Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Tuesday, November 3, 2009

മണ്ണ്,മുഹമ്മദ്‌,മണ്ണുണ്ണി

കണ്ടാല്‍ കീരിം പാമ്പുമായിരുന്നു
എളാമ്മയും വല്ലിപ്പയും

ഒപ്പം ജനിച്ചു,ഒപ്പം മരിച്ചു
അരമണിക്കൂര്‍ ഇടവിട്ട്‌
മേലെവീട്ടിലെ വാര്‍ത്ത
താഴെവീട്ടില്‍
എത്തിയപ്പോഴേയ്ക്കും

തമ്മിലില്ലെങ്കിലും
മണ്ണിനെ രണ്ടാളും
സ്നേഹിച്ചു
മണ്ണ് തിരിച്ചും

മണ്ണ്കൊണ്ടുണ്ടാക്കിയ മനുഷ്യര്‍
പിടിമണ്ണിനുവേണ്ടി തുലഞ്ഞെന്നുപ്പ
മണ്ണായിപ്പൊടിയുന്നതറിയാതെ

കീരിയും പാമ്പും
പള്ളിക്കാട്ടില്‍
അങ്ങനെ മണ്ണായി,മണ്ണ്
കലര്‍ന്നിട്ടെങ്കിലും ഒന്നായി

കെട്ടുപോയ
വിളക്കുകളെല്ലാം കത്തിച്ച്‌
രാത്രിയ്ക്കുരാത്രി
ഉപ്പ താഴെവീട്ടിലെയ്ക്ക്
ഒരു വഴിവെട്ടി

പിന്നെ തിണ്ടത്തിരുന്ന്
കോലായിലെ കുഞ്ഞുകാല്‍പ്പാടുകള്‍
കണ്ടുചിരിച്ചു

മണ്ണിനൂണ്ടെടാ വ്യാകരണം
എന്നുപ്പ ഇക്കാക്കാനോട് തര്‍ക്കിച്ചു
അതറിയാത്തോന്‍
എങ്ങനെ എഴുതിവായിച്ചാലും
തെറ്റിപ്പോവും

ഞാന്‍ പോലുമറിയുന്നു

വെറുതെ തൂവാലകുടയുമ്പോള്‍
അല്ലെങ്കില്‍ ഉടുപ്പ്നീര്‍ത്തുമ്പോള്‍
ഒരിത്തിരി മണ്ണ്
ഒരിത്തിരി മണ്ണ് മണം

പൊടിക്കാറ്റായി മുറിയിലെത്തും
എന്റെ മണ്ണേ എന്റെ മണ്ണേ എന്നൊരു വിളി

വ്യാകരണമറിയാത്ത
ഞാന്‍ ചിരിയ്ക്കും

എന്തേ ഉപ്പ എന്തേ ഉപ്പ
എന്ന് വിളികേള്‍ക്കും

ഞാന്‍ മണ്ണുമുഹമ്മദിന്റെ മകന്‍
മണ്ണുണ്ണി,കൂട്ടുകാര്‍ക്കിടയില്‍

Tuesday, September 15, 2009

സമര്‍പ്പണം - ഏകാന്തതയിലെ തീക്കാറ്ററിയുന്നവന്

ഈന്തപ്പനകള്‍ക്കു കീഴെ
ഒരുവന്‍ മണലിലെഴുതുന്നു

നേര്‍ത്ത് തെളിഞ്ഞു നില്‍ക്കുന്ന
മാനത്തെ വെള്ളിവര പോലെ
ഒരു ചിരിയുണ്ടെന്നു തോന്നും ചുണ്ടില്‍

ഒരൊട്ടകദൂരവും എത്താത്ത
മരുപ്പച്ചകളിലേയ്ക്കവന്റെ നോട്ടം
കുതിയ്ക്കുന്നെന്നു തോന്നും

എന്നാല്‍

ഓരോ ചുടുകല്‍ച്ചീളുകളും
തുളയ്ക്കുന്നത് നിങ്ങളുടെ തന്നെ
നെഞ്ചിന്‍കൂടെന്നറിയുമ്പോള്‍
ചങ്ങാതി,ഉരുകിപ്പോവും

പൊള്ളിച്ചകള്‍ അവനിലേയ്ക്കൂതിയത്‌
മണലിന്റെ ഏകാന്തതയിലെ
തീക്കാറ്റാണ്

അതാളിയ്ക്കുന്നതാവട്ടെ
ഈന്തപ്പഴങ്ങള്‍
തിരഞ്ഞു വന്നവരുടെ
ചങ്കിലെ ചൂടും.

