം.. "എന്ന് പറഞ്ഞു ഞാന്‍ നടന്നു.ഇനി നില്‍ക്കാന്‍ വയ്യ.
മഴ കനത്തു.കുടയുണ്ടായിരുന്നിട്ടും ആകെ നനഞ്ഞു.

വീട്ടിലെത്തിയപാട് കട്ടിലില്‍ കയറിക്കിടന്നു.അമ്മ വാതില്‍ക്കല്‍ നിന്നു വിളിച്ചു നോക്കി.ഉറക്കം നടിച്ചു കിടന്നു.അമ്മ തിരിച്ചു പോയി.കുറെ നേരം പാത്രങ്ങളുടെ കലപില.മഴ നേര്‍ത്തു നേര്‍ത്തു വന്നു.ഉറക്കം പലവട്ടമുണര്‍ന്നു.പല സ്വപ്നങ്ങള്‍.പാതി ഉറക്കത്തിലെ ചിന്തകള്‍, അങ്ങനെ പലതും.ഉണര്‍ന്നിട്ടും എണീയ്ക്കാതെ അവിടെത്തന്നെ കിടന്നു.അമ്മ വന്നു നോക്കി.

"എന്താടാ നിനക്കു സുഖമില്ലേ"

അമ്മ അടുത്ത്‌ വന്നിരുന്നു.നെറ്റിയിലൊക്കെ ഒന്നു തൊട്ടു നോക്കി.പതിവുപോലെ എതിര്‍ക്കാനോന്നും പോയില്ല.അമ്മ പരാതിക്കെട്ടഴിയ്ക്കും എന്ന് കരുതി.പക്ഷെ അമ്മ തറവാട്ടിലെ കാര്യങ്ങള്‍,വല്യമാമയുടെ തമാശകള്‍ എല്ലാം പറഞ്ഞു തുടങ്ങി. കേട്ടിരുന്നു.കഴിഞ്ഞ ഒരു വര്‍ഷം രണ്ടു പ്രാവശ്യം ഞാന്‍ ....ല്‍ പോയി,പ്രൊജക്റ്റ്‌ ആവശ്യങ്ങള്‍ക്കായി,അമ്മയെ ഒന്നു ജാനുവമ്മായിയുടെ അടുത്ത്‌ കൊണ്ടുപോവാന്‍ കഴിഞ്ഞിട്ടില്ല,ഇതുവരെ.അമ്മ ചായയുണ്ടാക്കണോ എന്ന് ചോദിച്ചപ്പോള്‍ തലയാട്ടി. അടുക്കളയില്‍ തന്നെ ഇരുന്നു ഞാന്‍ ചായ കുടിച്ചു.

ഞാന്‍ പഴയ പുസ്തകങ്ങളും മറ്റും അടുക്കി വെയ്ക്കാനായി തുടങ്ങി.മഴ വീണ്ടും ആരംഭിച്ചു.പണ്ട് എഴുതിയ പലതും കണ്ടു കൂട്ടത്തില്‍. എല്ലാം കൊണ്ടു പോവണം.ഡയറികളും നോട്ട് ബുക്കുകളും എല്ലാം.

കുറെ മഴ നോക്കി നിന്നു.രാത്രി കനത്തു.വേഗം ഊണ് കഴിച്ചു കിടന്നു.എന്തോ നല്ല ഉറക്കം കിട്ടുകയും ചെയ്തു.രാവിലെ എപ്പോഴോ ഒരു കുട്ടിയെക്കണ്ടു സ്വപ്നത്തില്‍,ചുരുണ്ട മുടിയിഴകള്‍,മഷിയെഴുതിയ പോലെ കറുത്ത കണ്ണുകള്‍.ഒരു പരാതിയുമില്ലാതെ അതങ്ങനെ കളിയ്ക്കുകയാണ്.ഒറ്റയ്ക്കു്.

രാവിലെത്തന്നെ നേരെ റാഫിയുടെ വീട്ടിലേയ്ക്ക്‌ നടന്നു.രാത്രി നല്ല മഴ പെയ്തിട്ടുണ്ട്.

ഗേറ്റ് കടക്കുമ്പോള്‍ തോട്ടത്തില്‍ നിറയെ വെളുത്ത റോസ് പൂക്കള്‍.അവളുടെ പ്രിയപ്പെട്ട പൂക്കള്‍.അവളുടെ സാന്നിധ്യം ആ വീടിനെ പൊതിഞ്ഞു നില്‍ക്കുന്നതായി തോന്നി.ഉമ്മറത്ത് ആരും ഉണ്ടായിരുന്നില്ല.ഉമ്മ അടുക്കളയില്‍ നിന്നുതന്നെ എന്നെക്കണ്ടു.അവര്‍ കണ്ണ് നിറച്ച്,കീഴ്ചുണ്ട് കടിച്ചുപിടിച്ച് ഉമ്മറത്തെയ്ക്ക് വന്നു.

"മോന്‍ എപ്പളെ വന്നു?"

"ഇന്നലെ..."

"ക്ഷീണിച്ചിക്ക്ണു കുട്ടി.." സൈനയും അടുത്തേയ്ക്ക് വന്നു.

"ഓളെ കാര്യം ഒന്ന്‍ വിളിച്ച് അറിയിയ്ക്കാന്‍ പറ്റീല.ഓനും ഓരോ തെരക്കായിപ്പോയി.പിന്നെ മോന്‍ ഇബടെ ഇല്ല്യ പുറത്തെവിടെയോ ആണെന്ന് പറഞ്ഞിനി അമ്മ വന്നപ്പോ ..."കുട്ടി കരഞ്ഞപ്പോള്‍ സൈന അകത്തേയ്ക്ക് പോയി.

"കുട്ടിനെ നോക്കാനാ മോനേ വെഷമം..അത് എപ്പളും ഉമ്മാനെ ചോദിച്ച് കരയും.."ഞാന്‍ അവരെ നോക്കി നിന്നു.സരിത സ്റ്റിച്ച് ചെയ്ത കര്‍ട്ടന്‍നുകള്‍,അവ കാറ്റിലിളകി.

അവര്‍ കരഞ്ഞു."ന്റെ മോന്റെ മുഖത്തിയ്ക്ക് നോക്കുമ്പളാ നിയ്ക്ക് കൂടുതല്‍ വെഷമം..."

ഞാന്‍ ഒന്നും മിണ്ടാതെ നിന്നു.വെയില്‍ ഇല്ലെങ്കിലും മങ്ങിയ വെളിച്ചമുണ്ടായിരുന്നു തൊടിയിലും മുറ്റത്തും.

"ഓന്‍ പാടത്തിയ്ക്ക് ഒന്നു പോയതാ.."ഉമ്മ പറഞ്ഞു,അവര്‍ കണ്ണ് തുടച്ചു."ഇന്നലെ മഴേല് കൊറേ വാഴ്യൊക്കെ വീണുക്ക്ണ്..."

"മോന്‍ ഇരിക്ക് "അവര്‍ സമനില വീണ്ടെടുത്തു." ഞാന്‍ ചായ എടുക്കട്ടെ"

ഗേറ്റ് കടന്ന്‍ റാഫി വന്നു.അവന്റെ മുഖത്ത് ഒരു ഉറക്കച്ചടവ്.കുറ്റിത്താടി.എന്നെ കണ്ടപ്പോള്‍ അവന്‍ അവിടെത്തന്നെ നിന്നു.

ഞാന്‍ ഓടിയോ നടന്നോ അവന്റെ അടുത്തെത്തി.അവന്റെ തോളിലേയ്ക്ക്‌ ചാഞ്ഞു.

"സോറി..."

ഞാന്‍ കരയുകയാണെന്ന് അമ്പരപ്പോടെ,ആശ്വാസത്തോടെ അറിഞ്ഞു.അവന്‍ അനങ്ങാതെ നിന്നു.ഒന്നും പറഞ്ഞുമില്ല.അവന്റെ തോളിനു മുകളിലൂടെ എനിയ്ക്ക് ആകാശം കാണാം.മേഘങ്ങള്‍ ഉരുണ്ടുകൂടുന്നു. അവനെക്കടന്ന്‍ നടന്നു.

അവന്‍ ഗേറ്റില്‍ വന്നു നോക്കി നില്‍ക്കുന്നെന്ന് തോന്നി.അരികില്‍ അവള്‍.കൈകളില്‍ ആ നക്ഷത്രക്കുഞ്ഞ്.തിരിഞ്ഞു നോക്കാതെ നടന്നു.

പിന്നാലെ പെയ്തു വന്ന മഴയില്‍ ഞാന്‍ നനഞ്ഞു.തിരക്കിട്ടു നടന്നു.കണ്ണീരും മഴത്തുള്ളികളും കലര്‍ന്നു.കിളിയൊച്ചകള്‍ അകന്നകന്ന്‍ പോയി.വഴിയില്‍ ഞാന്‍ മാത്രമായി,മഴയും.

Tuesday, September 15, 2009

സമര്‍പ്പണം - ഏകാന്തതയിലെ തീക്കാറ്ററിയുന്നവന്

ഈന്തപ്പനകള്‍ക്കു കീഴെ
ഒരുവന്‍ മണലിലെഴുതുന്നു

നേര്‍ത്ത് തെളിഞ്ഞു നില്‍ക്കുന്ന
മാനത്തെ വെള്ളിവര പോലെ
ഒരു ചിരിയുണ്ടെന്നു തോന്നും ചുണ്ടില്‍

ഒരൊട്ടകദൂരവും എത്താത്ത
മരുപ്പച്ചകളിലേയ്ക്കവന്റെ നോട്ടം
കുതിയ്ക്കുന്നെന്നു തോന്നും

എന്നാല്‍

ഓരോ ചുടുകല്‍ച്ചീളുകളും
തുളയ്ക്കുന്നത് നിങ്ങളുടെ തന്നെ
നെഞ്ചിന്‍കൂടെന്നറിയുമ്പോള്‍
ചങ്ങാതി,ഉരുകിപ്പോവും

പൊള്ളിച്ചകള്‍ അവനിലേയ്ക്കൂതിയത്‌
മണലിന്റെ ഏകാന്തതയിലെ
തീക്കാറ്റാണ്

അതാളിയ്ക്കുന്നതാവട്ടെ
ഈന്തപ്പഴങ്ങള്‍
തിരഞ്ഞു വന്നവരുടെ
ചങ്കിലെ ചൂടും.

മനുഷ്യനലയാനെന്തേ
എന്നും മരുഭൂമികള്‍?

ഈന്തപ്പനകള്‍ക്കു കീഴെ
ഒരുവന്‍ മണലിലെഴുതുന്നു


നജൂസ്‌ : ഈന്തപ്പഴം

Monday, September 7, 2009

പഴയ ചിലത് പ്രസിദ്ധീകരിയ്ക്കുമ്പോള്‍

ഇപ്പോഴോര്‍ക്കുമ്പോള്‍
പല കഥകളുടെ
ഒരു സമാഹാരമായിരുന്നു
അമ്മ

അത്
നിരൂപണം ചെയ്ത്
കാലം കഴിച്ചവന്‍
അച്ഛന്‍

പിന്‍കുറിപ്പെങ്കിലുമെഴുതാന്‍
മറന്നവന്‍
മകന്‍

വിവര്‍ത്തനം
ചെയ്തു തരണേ
എന്നപേക്ഷിയ്ക്കുന്നവള്‍
മകള്‍

Tuesday, September 1, 2009

കള്ളന്റെ കഥ

വീടിനു പിന്നില്‍
കാടിന് മുകളില്‍ ചന്ദ്രനുദിച്ചു
അവള്‍ നടന്നടുക്കുകയാണ്
വെള്ള റോസാപ്പൂവുകളുടെ മണം
അവനെ പൊതിയുകയാണ്

*

ആശാന്‍ കുറുക്കനിടവഴി കയറുമ്പോള്‍ ആമിനാത്ത പുറകേയെത്തി.
"ന്താ ആമിനുമ്മേ?"
"ആ ഹമീദിനെക്കൊണ്ട് തോറ്റ്.. "
"കള്ളനെ പിടിയ്ക്കാന്‍ ഞാനാപ്പോ..ങ്ങള് ഒന്ന്‍ എഴുതി കൊടുക്കീന്ന്‍.."
"അതോണ്ടോന്നു കാര്യല്ല്യ ആശാനെ,ഓന് വാശി കൂടും ന്നല്ലാതെ..കയിഞ്ഞ പ്രാവിശ്യം തന്നെ.. "
"ഞാന്‍ പ്പെന്താ വേണ്ടീത് "
"ന്തെങ്കിലും ഒര് വയ്യ് കാണണം.."
"അതിപ്പോ ഞാന്‍ പറഞ്ഞാ ഓന്‍ കേക്കൂലാന്ന്‍.."
"ങ്ങള് ന്തേങ്കിലും മന്ത്രിച്ചൂതി.."

