Thursday, February 26, 2009

നഷ്ടപ്രണയം

പേരുമറന്ന നഗരത്തിലെ
ഏതോ ഒരിടുങ്ങിയ തെരുവില്‍
ഞാന്‍ നിന്റെ മണം
തിരയുകയായിരുന്നു

നിന്റെ കല്ലറയ്ക്കരികില്‍
നിന്റെയിനിയും
വറ്റാത്ത നനവുകളിലേയ്ക്കു
വേരാഴ്ത്തി നില്‍ക്കുന്ന മരം
ഞാന്‍ കണ്ടു

നദിയുടെ ആഴങ്ങളില്‍
നിന്നുണര്‍ന്നപോലെ
അതിന്റെ ശാഖകള്‍
ആകാശങ്ങളിലേയ്ക്കുയര്‍ന്ന്‍
കാറ്റിനെ വലിച്ചെടുക്കുന്നുണ്ടായിരുന്നു

ഞെട്ടറ്റുവീഴാനൊരുങ്ങുന്ന
നക്ഷത്രത്തെയെന്നപോലെ
അതിന്റെ പൂക്കണ്ണുകള്‍
ദൂരദര്‍ശിനിയാലെന്നെ
നോക്കുന്നുണ്ടായിരുന്നു

അതിന്റെയിലകള്‍
നിലവിളിയില്‍പ്പൊതിഞ്ഞ
അപേക്ഷകള്‍പോലെ
എന്നിലെയ്ക്കൊഴുകി

കാലങ്ങള്‍ക്കിപ്പുറവും
നിന്റെ ഓര്‍മ്മകളുടെ
ഇരുള്‍മൂടിയ ഇടനാഴികളില്‍
ഞാനുറങ്ങിയുണരുന്നു

നിന്റെ രക്തക്കറകള്‍
എന്റെ ചുവരുകളില്‍നിന്നു ഞാന്‍
കഴുകിക്കളഞ്ഞുകൊണ്ടേയിരിയ്ക്കുന്നു

Sunday, February 22, 2009

ഞാന്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നു

കുന്നില്‍ നിന്നു നോക്കുമ്പോള്‍
മേഘത്തിന്റെ നിഴല്‍
താഴ്‌വരയെ കടന്നുപോകുന്നത്
കണ്ടിട്ടില്ലേ

അതു പോലെ
ആരാലും ശ്രദ്ധിക്കപ്പെടാതെ
ഞാന്‍ കടന്നുപോകും

അപ്പോഴും കുറെപ്പേര്‍
മൈതാനങ്ങളില്‍
പന്തിനു പിറകെ ഓടുന്നുണ്ടാവും

കൂട്ടത്തിലൊരുവന്‍ മാത്രം
എന്നെ നോക്കും
പക്ഷെ അവനൊന്നും മിണ്ടില്ല
ആരോടുമൊന്നും പറയില്ല

ഒരു നരച്ച നിഴല്‍
മുറ്റത്തു ഉലാത്തുന്നുണ്ടാകും
നാലു മണിയുടെ
വണ്ടി വൈകുന്നെന്നു വേവുന്നുണ്ടാകും

തിമിരക്കണ്ണില്‍
ഞാനൊട്ടുപെടുകയുമില്ല
അത് വിയര്‍പ്പാറ്റാന്‍ പോകും
ഓര്‍മ്മകള്‍ ആണിതറച്ച
ചുവര്‍ നോക്കിനില്ക്കും

ഇന്നലെ കണ്ടില്ല
ഇന്നു കാണണോ എന്ന്
നിഴലുപോലുള്ള ഒരുവന്‍
പിറുപിറുക്കുന്നുണ്ടാവും

ഉറങ്ങുമെങ്കിലും
അവന്‍ ഗലികളിലേയ്ക്ക്
വീഴുന്ന നൂല്‍പൊട്ടിയൊരു പട്ടം
സ്വപ്നം കാണും

ഇന്നലെ നിശ്ശബ്ദത സഹിയ്ക്കാന്‍
കഴിയാതെ ഇറങ്ങിപ്പോയവള്‍
വഴിവക്കില്‍ ഒരു പൂവിനെ
മൗനമായി നോക്കിനില്‍ക്കുന്നുണ്ടാവും

