Monday, September 7, 2009

പഴയ ചിലത് പ്രസിദ്ധീകരിയ്ക്കുമ്പോള്‍

ഇപ്പോഴോര്‍ക്കുമ്പോള്‍
പല കഥകളുടെ
ഒരു സമാഹാരമായിരുന്നു
അമ്മ

അത്
നിരൂപണം ചെയ്ത്
കാലം കഴിച്ചവന്‍
അച്ഛന്‍

പിന്‍കുറിപ്പെങ്കിലുമെഴുതാന്‍
മറന്നവന്‍
മകന്‍

വിവര്‍ത്തനം
ചെയ്തു തരണേ
എന്നപേക്ഷിയ്ക്കുന്നവള്‍
മകള്‍

Tuesday, September 1, 2009

കള്ളന്റെ കഥ

വീടിനു പിന്നില്‍
കാടിന് മുകളില്‍ ചന്ദ്രനുദിച്ചു
അവള്‍ നടന്നടുക്കുകയാണ്
വെള്ള റോസാപ്പൂവുകളുടെ മണം
അവനെ പൊതിയുകയാണ്

*

ആശാന്‍ കുറുക്കനിടവഴി കയറുമ്പോള്‍ ആമിനാത്ത പുറകേയെത്തി.
"ന്താ ആമിനുമ്മേ?"
"ആ ഹമീദിനെക്കൊണ്ട് തോറ്റ്.. "
"കള്ളനെ പിടിയ്ക്കാന്‍ ഞാനാപ്പോ..ങ്ങള് ഒന്ന്‍ എഴുതി കൊടുക്കീന്ന്‍.."
"അതോണ്ടോന്നു കാര്യല്ല്യ ആശാനെ,ഓന് വാശി കൂടും ന്നല്ലാതെ..കയിഞ്ഞ പ്രാവിശ്യം തന്നെ.. "
"ഞാന്‍ പ്പെന്താ വേണ്ടീത് "
"ന്തെങ്കിലും ഒര് വയ്യ് കാണണം.."
"അതിപ്പോ ഞാന്‍ പറഞ്ഞാ ഓന്‍ കേക്കൂലാന്ന്‍.."
"ങ്ങള് ന്തേങ്കിലും മന്ത്രിച്ചൂതി.."

*

നീണ്ട കണ്ണുകള്‍
പനമ്പുഴയിലെ ഇരുളടഞ്ഞ
കയങ്ങള്‍ പോലെ...

*

ഹമീദ്‌ നിലാവത്ത് കുന്നിന്‍ പുറത്ത്‌ കിടക്കുകയാണ് .
വഴീല് കാണുമ്പോ ഒന്ന് നോക്കിക്കൂടെ പെണ്ണെ?ഒന്ന് ചിരിച്ചൂടെ?
ഒറങ്ങ്മ്പോ ജനല്‍ ഒര് പൊളി തുറന്നൂടെ?ഒര് വെളിച്ചം വച്ചൂടെ ?

പുറത്തു നിലാവും,അകത്തിരുട്ടും.

*

പുഴയും മിണ്ടാട്ടമില്ലാതെ ഒഴുകുന്നു.ജമീലയുടെ മുടി വിതര്‍ത്തിയിടുമ്പോള്‍ കുളിരുന്ന പുഴ.മുടിയൊഴുകിപ്പരന്നു പുഴ. മുടിയിലൊഴുകിപ്പരന്നു പുഴ.അവളുടെ തോളുകളില്‍ വെയില്‍,കുളിര് കോരി മീനുകള്‍‍.ഹമീദ്‌ തടയാകുന്നു.മുടിച്ചുരുളുകള്‍ക്കിടയില്‍ മറ്റൊരു മീനാവുന്നു.

*

ഒന്ന് നോക്കിക്കൂടെ പെണ്ണെ?

*

ഹമീദ്‌ വെയില്‍ പോലെ തിളയ്ക്കുന്നു.രാത്രികളിലലയുന്നു.മനയ്ക്കലെ തൊടിയിലെ പൊട്ടക്കിണറ്റില്‍ നിലാവ് വീഴുന്ന നോക്കിയിരിയ്ക്കുന്നു.

ഇടവഴിയ്ക്കപ്പുറം മാളികയില്‍ പാതി ചാരിയ ജനാല.എന്തോ കരയണമെന്നു തോന്നുന്നു ഹമീദിന്. പെണ്ണെ,എന്നെങ്കിലും ഒരൊറ്റ വട്ടം..