*

നീണ്ട കണ്ണുകള്‍
പനമ്പുഴയിലെ ഇരുളടഞ്ഞ
കയങ്ങള്‍ പോലെ...

*

ഹമീദ്‌ നിലാവത്ത് കുന്നിന്‍ പുറത്ത്‌ കിടക്കുകയാണ് .
വഴീല് കാണുമ്പോ ഒന്ന് നോക്കിക്കൂടെ പെണ്ണെ?ഒന്ന് ചിരിച്ചൂടെ?
ഒറങ്ങ്മ്പോ ജനല്‍ ഒര് പൊളി തുറന്നൂടെ?ഒര് വെളിച്ചം വച്ചൂടെ ?

പുറത്തു നിലാവും,അകത്തിരുട്ടും.

*

പുഴയും മിണ്ടാട്ടമില്ലാതെ ഒഴുകുന്നു.ജമീലയുടെ മുടി വിതര്‍ത്തിയിടുമ്പോള്‍ കുളിരുന്ന പുഴ.മുടിയൊഴുകിപ്പരന്നു പുഴ. മുടിയിലൊഴുകിപ്പരന്നു പുഴ.അവളുടെ തോളുകളില്‍ വെയില്‍,കുളിര് കോരി മീനുകള്‍‍.ഹമീദ്‌ തടയാകുന്നു.മുടിച്ചുരുളുകള്‍ക്കിടയില്‍ മറ്റൊരു മീനാവുന്നു.

*

ഒന്ന് നോക്കിക്കൂടെ പെണ്ണെ?

*

ഹമീദ്‌ വെയില്‍ പോലെ തിളയ്ക്കുന്നു.രാത്രികളിലലയുന്നു.മനയ്ക്കലെ തൊടിയിലെ പൊട്ടക്കിണറ്റില്‍ നിലാവ് വീഴുന്ന നോക്കിയിരിയ്ക്കുന്നു.

ഇടവഴിയ്ക്കപ്പുറം മാളികയില്‍ പാതി ചാരിയ ജനാല.എന്തോ കരയണമെന്നു തോന്നുന്നു ഹമീദിന്. പെണ്ണെ,എന്നെങ്കിലും ഒരൊറ്റ വട്ടം..

*

കലന്തനാജി രാവിലെ നോക്കുമ്പൊ മുറ്റത്തിന്റെയരിക്കില് റോസ് തോട്ടത്തില്‍ ഒറ്റ പൂവില്ല.

*

ഒരു രാത്രി ഹമീദ്‌ നോക്കുമ്പോള്‍ ഒരു വെട്ടം, കത്തിയണയുന്നു മാളികയില്‍. രണ്ടാം നിലയിലെ അതേ ജനാലയില്‍. പിന്നെയും.
മാളികയുടെ ചോടെ ഹമീദ്‌.രണ്ടാം നിലയിലെ ജനലഴിയിലൂടെ പാമ്പുകള്‍ പോലെ അവളുടെ മുടി.മുടി മണത്ത് നില്‍ക്കുകയാണ് അവന്‍.അവയവനെ വരിയുന്നു.വെളുത്ത റോസ് പൂവുകളുടെ മണം.

*

വീടിനു പിന്നില്‍
കാടിന് മുകളില്‍ ചന്ദ്രനുദിച്ചു
അവള്‍ നടന്നടുക്കുകയാണ്
വെള്ള റോസാപ്പൂവുകളുടെ മണം
അവനെ പൊതിയുകയാണ്

*

പിന്നില്‍ ആളനക്കം.അവനറിഞ്ഞില്ല.

*

കൊല്ലങ്ങള്‍ കഴിഞ്ഞ് അവന്‍ പൊറ്റാളില്‍ വന്നപ്പോള്‍,കുന്നിന്ചെരിവിലെ വലിയ മരത്തില്‍ ഒര് പേരെഴുതിവച്ചുപോലും.കൊല്ലങ്ങള്‍ കഴിഞ്ഞിട്ടും അത് മാഞ്ഞില്ല പോലും.വയസ്സത്തിയായിപ്പോയി മരം.ആ മരം,എല്ലാക്കൊല്ലവും പൂത്തിരുന്ന ആ മരം,പിന്നെ പൂത്തതേയില്ലെന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിയ്ക്കുമോ?

*

ഹമീദ്‌ അവളെ പിന്നെ കണ്ടുവോ? കണ്ടു,കുറേക്കാലം കഴിഞ്ഞ്.
എന്തിന് എന്ന് ഒരു ചോദ്യം ചോദിച്ചോ? ഇല്ല

സത്യത്തില്‍ അവന്റെ നോട്ടം അവളെ അസ്വസ്ഥയാക്കി.ആരിത്‌,എന്തൊരു നോട്ടമെന്ന് കരുതി അവള്‍,വേഗം വഴിമാറി പോയി.

*

പോകെപ്പോകെ അവനെ കാണാതെയായി,പൊറ്റാളില്‍.

മരം കാണുമ്പോള്‍ പലരും ഓര്‍ത്തു. ഏറെക്കാലം കഴിഞ്ഞും. രാത്രിയില്‍ കേള്‍ക്കുന്ന ആ ചൂളം വിളി. നിലാവത്ത്‌ കുന്നില്‍ മലര്‍ന്നു കിടന്നു കിനാവ് കാണുന്ന കള്ളന്‍.ഒരേയൊരു പ്രാവശ്യം മാത്രം പിടിയ്ക്കപ്പെട്ട കള്ളന്‍.

ആമിനുമ്മയുടെ വീട് പുഴവെള്ളത്തില്‍ ഒലിച്ചുപോയി.രാത്രി ചൂളം വിളി കേട്ടപ്പോള്‍ വരാന്തയിലിറങ്ങി നോക്കുമ്പൊ മല മുഴുവന്‍ കുത്തിയൊലിച്ചു വന്നു പോലും.

ആശാന്‍ ഈ കഥ ഞങ്ങളോട് പറയാനായി അതേ മരത്തിന്റെ ചോട്ടിലങ്ങനെ..
കഥ പറഞ്ഞു കണ്ണ് തുടയ്ക്കും ആശാന്‍.അതെന്തെന്നു ഞങ്ങളോര്‍ക്കും.

*

പൊറ്റാളിലെയ്ക്കു വരുന്നവരേ,കുന്നിന്‍ ചെരിവില്‍ ആ മരം കണ്ടാല്‍ ഒന്ന് നിക്കണം.ഒന്ന് കാണണം.ഒന്ന് തൊട്ട് നോക്കണം.ഇപ്പ്രായത്തിലും അത് കുളിര് കോരി നില്‍ക്കും...രാത്രിയാണെങ്കില്‍,അതിന്റെ ചുളി വീണ കവിളുകള്‍ നിലാവില്‍ തിളങ്ങും.

Tuesday, August 18, 2009

നൊസ്സ്

ഇപ്പളൊന്നുമല്ല,പണ്ട്

ഒരു ദിവസം
ഉപ്പാപ്പയും കുട്ടിം നടക്കാന്‍ പോയി

"നൊസ്സന്റൊപ്പം ന്തിനെ കുട്ടീനെ വിട്ട്?"
അത്തറ് മണമുള്ള വല്യമ്മായി ചോദിക്കണ കേട്ടു

കുറെ നടന്നു രണ്ടാളും
കുന്നിന്റെ ചോടെത്തി
ഉപ്പാപ്പ മടിക്കുത്ത്‌ന്ന്‍
പത്തു വിത്തെടുത്ത് പാടത്തെറിഞ്ഞു
പത്തു വിത്തെടുത്ത് കരയ്ക്കെറിഞ്ഞു
കണ്ണെത്താ ദൂരം
പച്ചത്തുമ്പുകള്‍ പൊടിയ്ക്കുന്നത്
കണ്ടു കുട്ടി

ഉപ്പാപ്പ ഊതിപ്പറത്തിയ
അപ്പൂപ്പന്താടിയില്‍നിന്ന് പൂമ്പാറ്റകള്‍..
മാനത്തെയ്ക്കെറിഞ്ഞ
വെള്ളത്തൂവലില്‍നിന്ന് കൊറ്റികള്‍..

കുട്ടിയ്ക്കല്ഭുതം
"ഇന്നിം പടിപ്പിയ്ക്കി ഉപ്പാപ്പാ"
കുട്ടി കെഞ്ചി,ഓന്റെ കണ്ണില്‍ മഴവില്ല്!

"അന്റിം കാലം വരും"
ഉപ്പാപ്പ അത് പറഞ്ഞപ്പോ
പൊന്നും നിറത്തില്‍
മാനവും മണ്ണും തിളങ്ങി
വിരത്തുമ്പില്‍ പിടിച്ചു നോക്കിനിന്നു കുട്ടി

പിന്നെ
സൂര്യന്‍ മറഞ്ഞ് ഇരുട്ടായി

ഇരുട്ടത്തും മിന്നാമിന്നി പോലെ
ഉപ്പാപ്പാന്റെ കണ്ണുകള്‍..
കുട്ടി ചോട് പറ്റി നടന്നു

കാലവും കൊറ്റികളെപ്പോലെ
പാറിപ്പോയ്ക്കൊണ്ടിരുന്നു

കണ്ണില്‍ മഴവില്ലുള്ളവന്‍
വളര്‍ന്നുവളഞ്ഞ് ഉപ്പാപ്പയായി

അന്നും അത്തറ് പൂശിയ
ആളുകള് പറഞ്ഞു,"ഓന് നൊസ്സാ.."

പിന്നെയും
ഒരു ദിവസം
ഒരു ഉപ്പാപ്പയും കുട്ടിം നടക്കാന്‍ പോയി...

Monday, August 10, 2009

നുസൈബ

അത്ഭുതം തോന്നുന്നു

വട്ടത്തിലുള്ള പൂമരക്കൂട്ടങ്ങള്‍ക്കിടയില്‍നിന്ന്
നോക്കുമ്പോള്‍ മുകളറ്റം
കിണറിന്റെ വാവട്ടം പോലെ

കിണറിന്റെ വക്കത്ത്‌
അല്ലെങ്കില്‍ മരത്തിന്റെ കൊമ്പത്ത്‌
വിരല് കുടിയ്ക്കുന്ന പാവാടക്കാരി

നുസൈബ
വെളുത്ത കാലുള്ള നുസൈബ

മനയ്ക്കലെ പറമ്പിലെ
കിണറിന്റെ തെമ്പത്തിരുന്ന്
മധുരനെല്ലിയ്ക്ക "തിന്നു പോ തിന്നു പോ"
എന്ന് വിളിച്ചലയ്ക്കുന്ന,മരംകേറിപ്പെണ്ണ്

ഉണര്‍വിലും ഉറക്കത്തിലും
എന്റെ ഇടവഴികളെ
തലങ്ങനെയും വിലങ്ങനേയും
മുറിച്ചു കടന്നവള്‍

തൊടാന്‍ പൂതി പെരുകിപ്പെരുകി
കുന്നിന്‍ചെരിവില്‍
ഒളിഞ്ഞിരുന്നിട്ടുണ്ട് പലവട്ടം

അത്ഭുതം തോന്നുന്നു

കിണറിന്റെ ആഴത്തില്‍
നിന്നെടുത്ത് വച്ചപ്പോള്‍

അവളുടെ ചിറികളില്‍ ചോര
വിളറിയ കാലുകള്‍
മുടിയില്‍ പറ്റിപ്പിടിച്ച് ഓണപ്പൂവുകള്‍

ആദ്യമായി ഞാന്‍
അവളെയൊന്നു തൊട്ടുനോക്കി
അവസാനമായുമെന്നറിഞ്ഞപ്പോള്‍
കരയുകയും ചെയ്തു

അത്ഭുതം തോന്നുന്നു

ഓണം.