അവളെക്കടന്നു പോവുമ്പോള്‍
വെയിലില്‍ പെട്ടെന്ന്
കുളിരെന്തെന്ന്‍ അവള്‍ നിനയ്ക്കും

എന്റെ തിടുക്കത്തിലുള്ള
ചുംബനമെന്നറിയാതെയവള്‍
നെടുവീര്‍പ്പിടും

നൊടിയില്‍
നിഴല്‍ മാറി
വെയില്‍ പരക്കും
ആരുമറിയാതെ

ആരുമറിയാതെ
ഞാന്‍ കടന്നുപോകും

Thursday, February 19, 2009

കാത്തിരിപ്പ്

ജനുവരി
നിന്റെ ഓര്‍മ്മക്കുളിരില്‍ ഞാന്‍ വിറയ്ക്കുന്നു
കണ്ണുകള്‍ കോടമഞ്ഞില്‍ മൂടുന്നു

ഫെബ്രുവരിയില്‍
എന്റെ ഇലകള്‍ പൊഴിയുന്നു
എന്റെ നഗ്നതയില്‍
നിന്റെ വെയില്‍ ചുംബിയ്ക്കുന്നു

മാര്‍ച്ച്
വരണ്ടുവിണ്ട പാടങ്ങളിലൂടെ
വേച്ചുവേച്ചു കടന്നുവരുന്ന
നിന്റെ പാട്ട് നനച്ച കാറ്റ്

ഏപ്രിലില്‍ തിളയ്കുന്ന
രാപ്പനിയില്‍, തെരുവിളക്കുപോലെ
കത്തിയുമണഞ്ഞും നിന്റെ ഓര്‍മ്മകള്‍

മെയില്‍
നിന്റെ മന്ത്രധ്വനിയില്‍
എന്റെ ഇടവഴികളിലെ
പുല്‍ക്കൊടികള്‍പോലും
ധ്യാനത്തിലാവുന്നു

ഒടുവില്‍
ജൂണില്‍ നീയെത്തുന്നു
എന്നിലെ ഒളിഞ്ഞുതെളിയുന്ന
പച്ചപ്പുകളുടെ തോഴി

Tuesday, February 17, 2009

അവന്‍

അവനാദ്യം
നക്ഷത്രമായിരുന്നു പോല്‍

ആദ്യം
പുഴക്കരയില്‍ വീണ്
അവനോരിടയനായി
മനുഷ്യനും മൃഗത്തിനും

വെയിലേറ്റവന്‍ കറുത്തുപോയി
അമ്പേറ്റവന്‍ വീണു

പിന്നെ മണലാഴിയില്‍
വീണവന്‍ സൂഫിയായലഞ്ഞു
അവന്റെ മൊഴികേട്ടവര്‍
മരുപ്പച്ചകള്‍ തീര്‍ത്തു

മരീചികയായി അവന്‍ മറഞ്ഞു
അവന്റെ വാക്കുകള്‍ മണല്‍ക്കാറ്റെടുത്തു

പിന്നെയവന്‍ കാട്ടില്‍ വീണു
മഹാമൌനത്തിന്റെ
പൂവായിനിന്നു പുഞ്ചിരിച്ചു
ചിരിയുടെ പൊരുളറിഞ്ഞവര്‍
സുഗന്ധമായി നാടുകളിലലഞ്ഞു

അവനെയവര്‍ അവതാരമാക്കി
കല്ലില്‍കൊത്തി,കടലിലെറിഞ്ഞു

പിന്നെയവന്‍
ഭ്രാന്തന്മാരുടെയും,കുഞ്ഞുങ്ങളുടെയും
ഇടയിലേയ്ക്ക് വീണു
വെയിലിലും നിലാവിലും
അവരുടെ കണ്ണുകളില്‍
അവനെന്നും മഴവില്ലുപോലെതിളങ്ങി

അവര്‍ക്ക് ദിവ്യവചനങ്ങളും
വെളിപാടുകളുമില്ലായിരുന്നു

എന്നാണവരുടെ ലോകം വരുന്നത്?