മനുഷ്യനലയാനെന്തേ
എന്നും മരുഭൂമികള്‍?

ഈന്തപ്പനകള്‍ക്കു കീഴെ
ഒരുവന്‍ മണലിലെഴുതുന്നു


നജൂസ്‌ : ഈന്തപ്പഴം

Monday, September 7, 2009

പഴയ ചിലത് പ്രസിദ്ധീകരിയ്ക്കുമ്പോള്‍

ഇപ്പോഴോര്‍ക്കുമ്പോള്‍
പല കഥകളുടെ
ഒരു സമാഹാരമായിരുന്നു
അമ്മ

അത്
നിരൂപണം ചെയ്ത്
കാലം കഴിച്ചവന്‍
അച്ഛന്‍

പിന്‍കുറിപ്പെങ്കിലുമെഴുതാന്‍
മറന്നവന്‍
മകന്‍

വിവര്‍ത്തനം
ചെയ്തു തരണേ
എന്നപേക്ഷിയ്ക്കുന്നവള്‍
മകള്‍

Tuesday, August 18, 2009

നൊസ്സ്

ഇപ്പളൊന്നുമല്ല,പണ്ട്

ഒരു ദിവസം
ഉപ്പാപ്പയും കുട്ടിം നടക്കാന്‍ പോയി

"നൊസ്സന്റൊപ്പം ന്തിനെ കുട്ടീനെ വിട്ട്?"
അത്തറ് മണമുള്ള വല്യമ്മായി ചോദിക്കണ കേട്ടു

കുറെ നടന്നു രണ്ടാളും
കുന്നിന്റെ ചോടെത്തി
ഉപ്പാപ്പ മടിക്കുത്ത്‌ന്ന്‍
പത്തു വിത്തെടുത്ത് പാടത്തെറിഞ്ഞു
പത്തു വിത്തെടുത്ത് കരയ്ക്കെറിഞ്ഞു
കണ്ണെത്താ ദൂരം
പച്ചത്തുമ്പുകള്‍ പൊടിയ്ക്കുന്നത്
കണ്ടു കുട്ടി

ഉപ്പാപ്പ ഊതിപ്പറത്തിയ
അപ്പൂപ്പന്താടിയില്‍നിന്ന് പൂമ്പാറ്റകള്‍..
മാനത്തെയ്ക്കെറിഞ്ഞ
വെള്ളത്തൂവലില്‍നിന്ന് കൊറ്റികള്‍..

കുട്ടിയ്ക്കല്ഭുതം
"ഇന്നിം പടിപ്പിയ്ക്കി ഉപ്പാപ്പാ"
കുട്ടി കെഞ്ചി,ഓന്റെ കണ്ണില്‍ മഴവില്ല്!

"അന്റിം കാലം വരും"
ഉപ്പാപ്പ അത് പറഞ്ഞപ്പോ
പൊന്നും നിറത്തില്‍
മാനവും മണ്ണും തിളങ്ങി
വിരത്തുമ്പില്‍ പിടിച്ചു നോക്കിനിന്നു കുട്ടി

പിന്നെ
സൂര്യന്‍ മറഞ്ഞ് ഇരുട്ടായി

ഇരുട്ടത്തും മിന്നാമിന്നി പോലെ
ഉപ്പാപ്പാന്റെ കണ്ണുകള്‍..
കുട്ടി ചോട് പറ്റി നടന്നു

കാലവും കൊറ്റികളെപ്പോലെ
പാറിപ്പോയ്ക്കൊണ്ടിരുന്നു

കണ്ണില്‍ മഴവില്ലുള്ളവന്‍
വളര്‍ന്നുവളഞ്ഞ് ഉപ്പാപ്പയായി

അന്നും അത്തറ് പൂശിയ
ആളുകള് പറഞ്ഞു,"ഓന് നൊസ്സാ.."

പിന്നെയും
ഒരു ദിവസം
ഒരു ഉപ്പാപ്പയും കുട്ടിം നടക്കാന്‍ പോയി...