*

കലന്തനാജി രാവിലെ നോക്കുമ്പൊ മുറ്റത്തിന്റെയരിക്കില് റോസ് തോട്ടത്തില്‍ ഒറ്റ പൂവില്ല.

*

ഒരു രാത്രി ഹമീദ്‌ നോക്കുമ്പോള്‍ ഒരു വെട്ടം, കത്തിയണയുന്നു മാളികയില്‍. രണ്ടാം നിലയിലെ അതേ ജനാലയില്‍. പിന്നെയും.
മാളികയുടെ ചോടെ ഹമീദ്‌.രണ്ടാം നിലയിലെ ജനലഴിയിലൂടെ പാമ്പുകള്‍ പോലെ അവളുടെ മുടി.മുടി മണത്ത് നില്‍ക്കുകയാണ് അവന്‍.അവയവനെ വരിയുന്നു.വെളുത്ത റോസ് പൂവുകളുടെ മണം.

*

വീടിനു പിന്നില്‍
കാടിന് മുകളില്‍ ചന്ദ്രനുദിച്ചു
അവള്‍ നടന്നടുക്കുകയാണ്
വെള്ള റോസാപ്പൂവുകളുടെ മണം
അവനെ പൊതിയുകയാണ്

*

പിന്നില്‍ ആളനക്കം.അവനറിഞ്ഞില്ല.

*

കൊല്ലങ്ങള്‍ കഴിഞ്ഞ് അവന്‍ പൊറ്റാളില്‍ വന്നപ്പോള്‍,കുന്നിന്ചെരിവിലെ വലിയ മരത്തില്‍ ഒര് പേരെഴുതിവച്ചുപോലും.കൊല്ലങ്ങള്‍ കഴിഞ്ഞിട്ടും അത് മാഞ്ഞില്ല പോലും.വയസ്സത്തിയായിപ്പോയി മരം.ആ മരം,എല്ലാക്കൊല്ലവും പൂത്തിരുന്ന ആ മരം,പിന്നെ പൂത്തതേയില്ലെന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിയ്ക്കുമോ?

*

ഹമീദ്‌ അവളെ പിന്നെ കണ്ടുവോ? കണ്ടു,കുറേക്കാലം കഴിഞ്ഞ്.
എന്തിന് എന്ന് ഒരു ചോദ്യം ചോദിച്ചോ? ഇല്ല

സത്യത്തില്‍ അവന്റെ നോട്ടം അവളെ അസ്വസ്ഥയാക്കി.ആരിത്‌,എന്തൊരു നോട്ടമെന്ന് കരുതി അവള്‍,വേഗം വഴിമാറി പോയി.

*

പോകെപ്പോകെ അവനെ കാണാതെയായി,പൊറ്റാളില്‍.

മരം കാണുമ്പോള്‍ പലരും ഓര്‍ത്തു. ഏറെക്കാലം കഴിഞ്ഞും. രാത്രിയില്‍ കേള്‍ക്കുന്ന ആ ചൂളം വിളി. നിലാവത്ത്‌ കുന്നില്‍ മലര്‍ന്നു കിടന്നു കിനാവ് കാണുന്ന കള്ളന്‍.ഒരേയൊരു പ്രാവശ്യം മാത്രം പിടിയ്ക്കപ്പെട്ട കള്ളന്‍.

ആമിനുമ്മയുടെ വീട് പുഴവെള്ളത്തില്‍ ഒലിച്ചുപോയി.രാത്രി ചൂളം വിളി കേട്ടപ്പോള്‍ വരാന്തയിലിറങ്ങി നോക്കുമ്പൊ മല മുഴുവന്‍ കുത്തിയൊലിച്ചു വന്നു പോലും.

ആശാന്‍ ഈ കഥ ഞങ്ങളോട് പറയാനായി അതേ മരത്തിന്റെ ചോട്ടിലങ്ങനെ..
കഥ പറഞ്ഞു കണ്ണ് തുടയ്ക്കും ആശാന്‍.അതെന്തെന്നു ഞങ്ങളോര്‍ക്കും.

*

പൊറ്റാളിലെയ്ക്കു വരുന്നവരേ,കുന്നിന്‍ ചെരിവില്‍ ആ മരം കണ്ടാല്‍ ഒന്ന് നിക്കണം.ഒന്ന് കാണണം.ഒന്ന് തൊട്ട് നോക്കണം.ഇപ്പ്രായത്തിലും അത് കുളിര് കോരി നില്‍ക്കും...രാത്രിയാണെങ്കില്‍,അതിന്റെ ചുളി വീണ കവിളുകള്‍ നിലാവില്‍ തിളങ്ങും.