Thursday, February 12, 2009

കപ്പിത്താന്‍

പടികടന്നു വന്നിരുന്നു
ഒരു മിഠായിമധുരം

വെള്ളയും വെള്ളയുമിട്ടു
ചുളിയാത്ത ചിരിയും
നനുത്ത മണവുമായി

പഞ്ചസാര കടംവാങ്ങി
അമ്മയുണ്ടാകിയ പരാതിപ്പുക
ചുവയ്ക്കുന്ന ചായകുടിച്ചു്

അബുവിന്റെ വീട്ടില്‍
നിന്നു വായിച്ച
"പൂമ്പാറ്റ"ക്കഥകള്‍
മൂളിമൂളി കേട്ട്

പൊന്തപിടിച്ച തൊടിയില്‍
ഒന്നു കറങ്ങി
ഇറയത്തെ ചിതല്‍ തട്ടി
കിണറിലൊന്നെത്തിനോക്കി

ചിന്തയില്‍ പുകഞ്ഞു
ഇടവഴികയറി വരുന്ന
അച്ഛനോട് വാക്കുകളില്ലാതെ
സംസാരിച്ച്

അമ്മയുടെ
സങ്കടക്കടല്‍ കണ്ട്
അച്ഛന്റെ
കാറ്റുതിങ്ങുന്നയഴിമുഖം കണ്ട്

പടിയ്ക്കല്‍വച്ച്
അച്ഛന്റെ വരകള്‍ മാഞ്ഞ
കയ്യില്‍ വിയര്‍പ്പിറ്റ
നോട്ടുകള്‍ തിരുകി

ഇരുളിറങ്ങുമ്പോള്‍
ചുളിയാത്ത അതേ ചിരിയുമായി
പുഴക്കരയിലൂടെ നടന്നുമറയുന്നു
അത്തര്‍മണമുള്ള കത്തുകളിലെ
പഴയ കപ്പിത്താന്‍

അക്ഷാംശങ്ങളില്‍
രേഖാംശങ്ങളില്‍
കാലിടറി,
വെള്ളിത്തിമിംഗലങ്ങളെ
പിന്തുടര്‍ന്നലഞ്ഞു്

കടലെത്രയോ കണ്ട്
തിരയെത്രയോ കണ്ട്

അവസാനം
ഓര്‍മയില്‍ വെയിലസ്തമിച്ച്
തെങ്ങിന്‍ തോപ്പുകള്‍ക്കു
നടുവിലെ
വലിയ വീട്ടില്‍ ഒറ്റയ്ക്കങ്ങനെ
ഭൂപടങ്ങളില്‍ കണ്ണുംനട്ട്

പിന്നെ കടലില്‍ നഷ്ടപെട്ട
ഒരു പഴയ പായ്ക്കപ്പല്‍പോലെ
ഞങ്ങളുടെ മറവിച്ചുഴികളിലേയ്ക്ക്
മറഞ്ഞ് മറഞ്ഞ്

വര്‍ഷങ്ങള്‍ക്കിപ്പുറം

ധ്രുവനക്ഷത്രങ്ങളെയും
കടല്‍കാക്കകളെയും
സ്വപ്നം കാണാന്‍
പഠിച്ച ശേഷം

ഒരു തണുത്ത നഗരരാത്രിയില്‍
മറ്റൊരു ദീര്‍ഘയാത്രയില്‍

വണ്ടികാത്തു നില്‍ക്കുമ്പോള്‍
നിനച്ചിരിക്കാതെ
അരികിലൊരു വൃദ്ധസാന്നിധ്യം
തിരയായി ഒരുപ്പുമണം

ചുളിഞ്ഞ കയ്യിലേയ്ക്കു
നാണയമിടാന്‍
മടിച്ചുനില്‍ക്കുമ്പോള്‍
ഒരു ഫോണ്‍വിളി

പഴയൊരു കപ്പല്‍
പായകള്‍ താഴ്ത്തിക്കഴിഞ്ഞു

നോക്കുമ്പോള്‍
നീട്ടിയ കൈകളില്ല
ഇരുളു മാത്രം

മുകളില്‍
നനുത്തചിരിയുമായി
ഒരു വഴികാട്ടിനക്ഷത്രം

ഞാനറിയുന്നു
നിയോഗം പോലെ
എന്റെ കപ്പല്‍പ്പായകളില്‍
കാറ്റാളുന്നു,എന്നെ
തിരകള്‍ പുല്‍കുന്നു