Monday, August 10, 2009

നുസൈബ

അത്ഭുതം തോന്നുന്നു

വട്ടത്തിലുള്ള പൂമരക്കൂട്ടങ്ങള്‍ക്കിടയില്‍നിന്ന്
നോക്കുമ്പോള്‍ മുകളറ്റം
കിണറിന്റെ വാവട്ടം പോലെ

കിണറിന്റെ വക്കത്ത്‌
അല്ലെങ്കില്‍ മരത്തിന്റെ കൊമ്പത്ത്‌
വിരല് കുടിയ്ക്കുന്ന പാവാടക്കാരി

നുസൈബ
വെളുത്ത കാലുള്ള നുസൈബ

മനയ്ക്കലെ പറമ്പിലെ
കിണറിന്റെ തെമ്പത്തിരുന്ന്
മധുരനെല്ലിയ്ക്ക "തിന്നു പോ തിന്നു പോ"
എന്ന് വിളിച്ചലയ്ക്കുന്ന,മരംകേറിപ്പെണ്ണ്

ഉണര്‍വിലും ഉറക്കത്തിലും
എന്റെ ഇടവഴികളെ
തലങ്ങനെയും വിലങ്ങനേയും
മുറിച്ചു കടന്നവള്‍

തൊടാന്‍ പൂതി പെരുകിപ്പെരുകി
കുന്നിന്‍ചെരിവില്‍
ഒളിഞ്ഞിരുന്നിട്ടുണ്ട് പലവട്ടം

അത്ഭുതം തോന്നുന്നു

കിണറിന്റെ ആഴത്തില്‍
നിന്നെടുത്ത് വച്ചപ്പോള്‍

അവളുടെ ചിറികളില്‍ ചോര
വിളറിയ കാലുകള്‍
മുടിയില്‍ പറ്റിപ്പിടിച്ച് ഓണപ്പൂവുകള്‍

ആദ്യമായി ഞാന്‍
അവളെയൊന്നു തൊട്ടുനോക്കി
അവസാനമായുമെന്നറിഞ്ഞപ്പോള്‍
കരയുകയും ചെയ്തു

അത്ഭുതം തോന്നുന്നു

ഓണം.

പൊറ്റാളിലെ ഒരു തോട്ടുവരമ്പത്ത്
പറിച്ചെറിഞ്ഞ ഓണപ്പൂവുകള്‍ക്കിടയില്‍
നെല്ലിക്ക കടിച്ചുകൊണ്ട്
ചവര്‍പ്പെല്ലാം മധുരമെന്നും
മധുരമെല്ലാം ചവര്‍പ്പെന്നും
ഒരുവള്‍...

Sunday, August 2, 2009

ദേശാടനക്കിളികള്‍

ആ ഫോട്ടോ പഴകിയിരുന്നു

എന്നിട്ടും അതില്‍ കാണപ്പെട്ട
ദേശാടനക്കിളികളുടെ
ചിറകറ്റങ്ങള്‍ വിറകൊണ്ടുകൊണ്ടിരുന്നു

ആ തൂവലുകളിലുമ്മവച്ച വെയില്‍
അപ്പോഴും ഉണങ്ങാതെ
അവയില്‍ തങ്ങിനിന്നു

കിളികളുടെ കണ്ണുകളില്‍
കടലുകള്‍ക്കപ്പുറം,മഞ്ഞില്‍ മൂടിപ്പോയ
കാട്ടുപാതകളിലെ,നാട്ടുവെളിച്ചം

നോക്കിക്കൊണ്ടു നിന്നു അയാള്‍

അയാളുടെ കണ്ണുകളിലും
അതേ തിളക്കം

ഈ ദേശാടനക്കിളികള്‍!