പൊറ്റാളിലെ ഒരു തോട്ടുവരമ്പത്ത്
പറിച്ചെറിഞ്ഞ ഓണപ്പൂവുകള്‍ക്കിടയില്‍
നെല്ലിക്ക കടിച്ചുകൊണ്ട്
ചവര്‍പ്പെല്ലാം മധുരമെന്നും
മധുരമെല്ലാം ചവര്‍പ്പെന്നും
ഒരുവള്‍...

Sunday, August 2, 2009

ദേശാടനക്കിളികള്‍

ആ ഫോട്ടോ പഴകിയിരുന്നു

എന്നിട്ടും അതില്‍ കാണപ്പെട്ട
ദേശാടനക്കിളികളുടെ
ചിറകറ്റങ്ങള്‍ വിറകൊണ്ടുകൊണ്ടിരുന്നു

ആ തൂവലുകളിലുമ്മവച്ച വെയില്‍
അപ്പോഴും ഉണങ്ങാതെ
അവയില്‍ തങ്ങിനിന്നു

കിളികളുടെ കണ്ണുകളില്‍
കടലുകള്‍ക്കപ്പുറം,മഞ്ഞില്‍ മൂടിപ്പോയ
കാട്ടുപാതകളിലെ,നാട്ടുവെളിച്ചം

നോക്കിക്കൊണ്ടു നിന്നു അയാള്‍

അയാളുടെ കണ്ണുകളിലും
അതേ തിളക്കം

ഈ ദേശാടനക്കിളികള്‍!

Sunday, July 26, 2009

നിയോഗം

രാവിലെ കാണാഞ്ഞപ്പോള്‍
ഒന്ന് ചെന്ന് നോക്കിയതാണ്

പതുക്കെ കണ്ണ് തുറന്നു
അച്ഛന്‍ പറയുന്നു

മരിയ്ക്കാറായെന്നു തോന്നുന്നു
കണ്ണടയുമ്പോഴൊക്കെ
പാടങ്ങള്‍ മഞ്ഞില്‍
മറഞ്ഞു പോവുന്ന കാഴ്ച
കുന്നുകളില്‍ അലയടിച്ചില്ലാതാവുന്ന
കൊയ്ത്തുകാരുടെ പാട്ടുകള്‍
പുഴ കടന്നു വരുന്ന
കാറ്റില്‍ കിളിക്കരച്ചിലുകള്‍
ഞാന്‍ നട്ട മരങ്ങളുടെ വേരുകള്‍
ഓരോ ചുവടിലും എന്നെ
കാലടിയില്‍ തട്ടിവിളിയ്ക്കുന്നു
അവര്‍ എന്റെ മേലെ
വള്ളികള്‍ പടര്ത്തുകയാണ്
പൂവുകള്‍ പെയ്യിയ്ക്കുകയാണ്
പൂവുകള്‍ക്ക് സാമ്പ്രാണികളുടെ മണം

മറ്റൊരു നീണ്ട സ്വപ്നത്തിലേയ്ക്കെന്നോണം
അച്ഛന്‍ കണ്ണുകളടയ്ക്കുന്നു

കുന്നിന്റെ പച്ചപ്പുകളെക്കുറിച്ച്
പാടത്തെ മണ്ണിന്റെ
വിട്ടുപോകാത്ത പശിമയെക്കുറിച്ച്
പൊറ്റാളിലെ മഴക്കാലങ്ങളെക്കുറിച്ച്
ഒന്നുമറിയാത്ത ഒരു
കിളിക്കുഞ്ഞിനപ്പോള്‍
ചിറകു മുളയ്ക്കുന്നു
കാറ്റിനെതിരെ
അത് എടുത്തെറിയപ്പെടുന്നു
അത് വെപ്രാളത്തില്‍ തുഴയുകയാണ്

മരച്ചില്ലകളില്‍
കൌതുകമുണരുകയാണ്

Wednesday, June 24, 2009

കടലിനെക്കുറിച്ച്, മുറിഞ്ഞ വാക്കുകളില്‍

കാറ്റുപോലെയല്ല അവര്‍
മുന്‍വാതിലിലൂടെ
വെയിലിലേയ്ക്കിറങ്ങിയത്
നനുത്ത്,അരിമണി വീഴുംപോലെ

ഉമ്മറത്ത് നിന്ന്
എളേച്ചനെറിഞ്ഞ
കിണ്ടിതട്ടി ചോരപൊടിഞ്ഞു
കൊണ്ടേയിരുന്നു

ഒക്കത്തിരുന്നവന്‍
വെയില്‍ പൊള്ളിക്കരഞ്ഞു
വിരല്‍തൂങ്ങി നടന്നവന്‍
ചരലില്‍ കാല്‍ പൊള്ളിച്ചു

അവര്‍ നടന്നടുത്തപ്പോള്‍
പാടങ്ങള്‍ സ്വയം പകുത്തു വഴിതെളിഞ്ഞു
പാറകള്‍ വിണ്ടുവിണ്ട് ഇടവഴികളായി

പൊറ്റാളില്‍ അപ്പോള്‍
മഴ പെയ്തു
മഴയില്‍ നീറിനിന്ന
തൊലിയില്ലാ മരങ്ങളെ നോക്കാതെ
അവര്‍ പടികടന്നു

മുഖം പൊള്ളിയവനും
കാല്‍ പൊള്ളിയവനും
പിന്നെയുമെത്ര പൊള്ളി

എന്നിട്ടും എളേച്ചനെ
കിനാവുകളില്‍
അവര്‍,കല്ലെറിഞ്ഞു ചിരിച്ചു

അമ്മ പിന്നെയും
വെയില്‍ പരത്തിയും
മഴ ചുരത്തിയും
ഇടവഴികളില്‍ നടന്നു

പടികടന്നു വന്നവരൊക്കെ,കാലങ്ങളും
ഇറയത്തിരുന്നു കഥകള്‍ പറഞ്ഞു
കരഞ്ഞുചിരിച്ചു

കടലായിരമ്പിയിട്ടും
വാക്കുകള്‍,മുറിച്ചുമുറിച്ചെടുത്തു
മാത്രം പാറ്റിക്കൊണ്ടിരുന്നു അമ്മ

അവരുറങ്ങുന്ന
അസ്ഥിമുറിയുടെ വാതിലില്‍
ചെവിവച്ച് നിന്നാല്‍
കേള്‍ക്കാം,കടലിരമ്പം

ഞങ്ങളുണ്ട്,ഇപ്പോഴും
കഥയറിഞ്ഞവര്‍
കഥയറിയാത്ത പെങ്ങളും

കടല്‍ കണ്ടാല്‍
അവളെപ്പോഴും കരയും

ഞങ്ങള്‍ വാക്കുകള്‍
തിരയും,ഇരമ്പങ്ങളില്‍

Sunday, June 14, 2009

ഒറ്റയ്ക്ക് ഒരു വീട്,ഒറ്റയ്ക്ക് ഒരാള്‍

1

ഇരുളിലൂടെ
നേര്‍ത്ത നൂലുകള്‍പോലെ
വെട്ടമിറങ്ങി വരുന്ന
ഒരു സ്വപ്നം

തെളിഞ്ഞു വരുന്ന
പായല്‍ പിടിച്ച പടവുകള്‍

സപ്പോട്ടകളുടെ നിഴലില്‍
മറഞ്ഞ്,ഒരു വീട് ..

2

ഓര്‍ക്കാറുണ്ടോ?
പല നേരങ്ങളില്‍
നമ്മള്‍ പുറപ്പെട്ടു പോയ
യാത്രകള്‍..

തിരിഞ്ഞു നോക്കുമ്പോള്‍
പച്ചപ്പുകള്‍ക്കിടയില്‍,വീട്
ഒറ്റയ്ക്ക്..

ഓര്‍മ്മയിലില്ലാത്ത യാത്രകളെന്നു
പറഞ്ഞു ഏട്ടന്‍ ചിരിയ്ക്കുന്നു

നിനക്ക് ഓര്‍മ്മകളെ
ഇഷ്ടമല്ലെന്ന് പറഞ്ഞു ഞാനും കളിയാക്കുന്നു

വലിയ ജനാലകളും,വെള്ളപ്പൂക്കളുള്ള തോട്ടവും
ഇങ്ങീ നഗരത്തിലും കിനാക്കളെ നിറയ്ക്കുന്നു
എന്ന് പറയുമ്പോള്‍
അനിയത്തിയും ചിരിയ്ക്കുന്നു

3

അമ്മ തിരിച്ചെത്താത്ത രാത്രികളില്‍
വലിയ ഇടനാഴിയില്‍
ഓരോ അനക്കത്തിനും
വിറച്ച് വിറച്ചു ഉറക്കമൊഴിഞ്ഞത്

ജാലകങ്ങള്‍ക്കപ്പുറം
പുല്ലാനികള്‍ക്കിടയില്‍
അച്ഛന്റെ നിഴല്‍
പുകച്ചുരുളുകള്‍
അതിന്റെ കുത്തുന്ന മണം
ചോന്ന പെയിന്റുള്ള ടീപ്പോയികള്‍..

എല്ലാ ഓര്‍മ്മകളും എനിയ്ക്ക് മാത്രമെന്ന്‍..

4

മറന്നു വച്ച
പഴയ കാന്‍വാസ്സുകളില്‍
വരച്ചെടുക്കുന്നു
ഞാന്‍,ഒരു വീടിനെ

അതെന്നോടൊപ്പം
ഉണ്ട്,തെരുവുകളില്‍
ഇടനാഴികളില്‍

എന്റെ ഉറക്കങ്ങളില്‍
അതുണര്‍ന്നിരിയ്ക്കുന്നു

സ്വയം
കണ്ണാടികളെത്തിളക്കുകയും
വള്ളിച്ചെടികള്‍ പടര്ത്തുകയും
തിരശ്ശീലകള്‍ മാറ്റിയിടുകയും
ചെയ്യുന്നു
വിചിത്ര ജീവികള്‍ക്കായി
രാത്രികളില്‍
വാതിലുകള്‍ തുറക്കുന്നു

5

എപ്പോഴൊക്കെയോ
അതിന്റെ
അകത്തേയ്ക്ക് ചെരിഞ്ഞു
പെയ്യുന്ന മഴപോലെ
ഞാന്‍ ഊര്ന്നിറങ്ങുകയാണ്

ആരുമില്ലാത്ത
ഇടനാഴികളില്‍ ഓടി
നടക്കുകയാണ്
മിട്ടായിപ്പാത്രങ്ങള്‍
പരതുകയാണ്‌

6

ഇവിടെ ഓരോ ഇലയനക്കവും
കിളിമൊഴിയും
എന്തിന്‌ തൊടിയിലെ
മണമില്ലാ പൂവുംവരെ
ഏതോ പ്രിയപ്പെട്ട പാട്ടിലെ
ആര്‍ദ്ര സ്വരംപോലെ
കരളിനെ കളിപ്പന്തു തട്ടുന്നുത്
എനിയ്ക്ക് വേണ്ടി,ഞാനറിയാന്‍ വേണ്ടി
മാത്രമാണെന്ന്..

ഇലയില്‍ കാറ്ററിയാതെ
തങ്ങി നിന്നൊരു
നീര്‍ത്തുള്ളി പോലെ
ഇനിയൊരു പതറിച്ച വരെ
ഞാനങ്ങനെ
നില്‍ക്കാന്‍ പോകയാണെന്ന്..

Sunday, June 7, 2009

മങ്ങിയ ഒരു ചിത്രം

പെണ്ണ് അക്കരയ്ക്ക്
കണ്ണിപ്പോഴും ഇക്കരയ്ക്ക്

നീലവെളിച്ചത്തില്‍
അവള്‍ ഒരു ചിത്രം പോലെ
പുഴയുടെ പിഞ്ഞിയ
കാന്‍വാസ്സില്‍
അറിയാതെ പെട്ടുപോയ
ഒരു പൂമരക്കൊമ്പ്‌

പുഴയൊഴുകിത്തീരുന്നേയില്ല
അവള്‍ പോയിത്തീരുന്നുമില്ല

നിശ്ചലത

ഞാന്‍ നോക്കിക്കൊണ്ടേ നിന്നു

Monday, June 1, 2009

വെറുതെ,കുറേ പൂവുകള്‍

പുഴകടന്നു ഞാനും നീയും
വന്നിവിടെ നില്ക്കുന്നു
വഴിവക്കിലെ സൂചിപ്പുല്ലുകള്‍
അവയില്‍ വില്ലുകുലയ്ക്കുന്ന കാറ്റ്‌
ചാഞ്ഞ മരക്കൊമ്പുകളില്‍
മണം മാത്രമുള്ള പൂവുകള്‍

നോക്കൂ,വാക്കുകളില്ലാത്ത
നേരങ്ങള്‍

അല്ലെങ്കിലും
ഈ ഭാഷയിലിനി
ഇത്ര പറയാനെന്തിരിയ്ക്കുന്നു
അല്ലേ?