Sunday, February 8, 2009

നഷ്ടപ്പെടലുകളുടെ ഒരു ദിനം

നഷ്ടപ്പെടലുകളുടെ ഒരു ദിനം

ഉറക്കത്തില്‍നിന്നും തട്ടിയുണര്‍ത്തപ്പെടുമ്പോള്‍
പാടങ്ങള്‍ മഞ്ഞില്‍ മറഞ്ഞുപോകുന്ന
ഒരു സ്വപ്നം നഷ്ടപ്പെടുന്നു

ധൃതിയില്‍ വാതില്‍തുറന്നിറങ്ങുമ്പോള്‍
സഹശയനം ചെയ്ത പെണ്ണിന്റെ
സുഗന്ധം നഷ്ടപ്പെടുന്നു

തിടുക്കത്തില്‍ വാഹനമോടിക്കുമ്പോള്‍
വഴിയില്‍നിന്ന ചിരന്തനസുഹൃത്തിന്റെ
പുഞ്ചിരി നഷ്ടപ്പെടുന്നു

പാതി മുറിഞ്ഞ ഒരു ഫോണ്‍വിളിയില്‍
ഒരു വിറയാര്‍ന്ന ശബ്ദത്തിന്റെ
തണുപ്പുള്ള തലോടല്‍ നഷ്ടപ്പെടുന്നു

വലിച്ചൂതുന്ന പുകച്ചുരുളുകളില്‍
ഏതോ ഒരു സൌഹൃദത്തിന്റെ
കനല്ചൂടും നഷ്ടപ്പെട്ടുപോകുന്നു

കാറ്റില്‍ തലയില്‍ പൊഴിയുന്ന
പൂമഴയില്‍,പണ്ടത്തെയേതോ
കളിചിരികളുടെ നേരിയ
ഓര്‍മകള്‍ നഷ്ടപ്പെടുന്നു

ജാലക ചില്ലില്‍
മഴയെഴുതുന്ന അവ്യക്തചിത്രങ്ങളില്‍
മിന്നല്‍പോലൊരു മുഖം
തെളിയുന്നു, നഷ്ടപ്പെടുന്നു

അതിനൊപ്പം എത്ര തുടച്ചാലും
കവിളില്‍ തെളിഞ്ഞുതെളിഞ്ഞു
വന്നിരുന്ന ഒരു ചുംബനമുദ്രയും
നഷ്ടപ്പെടുന്നു

മഴയിലെതോ ഒരു കരള്‍നീറുന്ന
പാട്ടിന്റെ രണ്ടുവരികള്‍
നഷ്ടപ്പെട്ടു പോകുന്നു

പാതിയില്‍ നിന്ന സംഭാഷണങ്ങള്‍
പാതിയില്‍ മറന്ന പുഞ്ചിരികള്‍
പാതിയില്‍ എഴുതിനിറുത്തിയ വരികള്‍

മടക്കയാത്രയില്‍

പിന്നോട്ട് പായുന്ന
വഴികള്‍ക്കപ്പുറം മങ്ങിയ
സൂര്യന്‍ പലസന്ധ്യകളില്‍
നിറം കലര്‍ത്തിയൊരുക്കിയോരു
ചിത്രം നഷ്ടപ്പെട്ടുപോകുന്നു

അലയുന്ന മേഘത്തുമ്പില്‍
പലവട്ടം കഥപറഞ്ഞുറക്കിയ
ഒരു നക്ഷത്രവെളിച്ചം
നഷ്ടപ്പെട്ടുപോകുന്നു

പടികള്‍കയറി
വാതില്‍ തുറക്കുമ്പോള്‍
വരണ്ട, ഇരുട്ടുനിറഞ്ഞ
മുറിയില്‍ നിറയുന്ന
ഏകാന്തനിശബ്ദതയില്‍
ഒരു നഷ്ടസുഗന്ധം.

ചുളിഞ്ഞ വിരിയില്‍
ഇന്നലെ പാതികണ്ട
സ്വപ്നത്തിന്റെ ശേഷിപ്പ്

ഇന്നെയ്ക്ക് എന്റെ ഉറക്കവും നഷ്ടപ്പെടുന്നു