Saturday, April 2, 2016

നഗരത്തിൽ പഴയ സഹപാഠിയെ കണ്ടുമുട്ടി

പണ്ട് പൊറ്റാളിലൊരു തോട്ടത്തിൽ വച്ച്
അവനെന്നെ ഉമ്മ വച്ചിട്ടുണ്ടായിരുന്നു
പറങ്കിമാങ്ങകളുടെ വികൃതിഹൃദയങ്ങൾ
പുറമേയിറങ്ങി തുടിക്കുന്നുണ്ടായിരുന്നു
വെയിൽത്തിരികൾ കമുകുകളിലൊ-
ന്നിലൊന്നിലേക്ക് പകർന്നാടുന്നതു-
പോലെയവന്റെ പൂച്ചക്കണ്ണുകൾ

അങ്ങുമിങ്ങും കൊടുക്കാനുള്ളവയുടെയൊക്കെ
കണക്കിൽ കാലമെന്നും ഞാൻ വിഡ്ഡിയായിരുന്നല്ലോ
നിശബ്ദനായി, ഞാൻ ചുറ്റുപാടുകൾക്കൊപ്പം

പടർപ്പുകളിലൊളിഞ്ഞുതെളിയുന്ന
അണ്ണാനെപ്പോലെയൊന്ന് മേലോടിയിരുന്നു

നഗരത്തിലും കണ്ടൊന്നിനെ
അതും കൂട്ടിലേക്കായിരിക്കണം
തിടുക്കത്തിലായിരുന്നു

അതിന്റെ പുറത്ത് മൂന്നുവരകളുണ്ടായിരുന്നു
പറങ്കിനീരുണങ്ങിയതിന്റെ മട്ടിൽ

Tuesday, March 29, 2016

രാഗിണി ടീച്ചറുടെ
ക്ലാസ്സിന്റെ അരമതിലിനുമപ്പുറം
കലപിലയിളകുന്ന
പൂളത്തോട്ടത്തിനുമപ്പുറം
ചുവപ്പനരിമുല്ലകൾ തിക്കുന്ന
വേലിക്കപ്പുറം
അമ്മയുടെ ചലനം

കൂട്ടത്തിലാരൊക്കെയോ ചൂണ്ടിക്കാണിക്കുന്നുണ്ട്
ആരൊക്കെയോ കൌതുകത്തോടെന്നെ നോക്കുന്നുണ്ട്

സ്കൂളിനു പിറകിലെ മരങ്ങളുടെ തണലുണ്ട്
അപ്പുറവുമിപ്പുറവും വെയിൽ
നുരിയിട്ടുതുടങ്ങിയിട്ടുണ്ട്
ഒരു ചലനചിത്രത്തിൻറെ നാലതിരുകൾ
അതിൽ വീണ്ടും വീണ്ടും
വെയിലിനെ കൂസാതെ, ചിന്തയിൽ വിയർത്ത്
നാനാവിധ വരകൾ കാണുന്ന മുഖമുയർത്തി
അമ്മ പോകുന്നു.