എന്റെയും,നിന്റെയും
ഒളിച്ചുകളിയ്ക്ക് പറ്റിയ
ഒരു ഭാഷയുണ്ടായിരിക്കുമോ
ഞാനോലോചിയ്ക്കുന്നു

വിചിത്രലിപിയുള്ള
ഒരു ഭാഷ

ഓരോ വാക്കിലും
വികാരങ്ങള്‍ പെയ്യുന്നത്

പിന്നെ പാട്ടുകള്‍..
വിരഹത്തെപ്പറ്റി
അറിഞ്ഞറിയാത്ത
എന്തിനേയും പറ്റി

ഹ!പാട്ടില്ലാത്ത ഭാഷയോ

പുഴയും,വയലുമില്ലാത്ത നാടോ
കിളി പാടാത്ത വഴിയോ
എന്ന് ചോദിയ്ക്കുംപോലെ

എല്ലാം കഴിഞ്ഞ്
പിന്നെയും നമുക്കൊന്നും
പറയാനില്ലാതായാല്‍..

ആ മരത്തിന്റെ
ചുവടെത്തി
ആ വഴി നിനക്ക്
ഈ വഴി എനിയ്ക്ക്‌
എന്ന് പിരിഞ്ഞു നടക്കാം
അല്ലേ?

ആ മരത്തിലെ
കിളിയൊച്ചകള്ക്ക്
പക്ഷേ മുനയുണ്ട്
സൂചിപ്പുല്ലുപോലെ

അതിന്റെ
തൊലിപ്പുറത്ത്
വരി മുറിഞ്ഞ
കവിതകള്‍

നോക്കൂ,എത്ര പൂവുകളാണിവിടെ
വീണു പോയിരിയ്ക്കുന്നത്?

പൂവുകള്‍ പഴകിയാലും
മണമുണ്ടാവുമെങ്കില്‍
മരങ്ങളേ
നിങ്ങളവ എറിഞ്ഞു
കളയുന്നതെന്ത്‌?

Tuesday, May 26, 2009

ഒരുമ്പെട്ടോള്

കുന്നിന്റെ മുകളില്‍
പള്ളിക്കാട്
വെളുത്ത പൂക്കളുണ്ട്‌
തിളങ്ങുന്ന വെയിലില്‍
തലയാട്ടി വിളിയ്ക്കുന്നു
കുന്നിനപ്പുറം
സ്വര്‍ണ്ണനിറത്തില്‍
കണ്ണെത്താക്കടല് പോലെ
പൊറ്റാള്‍പ്പാടം
കാറ്റാടികളുടെ ഒച്ചതാഴ്ത്തിയുള്ള
മൂളിച്ചയുണ്ട്
വെള്ളിയാഴ്ച്ചകളില്‍
ഉപ്പുപ്പമാരുടെ ആത്മാവുകള്‍
മുറുക്കിത്തുപ്പുന്ന
കാഞ്ഞിരച്ചോടുകള്‍

മരിക്കും മരിക്കും
എന്ന് കരഞ്ഞിരുന്ന
നുസുത്താത്ത
കണ്ടു കൊതിച്ചിട്ടുണ്ടാവും

അതാണ്‌ നാസറാക്ക
തീകത്തിച്ച് വിട്ടപ്പോള്‍
താത്ത കുന്നിലേയ്ക്കോടിയത്
വാഴത്തോട്ടത്തിലൂടെ
പക്ഷെ തോട് കടന്നില്ല ..

രാത്രി
ഞാന്‍ കിനാകണ്ടു

തീപിടിച്ച താത്ത
പൊറ്റാള്‍ പാടത്തേയ്ക്ക് ഓടുന്നു
ചുവന്നനിറത്തില്‍
തീയാളുന്നു
കണ്ണെത്താദൂരം
പാടമെരിയുന്നു
ഒരുമ്പെട്ടോളേന്നലറുന്നു
നാസറാക്ക

ലോകരെ നോക്കി
തീയിനെക്കാള്‍ തിളക്കത്തില്‍
ചിരിയ്ക്കുന്നു ഇത്താത്ത

താത്തയുടെ കയ്യില്‍
ഒരു വാവക്കുട്ടി
അതിനെ മുമ്പ്‌
കണ്ടില്ലല്ലോ എന്നോര്‍ത്ത്‌
പൊള്ളിവിയര്‍ത്തു
നില്‍പ്പാണ് ഞാന്‍

Monday, May 18, 2009

വാക്കുകള്‍!

വെള്ളച്ചുമരുകള്‍
കാറ്റിലിളകും
ഇളംനീല തിരശ്ശീലകള്‍
അപരിചിത മണങ്ങള്‍

ഇന്നലെ രാത്രിയില്‍
അമ്മ സന്ദര്‍ശകമുറിയില്‍
വന്നിരുന്നു
പറയുന്നുണ്ടായിരുന്നു
പുഴയ്ക്കക്കരെയുള്ള പറമ്പില്‍
വീട് വയ്ക്കുന്നതിനെപ്പറ്റി

സ്വപ്നമേന്നോര്‍ക്കാതെ
എന്തോ ഞാന്‍ കരഞ്ഞുകൊണ്ടിരുന്നു

അമ്മ
ഞങ്ങളെ വിട്ട്
അവിടെ ഒറ്റയ്ക്ക്
താമസിക്കുമായിരുന്നിരിയ്ക്കണം

വിഷു പുലര്‍ന്നു
ആംബുലന്സില്‍ മടങ്ങുമ്പോള്‍
വഴിനീളെ
ഹൃദയം ആകാശങ്ങളിലേയ്ക്കുയര്‍ന്നു
ചിതറിക്കൊണ്ടിരുന്നു
നൂറു ചുവപ്പുവട്ടങ്ങളായി
പൊട്ടിത്തെറിച്ചുകൊണ്ടിരുന്നു
പെട്ടെന്നുള്ള ഒച്ചയില്‍
കിളിക്കരച്ചിലുകള്‍,
പിന്നെ ഏതെല്ലാമോ നിലവിളികള്‍
ഇരുട്ടില്‍ എങ്ങോട്ടെന്നില്ലാതെ
പാറിക്കൊണ്ടിരുന്നു

മുന്നോട്ടും പിന്നോട്ടും ഓടുന്ന
ഓര്‍മ്മകളുമായിരിക്കെ
മഴ പെയ്തു
എണ്ണത്തേങ്ങ കത്തുന്ന മണം,മഴയ്ക്ക് !

ആഹ്ലാദാരവങ്ങള്‍ക്കിടയില്‍
നിലവിളിപോലെ വണ്ടി മുന്നോട്ടുപോയി

ഉള്ളില്‍ മുട്ടിവിളിയ്ക്കുന്നതെന്തെന്നു
ഞാനറിഞ്ഞു

വാക്കുകള്‍!

അവ അനാഥരെപ്പോലെ
ഇടവഴികളില്‍
ഇരുള്‍മൂടിയ ഇടനാഴികളില്‍
ഏകാന്തരാത്രികളില്‍
അലയുകയായിരുന്നിരിയ്കണം

അമ്മയുടെയും മകന്റെയും
ഇടയില്‍
അവ ഒഴുകിയെത്താഞ്ഞ ദൂരങ്ങള്‍

പിന്നീടും പലസ്വപ്നങ്ങളില്‍
പലകുറി
അമ്മ വന്നുപോയത്‌
എന്തെന്ന് ഞാനറിയുന്നു

Tuesday, April 28, 2009

അമ്മുവമ്മ

റ പോലെ അമ്മുവമ്മ
ഏറെ പടവുകള്‍
കുനിഞ്ഞു കയറി
വളഞ്ഞു പോയതാണ്

ഇഷ്ടവിഷയങ്ങള്‍
ചരിത്രവും,ഭൂമിശാസ്ത്രവും

എഴുപത്താറിലല്ലേ വേണു,ഭാനുവായിട്ടു
പൂനേന്ന് പോന്നത് ..?
എണ്‍പത്തിരണ്ടിലെ ഇടവത്തില്‍..

ശിവന്‍റെ അമ്പലത്തിന്‍റെ ഇടത്തെ
ഇടവഴിയില്‍ മൂന്നാമത്തെ തിരിവില്‍..

അങ്ങനെയങ്ങനെ...

അമുലിന്റെ
പാത്രത്തിലുണ്ടാവും
പച്ചന്യുട്രീന്‍ മിട്ടായികള്‍


പോരുമ്പോള്‍
വഴിനീളെ ചെടികളില്‍
പറ്റിപ്പിടിച്ചിരിക്കും അപ്പൂപ്പന്‍താടികള്‍
മനസ്സിലും..
വെയിലിനു തിളക്കം കൂടും

ഇന്നാളു ചെന്നപ്പോ
കൂന് കൂടിയിരിയ്ക്കുന്നു
കണ്ടത് സന്തോഷായി

"അവനവന്റെ ഇഷ്ടത്തിന്
എണീറ്റ് നടക്കാനാവില്ലെങ്കില്‍
മരിക്ക്യല്ലേ നല്ലത് ഉണ്ണീ "
എന്നൊരു ചോദ്യം

പച്ചമിട്ടായി മധുരം തീര്‍ന്നതല്ല
ഒരു പുഴ ഒഴുകിത്തീരുകയാണ്
എത്ര നാള്‍,എത്ര നാടുകളില്‍
എത്ര കൈവഴികളില്‍..
മണല്‍ത്തിട്ടകള്‍ തെളിയുകയാണ്..
വരിവരിയായി
ചുവപ്പനുറുമ്പുകള്‍,പൊതിയുകയാണ്..

പോരുമ്പോള്‍ ഇല്ല,അപ്പൂപ്പന്‍താടികള്‍

വെള്ളപൂവുകളുള്ള ചെടികള്‍ക്കപ്പുറം
വരാന്തയില്‍ ഒറ്റയ്ക്കു നില്‍പ്പാണ്
പാല്‍ച്ചിരി
ഇനിയെന്നാ ഉണ്ണീയെന്നു
ചോദിച്ചില്ലെങ്കിലും,ആ മിടിപ്പ്
കേള്‍ക്കുകയാണ്..
ഇനിയൊന്നു വരുമ്പോഴും കാണണേ
എന്നു സങ്കടം ചങ്കില്‍ത്തട്ടി
നടക്കുകയാണ് ഞാന്‍.