Tuesday, August 18, 2009

നൊസ്സ്

ഇപ്പളൊന്നുമല്ല,പണ്ട്

ഒരു ദിവസം
ഉപ്പാപ്പയും കുട്ടിം നടക്കാന്‍ പോയി

"നൊസ്സന്റൊപ്പം ന്തിനെ കുട്ടീനെ വിട്ട്?"
അത്തറ് മണമുള്ള വല്യമ്മായി ചോദിക്കണ കേട്ടു

കുറെ നടന്നു രണ്ടാളും
കുന്നിന്റെ ചോടെത്തി
ഉപ്പാപ്പ മടിക്കുത്ത്‌ന്ന്‍
പത്തു വിത്തെടുത്ത് പാടത്തെറിഞ്ഞു
പത്തു വിത്തെടുത്ത് കരയ്ക്കെറിഞ്ഞു
കണ്ണെത്താ ദൂരം
പച്ചത്തുമ്പുകള്‍ പൊടിയ്ക്കുന്നത്
കണ്ടു കുട്ടി

ഉപ്പാപ്പ ഊതിപ്പറത്തിയ
അപ്പൂപ്പന്താടിയില്‍നിന്ന് പൂമ്പാറ്റകള്‍..
മാനത്തെയ്ക്കെറിഞ്ഞ
വെള്ളത്തൂവലില്‍നിന്ന് കൊറ്റികള്‍..

കുട്ടിയ്ക്കല്ഭുതം
"ഇന്നിം പടിപ്പിയ്ക്കി ഉപ്പാപ്പാ"
കുട്ടി കെഞ്ചി,ഓന്റെ കണ്ണില്‍ മഴവില്ല്!

"അന്റിം കാലം വരും"
ഉപ്പാപ്പ അത് പറഞ്ഞപ്പോ
പൊന്നും നിറത്തില്‍
മാനവും മണ്ണും തിളങ്ങി
വിരത്തുമ്പില്‍ പിടിച്ചു നോക്കിനിന്നു കുട്ടി

പിന്നെ
സൂര്യന്‍ മറഞ്ഞ് ഇരുട്ടായി

ഇരുട്ടത്തും മിന്നാമിന്നി പോലെ
ഉപ്പാപ്പാന്റെ കണ്ണുകള്‍..
കുട്ടി ചോട് പറ്റി നടന്നു

കാലവും കൊറ്റികളെപ്പോലെ
പാറിപ്പോയ്ക്കൊണ്ടിരുന്നു

കണ്ണില്‍ മഴവില്ലുള്ളവന്‍
വളര്‍ന്നുവളഞ്ഞ് ഉപ്പാപ്പയായി

അന്നും അത്തറ് പൂശിയ
ആളുകള് പറഞ്ഞു,"ഓന് നൊസ്സാ.."

പിന്നെയും
ഒരു ദിവസം
ഒരു ഉപ്പാപ്പയും കുട്ടിം നടക്കാന്‍ പോയി...

Monday, August 10, 2009

നുസൈബ

അത്ഭുതം തോന്നുന്നു

വട്ടത്തിലുള്ള പൂമരക്കൂട്ടങ്ങള്‍ക്കിടയില്‍നിന്ന്
നോക്കുമ്പോള്‍ മുകളറ്റം
കിണറിന്റെ വാവട്ടം പോലെ

കിണറിന്റെ വക്കത്ത്‌
അല്ലെങ്കില്‍ മരത്തിന്റെ കൊമ്പത്ത്‌
വിരല് കുടിയ്ക്കുന്ന പാവാടക്കാരി

നുസൈബ
വെളുത്ത കാലുള്ള നുസൈബ

മനയ്ക്കലെ പറമ്പിലെ
കിണറിന്റെ തെമ്പത്തിരുന്ന്
മധുരനെല്ലിയ്ക്ക "തിന്നു പോ തിന്നു പോ"
എന്ന് വിളിച്ചലയ്ക്കുന്ന,മരംകേറിപ്പെണ്ണ്

ഉണര്‍വിലും ഉറക്കത്തിലും
എന്റെ ഇടവഴികളെ
തലങ്ങനെയും വിലങ്ങനേയും
മുറിച്ചു കടന്നവള്‍

തൊടാന്‍ പൂതി പെരുകിപ്പെരുകി
കുന്നിന്‍ചെരിവില്‍
ഒളിഞ്ഞിരുന്നിട്ടുണ്ട് പലവട്ടം

അത്ഭുതം തോന്നുന്നു

കിണറിന്റെ ആഴത്തില്‍
നിന്നെടുത്ത് വച്ചപ്പോള്‍

അവളുടെ ചിറികളില്‍ ചോര
വിളറിയ കാലുകള്‍
മുടിയില്‍ പറ്റിപ്പിടിച്ച് ഓണപ്പൂവുകള്‍

ആദ്യമായി ഞാന്‍
അവളെയൊന്നു തൊട്ടുനോക്കി
അവസാനമായുമെന്നറിഞ്ഞപ്പോള്‍
കരയുകയും ചെയ്തു

അത്ഭുതം തോന്നുന്നു

ഓണം.

