Tuesday, August 18, 2009

നൊസ്സ്

ഇപ്പളൊന്നുമല്ല,പണ്ട്

ഒരു ദിവസം
ഉപ്പാപ്പയും കുട്ടിം നടക്കാന്‍ പോയി

"നൊസ്സന്റൊപ്പം ന്തിനെ കുട്ടീനെ വിട്ട്?"
അത്തറ് മണമുള്ള വല്യമ്മായി ചോദിക്കണ കേട്ടു

കുറെ നടന്നു രണ്ടാളും
കുന്നിന്റെ ചോടെത്തി
ഉപ്പാപ്പ മടിക്കുത്ത്‌ന്ന്‍
പത്തു വിത്തെടുത്ത് പാടത്തെറിഞ്ഞു
പത്തു വിത്തെടുത്ത് കരയ്ക്കെറിഞ്ഞു
കണ്ണെത്താ ദൂരം
പച്ചത്തുമ്പുകള്‍ പൊടിയ്ക്കുന്നത്
കണ്ടു കുട്ടി

ഉപ്പാപ്പ ഊതിപ്പറത്തിയ
അപ്പൂപ്പന്താടിയില്‍നിന്ന് പൂമ്പാറ്റകള്‍..
മാനത്തെയ്ക്കെറിഞ്ഞ
വെള്ളത്തൂവലില്‍നിന്ന് കൊറ്റികള്‍..

കുട്ടിയ്ക്കല്ഭുതം
"ഇന്നിം പടിപ്പിയ്ക്കി ഉപ്പാപ്പാ"
കുട്ടി കെഞ്ചി,ഓന്റെ കണ്ണില്‍ മഴവില്ല്!

"അന്റിം കാലം വരും"
ഉപ്പാപ്പ അത് പറഞ്ഞപ്പോ
പൊന്നും നിറത്തില്‍
മാനവും മണ്ണും തിളങ്ങി
വിരത്തുമ്പില്‍ പിടിച്ചു നോക്കിനിന്നു കുട്ടി

പിന്നെ
സൂര്യന്‍ മറഞ്ഞ് ഇരുട്ടായി

ഇരുട്ടത്തും മിന്നാമിന്നി പോലെ
ഉപ്പാപ്പാന്റെ കണ്ണുകള്‍..
കുട്ടി ചോട് പറ്റി നടന്നു

കാലവും കൊറ്റികളെപ്പോലെ
പാറിപ്പോയ്ക്കൊണ്ടിരുന്നു

കണ്ണില്‍ മഴവില്ലുള്ളവന്‍
വളര്‍ന്നുവളഞ്ഞ് ഉപ്പാപ്പയായി

അന്നും അത്തറ് പൂശിയ
ആളുകള് പറഞ്ഞു,"ഓന് നൊസ്സാ.."

പിന്നെയും
ഒരു ദിവസം
ഒരു ഉപ്പാപ്പയും കുട്ടിം നടക്കാന്‍ പോയി...

Monday, August 10, 2009

നുസൈബ

അത്ഭുതം തോന്നുന്നു

വട്ടത്തിലുള്ള പൂമരക്കൂട്ടങ്ങള്‍ക്കിടയില്‍നിന്ന്
നോക്കുമ്പോള്‍ മുകളറ്റം
കിണറിന്റെ വാവട്ടം പോലെ

കിണറിന്റെ വക്കത്ത്‌
അല്ലെങ്കില്‍ മരത്തിന്റെ കൊമ്പത്ത്‌
വിരല് കുടിയ്ക്കുന്ന പാവാടക്കാരി

നുസൈബ
വെളുത്ത കാലുള്ള നുസൈബ

മനയ്ക്കലെ പറമ്പിലെ
കിണറിന്റെ തെമ്പത്തിരുന്ന്
മധുരനെല്ലിയ്ക്ക "തിന്നു പോ തിന്നു പോ"
എന്ന് വിളിച്ചലയ്ക്കുന്ന,മരംകേറിപ്പെണ്ണ്

ഉണര്‍വിലും ഉറക്കത്തിലും
എന്റെ ഇടവഴികളെ
തലങ്ങനെയും വിലങ്ങനേയും
മുറിച്ചു കടന്നവള്‍

തൊടാന്‍ പൂതി പെരുകിപ്പെരുകി
കുന്നിന്‍ചെരിവില്‍
ഒളിഞ്ഞിരുന്നിട്ടുണ്ട് പലവട്ടം

അത്ഭുതം തോന്നുന്നു

കിണറിന്റെ ആഴത്തില്‍
നിന്നെടുത്ത് വച്ചപ്പോള്‍

അവളുടെ ചിറികളില്‍ ചോര
വിളറിയ കാലുകള്‍
മുടിയില്‍ പറ്റിപ്പിടിച്ച് ഓണപ്പൂവുകള്‍

ആദ്യമായി ഞാന്‍
അവളെയൊന്നു തൊട്ടുനോക്കി
അവസാനമായുമെന്നറിഞ്ഞപ്പോള്‍
കരയുകയും ചെയ്തു

അത്ഭുതം തോന്നുന്നു

ഓണം.

പൊറ്റാളിലെ ഒരു തോട്ടുവരമ്പത്ത്
പറിച്ചെറിഞ്ഞ ഓണപ്പൂവുകള്‍ക്കിടയില്‍
നെല്ലിക്ക കടിച്ചുകൊണ്ട്
ചവര്‍പ്പെല്ലാം മധുരമെന്നും
മധുരമെല്ലാം ചവര്‍പ്പെന്നും
ഒരുവള്‍...

Sunday, August 2, 2009

ദേശാടനക്കിളികള്‍

ആ ഫോട്ടോ പഴകിയിരുന്നു

എന്നിട്ടും അതില്‍ കാണപ്പെട്ട
ദേശാടനക്കിളികളുടെ
ചിറകറ്റങ്ങള്‍ വിറകൊണ്ടുകൊണ്ടിരുന്നു

ആ തൂവലുകളിലുമ്മവച്ച വെയില്‍
അപ്പോഴും ഉണങ്ങാതെ
അവയില്‍ തങ്ങിനിന്നു

കിളികളുടെ കണ്ണുകളില്‍
കടലുകള്‍ക്കപ്പുറം,മഞ്ഞില്‍ മൂടിപ്പോയ
കാട്ടുപാതകളിലെ,നാട്ടുവെളിച്ചം

നോക്കിക്കൊണ്ടു നിന്നു അയാള്‍

അയാളുടെ കണ്ണുകളിലും
അതേ തിളക്കം

ഈ ദേശാടനക്കിളികള്‍!