Friday, April 17, 2009

പുഴക്കരയിലെ പൂവുകള്‍

പെണ്ണേ ഒരു പുഴ
പിറകെയുണ്ട്
നീ കഴുകുന്ന പായയിലെ
കുഴമ്പും മൂത്രവും
കണ്ണീരും വിയര്‍പ്പും
കലര്ന്നൊഴുകുന്ന പുഴ

അത് വിളിയ്ക്കുന്നുണ്ട്
വരണ്ട കഞ്ഞിക്കലത്തിനുമേലെ
ചുമച്ചു തുപ്പിയ ചോരക്കറയ്ക്കുമേലെ
കരഞ്ഞു നോക്കുന്ന കണ്ണുകള്‍ക്കുമേലെ
തേഞ്ഞു പോയ പ്രാക്കുകള്‍ക്കുമേലെ

അട്ടത്തെയിരുട്ടില്‍നിന്ന്
കിണറിന്റെയാഴത്തില്‍നിന്ന്‍

വഴിവക്കിലെ വഷളന്‍ ചിരിയില്‍നിന്ന്‍
പറ്റുപുസ്തകത്തിന്റെ താളില്‍നിന്ന്‍

ആ വിളി കേള്‍ക്കുന്നുണ്ട്

വഴി മറന്ന കത്തുകള്‍
പൂക്കാന്‍ മറന്ന ചെമ്പകം

അവയെല്ലാം
ഓര്‍മ്മിപ്പിയ്ക്കുന്നുണ്ട്

എങ്കിലും
പുഴപോലെ ഓരോ നിമിഷവും
പുതുക്കി,കഴുകിത്തിളക്കി
നിവര്‍ത്തിവിരിച്ചെന്നതുപോലെ
ഇനിയും തേനെന്ന്,മധുരമെന്നു
പറഞ്ഞു വിളിയ്ക്കുന്നു,ചിരിയ്ക്കുന്നു
പൂവുകള്‍
വഴികള്‍ നീളെ

വീണ്ടും കാഴ്ചകളെ തിളക്കുന്നു
അവയ്ക്കുമേലെ പാറുന്ന
വെയില്‍ത്തുമ്പികള്‍

Wednesday, April 8, 2009

കൌസ്വാത്തയുടെ മക്കള്‍

കഞ്ചാവ് പുകയില്‍
പൊറ്റാളിനു മുകളില്‍
പറന്നു കൌസ്വാത്ത

പാടങ്ങള്‍ക്കു മുഴുവന്‍ നരച്ചനിറം

അബുവിനെ കണ്ടു
അതേ തോട്ടുവക്കില്‍
അതേ കള്ളിമുണ്ടുടുത്ത്‌
ആഴമെത്രയുമ്മാ
ചുഴിയെത്രയുമ്മാ
എന്ന് കരച്ചിലാണ്

കൊലുസുവുണ്ട്
വാഴത്തോട്ടത്തിലൂടെ
മണ്ടിവരണ്
നോക്കുമ്പോ പെണ്ണുണ്ട്
കരിഞ്ഞ്‌ കത്ത്ണ്
ചൂടെത്രയുമ്മാ
എരിയെത്രയുമ്മാ
എന്ന് പരാതിയാണ്

കരീമിനേം നജൂനേം കണ്ടു
"എളേമ വരണ് ഇന്നെങ്കിലും
ഇമ്മക്ക് എന്തെങ്കിലും
തിന്നാലോ" ന്ന് ഇളയവന്‍
അഞ്ചു പൈസേന്റെ മുട്ടായി
നൊണഞ്ഞിട്ടും നൊണഞ്ഞിട്ടും
തീരണില്ലെന്നു വിടര്‍ന്നു ചിരിയാണ്

ചായ്പില്‍ മജീദ് വരാണ് രാത്രീല്
"ഞാന്‍ പോണുമ്മാ" ന്ന്
കരച്ചിലാണ് ചെക്കന്‍,
ഒച്ചേണ്ടാക്കാതെ
കിനാവ് കിനാവ്
എന്ന് പിറുപിറുപ്പാണുമ്മ

മക്കളേന്ന് കരയാണ് കൌസ്വാത്ത

മലയിറങ്ങി വെയിലെത്ര പോയി
പുഴകടന്ന്‍ കാറ്റെത്ര പോയി

എന്നിട്ടും
ഇടവഴിയിറങ്ങിപ്പോയവര്‍
വഴിമറന്നലയുന്നുണ്ടെന്നു
തുടിയ്ക്കുന്നു കൌസ്വാത്ത

അവര്‍ മുട്ടിനിലവിളിയ്ക്കുന്ന
വാതിലുകള്‍ തെരയാണ് കൌസ്വാത്ത

Wednesday, April 1, 2009

യുദ്ധത്തില്

തെങ്ങിന്‍ തോപ്പിലൂടെ
നടക്കുമ്പഴ്
കുട്ടി ചോദിയ്ക്കാണ്
പട്ടാളക്കഥകള്‍
വെയിലങ്ങനെ മറയ്യാണ്
പുകയൂതണ രൂപം
ഒന്നും മിണ്ടണില്ല
"അച്ഛന്‍ കൊന്നിട്ടുണ്ടോ,ആരേനെങ്കിലും"
പെട്ടെന്നൊരു ചോദ്യം
മരങ്ങളെ നെഴലാരിയ്ക്കും
അച്ഛന്‍റെ മൊകങ്ങനെ മങ്ങുണു
"ഒരാളെ.."

കുട്ടിം അച്ഛനും
പിന്നെയൊന്നും പറയണില്ല

സ്വര്‍ണ്ണവെളിച്ചങ്ങനെ
മങ്ങിപ്പൂവാണ്

വയല് കടന്നും
പൊഴ കടന്നും
ഒപ്പം പോന്നോളേ
വഴിച്ചൂട്ടു വെളിച്ചങ്ങളെ നോക്കി
രാത്രിരാത്രി കാത്തിരുന്നവളേ
നാഴിയരിയ്ക്ക്
നാടാകെ നടന്നവളേ

എന്നൊക്കെയോര്‍ത്ത് കരയ്യാണ് അച്ഛന്‍

കാടും,മേടും കടന്നു
കുതിയ്ക്കണ
അച്ഛനെ കാണാണ് കുട്ടി

പുകയിലും പൊടീലും മറയണ
മറ്റൊരു രൂപത്തെ
കാണാണ് കുട്ടി

അമ്മേന്ന് കരയുണു കുട്ടി

രാവേത് പകലേത് ന്ന്
അറിയാമ്പറ്റണില്ല കുട്ടിയ്ക്ക്

Tuesday, March 24, 2009

ഗൃഹാതുരത / പ്രവാസം

ജനിച്ചത്‌ പൂനെയിലെന്ന്.
ഗലികളില്‍ എടുത്തുനടക്കുമായിരുന്നെത്രേ
വെള്ളത്താടിയുള്ള സിക്കുകാരന്‍
കണ്ണില്‍ എണ്ണയിറ്റിച്ച് കുളിപ്പിയ്ക്കുമായിരുന്നു
തമിഴത്തി ആയ

പിന്നെ അമ്മൂമ്മയുടെ കിഴക്കെവീട്ടില്‍
ആ നോട്ടത്തിന്റെ വേനല്‍ച്ചൂടില്‍

അവിടന്നു പൊറ്റാളിലെ
പാടവക്കില്‍
ചോരുന്ന ഓലവീട്ടില്‍

നാലാം മണ്ണില്‍
പരിചയമില്ലാത്ത ഊടുവഴികളില്‍
നഷ്ടപ്പെട്ട്
അങ്ങനെ ..

എന്താണ് ഗൃഹാതുരത?
എന്താണ് പ്രവാസം?

നിന്റെ വേരെവിടെയെന്നു
ഒരു ദിവസം
പൊറ്റാളിലെ
ഒരിടവഴിയില്‍വച്ച്
പിരാന്തനാലി ചോദിച്ചിരുന്നു

ഞാന്‍ കാലുയര്‍ത്തി നോക്കി
വേരൊന്നും കണ്ടില്ല

അത് കൊണ്ടായിരിക്കണം
വെള്ളിയാഴ്ചകളില്‍ വീട്ടില്‍ പോകാന്‍
എല്ലാരും തിടുക്കപ്പെടുമ്പോള്‍
ഞാന്‍ അവസാന ബസ്സില്‍
അവസാന സീറ്റില്‍ത്തന്നെയിരുന്നു
പോകുന്നത്
ബന്ദിപ്പൂരില്‍
ദേശാടനക്കിളികള്‍ വന്നെന്നു
പറഞ്ഞപ്പോള്‍ ഉത്സാഹിയ്ക്കാഞ്ഞത്

Wednesday, March 18, 2009

എളാപ്പ

എളാപ്പ മരിച്ചയന്ന്
തിളയ്ക്കുന്ന വെയിലുള്ള ദിവസമായിരുന്നു
അസ്ഥികള്‍ കത്തുന്ന പോലെ
ചൂടില്‍ ഓടുകള്‍ പൊട്ടുന്ന
ശബ്ദങ്ങള്‍ കേട്ടു കൊണ്ടിരുന്നു

പാതിപൂരിപ്പിച്ച പദപ്രശ്നം പോലെ
ഒരു മനുഷ്യന്‍
അമ്മായി ഏറെ ശ്രമിച്ചുകാണണം
എഴുതിയും,മായ്ച്ചും
എന്നിട്ടും കറുപ്പിലും വെളുപ്പിലും
എളാപ്പ നിറഞ്ഞുനിന്നു

കോളറില്‍ വെള്ളത്തൂവാല തിരുകി
തലെക്കെട്ടുമായി കൈവീശിവീശി
എളാപ്പ നടന്നു
ആറരയടിയുടെ ഉയരം കൊണ്ട്
പൊറ്റാളിനെ അളന്നു
രാവും,പകലും

എന്തും പറഞ്ഞുവന്നു പാതിയില്‍നിറുത്തും
പെട്ടെന്നെന്തോ ഓര്‍ത്തപോലെ നില്‍ക്കും
എളാപ്പയുടെ മനസ്സിലും
പദപ്രശ്നങ്ങളെന്നോര്‍ക്കും ഞങ്ങള്‍ കുട്ടികള്‍
എന്നാലും മിഠായിമധുരം
കുട്ട്യോളില്ലാത്ത എളാപ്പ

എളാപ്പ ഉറക്കത്തില്‍ചിലപ്പോ കരയുംപോല്‍

കുന്നിന്‍ ചെരിവുകളിലെ കുറുക്കന്മാരും
ഇടവഴികളില്‍ മറഞ്ഞിരുന്ന ഒടിയന്മാരുമെല്ലാം
മന്ത്രമറിയണ എളാപ്പയെ മാറിനടക്കും
എന്ന എളാപ്പ കരയുംപോലും
അമ്മായി എത്രചോദിച്ചാലും മിണ്ടില്ലപോലും

മൂന്നാല് ദിവസം പുറത്തുപോയില്ലായിരുന്നു
ഈ വെയിലിനിത്ര ചൂടെന്ന്‍ അറിഞ്ഞില്ലാന്ന്‍

"അന്നോട്‌ ഇന്ക്ക്യ് ഒര് കാര്യം പറയാണ്ട്"
നാലാംദിവസം ജുമുഅ
കഴിഞ്ഞുവന്നയുടനെ
കണ്ണ് കലങ്ങി
അമ്മായിയോട് പറഞ്ഞു എളാപ്പ
"വെള്ളം കൊണ്ടാ"
അമ്മായി വന്നപ്പഴെയ്ക്കും ആ പദപ്രശ്നവും
ബാക്കിവെച്ച് എളാപ്പ പോയിരുന്നു

വെയിലില്‍ പഴുത്ത മുറ്റത്തുനിന്നു
ദീര്‍ഘനിശ്വാസങ്ങള്‍ ഉയര്‍ന്നു

ആളൊഴിഞ്ഞു തുടങ്ങണ നേരത്ത്
കണ്‍കോണിലൂടെ അമ്മായി കണ്ടു
മുറ്റത്ത്,ഒരറ്റത്ത് ഒരുപെണ്ണ്
വെയിലിലങ്ങനെ തിളങ്ങിനിക്ക്ണ് ഓള്
മുട്ടുവരെ മുടി,ചുവന്നപട്ട്
ചൂണ്ടുവിരലില്‍ പിടിച്ചൊരു നക്ഷത്രക്കുഞ്ഞ്

Monday, March 16, 2009

ശഹീദ്

യ്ക്ക് ശഹീദാകണമുമ്മാ
കദിയുമ്മ മജീദിനെ നോക്കി
ചെക്കന്‍ കത്തുന്ന വെറക് കൊള്ളിയുമായി
മുറ്റത്തിയ്ക്ക് ചാടി

യ്ക്ക് പോണമുമ്മാ

മജീദ്‌ കാത്തുനിന്നു, ആശീര്‍വാദത്തിന്
കദിയുമ്മ മിണ്ടിയില്ല

മുലപ്പാലു തിങ്ങി നെഞ്ചുനനഞ്ഞു ഉമ്മയ്ക്ക്

ബാങ്കുവിളി ചെരിപ്പടിമലയിലെ
കാറ്റുപോലെ പൊറ്റാളിനെപ്പൊതിഞ്ഞു

ചെക്കന്‍ പോയി

കാഞ്ഞിരങ്ങളില്‍ ഉപ്പാപ്പമാരുടെ
ആത്മാവുകള്‍ ഞരങ്ങുന്നത്
കദിയുമ്മ കേട്ടു

ഓനെ കാക്കണേ റബ്ബേന്ന്‍ കദിയുമ്മ കരഞ്ഞില്ല

മറ്റാര്‍ക്കും കാണാനാവാത്ത ഒരു
പൊക്കിള്‍ക്കൊടി ഉണ്ടായിരുന്നു കദിയുമ്മയ്ക്ക്
എല്ലാ ഉമ്മമാര്‍ക്കുമുള്ളപോലെ