Sunday, July 26, 2009

നിയോഗം

രാവിലെ കാണാഞ്ഞപ്പോള്‍
ഒന്ന് ചെന്ന് നോക്കിയതാണ്

പതുക്കെ കണ്ണ് തുറന്നു
അച്ഛന്‍ പറയുന്നു

മരിയ്ക്കാറായെന്നു തോന്നുന്നു
കണ്ണടയുമ്പോഴൊക്കെ
പാടങ്ങള്‍ മഞ്ഞില്‍
മറഞ്ഞു പോവുന്ന കാഴ്ച
കുന്നുകളില്‍ അലയടിച്ചില്ലാതാവുന്ന
കൊയ്ത്തുകാരുടെ പാട്ടുകള്‍
പുഴ കടന്നു വരുന്ന
കാറ്റില്‍ കിളിക്കരച്ചിലുകള്‍
ഞാന്‍ നട്ട മരങ്ങളുടെ വേരുകള്‍
ഓരോ ചുവടിലും എന്നെ
കാലടിയില്‍ തട്ടിവിളിയ്ക്കുന്നു
അവര്‍ എന്റെ മേലെ
വള്ളികള്‍ പടര്ത്തുകയാണ്
പൂവുകള്‍ പെയ്യിയ്ക്കുകയാണ്
പൂവുകള്‍ക്ക് സാമ്പ്രാണികളുടെ മണം

മറ്റൊരു നീണ്ട സ്വപ്നത്തിലേയ്ക്കെന്നോണം
അച്ഛന്‍ കണ്ണുകളടയ്ക്കുന്നു

കുന്നിന്റെ പച്ചപ്പുകളെക്കുറിച്ച്
പാടത്തെ മണ്ണിന്റെ
വിട്ടുപോകാത്ത പശിമയെക്കുറിച്ച്
പൊറ്റാളിലെ മഴക്കാലങ്ങളെക്കുറിച്ച്
ഒന്നുമറിയാത്ത ഒരു
കിളിക്കുഞ്ഞിനപ്പോള്‍
ചിറകു മുളയ്ക്കുന്നു
കാറ്റിനെതിരെ
അത് എടുത്തെറിയപ്പെടുന്നു
അത് വെപ്രാളത്തില്‍ തുഴയുകയാണ്

മരച്ചില്ലകളില്‍
കൌതുകമുണരുകയാണ്

Wednesday, June 24, 2009

കടലിനെക്കുറിച്ച്, മുറിഞ്ഞ വാക്കുകളില്‍

കാറ്റുപോലെയല്ല അവര്‍
മുന്‍വാതിലിലൂടെ
വെയിലിലേയ്ക്കിറങ്ങിയത്
നനുത്ത്,അരിമണി വീഴുംപോലെ

ഉമ്മറത്ത് നിന്ന്
എളേച്ചനെറിഞ്ഞ
കിണ്ടിതട്ടി ചോരപൊടിഞ്ഞു
കൊണ്ടേയിരുന്നു

ഒക്കത്തിരുന്നവന്‍
വെയില്‍ പൊള്ളിക്കരഞ്ഞു
വിരല്‍തൂങ്ങി നടന്നവന്‍
ചരലില്‍ കാല്‍ പൊള്ളിച്ചു

അവര്‍ നടന്നടുത്തപ്പോള്‍
പാടങ്ങള്‍ സ്വയം പകുത്തു വഴിതെളിഞ്ഞു
പാറകള്‍ വിണ്ടുവിണ്ട് ഇടവഴികളായി

പൊറ്റാളില്‍ അപ്പോള്‍
മഴ പെയ്തു
മഴയില്‍ നീറിനിന്ന
തൊലിയില്ലാ മരങ്ങളെ നോക്കാതെ
അവര്‍ പടികടന്നു

മുഖം പൊള്ളിയവനും
കാല്‍ പൊള്ളിയവനും
പിന്നെയുമെത്ര പൊള്ളി

എന്നിട്ടും എളേച്ചനെ
കിനാവുകളില്‍
അവര്‍,കല്ലെറിഞ്ഞു ചിരിച്ചു

അമ്മ പിന്നെയും
വെയില്‍ പരത്തിയും
മഴ ചുരത്തിയും
ഇടവഴികളില്‍ നടന്നു

പടികടന്നു വന്നവരൊക്കെ,കാലങ്ങളും
ഇറയത്തിരുന്നു കഥകള്‍ പറഞ്ഞു
കരഞ്ഞുചിരിച്ചു

കടലായിരമ്പിയിട്ടും
വാക്കുകള്‍,മുറിച്ചുമുറിച്ചെടുത്തു
മാത്രം പാറ്റിക്കൊണ്ടിരുന്നു അമ്മ

