Wednesday, August 5, 2015

പൊറ്റാളെത്തുന്പോൾ
ഒരു പൂവിനല്ലിപോലെ   
ഇളം ചൂടിന്റെ 
മുനയൊന്നു  തൊട്ടപോലെ 
മിടിക്കുന്നു നെഞ്ചുചേർന്നു
മറ്റൊരിളം ഹൃദയം

പുറത്തെ രാത്തണുപ്പിൽ  
കൂട്ടിരിക്കുമൊരു നേർത്തപാട്ടിൻ 
നനുത്ത പുതപ്പുപോലെ.

വഴിയിറന്പുകളിലുലാത്തും
കാറ്റിൻ കൈവിരലിൽ
പാട്ടൊരു കൂട്ട്
കൂടുവിട്ടൊരു ചിറക്

ചിറകിലൊരു മനം  

മനമലയും പട്ടം
നൂലതു ചുറ്റിച്ചുറ്റി
ഇളം വിരലിൽ
ചുറ്റിച്ചുറ്റി

വീടുകൾ
തെരുവുകൾ
പാടങ്ങൾ
ഇടവഴികൾ

പൊറ്റാൾ മുഴുവൻ
ഇനി

ചുറ്റിച്ചുറ്റി

ഇളം പൂവല്ലിയെ
കാറ്റിലാട്ടിയാട്ടി

ആയിരം ഇലക്കുന്പിളു-
കളിലുമ്മയിറുത്തുനിറച്ച്

ഒരു പൂക്കോലം
നൂറു പൂക്കോലം

ആയിരം ഉമ്മച്ചിമാർ
കണിപോലെ കണ്ട്
നാറ്റി നാറ്റി

പഴങ്കിസ്സകളു പാറ്റിപ്പാറ്റി
ചിരി, കണ്ണീരൊപ്പിയൊപ്പി

വിരലൊത്ത് നോക്കി
മോറൊത്ത് നോക്കി

പഴംപാട്ടൊന്നൊപ്പിച്ചു നോക്കി

രാത്രി തികയൂല
പാട്ടു തികയൂല

കെസ്സിൻ കാറ്റുതൊട്ടിലിൽ 
ഒരു പൂവല്ലി

പൊറ്റാളിൻ
മണ്ണോട് നെഞ്ചോട്
ഇളംചൂട് ചേർത്തി

മിടിച്ചുമിഴിച്ച്
പിറപോലെ
ഒളിഞ്ഞുതെളിഞ്ഞ്
അമ്മിഞ്ഞത്തുള്ളി

ഒരത്തർത്തുള്ളി

*നാറ്റുക = മണപ്പിക്കുക = ഉമ്മവെക്കുക.

Saturday, July 18, 2015

കദിയാ

നിന്റെ ചിതറിയമുടി വെയിലിൽ
തുടിതുടിച്ചലയുന്നു, പേൻപോലരിക്കുന്നു
വേച്ചുവിയർത്തുവരുന്ന ചുടുകാറ്റതിൽ 
നെന്മണികളുടെ ഗന്ധം പുരട്ടുന്നു
അവ പിന്നെയും കുതറിയോടുന്നു
നിന്റെ കറുത്ത പൈക്കളെപ്പോലെത്തന്നെ

വിയർപ്പ് നിന്റെ കറുപ്പിൽ
എള്ളെണ്ണപോലെ തിളച്ചുതൂവുന്നു

എന്റെ എരിവിൽ
നിന്റെ കൺസൂചിമുനകൾ വറവുകോരുന്നു
പലതരം വിശപ്പിൽ ഞാൻ മൊരിയുന്നു

പെണ്ണെ, റംസാനിൽ
നിന്റെ വഴിയിടങ്ങളിൽ 
നീരിറക്കാൻ പറ്റാത്ത നോന്പുകാരന്റെ
തുപ്പലായി ഞാനൊട്ടുന്നു
പാഴിലകൾ ഇനിയും കരിയാത്ത കാമം
കൊണ്ടെന്നെ വരിയുന്നു 
മരച്ചു പഴകിയഞരന്പുകളാൽ
എന്റെ മേൽ വരയുന്നു.