അതറുത്ത് കദിയുമ്മ പനമ്പുഴയിലേയ്ക്കെറിഞ്ഞു

സ്നേഹത്തിന്‍റെ ചോരവാര്‍ന്ന്‍, മുലപ്പാലു വാര്‍ന്ന്‍
കദിയുമ്മയും ശഹീദായി

പടച്ചവന്‍ കരഞ്ഞിട്ടാവണം പൊറ്റാളില്‍ മഴപെയ്തു
പനമ്പുഴയില്‍ തണുപ്പില്‍
പൊക്കിള്‍ക്കൊടികള്‍ ചൂടുതേടിയലഞ്ഞു

Thursday, March 12, 2009

ചുംബനങ്ങളുടെ മണം

ചായക്കോപ്പമേല്‍ ഒരു ചുണ്ടിന്റെ മണം
ചുണ്ടുചുംബിച്ച,ചുണ്ടിനെ ചുംബിച്ച
ചുണ്ടുകളുടെ മണം

നിശബ്ദമായി വാക്കുകളുടെ
ഒരു നദിയാകാം,ചുണ്ടുകളില്‍നിന്ന്
ചുണ്ടുകളിലേയ്ക്ക്
അറിയാത്ത മൊഴികളില്‍
പല വെയില്‍കൊണ്ട്,മഴകൊണ്ട്

ചുണ്ടുകള്‍ മാത്രമറിയുന്ന
ഒരു വിനിമയമാകാം
ഉടലുകളറിയാതെ
സ്വന്തം ഉടലുകളെയറിയാത്തവര്‍ക്കായി

ഒരുവേള പുഴയില്‍
മുങ്ങിനിവരുമ്പോളുള്ള
ഉടലുകളുടെ മണംപോലെയാകാം
പുഴപുല്‍കിയ,പുഴയെപ്പുല്‍കിയ
ഉടലുകളുടെ മണം

കരകളില്‍നിന്ന്,അറിയാത്ത
മറുകരകളിലെയ്ക്ക് പാറുന്ന മണങ്ങള്‍

പാടുകളേയില്ലാത്ത ചുംബനങ്ങള്‍
ഓര്‍മ്മകളേയില്ലാത്ത മണങ്ങള്‍

ഉച്ചയുറക്കത്തിലെ സ്വപ്നത്തില്‍പോലും
നാമൊരിക്കലും സ്വയം
ചുംബിക്കാത്തതുകൊണ്ട്
നാമറിയാതെപോകുന്ന
അദൃശ്യചുംബനങ്ങള്‍

നിമിഷമൊന്നില്‍ ചേര്‍ന്നിരിക്കയും
മറുനിമിഷമകലുകയും ചെയ്യുന്ന മണങ്ങള്‍

Friday, March 6, 2009

ജസീര്‍

പൊറ്റാളിലെ
പുകമഞ്ഞു മൂടിനിന്ന
വയല്‍വരമ്പിലൂടെ
രണ്ടു കുട്ടികള്‍,മദ്രസ്സയിലേയ്ക്ക്

ജസീര്‍,ഞാന്‍

വലത്തോട്ടു നോക്കുമ്പോള്‍
ഇടത്തോട്ടോടുന്ന
മാന്ത്രികലിപികളില്‍
എഴാമാകാശത്തിലെ
വയസ്സനുസ്താദിന്റെ
ജാലവിദ്യകള്‍ തെളിയുമ്പോള്‍
ഞാന്‍ മിഴിച്ചിരുന്നു

അവനാകട്ടെ
ഞങ്ങള്‍ പേരിട്ടു വിളിച്ചിരുന്ന
ദൂരനക്ഷത്രങ്ങളിലേയ്ക്ക്
കടലാസ് വിമാനങ്ങള്‍
പറത്തിക്കൊണ്ടിരുന്നു

പനമ്പുഴയുടെയടിത്തട്ടില്‍
സ്വര്‍ണ മത്സ്യങ്ങളും
പവിഴപ്പുറ്റുകളും ഉണ്ടെന്നാണയിട്ടു
ആറുംനാലും പെരുക്കാനറിയാത്തോന്‍
വിശ്വസിച്ചു,പുഴയ്ക്കക്കരെയിക്കരെ
നീന്തുമെന്നു പറഞ്ഞപ്പോള്‍
കണ്ണിമയ്ക്കാതെ നോക്കി

അന്നത്തെ വെള്ളിയാഴ്ച്ച
അവന്‍ പുഴയ്ക്കടിയിലേയ്ക്ക്
നീന്തിനീന്തി പോയി

മുല്ലത്തങ്ങള്‍ക്ക്
ബാങ്കുവിളി നേരംതെറ്റി
ബാബൂക്കാ നെറ്റിമുട്ടിച്ചപ്പോള്‍
തറ നനഞ്ഞു
ഖദീജാത്ത നിസ്കാരം കഴിഞ്ഞിട്ടും
പായമടക്കാതെ ഇരുന്നു

അവന്‍ വെറുതെ മുങ്ങാംകുഴിയിടാന്‍
പോയതാണെന്ന് പറഞ്ഞപ്പോ
നിങ്ങള് കരഞ്ഞതെന്തിന്?

അവന്റെയൊപ്പം നീന്താന്‍
സ്വര്‍ണ്ണമീനുകളുണ്ടായിരുന്നെന്ന്
പറഞ്ഞപ്പോള്‍ ദേഷ്യപ്പെട്ടില്ലേ?

അവന്‍ താണുതാണു പോകുമ്പോള്‍
കാറ്റിലുയരുന്ന കടലാസ്സുവിമാനം
ഞാന്‍ കണ്ടിരുന്നു

അതിനു നേരെ ചൂണ്ടി
അവനെന്തോ
ഒച്ചയില്ലാതെ പറഞ്ഞുകൊണ്ടിരുന്നു

പായലുള്ള പാറകളില്‍
തട്ടാതെ,ശ്രദ്ധിച്ച്,അവന്‍
തെന്നിത്തെന്നിപ്പോയി
ആഴത്തിലേയ്ക്ക്

തെങ്ങിന്‍ തലപ്പുകളില്‍
ഒരു നക്ഷത്രം
അന്നേരം തങ്ങിനില്‍പ്പായിരുന്നു

അതിന്റെമേലെ മാന്ത്രികലിപിയില്‍
ആരോ അവന്റെ പെരെഴുതുന്നത്
അന്നുരാത്രി ഞാന്‍ കിനാക്കണ്ടു

ഖദീജാത്തയുടെ കൂടെപ്പോയി
മാനത്ത് ഒന്ന് തെരയണമെന്നു
ഞാന്‍ വിചാരിയ്ക്കുന്നുണ്ട്

Wednesday, March 4, 2009

മുഖാമുഖം

ശബ്ദമുണ്ടാക്കാതെ
ഞാന്‍ വാതില്‍ക്കല്‍
തന്നെ നില്‍പ്പാണ്

ഉറക്കമാണോ എന്നൊരു
സംശയം
കണ്ണു‍തുറന്നു നോക്കിയോ
എന്നൊരു തോന്നല്‍

മുറിയിലെന്തൊരു ചൂടെന്ന്‍
ആത്മഗതം

ഉള്ളു വേവുന്നോ
എന്നു ചോദിച്ചിട്ടില്ല ഇതുവരെ

സമയമിഴയുന്നപോലെ

എങ്ങനെ സമയംകൊല്ലുന്നെന്ന്‍
ചോദിച്ചില്ല ഇതുവരെ

മൂലയില്‍ ഹാങ്ങറില്‍
പണ്ടത്തെ വെയിലുണക്കിയ
നനുത്തചൂടുള്ള
കുപ്പായങ്ങളുണ്ട്,ഇപ്പോഴും

അവയ്ക്ക്,
പേരു കേള്‍ക്കുമ്പോള്‍
ആദ്യമോര്‍മ്മവരുന്ന
ആ മണവും

കാഴ്ചകള്‍ ഉരുകിയൊലിച്ചു
കറുകറുത്ത കണ്ണട
ഇരുവശവും കണക്കെഴുതി
നിറഞ്ഞ കലണ്ടര്‍
സമയമേ മറന്നുപോയ ക്ലോക്ക്

പാതിചാരിയ
ജനാലയ്ക്കിടയിലൂടെ
മരിച്ചുമറഞ്ഞ പകലുകള്‍
അരിച്ചിറങ്ങുന്നുണ്ട്

പറയേണ്ട വാക്കുകള്‍
ഉരുവിട്ട് പഠിച്ചത്,
മറന്നു പോകുന്നല്ലോ!

അന്നേരം

നിന്നെ ഞാനെത്ര വായിച്ചെന്നൊരു
ചിരി കത്തുന്നാ മുഖത്ത്,
ഉറക്കത്തിലും

ആദ്യ ശമ്പളത്തിനും
ആദ്യ പ്രേമത്തിനും
ചിരിച്ച അതേ ചിരി

ഒരുപ്രാവശ്യം കൂടി ഞാന്‍
വാതില്‍ചാരി തിരിഞ്ഞുനടക്കുന്നു

Thursday, February 26, 2009

നഷ്ടപ്രണയം

പേരുമറന്ന നഗരത്തിലെ
ഏതോ ഒരിടുങ്ങിയ തെരുവില്‍
ഞാന്‍ നിന്റെ മണം
തിരയുകയായിരുന്നു

നിന്റെ കല്ലറയ്ക്കരികില്‍
നിന്റെയിനിയും
വറ്റാത്ത നനവുകളിലേയ്ക്കു
വേരാഴ്ത്തി നില്‍ക്കുന്ന മരം
ഞാന്‍ കണ്ടു

നദിയുടെ ആഴങ്ങളില്‍
നിന്നുണര്‍ന്നപോലെ
അതിന്റെ ശാഖകള്‍
ആകാശങ്ങളിലേയ്ക്കുയര്‍ന്ന്‍
കാറ്റിനെ വലിച്ചെടുക്കുന്നുണ്ടായിരുന്നു

ഞെട്ടറ്റുവീഴാനൊരുങ്ങുന്ന
നക്ഷത്രത്തെയെന്നപോലെ
അതിന്റെ പൂക്കണ്ണുകള്‍
ദൂരദര്‍ശിനിയാലെന്നെ
നോക്കുന്നുണ്ടായിരുന്നു

അതിന്റെയിലകള്‍
നിലവിളിയില്‍പ്പൊതിഞ്ഞ
അപേക്ഷകള്‍പോലെ
എന്നിലെയ്ക്കൊഴുകി

കാലങ്ങള്‍ക്കിപ്പുറവും
നിന്റെ ഓര്‍മ്മകളുടെ
ഇരുള്‍മൂടിയ ഇടനാഴികളില്‍
ഞാനുറങ്ങിയുണരുന്നു

നിന്റെ രക്തക്കറകള്‍
എന്റെ ചുവരുകളില്‍നിന്നു ഞാന്‍
കഴുകിക്കളഞ്ഞുകൊണ്ടേയിരിയ്ക്കുന്നു

Sunday, February 22, 2009

ഞാന്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നു

കുന്നില്‍ നിന്നു നോക്കുമ്പോള്‍
മേഘത്തിന്റെ നിഴല്‍
താഴ്‌വരയെ കടന്നുപോകുന്നത്
കണ്ടിട്ടില്ലേ

അതു പോലെ
ആരാലും ശ്രദ്ധിക്കപ്പെടാതെ
ഞാന്‍ കടന്നുപോകും

അപ്പോഴും കുറെപ്പേര്‍
മൈതാനങ്ങളില്‍
പന്തിനു പിറകെ ഓടുന്നുണ്ടാവും

കൂട്ടത്തിലൊരുവന്‍ മാത്രം
എന്നെ നോക്കും
പക്ഷെ അവനൊന്നും മിണ്ടില്ല
ആരോടുമൊന്നും പറയില്ല