അവരുറങ്ങുന്ന
അസ്ഥിമുറിയുടെ വാതിലില്‍
ചെവിവച്ച് നിന്നാല്‍
കേള്‍ക്കാം,കടലിരമ്പം

ഞങ്ങളുണ്ട്,ഇപ്പോഴും
കഥയറിഞ്ഞവര്‍
കഥയറിയാത്ത പെങ്ങളും

കടല്‍ കണ്ടാല്‍
അവളെപ്പോഴും കരയും

ഞങ്ങള്‍ വാക്കുകള്‍
തിരയും,ഇരമ്പങ്ങളില്‍

Sunday, June 14, 2009

ഒറ്റയ്ക്ക് ഒരു വീട്,ഒറ്റയ്ക്ക് ഒരാള്‍

1

ഇരുളിലൂടെ
നേര്‍ത്ത നൂലുകള്‍പോലെ
വെട്ടമിറങ്ങി വരുന്ന
ഒരു സ്വപ്നം

തെളിഞ്ഞു വരുന്ന
പായല്‍ പിടിച്ച പടവുകള്‍

സപ്പോട്ടകളുടെ നിഴലില്‍
മറഞ്ഞ്,ഒരു വീട് ..

2

ഓര്‍ക്കാറുണ്ടോ?
പല നേരങ്ങളില്‍
നമ്മള്‍ പുറപ്പെട്ടു പോയ
യാത്രകള്‍..

തിരിഞ്ഞു നോക്കുമ്പോള്‍
പച്ചപ്പുകള്‍ക്കിടയില്‍,വീട്
ഒറ്റയ്ക്ക്..

ഓര്‍മ്മയിലില്ലാത്ത യാത്രകളെന്നു
പറഞ്ഞു ഏട്ടന്‍ ചിരിയ്ക്കുന്നു

നിനക്ക് ഓര്‍മ്മകളെ
ഇഷ്ടമല്ലെന്ന് പറഞ്ഞു ഞാനും കളിയാക്കുന്നു

വലിയ ജനാലകളും,വെള്ളപ്പൂക്കളുള്ള തോട്ടവും
ഇങ്ങീ നഗരത്തിലും കിനാക്കളെ നിറയ്ക്കുന്നു
എന്ന് പറയുമ്പോള്‍
അനിയത്തിയും ചിരിയ്ക്കുന്നു

3

അമ്മ തിരിച്ചെത്താത്ത രാത്രികളില്‍
വലിയ ഇടനാഴിയില്‍
ഓരോ അനക്കത്തിനും
വിറച്ച് വിറച്ചു ഉറക്കമൊഴിഞ്ഞത്

ജാലകങ്ങള്‍ക്കപ്പുറം
പുല്ലാനികള്‍ക്കിടയില്‍
അച്ഛന്റെ നിഴല്‍
പുകച്ചുരുളുകള്‍
അതിന്റെ കുത്തുന്ന മണം
ചോന്ന പെയിന്റുള്ള ടീപ്പോയികള്‍..

എല്ലാ ഓര്‍മ്മകളും എനിയ്ക്ക് മാത്രമെന്ന്‍..

4

മറന്നു വച്ച
പഴയ കാന്‍വാസ്സുകളില്‍
വരച്ചെടുക്കുന്നു
ഞാന്‍,ഒരു വീടിനെ

അതെന്നോടൊപ്പം
ഉണ്ട്,തെരുവുകളില്‍
ഇടനാഴികളില്‍

എന്റെ ഉറക്കങ്ങളില്‍
അതുണര്‍ന്നിരിയ്ക്കുന്നു

സ്വയം
കണ്ണാടികളെത്തിളക്കുകയും
വള്ളിച്ചെടികള്‍ പടര്ത്തുകയും
തിരശ്ശീലകള്‍ മാറ്റിയിടുകയും
ചെയ്യുന്നു
വിചിത്ര ജീവികള്‍ക്കായി
രാത്രികളില്‍
വാതിലുകള്‍ തുറക്കുന്നു

5

എപ്പോഴൊക്കെയോ
അതിന്റെ
അകത്തേയ്ക്ക് ചെരിഞ്ഞു
പെയ്യുന്ന മഴപോലെ
ഞാന്‍ ഊര്ന്നിറങ്ങുകയാണ്

ആരുമില്ലാത്ത
ഇടനാഴികളില്‍ ഓടി
നടക്കുകയാണ്
മിട്ടായിപ്പാത്രങ്ങള്‍
പരതുകയാണ്‌

6

ഇവിടെ ഓരോ ഇലയനക്കവും
കിളിമൊഴിയും
എന്തിന്‌ തൊടിയിലെ
മണമില്ലാ പൂവുംവരെ
ഏതോ പ്രിയപ്പെട്ട പാട്ടിലെ
ആര്‍ദ്ര സ്വരംപോലെ
കരളിനെ കളിപ്പന്തു തട്ടുന്നുത്
എനിയ്ക്ക് വേണ്ടി,ഞാനറിയാന്‍ വേണ്ടി
മാത്രമാണെന്ന്..