നിന്റെ നോക്കിൻ വക്കുകളവയെന്നേ 
ഞാനോർക്കുന്നു.
അല്ലെങ്കിലീയുടലിൻ നനവുകളെ 
തേടുന്ന നിന്റെ കൊതിവേരുകൾ 
എന്നെ കാറ്റിലേക്ക് പാറ്റുന്ന 
നിന്റെ നിശ്വാസമുനകൾ   
എന്നെയുരുക്കിത്തെളിച്ചെടുക്കുന്ന 
നിന്റെ ശകാരത്തീയമ്പുകൾ    
   
വേനലിൻ പഴുത്ത പാറകൾക്കിടയിലൊളിയുന്ന
നനകാക്കും വഴുത്തമീനെന്നേ, പുഴ കരയേറിവരും 
നാളൊന്നിൽ നിന്റെ
നായാട്ടരിവാൾത്തലപ്പിൽ 
ഒടുങ്ങും, ഞാനീനോയന്പൊടുക്കും  
   
അടക്കിപ്പിടിക്കണം നീ. 
നിന്റെ കറുപ്പിലെനിക്കു വഴുക്കണം
എന്റെ ഓരോ അടരിലുമെത്തണം നിന്റെ വിരലുകൾ
എന്റെ ഉറവകളെ നീ വടിച്ചെടുക്കണം
നിന്റെയോരോ മുടിയിഴയെയും നീയതിൽ മെഴുക്കണം

പിന്നെ ഞാൻ കുതറിയോടും 
വെയിലിനുമിത്തീയിലെരിഞ്ഞ്  
കറുപ്പിലൊരു മൃഗരൂപമായ്

Tuesday, February 3, 2015

കദിയാ..

കദിയാ

പെരുന്നാള് രാത്രിയിരുളിൽ ഞാൻ
പള്ളിയിൽ നിന്ന് പോകുന്നു 

മന്ത്രിച്ചുവരണ്ട ചുണ്ടുകളുടെ
നിശബ്ദയാചനകൾ കാറ്റില്  
അത്തറുകളുടെ നനുത്ത ഇരതേടൽ
ഇടവഴികളില്, തുറസ്സുകളില്

ഇരുളിൽ ഉറങ്ങിയുമുണർന്നും  
പലജീവികളുടെ ഞരക്കങ്ങള്
കരച്ചിലുകള് 

ഇടവഴികളിലങ്ങിങ്ങ് മിന്നുന്നു
നിന്റെ മുടിയിഴയിലെ തരിവെട്ടങ്ങൾ
എന്റെ നിശ്വാസങ്ങളിലുലയുന്നു
വള്ളിപ്പടർപ്പുകൾ, നിന്റെ ഉടൽ-
ച്ചെരിവുകളിലെ സൂചിപ്പുല്ലുകൾ

രഹസ്യമെന്ത്, ഓരോ രാത്രിതന്നെയും
നിന്റെ കറുപ്പിൽ നിന്നേയുയിർക്കുന്നു
അവ പാതിയിൽ പിരിയുന്നു, 
ഒരു പാതിയിൽ,
പാടങ്ങൾക്കുകുറുകെ ഓലികൾ,
ഒടിമറയുന്ന തിടുക്കങ്ങൾ
മറുപാതി നിശബ്ദം, നിലാവിൻ
മെഴുവീണ സ്വപ്നസഞ്ചാരങ്ങള്   

നീയായിരിക്കണമത്
ഉടലുമുയിരും വിയർത്തുദാഹിച്ച്, 
വ്രതവറവിലിരുളിലുഴലുമ്പോള് 
ഇടവഴിപ്പെരുവഴിയറ്റത്ത്
ഇരുൾപ്പനകളുടെ മറയത്ത്
നേർത്ത നഖപ്പാടുപോലെ
നീറിയൽപ്പം ചിരിച്ചുദിപ്പവൾ

Friday, July 18, 2014

സൗഹൃദം

1.

പുരാതനനഗരത്തിന്റെ ഏറ്റം പ്രകാശമുള്ള
തെരുവിൽ ഒരുവൻ നിൽക്കുന്നു
(അവന്റെ പേരിനും വീഞ്ഞിൻ പഴക്കം)
രാപ്പകലുകളിൽ എത്ര നിറഞ്ഞു നിന്നവൻ
ഇന്നവനെ മഴ മായ്ക്കും, കല്ലുകളൊഴുക്കിൽ
മയപ്പെടുന്നപോലെ, ഓർമ്മകൾ സമരസപ്പെടും
വായിച്ചു തീർന്ന പുസ്തകം പോലെ
അവൻ സ്വതന്ത്രനാകും, മഞ്ഞനിറമവനെ മൂടും

2.

തിരിച്ചു പോക്കില്ലാത്ത യാത്രകളത്രേ
സൌഹൃദങ്ങൾ, തെരുവുകളിൽ നിന്ന് 
തെരുവുകളിലെക്കവ മദ്യലഹരി പോലെ 
ഒഴുകുന്നു, പുസ്തകവേഴ്ചകളിലും, 
രാഷ്ട്രീയവ്യാജോക്തികളിലും   
മൌനംവിഴുങ്ങിയ ജാഥകളിലും, അത് പുളക്കുന്നു
രാത്രികളിൽ അർദ്ധബോധത്തിൽ യാത്ര പറയുകയും
പകലുകളിൽ വിയർത്തു നാറുകയും ചെയ്യുന്നു  

3.