ഒരു നരച്ച നിഴല്‍
മുറ്റത്തു ഉലാത്തുന്നുണ്ടാകും
നാലു മണിയുടെ
വണ്ടി വൈകുന്നെന്നു വേവുന്നുണ്ടാകും

തിമിരക്കണ്ണില്‍
ഞാനൊട്ടുപെടുകയുമില്ല
അത് വിയര്‍പ്പാറ്റാന്‍ പോകും
ഓര്‍മ്മകള്‍ ആണിതറച്ച
ചുവര്‍ നോക്കിനില്ക്കും

ഇന്നലെ കണ്ടില്ല
ഇന്നു കാണണോ എന്ന്
നിഴലുപോലുള്ള ഒരുവന്‍
പിറുപിറുക്കുന്നുണ്ടാവും

ഉറങ്ങുമെങ്കിലും
അവന്‍ ഗലികളിലേയ്ക്ക്
വീഴുന്ന നൂല്‍പൊട്ടിയൊരു പട്ടം
സ്വപ്നം കാണും

ഇന്നലെ നിശ്ശബ്ദത സഹിയ്ക്കാന്‍
കഴിയാതെ ഇറങ്ങിപ്പോയവള്‍
വഴിവക്കില്‍ ഒരു പൂവിനെ
മൗനമായി നോക്കിനില്‍ക്കുന്നുണ്ടാവും

അവളെക്കടന്നു പോവുമ്പോള്‍
വെയിലില്‍ പെട്ടെന്ന്
കുളിരെന്തെന്ന്‍ അവള്‍ നിനയ്ക്കും

എന്റെ തിടുക്കത്തിലുള്ള
ചുംബനമെന്നറിയാതെയവള്‍
നെടുവീര്‍പ്പിടും

നൊടിയില്‍
നിഴല്‍ മാറി
വെയില്‍ പരക്കും
ആരുമറിയാതെ

ആരുമറിയാതെ
ഞാന്‍ കടന്നുപോകും

Thursday, February 19, 2009

കാത്തിരിപ്പ്

ജനുവരി
നിന്റെ ഓര്‍മ്മക്കുളിരില്‍ ഞാന്‍ വിറയ്ക്കുന്നു
കണ്ണുകള്‍ കോടമഞ്ഞില്‍ മൂടുന്നു

ഫെബ്രുവരിയില്‍
എന്റെ ഇലകള്‍ പൊഴിയുന്നു
എന്റെ നഗ്നതയില്‍
നിന്റെ വെയില്‍ ചുംബിയ്ക്കുന്നു

മാര്‍ച്ച്
വരണ്ടുവിണ്ട പാടങ്ങളിലൂടെ
വേച്ചുവേച്ചു കടന്നുവരുന്ന
നിന്റെ പാട്ട് നനച്ച കാറ്റ്

ഏപ്രിലില്‍ തിളയ്കുന്ന
രാപ്പനിയില്‍, തെരുവിളക്കുപോലെ
കത്തിയുമണഞ്ഞും നിന്റെ ഓര്‍മ്മകള്‍

മെയില്‍
നിന്റെ മന്ത്രധ്വനിയില്‍
എന്റെ ഇടവഴികളിലെ
പുല്‍ക്കൊടികള്‍പോലും
ധ്യാനത്തിലാവുന്നു

ഒടുവില്‍
ജൂണില്‍ നീയെത്തുന്നു
എന്നിലെ ഒളിഞ്ഞുതെളിയുന്ന
പച്ചപ്പുകളുടെ തോഴി

Tuesday, February 17, 2009

അവന്‍

അവനാദ്യം
നക്ഷത്രമായിരുന്നു പോല്‍

ആദ്യം
പുഴക്കരയില്‍ വീണ്
അവനോരിടയനായി
മനുഷ്യനും മൃഗത്തിനും

വെയിലേറ്റവന്‍ കറുത്തുപോയി
അമ്പേറ്റവന്‍ വീണു

പിന്നെ മണലാഴിയില്‍
വീണവന്‍ സൂഫിയായലഞ്ഞു
അവന്റെ മൊഴികേട്ടവര്‍
മരുപ്പച്ചകള്‍ തീര്‍ത്തു

മരീചികയായി അവന്‍ മറഞ്ഞു
അവന്റെ വാക്കുകള്‍ മണല്‍ക്കാറ്റെടുത്തു

പിന്നെയവന്‍ കാട്ടില്‍ വീണു
മഹാമൌനത്തിന്റെ
പൂവായിനിന്നു പുഞ്ചിരിച്ചു
ചിരിയുടെ പൊരുളറിഞ്ഞവര്‍
സുഗന്ധമായി നാടുകളിലലഞ്ഞു

അവനെയവര്‍ അവതാരമാക്കി
കല്ലില്‍കൊത്തി,കടലിലെറിഞ്ഞു

പിന്നെയവന്‍
ഭ്രാന്തന്മാരുടെയും,കുഞ്ഞുങ്ങളുടെയും
ഇടയിലേയ്ക്ക് വീണു
വെയിലിലും നിലാവിലും
അവരുടെ കണ്ണുകളില്‍
അവനെന്നും മഴവില്ലുപോലെതിളങ്ങി

അവര്‍ക്ക് ദിവ്യവചനങ്ങളും
വെളിപാടുകളുമില്ലായിരുന്നു

എന്നാണവരുടെ ലോകം വരുന്നത്?

Thursday, February 12, 2009

കപ്പിത്താന്‍

പടികടന്നു വന്നിരുന്നു
ഒരു മിഠായിമധുരം

വെള്ളയും വെള്ളയുമിട്ടു
ചുളിയാത്ത ചിരിയും
നനുത്ത മണവുമായി

പഞ്ചസാര കടംവാങ്ങി
അമ്മയുണ്ടാകിയ പരാതിപ്പുക
ചുവയ്ക്കുന്ന ചായകുടിച്ചു്

അബുവിന്റെ വീട്ടില്‍
നിന്നു വായിച്ച
"പൂമ്പാറ്റ"ക്കഥകള്‍
മൂളിമൂളി കേട്ട്

പൊന്തപിടിച്ച തൊടിയില്‍
ഒന്നു കറങ്ങി
ഇറയത്തെ ചിതല്‍ തട്ടി
കിണറിലൊന്നെത്തിനോക്കി

ചിന്തയില്‍ പുകഞ്ഞു
ഇടവഴികയറി വരുന്ന
അച്ഛനോട് വാക്കുകളില്ലാതെ
സംസാരിച്ച്

അമ്മയുടെ
സങ്കടക്കടല്‍ കണ്ട്
അച്ഛന്റെ
കാറ്റുതിങ്ങുന്നയഴിമുഖം കണ്ട്

പടിയ്ക്കല്‍വച്ച്
അച്ഛന്റെ വരകള്‍ മാഞ്ഞ
കയ്യില്‍ വിയര്‍പ്പിറ്റ
നോട്ടുകള്‍ തിരുകി

ഇരുളിറങ്ങുമ്പോള്‍
ചുളിയാത്ത അതേ ചിരിയുമായി
പുഴക്കരയിലൂടെ നടന്നുമറയുന്നു
അത്തര്‍മണമുള്ള കത്തുകളിലെ
പഴയ കപ്പിത്താന്‍

അക്ഷാംശങ്ങളില്‍
രേഖാംശങ്ങളില്‍
കാലിടറി,
വെള്ളിത്തിമിംഗലങ്ങളെ
പിന്തുടര്‍ന്നലഞ്ഞു്

കടലെത്രയോ കണ്ട്
തിരയെത്രയോ കണ്ട്

അവസാനം
ഓര്‍മയില്‍ വെയിലസ്തമിച്ച്
തെങ്ങിന്‍ തോപ്പുകള്‍ക്കു
നടുവിലെ
വലിയ വീട്ടില്‍ ഒറ്റയ്ക്കങ്ങനെ
ഭൂപടങ്ങളില്‍ കണ്ണുംനട്ട്

പിന്നെ കടലില്‍ നഷ്ടപെട്ട
ഒരു പഴയ പായ്ക്കപ്പല്‍പോലെ
ഞങ്ങളുടെ മറവിച്ചുഴികളിലേയ്ക്ക്
മറഞ്ഞ് മറഞ്ഞ്

വര്‍ഷങ്ങള്‍ക്കിപ്പുറം

ധ്രുവനക്ഷത്രങ്ങളെയും
കടല്‍കാക്കകളെയും
സ്വപ്നം കാണാന്‍
പഠിച്ച ശേഷം

ഒരു തണുത്ത നഗരരാത്രിയില്‍
മറ്റൊരു ദീര്‍ഘയാത്രയില്‍

വണ്ടികാത്തു നില്‍ക്കുമ്പോള്‍
നിനച്ചിരിക്കാതെ
അരികിലൊരു വൃദ്ധസാന്നിധ്യം
തിരയായി ഒരുപ്പുമണം

ചുളിഞ്ഞ കയ്യിലേയ്ക്കു
നാണയമിടാന്‍
മടിച്ചുനില്‍ക്കുമ്പോള്‍
ഒരു ഫോണ്‍വിളി

പഴയൊരു കപ്പല്‍
പായകള്‍ താഴ്ത്തിക്കഴിഞ്ഞു

നോക്കുമ്പോള്‍
നീട്ടിയ കൈകളില്ല
ഇരുളു മാത്രം

മുകളില്‍
നനുത്തചിരിയുമായി
ഒരു വഴികാട്ടിനക്ഷത്രം

ഞാനറിയുന്നു
നിയോഗം പോലെ
എന്റെ കപ്പല്‍പ്പായകളില്‍
കാറ്റാളുന്നു,എന്നെ
തിരകള്‍ പുല്‍കുന്നു

Sunday, February 8, 2009

നഷ്ടപ്പെടലുകളുടെ ഒരു ദിനം

നഷ്ടപ്പെടലുകളുടെ ഒരു ദിനം

ഉറക്കത്തില്‍നിന്നും തട്ടിയുണര്‍ത്തപ്പെടുമ്പോള്‍
പാടങ്ങള്‍ മഞ്ഞില്‍ മറഞ്ഞുപോകുന്ന
ഒരു സ്വപ്നം നഷ്ടപ്പെടുന്നു

ധൃതിയില്‍ വാതില്‍തുറന്നിറങ്ങുമ്പോള്‍
സഹശയനം ചെയ്ത പെണ്ണിന്റെ
സുഗന്ധം നഷ്ടപ്പെടുന്നു

തിടുക്കത്തില്‍ വാഹനമോടിക്കുമ്പോള്‍
വഴിയില്‍നിന്ന ചിരന്തനസുഹൃത്തിന്റെ
പുഞ്ചിരി നഷ്ടപ്പെടുന്നു

പാതി മുറിഞ്ഞ ഒരു ഫോണ്‍വിളിയില്‍
ഒരു വിറയാര്‍ന്ന ശബ്ദത്തിന്റെ
തണുപ്പുള്ള തലോടല്‍ നഷ്ടപ്പെടുന്നു

വലിച്ചൂതുന്ന പുകച്ചുരുളുകളില്‍
ഏതോ ഒരു സൌഹൃദത്തിന്റെ
കനല്ചൂടും നഷ്ടപ്പെട്ടുപോകുന്നു

കാറ്റില്‍ തലയില്‍ പൊഴിയുന്ന
പൂമഴയില്‍,പണ്ടത്തെയേതോ
കളിചിരികളുടെ നേരിയ
ഓര്‍മകള്‍ നഷ്ടപ്പെടുന്നു

ജാലക ചില്ലില്‍
മഴയെഴുതുന്ന അവ്യക്തചിത്രങ്ങളില്‍
മിന്നല്‍പോലൊരു മുഖം
തെളിയുന്നു, നഷ്ടപ്പെടുന്നു

അതിനൊപ്പം എത്ര തുടച്ചാലും
കവിളില്‍ തെളിഞ്ഞുതെളിഞ്ഞു
വന്നിരുന്ന ഒരു ചുംബനമുദ്രയും
നഷ്ടപ്പെടുന്നു

മഴയിലെതോ ഒരു കരള്‍നീറുന്ന
പാട്ടിന്റെ രണ്ടുവരികള്‍
നഷ്ടപ്പെട്ടു പോകുന്നു

പാതിയില്‍ നിന്ന സംഭാഷണങ്ങള്‍
പാതിയില്‍ മറന്ന പുഞ്ചിരികള്‍
പാതിയില്‍ എഴുതിനിറുത്തിയ വരികള്‍

മടക്കയാത്രയില്‍

പിന്നോട്ട് പായുന്ന
വഴികള്‍ക്കപ്പുറം മങ്ങിയ
സൂര്യന്‍ പലസന്ധ്യകളില്‍
നിറം കലര്‍ത്തിയൊരുക്കിയോരു
ചിത്രം നഷ്ടപ്പെട്ടുപോകുന്നു

അലയുന്ന മേഘത്തുമ്പില്‍
പലവട്ടം കഥപറഞ്ഞുറക്കിയ
ഒരു നക്ഷത്രവെളിച്ചം
നഷ്ടപ്പെട്ടുപോകുന്നു

പടികള്‍കയറി
വാതില്‍ തുറക്കുമ്പോള്‍
വരണ്ട, ഇരുട്ടുനിറഞ്ഞ
മുറിയില്‍ നിറയുന്ന
ഏകാന്തനിശബ്ദതയില്‍
ഒരു നഷ്ടസുഗന്ധം.