ഇലയില്‍ കാറ്ററിയാതെ
തങ്ങി നിന്നൊരു
നീര്‍ത്തുള്ളി പോലെ
ഇനിയൊരു പതറിച്ച വരെ
ഞാനങ്ങനെ
നില്‍ക്കാന്‍ പോകയാണെന്ന്..

Sunday, June 7, 2009

മങ്ങിയ ഒരു ചിത്രം

പെണ്ണ് അക്കരയ്ക്ക്
കണ്ണിപ്പോഴും ഇക്കരയ്ക്ക്

നീലവെളിച്ചത്തില്‍
അവള്‍ ഒരു ചിത്രം പോലെ
പുഴയുടെ പിഞ്ഞിയ
കാന്‍വാസ്സില്‍
അറിയാതെ പെട്ടുപോയ
ഒരു പൂമരക്കൊമ്പ്‌

പുഴയൊഴുകിത്തീരുന്നേയില്ല
അവള്‍ പോയിത്തീരുന്നുമില്ല

നിശ്ചലത

ഞാന്‍ നോക്കിക്കൊണ്ടേ നിന്നു

Monday, June 1, 2009

വെറുതെ,കുറേ പൂവുകള്‍

പുഴകടന്നു ഞാനും നീയും
വന്നിവിടെ നില്ക്കുന്നു
വഴിവക്കിലെ സൂചിപ്പുല്ലുകള്‍
അവയില്‍ വില്ലുകുലയ്ക്കുന്ന കാറ്റ്‌
ചാഞ്ഞ മരക്കൊമ്പുകളില്‍
മണം മാത്രമുള്ള പൂവുകള്‍

നോക്കൂ,വാക്കുകളില്ലാത്ത
നേരങ്ങള്‍

അല്ലെങ്കിലും
ഈ ഭാഷയിലിനി
ഇത്ര പറയാനെന്തിരിയ്ക്കുന്നു
അല്ലേ?

എന്റെയും,നിന്റെയും
ഒളിച്ചുകളിയ്ക്ക് പറ്റിയ
ഒരു ഭാഷയുണ്ടായിരിക്കുമോ
ഞാനോലോചിയ്ക്കുന്നു

വിചിത്രലിപിയുള്ള
ഒരു ഭാഷ

ഓരോ വാക്കിലും
വികാരങ്ങള്‍ പെയ്യുന്നത്

പിന്നെ പാട്ടുകള്‍..
വിരഹത്തെപ്പറ്റി
അറിഞ്ഞറിയാത്ത
എന്തിനേയും പറ്റി

ഹ!പാട്ടില്ലാത്ത ഭാഷയോ

പുഴയും,വയലുമില്ലാത്ത നാടോ
കിളി പാടാത്ത വഴിയോ
എന്ന് ചോദിയ്ക്കുംപോലെ

എല്ലാം കഴിഞ്ഞ്
പിന്നെയും നമുക്കൊന്നും
പറയാനില്ലാതായാല്‍..

ആ മരത്തിന്റെ
ചുവടെത്തി
ആ വഴി നിനക്ക്
ഈ വഴി എനിയ്ക്ക്‌
എന്ന് പിരിഞ്ഞു നടക്കാം
അല്ലേ?

ആ മരത്തിലെ
കിളിയൊച്ചകള്ക്ക്
പക്ഷേ മുനയുണ്ട്
സൂചിപ്പുല്ലുപോലെ

അതിന്റെ
തൊലിപ്പുറത്ത്
വരി മുറിഞ്ഞ
കവിതകള്‍

നോക്കൂ,എത്ര പൂവുകളാണിവിടെ
വീണു പോയിരിയ്ക്കുന്നത്?

പൂവുകള്‍ പഴകിയാലും
മണമുണ്ടാവുമെങ്കില്‍
മരങ്ങളേ
നിങ്ങളവ എറിഞ്ഞു
കളയുന്നതെന്ത്‌?