Sunday, July 28, 2013

കദിയാ..


കദിയാ, നിന്റെയിളം ചൂടൊരു  മണൽപ്പരപ്പുപോൽ
നിറഞ്ഞുരുകുന്നു, മരീചികപോലെ തണുവിൽ
മുനിഞ്ഞു ദൂരെ കത്തുന്നു, ചന്ദ്രികപോലെ നേർത്തുപരക്കുന്നു

കറുത്തോരുടലതു  തെളിയിക്കാൻ രാത്രിയിൽ നക്ഷത്രജാലം നിരക്കുന്നു
നീ കുളിക്കും കടവിൽ അജ്ഞാതമായാരോ പാടുന്നു, ഓളമൊപ്പം
നിന്നിൽ നിറഞ്ഞു കുളിക്കുന്നു, നിന്നിലൊളിഞ്ഞു ചിരിക്കുന്നു, നീ
രണ്ടെന്നുതന്നെ ഞാൻ വക്കുന്നു, ഒന്നോരുകല്ല്, പിന്നോരുപെണ്ണ്

കല്ലുരച്ചുമിനുക്കുന്നപോൽ  നിന്റെ വക്കുകൾ മെനയുന്നൊരു കാറ്റ്
കരിപ്പൊന്നിൻ പൊടിയത് ഉലന്നലയുന്നു നാട്ടുവെളിച്ചത്തിൽ,  നീയൊരു
നിഴലഴലിൽ, പാപികളീ കണ്ണുകൾ പാതിയിരുളിൽ ഇളവരകളിൽ പേർത്തും
പേർത്തും വരച്ചെടുത്തവൾ, രാക്കറുപ്പുറയൊഴിച്ചുയർത്തവൾ

റമദാൻ രാവുകളിത്ര തണുപ്പാകയിൽ വ്യഥയെന്തെനിക്കിന്നു പാതി-
വെന്ത കരളുടലുകളാൽ പുണരുന്നു നിന്നെ, യോരോ പ്രാർത്ഥനാന്ത്യത്തിലും
മരിച്ചുണരുന്നു നിന്നിൽ, നെറ്റിയുരച്ചുയിർക്കുന്നു തീയിനെ നിന്റെ
യുടലിന്റെ മിനാരങ്ങളിൽ, നീറ്റലിൽ പ്രാക്കൾക്കൊപ്പം പാറുന്നനാഥം  

എരിവയറിന്നാധി ശമിക്കുന്നു പഴനീരിൽ, ഈ പുഴനീരിൽ തീരട്ടെ
ഇരുളിൽ നിശബ്ദം ബാക്കിയെരിവുകൾ, നുറുങ്ങു ചന്ദ്രിക പോൽ
മായാതെ നിൽക്കട്ടെയതിൻ കരിഞ്ഞമർന്ന പാടുകൾ.                          

...


നഗരമേ, നിന്റെ തെരുവുകൾ എന്നെ മെരുക്കിയെടുത്തു.
ഞാൻ ചുമലേറ്റി വന്ന കാടിന്നൊരിടം കൊടുത്തു
***  
നിന്റെയിരുൾ വാതിലിലൂടെ കടന്നു ഞാൻ നിന്നിലേക്ക്‌ തിരിഞ്ഞു നടക്കുന്നു.
***
നഗരമേ ഞാൻ നിന്റെ നീലിച്ച ഒരു ഞരന്പ്
നിന്റെ മാലിന്യം മുഴുവൻ തിരക്കിട്ടൊഴുകുന്നോരിടവഴി  
***
നഗരവഴിയേ  ഏതു പെണ്‍ തുടിപ്പ്, കണ്‍ ചിരിപ്പ്
സമം ചേർത്തതിന്നു നിൻ മണം  
***
മൃതനഗരത്തെ കരഞ്ഞുകഴുകിയെടുക്കുന്നു
കാമിനിയെപ്പോലൊരു വിളർന്ന മഴ.
***
മഴയിൽ വഴിയരുകിൽ തേങ്ങുമൊരു തരുണനെ
ചേർത്തു പിടിക്കുന്നു നഗരം, വൃദ്ധമാതാവെന്നപോൽ
***
ചിരകാലമോഹമെന്നപോൽ ഒരു കുട
മലർക്കെ തുറന്നുകിടന്നു  മഴയാലുള്ളം നിറക്കുന്നു      

Thursday, March 14, 2013


1.  

കുഞ്ഞുമകന്‍  തൊട്ടപ്പോള്‍
വയസ്സന്‍ മരങ്ങള്‍
പൂക്കളിലകള്‍ പൊഴിച്ചുകൊണ്ട്
- "നീ വന്നോ"

2.

തണലിലൊന്നു നിന്ന്
പൂവുകള്‍ നോക്കാതെ
ഏട്ടാ നമ്മള്‍
എന്തിനെയോ കടന്നു പോയി.

3.

മതിലുകള്‍ക്ക് മേലെ
കാണുന്ന മരങ്ങളേ
ഉയരങ്ങളിലേക്ക് ആദ്യം
തള്ളിവിട്ടതിന്റെ പാടുകള്‍
നിങ്ങളിപ്പോഴും കരുതിയിട്ടുണ്ടോ.

4.

നിത്യതയിലുറച്ച തെരുവുമരങ്ങളേ  
നിങ്ങള്‍ നിര്‍വികാരം പേറുന്നു
ഒറ്റവരി മൂകപ്രേമ കവിതകള്‍

5.

ഒറ്റ മരമേ, നിന്റെ ഏകാന്തതയേ
കവിക്കും കാമിക്കും ഭക്ഷണം