Sunday, February 22, 2009

ഞാന്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നു

കുന്നില്‍ നിന്നു നോക്കുമ്പോള്‍
മേഘത്തിന്റെ നിഴല്‍
താഴ്‌വരയെ കടന്നുപോകുന്നത്
കണ്ടിട്ടില്ലേ

അതു പോലെ
ആരാലും ശ്രദ്ധിക്കപ്പെടാതെ
ഞാന്‍ കടന്നുപോകും

അപ്പോഴും കുറെപ്പേര്‍
മൈതാനങ്ങളില്‍
പന്തിനു പിറകെ ഓടുന്നുണ്ടാവും

കൂട്ടത്തിലൊരുവന്‍ മാത്രം
എന്നെ നോക്കും
പക്ഷെ അവനൊന്നും മിണ്ടില്ല
ആരോടുമൊന്നും പറയില്ല

ഒരു നരച്ച നിഴല്‍
മുറ്റത്തു ഉലാത്തുന്നുണ്ടാകും
നാലു മണിയുടെ
വണ്ടി വൈകുന്നെന്നു വേവുന്നുണ്ടാകും

തിമിരക്കണ്ണില്‍
ഞാനൊട്ടുപെടുകയുമില്ല
അത് വിയര്‍പ്പാറ്റാന്‍ പോകും
ഓര്‍മ്മകള്‍ ആണിതറച്ച
ചുവര്‍ നോക്കിനില്ക്കും

ഇന്നലെ കണ്ടില്ല
ഇന്നു കാണണോ എന്ന്
നിഴലുപോലുള്ള ഒരുവന്‍
പിറുപിറുക്കുന്നുണ്ടാവും

ഉറങ്ങുമെങ്കിലും
അവന്‍ ഗലികളിലേയ്ക്ക്
വീഴുന്ന നൂല്‍പൊട്ടിയൊരു പട്ടം
സ്വപ്നം കാണും

ഇന്നലെ നിശ്ശബ്ദത സഹിയ്ക്കാന്‍
കഴിയാതെ ഇറങ്ങിപ്പോയവള്‍
വഴിവക്കില്‍ ഒരു പൂവിനെ
മൗനമായി നോക്കിനില്‍ക്കുന്നുണ്ടാവും

അവളെക്കടന്നു പോവുമ്പോള്‍
വെയിലില്‍ പെട്ടെന്ന്
കുളിരെന്തെന്ന്‍ അവള്‍ നിനയ്ക്കും

എന്റെ തിടുക്കത്തിലുള്ള
ചുംബനമെന്നറിയാതെയവള്‍
നെടുവീര്‍പ്പിടും

നൊടിയില്‍
നിഴല്‍ മാറി
വെയില്‍ പരക്കും
ആരുമറിയാതെ

ആരുമറിയാതെ
ഞാന്‍ കടന്നുപോകും

15 comments:

  1. സുന്ദരം ഈ വരികള്‍...തികച്ചും സുന്ദരം....

    ReplyDelete
  2. ഞാന്‍ നിന്നെ തിരിച്ചു
    വിലിക്കുന്നു....

    ReplyDelete
  3. തലക്കെട്ടു കണ്ടപ്പോള്‍ ഏതോ സഹതാപദാഹിയെന്നാണ് കരുതിയത്. മുന്‍‌വിധി തെറ്റി. ഉജ്ജ്വലമായ കവിത.

    "അവെളെക്കടന്നു പോവുമ്പോള്‍
    വെയിലില്‍ പെട്ടെന്ന്
    കുളിരെന്തെന്ന് അവള്‍ നിനക്കും.

    എന്റെ തിടുക്കത്തിലുള്ള
    ചുംബനമെന്നറിയാതെയവള്‍
    നെടുവീര്‍‌പ്പിടും"

    ഈ വരികള്‍ക്കൊരു സ്പെഷ്യല്‍ സല്യൂട്ട്.

    ReplyDelete
  4. ഈ കവിതയുമായി ഒട്ടും സാമ്യമില്ലെങ്കിലും ചുള്ളിക്കാടിന്റെ ചില വരികളില്‍ ‍ഓര്‍മ്മയില്‍ ഒരുവേള മനസു നൊന്തു.

    എന്നെ മറക്കൂ
    എന്നെ മറക്കൂ
    മരിച്ച മനുഷ്യന്റെ കണ്ണു തിരുമ്മിയടയ്ക്കുന്നതു പോലെ
    എന്നെക്കുറിച്ചുള്ളതെല്ലാം മറക്കൂ
    വിട പറയുന്നൂ ഞാനിനി.

    നന്ദി

    ആരെയോ ചങ്ങലയ്ക്കിട്ട മുറി പോലെ
    ആരും കടക്കാതടച്ച മനസിലും
    നേറ്ത്ത തണുത്ത നിലാവിന്റെ രശ്മി പോല്‍
    രാത്രി കാലങ്ങളില്‍ ഓര്‍മ്മ വന്നെത്തുമോ

    ലോല ചര്‍മ്മത്തിനടിയിലൊഴുകും
    നീല സംഗീതം നിറഞ്ഞ ഞരമ്പിനെ
    ഞാനുമ്മ വെച്ചു തുടുപ്പിച്ചൊരോര്‍മ്മയില്‍
    നീ ഒരു ജന്മം പിരിഞ്ഞു ജീവിയ്ക്കുമോ...?

    ReplyDelete
  5. “കുളിരുള്ള വെയിലായിരുന്നു നീ
    ചൂടുള്ള മഞ്ഞായിരുന്നു ഞാ‍ന്‍..“

    ആഹാ..!

    ReplyDelete
  6. മറ്റൊരുനാള്‍ മരിക്കുവാന്‍ വേണ്ടി ഇന്നു മരിക്കാതിരിക്കൂ.

    ReplyDelete
  7. വളരെ നല്ല വരികള്‍... ചങ്കരന്‍ മാഷ് പറഞ്ഞതു തന്നെ വീണ്ടും പറയുന്നു.

    ReplyDelete
  8. ശിവ , താങ്ക്സ്
    രാമചന്ദ്രന്‍, വിളി കേള്‍ക്കുന്നു :), നന്ദി!
    ബിനോയ് , നല്ല വാക്കുകള്‍ക്ക് നന്ദി
    ഹാരിസ്, 'ഗൂഗിളീയം' എനിക്ക് വളരെ ഇഷ്ടപ്പെട്ട കവിതയാണ്, ഇപ്പോള്‍ എഴുതാറില്ലേ?
    തണല്‍ , നന്ദി
    ചങ്കരന്‍, പറഞ്ഞ സ്ഥിതിയ്ക്ക്‌ നീട്ടി വയ്ക്കുന്നു. :), വളരെ നന്ദി
    ശ്രീ, മിഴിനീര്‍പ്പൂക്കള്‍ വായിയ്ക്കാറുണ്ട്, ഇഷ്ടാണ്, വന്നതില്‍ സന്തോഷം
    കുമാരന്‍, സന്തോഷം, നന്ദി

    ReplyDelete
  9. കവിത ഇഷ്ടമായി:)‌

    ReplyDelete
  10. കവിത വളരെ നന്നായിട്ടുണ്ട്...
    വായിക്കാന്‍ വല്ലാത്ത ഒരു സുഖം...
    നല്ല എഴുത്ത്...

    ആശംസകള്‍...*

    ReplyDelete
  11. the man to walk with, നന്ദി

    ReplyDelete