ചുളിഞ്ഞ വിരിയില്‍
ഇന്നലെ പാതികണ്ട
സ്വപ്നത്തിന്റെ ശേഷിപ്പ്

ഇന്നെയ്ക്ക് എന്റെ ഉറക്കവും നഷ്ടപ്പെടുന്നു

Thursday, January 29, 2009

മരത്തണല്‍

പൊറ്റാളിലെ പള്ളിമീനാരങ്ങള്‍
നോക്കി ഞങ്ങള്‍ ചോദിച്ചു

ദൈവമുണ്ടോ?

അന്നേരം
പൊറ്റാള്‍ പാടങ്ങള്‍ ഇളക്കിമറിച്ച്
ചെരുപ്പടി മലയിലെ കാറ്റ് കടന്നുപോയി
അവയ്ക്ക് മേലെ സ്വര്‍ണനിറത്തില്‍
വെയില്‍ തിളങ്ങി
തോടുകളിലെ ഇളം ചൂടു വെള്ളത്തില്‍
കല്ലന്‍കേരികള്‍ തുള്ളിമറിഞ്ഞു
ആകാശത്തു മേഘങ്ങളൊഴിഞ്ഞു
മീനാരങ്ങളിലെ വെള്ള പ്രാവുകള്‍
ഉയരങ്ങളില്‍ പാറി

ഉച്ചനേരത്ത് എവിടന്നോ
തൂവെള്ള മുണ്ടും
കുപ്പായവുമിട്ട് ഒരു
മോല്യാരുട്ടി വന്നു

ചോദ്യം ആവര്‍ത്തിച്ചപ്പോള്‍
മോല്യാരുട്ടി ചിരിച്ചു
പള്ളി മുറ്റത്തു മുല്ലകള്‍
പൂത്തു മണം പരത്തി
അയാള്‍ യതീംഖാനയിലേയ്ക്ക്
മുട്ടായികളുമായിപ്പോയി
കണ്ണീരുണങ്ങിയ കവിളുകളില്‍
വരണ്ട ചുണ്ടുകളില്‍
നൂറായിരം പൂച്ചിരികള്‍
തെളിഞ്ഞു
അവയില്‍ നിന്നു
മീനാരങ്ങളിലേയ്ക്ക്
മഴവില്ലുകള്‍ വിടര്‍ന്നു

ചോദ്യം കേട്ട്
പിരാന്തനാലി പൊട്ടിപൊട്ടി ചിരിച്ചു
"ഞാന്‍ കണ്ടു, ഞാന്‍ കണ്ടു "..
അയാള്‍ ഓടക്കുഴലെടുത്തൂതി
നിര്‍ത്താതെ..
പൊറ്റാളിലെ
ഇടവഴികളില്‍ ഏത് നേരവും
കരയുന്ന ചീവിടുകള്‍ പോലും
നിശബ്ദരായി
വെയിലിലും മഴ പെയ്തു
മഴയില്‍ ചിരിച്ചുകുഴഞ്ഞ്
അയാള്‍
പുഴയ്ക്കക്കരെ
പച്ചപ്പുകളിലേയ്ക്ക് മറഞ്ഞു


ഉമ്മുമ്മ കഥയായി പറഞ്ഞത്
പൊറ്റാളിലെ പാടങ്ങള്‍ക്കപ്പുറം,
പുഴയ്ക്കപ്പുറം,മലകടന്ന്
സ്വര്‍ഗ്ഗമെന്നായിരുന്നു

ഏറെ രാത്രിയാവുമ്പോള്‍
ഒച്ചയനക്കം നില്‍ക്കുമ്പോള്‍
നിലാവില്‍ ഓനെറങ്ങും പോല്‍
വെള്ളയും വെള്ളയുമിട്ടു
മുറുക്കിത്തുപ്പി
ഇടവഴിയായ ഇടവഴിയൊക്കെ കേറിയിറങ്ങി
തെങ്ങിന്‍തോട്ടങ്ങളില്‍ ചുറ്റിത്തിരിഞ്ഞങ്ങനെ...

അന്നേരം വാഴപ്പൂക്കളില്‍
തേന്‍ നിറയും,നെല്കതിരുകളില്‍
പാലുറയും,കൈതകളില്‍ പൂ വിരിയും,
കാതോര്‍ത്താല്‍ കേള്‍ക്കുംപോല്‍
ഓരോടക്കുഴല്‍വിളി,
നൂറു കുഞ്ഞുങ്ങളുടെ ചിരി

ഉമ്മുമ്മയും കണ്ടിട്ടില്ല
എന്നാലും

പുര ചോരുമ്പോള്‍
കാലിക്കലത്തില്‍
കുട്ട്യോളെ പറ്റിക്കാന്‍
കയ്യിലയിട്ടിളക്കുമ്പോള്‍
ചുവരിലെ
നിറംമങ്ങിയ പടംനോക്കി
കണ്ണ് നിറയ്ക്കുമ്പോള്‍
പിന്നില്‍ വന്ന്‌
"ന്ത്യേടി കൌസ്വോ" എന്ന്
ചോദിക്കാനൊരാള്‍
"ഒന്നുല്ല്യന്നു" പറഞ്ഞൊഴിയാനൊരാള്‍..

ഉത്തരമില്ലാത്ത ചോദ്യം
ചോദ്യമില്ലാതെ ഒരുത്തരം

പക്ഷെ
പള്ളികള്‍ക്ക് മുന്നില്‍
വിശന്നിരക്കുന്നവന്റെ
കരച്ചിലില്‍
യതീമുകളുടെ സ്വപ്നങ്ങളില്‍
എന്നുമുണ്ട്
തണുപ്പുള്ള ഒരു തലോടല്‍
ഒരു തേനലിഞ്ഞ പൂമണം
ചക്രവാളത്തോളം പച്ചവിരിച്ച
ഒരു കിഴവന്‍ മരം

Monday, January 19, 2009

പുല്ലാനികള്‍ പൂക്കുന്നു

ദൂരഭാഷിണിയില്‍
വിരസ സംഭാഷണം
എന്നേ പറഞ്ഞു പറഞ്ഞു
തേഞ്ഞുപോയ വാക്കുകള്‍
കുമിയുന്ന മൗനം

അറ്റുപോയ ഒരു ബന്ധം
മറന്നു തുടങ്ങിയ ഗന്ധം

കസേരയില്‍ത്തന്നെ ചാരിക്കിടന്ന്
മയങ്ങുമ്പോള്‍,സ്വപ്നത്തില്‍,
തെങ്ങുന്തോപ്പിലൂടെ ഒരു നടവഴി
ഓലക്കീറിലൂടെ ഇളവെളിച്ചം
ധൃതിയില്‍ കൈവീശിയകലുന്ന
ഒരു പരുക്കന്‍ പുകമണം

കിതച്ചു വിയര്‍ത്തു
പിറകെയെത്തുന്ന
മെലിഞ്ഞു കുഴഞ്ഞ
ഒരു നിഴല്‍..

തൊടികളിലെങ്ങും
അവനു മാത്രം കാണാന്‍
അപ്പൂപ്പന്‍താടികള്‍, പൂത്ത കമ്പിപ്പാലകള്‍
അരിപ്പൂവുകള്‍, ചെമ്പോത്തുകള്‍..

"കുട്ടിനെ മാണ്ടേ ങ്ങക്ക്?"
വഴിവക്കില്‍ നിന്നൊരു ചോദ്യം
മയമില്ലാതെ തിരിഞ്ഞു നോട്ടം
കൈമാടി ഒരു വിളി

ഞെട്ടിയുണരുമ്പോള്‍ പുല്ലാനികളുടെ
മണമില്ലാമണം മുറിയില്‍
നേര്‍ത്ത നിലാവില്‍ തൊടിയില്‍
മതിലരികില്‍
പുല്ലാനിക്കാടുകള്‍ക്കരികില്‍
വെള്ളമുണ്ടും ഉടുപ്പുമിട്ട്
ഒരോര്‍മ പുകയൂതിവിടുന്നു

അച്ഛാ..

ആദ്യം
ഒക്കത്തിരുന്നു യാത്ര
പിന്നെ
ഒപ്പമെത്താന്‍ കിതപ്പ്,
ശേഷം
ഇടവഴികള്‍ താണ്ടി
പിന്‍നോട്ടമില്ലാത്ത
കുതിപ്പ്..
പാടങ്ങള്‍ക്കപ്പുറം ഓടിയൊളിയാനൊരു
വെപ്രാളം...

മറന്ന വഴി.

മറന്ന വഴിയില്‍ വെയിലില്‍
കാറ്റലയുന്ന പുല്ലാനിക്കാടുകളില്‍
വാശിപിടിക്കുന്ന ഒരു കുട്ടി..

കുട്ടിയെ ഒക്കത്തിരുത്തി ,
ചിന്തകളെ പുകച്ചൂതി
വിടുന്ന കറുത്ത രൂപം

വെറുക്കണം, മറക്കണം
എന്നു കരുതുമ്പോള്‍
പൊറുക്കണം, പൊറുക്കണം
എന്നൊരു പിറുപിറുപ്പ്‌..

അന്യര്‍ക്ക് വിഴുപ്പു ചുമന്ന്‍
വിഴുപ്പായി മാറിയ നഷ്ടജീവിതം

പിന്നില്‍ പൂന്തോട്ടമില്ലാത്ത
തണലുകളില്ലാത്ത
ഒരു വീട്

മറ്റൊരു പകലറുതിയില്‍
ആവര്‍ത്തനമായി
മറ്റൊരു ദൂരഭാഷണം..

Thursday, January 15, 2009

വിദൂരതയിലേയ്ക്ക് ഒരു പ്രാര്‍ത്ഥന

പൊറ്റാളിലെ പാടങ്ങളില്‍
നിശ്ശബ്ദത പടരുമ്പോള്‍
നെല്ക്കൊടികള്‍ പോലും
മഞ്ഞില്ക്കുതിര്‍ന്നു വിറയാര്‍ന്നു നില്‍ക്കുമ്പോള്‍
സാന്ധ്യശോഭയില്‍ ആകാശത്തിന്റെ
അതിരുകള്‍ മാഞ്ഞുപോകുമ്പോള്‍
തെങ്ങിന്‍തലപ്പുകള്‍ പോലും ആകാശങ്ങളിലേയ്ക്ക്
നോക്കി ധ്യാനനിരതരാകുമ്പോള്‍
മാറാല കെട്ടിയ, പ്രാവുകള്‍ പാറുന്ന
മിനാരങ്ങളില്‍ നിന്നു
വിറയാര്‍ന്ന ശബ്ദത്തില്‍
നിലവിളി പോലെ ഒരു
പ്രാര്‍ത്ഥന
വെടിയുണ്ടകള്‍ തുളച്ച
നൂറായിരം കുഞ്ഞുമേനികള്‍ക്കായി
കരിഞ്ഞു പോയ നൂറു
പൂമരങ്ങള്‍ക്കായി
ഗദ്ഗദത്തോടെ
ഭാഷയില്ലാത്ത ഒരപേക്ഷ..

പിന്നെ നിശ്ശബ്ദത.
നിഷ്ഠുരമായ മൌനം.