ഓരോ പഴുതിലൂടെയും നൂഴുകയാണ്
എന്റെ കണ്ണുകളും തിക്കുകയാണ്

Monday, March 21, 2016

തൊണ്ണൂറ്റേഴിലാണ് കാടുകാണുന്നത്
അന്നവിടെത്തങ്ങി
കാടിന്റെ നാനാജാതി സ്വരങ്ങൾക്കൊപ്പം
അച്ഛന്റെ ശ്വാസവും മങ്ങി
ഉറങ്ങാതെയിരിക്കുന്പോൾ ശാഖികൾക്കിടയിൽ 
നിന്നു കരിയവൻ വെളിപ്പ്പെടുന്നു 
അവന്റെ നിശ്വാസം തണുപ്പിനെ വകയുന്നു
ഹൃദയമിടിപ്പ് മരങ്ങൾക്കിടയിലുലാത്തുന്നു
ഞാനവിടുണ്ട്, എന്നാലുമെന്നിൽ
നിന്നൊരുവനവനു പിറകെ പോകുന്നു. 
മഞ്ഞിൽ മരങ്ങൾ ഭ്രൂണങ്ങളെപ്പോലെ
ചുരുണ്ടുകൂടിയിട്ടുണ്ട്, മുന്നിലും
പിന്നിലും പാതകൾ ഒടിമറയുന്നു
ഭൂതകാലങ്ങളിൽനിന്നും കരേറിയതൊക്കെ 
ഉരഗങ്ങളായാതാവാം, പൊന്തകൾ മുരളുന്നു 
പരിണമിക്കാത്തത്, ഇരുൾത്തടാകത്തിലലയുന്നതുമാവാം 
ചുരുളഴിക്കാനാകാത്ത വേർക്കൊടികളിൽ
ഉടലുടക്കി പാതിഭൂമിയിലും പാതിയാകാശത്തിലും
നേർത്ത പിറുപിറുപ്പുകളിലൊടുവിലുറക്കം 
എകാന്തതയുടെ കാരമലിഞ്ഞ
ജലപ്പരപ്പുകൾ 
കണ്ണുകീറുന്പോൾ നാനാജാതിസ്വരങ്ങളിൽ
പതിഞ്ഞൊളിയുന്നു ഇരയുടെ നിശ്വാസം
ഓരോ ജീവാണുകളിലുമപ്പോൾ 
നായാടിയുടെ കിതപ്പ്.

Wednesday, September 9, 2015

പ്രിയ ജംഷീർ,
തണുത്ത പ്രഭാതത്തിൽ
നമ്മൾ നടക്കുവാൻ പോകും
തെരുവുകൾ ഉരുകുവാൻ 
തുടങ്ങുന്ന ഐസുകട്ടകൾ പോലെ
പതറിക്കൊണ്ടിരിയ്ക്കും   
നഗരത്തിന്റെ ഹൃദയം മിടിയ്ക്കുവാൻ 
തുടങ്ങുന്നു എന്ന് നീ പറയും  

രാത്രിയിൽ പുസ്തകത്തെരുവുകളിലൂടെ
നമ്മൾ അലഞ്ഞിരിയ്ക്കും, പുകയൂതിക്കൊണ്ട് 
പുസ്തകങ്ങളുടെ മഞ്ഞപ്പുകളിൽ നാം വിരലോടിയ്ക്കും
അതിൽ തെരുവുകൾ, പാതകൾ, നഗരങ്ങൾ   
പരവതാനികൾ പോലെ നിവർന്നുവരും   
നീയൊരു പുസ്തകം  മണത്തുനോക്കും  അന്നേരമേതോ 
പെണ്കുട്ടിയുടെ കാര്യം പറഞ്ഞ് കടക്കാരൻ ചിരിയ്ക്കും  
നമ്മളും തെറ്റിദ്ധാരണയിൽ ചിരിയ്ക്കും, 
നിന്റെ ചിരി മായാതെ തെല്ലു നിന്നത്,
എന്നാൽ, ഞാൻ കാണും .
  
കാറ്റുകൾ പുസ്തകങ്ങളുടെ വക്കുകളിൽ പോറിക്കൊണ്ടിരിയ്ക്കും,
മതിലുകളിൽ നിന്ന് കല്ലുകളിളക്കുന്നപോലെ തോന്നും, അത്. 
രഹസ്യസഞ്ചയങ്ങൾ, ഉന്മാദങ്ങളുടെ അന്ത:പുരങ്ങൾ 
ചോരയും രതിയും മണക്കുന്ന ഇരുൾഗുഹാന്തരങ്ങൾ, അവ.
മഞ്ഞവെളിച്ചങ്ങളുടെ ഓരംപറ്റി വിലപേശുന്ന
അൽപ്പവസ്ത്രധാരികൾ, പട്ടിണിയിൽ, വിശപ്പൊടുക്കാനാവില്ല
പക്ഷെ മറക്കുവാൻ സഹായിക്കാം എന്നൊക്കെക്കൊതിപ്പിയ്ക്കുന്നവർ 
അനുഭവകഥയെന്നൊക്കെപ്പറയുമ്പോൾ നീ ചിരിക്കില്ലെന്നെനിയ്ക്കറിയാം
അതല്ലേടാ, ഞാനും നീയും ഒരു ചോരവഴിയായത്, താവഴിയായത്