ചില മരങ്ങൾ വീഴുന്നതുപോൽ   
സൌഹൃദങ്ങളും, സ്വന്തം 
ഏകാന്തതയുടെ ഭാരത്തിൽ
ഒന്നുണ്ടായിരുന്നു എന്നു 
തോന്നിക്കാത്ത പോലെ
മഴക്കാലത്തെ പല ബഹളങ്ങളിൽ 
ഒന്നെന്നപോലെ, നിശബ്ദതയിൽ 

Sunday, July 28, 2013

കദിയാ..


കദിയാ, നിന്റെയിളം ചൂടൊരു  മണൽപ്പരപ്പുപോൽ
നിറഞ്ഞുരുകുന്നു, മരീചികപോലെ തണുവിൽ
മുനിഞ്ഞു ദൂരെ കത്തുന്നു, ചന്ദ്രികപോലെ നേർത്തുപരക്കുന്നു

കറുത്തോരുടലതു  തെളിയിക്കാൻ രാത്രിയിൽ നക്ഷത്രജാലം നിരക്കുന്നു
നീ കുളിക്കും കടവിൽ അജ്ഞാതമായാരോ പാടുന്നു, ഓളമൊപ്പം
നിന്നിൽ നിറഞ്ഞു കുളിക്കുന്നു, നിന്നിലൊളിഞ്ഞു ചിരിക്കുന്നു, നീ
രണ്ടെന്നുതന്നെ ഞാൻ വക്കുന്നു, ഒന്നോരുകല്ല്, പിന്നോരുപെണ്ണ്

കല്ലുരച്ചുമിനുക്കുന്നപോൽ  നിന്റെ വക്കുകൾ മെനയുന്നൊരു കാറ്റ്
കരിപ്പൊന്നിൻ പൊടിയത് ഉലന്നലയുന്നു നാട്ടുവെളിച്ചത്തിൽ,  നീയൊരു
നിഴലഴലിൽ, പാപികളീ കണ്ണുകൾ പാതിയിരുളിൽ ഇളവരകളിൽ പേർത്തും
പേർത്തും വരച്ചെടുത്തവൾ, രാക്കറുപ്പുറയൊഴിച്ചുയർത്തവൾ

റമദാൻ രാവുകളിത്ര തണുപ്പാകയിൽ വ്യഥയെന്തെനിക്കിന്നു പാതി-
വെന്ത കരളുടലുകളാൽ പുണരുന്നു നിന്നെ, യോരോ പ്രാർത്ഥനാന്ത്യത്തിലും
മരിച്ചുണരുന്നു നിന്നിൽ, നെറ്റിയുരച്ചുയിർക്കുന്നു തീയിനെ നിന്റെ
യുടലിന്റെ മിനാരങ്ങളിൽ, നീറ്റലിൽ പ്രാക്കൾക്കൊപ്പം പാറുന്നനാഥം  

എരിവയറിന്നാധി ശമിക്കുന്നു പഴനീരിൽ, ഈ പുഴനീരിൽ തീരട്ടെ
ഇരുളിൽ നിശബ്ദം ബാക്കിയെരിവുകൾ, നുറുങ്ങു ചന്ദ്രിക പോൽ
മായാതെ നിൽക്കട്ടെയതിൻ കരിഞ്ഞമർന്ന പാടുകൾ.                          

...


നഗരമേ, നിന്റെ തെരുവുകൾ എന്നെ മെരുക്കിയെടുത്തു.
ഞാൻ ചുമലേറ്റി വന്ന കാടിന്നൊരിടം കൊടുത്തു
***  
നിന്റെയിരുൾ വാതിലിലൂടെ കടന്നു ഞാൻ നിന്നിലേക്ക്‌ തിരിഞ്ഞു നടക്കുന്നു.
***
നഗരമേ ഞാൻ നിന്റെ നീലിച്ച ഒരു ഞരന്പ്
നിന്റെ മാലിന്യം മുഴുവൻ തിരക്കിട്ടൊഴുകുന്നോരിടവഴി  
***
നഗരവഴിയേ  ഏതു പെണ്‍ തുടിപ്പ്, കണ്‍ ചിരിപ്പ്
സമം ചേർത്തതിന്നു നിൻ മണം  
***
മൃതനഗരത്തെ കരഞ്ഞുകഴുകിയെടുക്കുന്നു
കാമിനിയെപ്പോലൊരു വിളർന്ന മഴ.
***
മഴയിൽ വഴിയരുകിൽ തേങ്ങുമൊരു തരുണനെ
ചേർത്തു പിടിക്കുന്നു നഗരം, വൃദ്ധമാതാവെന്നപോൽ
***
ചിരകാലമോഹമെന്നപോൽ ഒരു കുട
മലർക്കെ തുറന്നുകിടന്നു  മഴയാലുള്ളം നിറക്കുന്നു