പൊറ്റാളിലെ ഒരു തോട്ടുവരമ്പത്ത്
പറിച്ചെറിഞ്ഞ ഓണപ്പൂവുകള്‍ക്കിടയില്‍
നെല്ലിക്ക കടിച്ചുകൊണ്ട്
ചവര്‍പ്പെല്ലാം മധുരമെന്നും
മധുരമെല്ലാം ചവര്‍പ്പെന്നും
ഒരുവള്‍...

Sunday, August 2, 2009

ദേശാടനക്കിളികള്‍

ആ ഫോട്ടോ പഴകിയിരുന്നു

എന്നിട്ടും അതില്‍ കാണപ്പെട്ട
ദേശാടനക്കിളികളുടെ
ചിറകറ്റങ്ങള്‍ വിറകൊണ്ടുകൊണ്ടിരുന്നു

ആ തൂവലുകളിലുമ്മവച്ച വെയില്‍
അപ്പോഴും ഉണങ്ങാതെ
അവയില്‍ തങ്ങിനിന്നു

കിളികളുടെ കണ്ണുകളില്‍
കടലുകള്‍ക്കപ്പുറം,മഞ്ഞില്‍ മൂടിപ്പോയ
കാട്ടുപാതകളിലെ,നാട്ടുവെളിച്ചം

നോക്കിക്കൊണ്ടു നിന്നു അയാള്‍

അയാളുടെ കണ്ണുകളിലും
അതേ തിളക്കം

ഈ ദേശാടനക്കിളികള്‍!

Sunday, July 26, 2009

നിയോഗം

രാവിലെ കാണാഞ്ഞപ്പോള്‍
ഒന്ന് ചെന്ന് നോക്കിയതാണ്

പതുക്കെ കണ്ണ് തുറന്നു
അച്ഛന്‍ പറയുന്നു

മരിയ്ക്കാറായെന്നു തോന്നുന്നു
കണ്ണടയുമ്പോഴൊക്കെ
പാടങ്ങള്‍ മഞ്ഞില്‍
മറഞ്ഞു പോവുന്ന കാഴ്ച
കുന്നുകളില്‍ അലയടിച്ചില്ലാതാവുന്ന
കൊയ്ത്തുകാരുടെ പാട്ടുകള്‍
പുഴ കടന്നു വരുന്ന
കാറ്റില്‍ കിളിക്കരച്ചിലുകള്‍
ഞാന്‍ നട്ട മരങ്ങളുടെ വേരുകള്‍
ഓരോ ചുവടിലും എന്നെ
കാലടിയില്‍ തട്ടിവിളിയ്ക്കുന്നു
അവര്‍ എന്റെ മേലെ
വള്ളികള്‍ പടര്ത്തുകയാണ്
പൂവുകള്‍ പെയ്യിയ്ക്കുകയാണ്
പൂവുകള്‍ക്ക് സാമ്പ്രാണികളുടെ മണം

മറ്റൊരു നീണ്ട സ്വപ്നത്തിലേയ്ക്കെന്നോണം
അച്ഛന്‍ കണ്ണുകളടയ്ക്കുന്നു

കുന്നിന്റെ പച്ചപ്പുകളെക്കുറിച്ച്
പാടത്തെ മണ്ണിന്റെ
വിട്ടുപോകാത്ത പശിമയെക്കുറിച്ച്
പൊറ്റാളിലെ മഴക്കാലങ്ങളെക്കുറിച്ച്
ഒന്നുമറിയാത്ത ഒരു
കിളിക്കുഞ്ഞിനപ്പോള്‍
ചിറകു മുളയ്ക്കുന്നു
കാറ്റിനെതിരെ
അത് എടുത്തെറിയപ്പെടുന്നു
അത് വെപ്രാളത്തില്‍ തുഴയുകയാണ്

മരച്ചില്ലകളില്‍
കൌതുകമുണരുകയാണ്