ദില്ലിയിലെ പ്രഭാതം മഞ്ഞുമൂടിയൊളിഞ്ഞുകളിയ്ക്കുന്നു
പുസ്തകങ്ങളെപ്പൊതിഞ്ഞുകെട്ടിയിരിക്കുന്നനോക്കി
നമ്മൾ നടക്കുന്നു, പരപ്പനങ്ങാടിയിൽ 
ഉപ്പ,യപ്പോള് പാലുവാങ്ങാൻ 
പോകുന്ന സമയമെന്ന് നീ പറയുന്നു, 
തിരികെയെത്താൻ തുടിയ്ക്കുന്നുണ്ടായിരിക്കും,
പാമുകിന്റെയും ബൊലാഞോയുടെയും
വരികളിലെന്തോ മറന്നുവെച്ചെന്നപോലെ
ഓടിവരുന്നതുകണ്ട് ഉമ്മ മുഖം 
കടുപ്പിച്ചെന്നാലു,മുള്ളിൽ ചിരിയ്ക്കുംപോലും  

സമീറ മക്മൽബഫ് ഖദീജ റ്റെക്സ്റ്റൈൽസിൽ 
ഉമ്മാടെയൊപ്പം പോയതെഴുതിയ 
ഹസ്സനെയോർക്കും ഞാൻ, അവനെ മറന്നാലും 
അവന്റെഴുത്തിനെ മറക്കുമോ എന്നോർത്ത്,  
അവന്റെ ഉപ്പ ജുമാ കഴിഞ്ഞു മീസാങ്കല്ലിൽ മുത്തി 
വിറയോടെ പോകുന്നതോർക്കും ഞാൻ
അവനേക്കാൾ തെളിച്ചത്തോടെ.

അന്നേരം നിനക്കും അവനും ഒരേ മുഖം 
ഞാൻ കാണാത്ത, നിന്റുപ്പായ്ക്കും 
അവന്റുപ്പായ്ക്കും ഒരേ മുഖം     
കവിതയെഴുതാൻ കവിയാകണോടാ 
എന്നൊക്കെ ചോദിച്ച് ഞാൻ നിന്നെ മുത്തും 
എന്താടാ മുത്തേന്നൊക്കെ നീയും ചോദിയ്ക്കും 

അന്നേരം എന്റെ മീസാൻ കല്ല് പോലത്തെ 
നെറ്റീല് ഉമ്മ വെക്കെടാന്നൊക്കെ ഞാൻ പറയും 
കുളിർന്നതല്ലടാ, സങ്കടം കൊണ്ടാടാന്നൊക്കെ ഞാൻ 
വിറകൊള്ളും, മണ്ടൻ ചെക്കാ, അന്നേരം പൊട്ടൻ കളിയ്ക്കല്ല്
                     
ഇനികണ്ടില്ലെങ്കിലും ഓർക്കണം നീ, ഞാൻ
എഴുതിയ ഓരോ വരിയിലും 
എന്റെ മരണമൊഴിയുണ്ട്  
എന്റെ പുസ്തകമായിരിയ്ക്കുമെന്റെ
ഖബർ

ഒടുവിലിവിടംവരെയെന്നാലും  നീ വരുമെനിക്കറിയാം,
അന്ന് പഴയതെന്തെങ്കിലും തുന്നഴിച്ചു വെയ്ക്കണം
പ്രാർത്ഥന പോലെ വായിയ്ക്കണം, വരികളെന്തെങ്കിലും

അല്ലെങ്കിലെന്റെ ചാരം കൊണ്ടുവിതറണം
ആ ഗലികളിൽ, പുസ്തകങ്ങൾ
വെയിൽ കായുന്ന തട്ടുകളിൽ
ദിക്കറിയാതലയുന്ന കടുംകാറ്റിൽ

അന്നേ നിന്റെ കെട്ടു ഞാനറുക്കുകയുള്ളൂ 
ദില്ലിയിലെ ആകാശത്തിലേയ്ക്ക് ഒരു പട്ടം പോലെ
നിന്നെ ഞാൻ സ്വതന്ത്രനാക്കുകയുള്ളൂ
അങ്ങനെയാ ദിനങ്ങളും 
പൊറ്റകൾപോലെ വീണു പോകുന്നു
 
പിന്നിട്ട നഗരത്തിന്റെ തെരുവുണർവുകൾ,
ജാലകവെട്ടങ്ങൾ, മുഖകൌതുകങ്ങൾ   
പാതമണങ്ങൾ, മഴപ്പാടുകൾ
വഴിയിരന്പങ്ങൾ, നിശബ്ദനിഴലുകൾ 

ഉദ്യാനങ്ങളിലെ ഇലകൾപോലെ
അവയെവിടെയോ വിറകൊള്ളൂന്നുണ്ട് 
          
എന്നാൽ ഓർമ്മകൾ സ്വയം 
തിരശ്ശീലകൾ മാറ്റിയിടുന്ന 
ഒരു വീടാണെന്നു നിങ്ങൾക്കറിയാം 

പ്രിയമുള്ളതെന്നു കരുതുന്നത് 
പൊതിഞ്ഞെടുത്ത്  നിങ്ങൾ 
മറ്റൊരു യാത്രക്കൊരുങ്ങുന്നു 

Wednesday, August 5, 2015

പൊറ്റാളെത്തുന്പോൾ
ഒരു പൂവിനല്ലിപോലെ   
ഇളം ചൂടിന്റെ 
മുനയൊന്നു  തൊട്ടപോലെ 
മിടിക്കുന്നു നെഞ്ചുചേർന്നു
മറ്റൊരിളം ഹൃദയം

പുറത്തെ രാത്തണുപ്പിൽ  
കൂട്ടിരിക്കുമൊരു നേർത്തപാട്ടിൻ 
നനുത്ത പുതപ്പുപോലെ.

വഴിയിറന്പുകളിലുലാത്തും
കാറ്റിൻ കൈവിരലിൽ
പാട്ടൊരു കൂട്ട്
കൂടുവിട്ടൊരു ചിറക്

ചിറകിലൊരു മനം  

മനമലയും പട്ടം
നൂലതു ചുറ്റിച്ചുറ്റി
ഇളം വിരലിൽ
ചുറ്റിച്ചുറ്റി

വീടുകൾ
തെരുവുകൾ
പാടങ്ങൾ
ഇടവഴികൾ

പൊറ്റാൾ മുഴുവൻ
ഇനി

ചുറ്റിച്ചുറ്റി

ഇളം പൂവല്ലിയെ
കാറ്റിലാട്ടിയാട്ടി

ആയിരം ഇലക്കുന്പിളു-
കളിലുമ്മയിറുത്തുനിറച്ച്

ഒരു പൂക്കോലം
നൂറു പൂക്കോലം

ആയിരം ഉമ്മച്ചിമാർ
കണിപോലെ കണ്ട്
നാറ്റി നാറ്റി

പഴങ്കിസ്സകളു പാറ്റിപ്പാറ്റി
ചിരി, കണ്ണീരൊപ്പിയൊപ്പി

വിരലൊത്ത് നോക്കി
മോറൊത്ത് നോക്കി

പഴംപാട്ടൊന്നൊപ്പിച്ചു നോക്കി

രാത്രി തികയൂല
പാട്ടു തികയൂല

കെസ്സിൻ കാറ്റുതൊട്ടിലിൽ 
ഒരു പൂവല്ലി

പൊറ്റാളിൻ
മണ്ണോട് നെഞ്ചോട്
ഇളംചൂട് ചേർത്തി

മിടിച്ചുമിഴിച്ച്
പിറപോലെ
ഒളിഞ്ഞുതെളിഞ്ഞ്
അമ്മിഞ്ഞത്തുള്ളി

ഒരത്തർത്തുള്ളി

*നാറ്റുക = മണപ്പിക്കുക = ഉമ്മവെക്കുക.